Vijayapadam

ഊര്‍ജപ്രവാഹം പ്രണയം

Posted on: 07 Aug 2013

ദേബശിഷ് ചാറ്റര്‍ജി, successsutras@gmail.com



പ്രേമത്തിന് കണ്ണില്ലെന്ന് തോന്നുന്നു, ലോര്‍ന ചോപ്ര മന്ത്രിച്ചു. പ്രേമത്തിന് കണ്ണുണ്ട്; അന്ധത ആസക്തിക്കാണ് എന്ന് ഞാന്‍ പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ അവിശ്വാസത്തിന്റെ മൂടല്‍മഞ്ഞ്. അറിയാതെ ബോയ്ഫ്രണ്ടുമായുള്ള അവളുടെ ബന്ധത്തിന്റെ ആഴത്തിലേക്കും പരപ്പിലേക്കും അവളുടെ ചിന്തകള്‍ വഴിമാറി. ഫ്രാന്‍സിലെ ഒരു ക്ലാസിനുശേഷമുള്ള ചര്‍ച്ചാവേളയിലാണ് പ്രണയം ഒരു വിഷയമായി കടന്നുവന്നതും ലോര്‍നയുടെ മനസ്സ് അറിയാതെ മെക്‌സിക്കോയിലേക്ക് പറന്നതും.

പ്രേമത്തിനുമേല്‍ വിജയം വരിക്കുന്നതിനേക്കാള്‍ നല്ലത് പ്രേമത്തില്‍ സ്വയം നഷ്ടമാവുകയാണെന്ന് തോന്നുന്നു. യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് സ്വന്തമല്ലാത്ത ഒന്നിനോടുള്ള നിങ്ങളുടെ അഭിനിവേശത്തിന്റെ അളവിനെക്കുറിച്ച് ബോധമുണ്ടാവുന്നത് അപ്പോഴാണ്. സ്‌നേഹത്തെപറ്റി ഞാന്‍ പഠിച്ചത് എന്റെ മുത്തശ്ശിയില്‍ നിന്നാണ്. അവരെ സംബന്ധിച്ചിടത്തോളം സ്‌നേഹം എന്നത് നല്കാനുള്ളത് മാത്രമായിരുന്നു. പ്രത്യേക ഇനം മാങ്ങയായിരുന്നു അവര്‍ക്കേറ്റവുമിഷ്ടം. എങ്കിലും ഒരിക്കലും അവര്‍ അത് കഴിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മാങ്ങ, കൃത്യമായ കഷ്ണങ്ങളാക്കിയരിഞ്ഞ് അതിഥികള്‍ക്ക് നല്കുകയും അവരത് കഴിക്കുന്നത് ആത്മസംതൃപ്തിയോടെ നോക്കിക്കാണുമായിരുന്നു എന്നുമവര്‍. ഞാനതിന്റെ കാരണം ചോദിച്ചു. അവരുടെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന് മറ്റെന്തിനെക്കാളും ഇഷ്ടമായിരുന്നു മാങ്ങകള്‍. അത് പറയുമ്പോള്‍ മുത്തശ്ശിയുടെ കവിളുകള്‍ തുടുത്ത അല്‍ഫോണ്‍സോ കണക്കെ വികസിച്ചു. പുള്ളിക്കാരനുമായി പങ്കുവെക്കാന്‍ കഴിയാതെപോയ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാങ്ങകള്‍ മുത്തശ്ശി ഉപേക്ഷിച്ചതാണെന്ന് ഞാനറിഞ്ഞു.

സ്വയംനഷ്ടപ്പെടാന്‍ നാം തയ്യാറാവുന്നത് നമ്മെക്കാളും വിലയേറിയ ഒന്നിനോട് നമുക്കുതോന്നുന്ന അഭിനിവേശം കാരണമാണ്. ആ അഭിനിവേശമാണ് നമ്മെ അന്ധരാക്കുന്നത്. മഹാന്മാരായ ചിത്രകാരന്‍മാര്‍ കാന്‍വാസിനുമുന്നില്‍ സ്വയം നഷ്ടപ്പെട്ടിരിക്കുമ്പോള്‍ ഭക്ഷണത്തെപറ്റി ഓര്‍ക്കാത്തതിന്റെ കാരണവും അതുതന്നെയാണ്. കല അയാള്‍ക്ക് ജീവിതമാണ്; ജീവനോപാധിയല്ല. ഈ മഹാപ്രപഞ്ചവുമായി നാം പ്രണയത്തിലാവുമ്പോഴാണ് നമ്മുടെതന്നെ ഒരു വ്യാപനം അഥവാ എക്റ്റന്‍ഷനാണ് പ്രപഞ്ചം എന്നുതോന്നുക.

രേഖീയമാണ് നമ്മുടെ യുക്തിചിന്തകള്‍. സ്‌നേഹം ചാക്രികവും. യുക്തിചിന്തകള്‍ നിങ്ങളെ ഛിന്നഭിന്നമാക്കുമ്പോള്‍ സ്‌നേഹം നിങ്ങളെ കെട്ടിവരിഞ്ഞ് പെരുകുന്നു. എല്ലാ നേട്ടങ്ങളുടെയും വിജയങ്ങളുടെയും ജീവശ്വാസമാണ് സ്‌നേഹം. എന്തിനെയും യുക്തിചിന്തകളാല്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ലോകത്തില്‍ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് - തൊഴിലിനോടുള്ള സ്‌നേഹമാണ് എന്റെ വിജയത്തിന്റെ കാരണം. ഞാന്‍ ചോദിച്ചിട്ടുണ്ട് അവരില്‍ പലരോടും - എന്താണ് പ്രണയം? കഞ്ഞിയിലുപ്പുപോലെ അനുഭവിച്ചറിയാന്‍ മാത്രമാവുന്നതും വാക്കുകളാല്‍ അതിരുകള്‍ വരയ്ക്കാനാവാത്തതുമായ വികാരം.

വലിയ സ്‌നേഹത്തോടെയുള്ള ചെറിയ ഉദ്യമങ്ങള്‍ - സ്വന്തംവിജയത്തെ മദര്‍ തെരേസ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. ലോര്‍നാ, നാം നമ്മുടെ വരുതിയില്‍ പിടിച്ചുനിര്‍ത്തേണ്ട എന്തോ ഒന്നാണ് പ്രണയം എന്നെനിക്ക് തോന്നുന്നില്ല. മറിച്ച് സ്വച്ഛന്ദമായി ഒഴുകുന്ന നദിയിലെ പൊങ്ങുതടി കണക്കെ നമ്മെയും വഹിച്ചുപോവുന്ന ഒരു ഊര്‍ജപ്രവാഹമാണ് പ്രണയം എന്നെനിക്ക് തോന്നുന്നു.

Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial