Vijayapadam

പുതിയ സാധ്യതകള്‍ മൊബൈല്‍ ടെക്‌നോളജി, ഐ.ടി.

Posted on: 07 Aug 2013

ഡോ. ടി.പി. സേതുമാധവന്‍, sethu@kvasu.ac.in



വിവര സാങ്കേതിക, മൊബൈല്‍ ടെക്‌നോളജി മേഖലകളില്‍ അവസരങ്ങള്‍ മോഹിക്കുന്നവര്‍ക്ക് മുന്നില്‍ സാധ്യതകള്‍ ഏറെയാണ്. ലക്ഷ്യം മുന്‍നിര്‍ത്തി നേരത്തേതന്നെ പഠനം ക്രമീകരിക്കുന്നതും മികവുറ്റ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതും സഹായകമാകും.

ആഗോളതലത്തില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം കുത്തനെ ഉയരുകയാണ്. എല്ലാവര്‍ക്കും ഒരു ഹാന്‍ഡ്‌ഫോണ്‍ എന്ന ലക്ഷ്യവുമായാണ് കമ്പനികള്‍ മുന്നേറുന്നത്. 2015-ഓടുകൂടി 80 ശതമാനത്തോളം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളും സ്മാര്‍ട്ട്‌ഫോണായിത്തീരും. മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ചൈനയാണ് ഏറെ മുന്നില്‍. ജനസംഖ്യയുടെ 85.21 ശതമാനവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലിത് 68.72 ശതമാനവും അമേരിക്കയില്‍ 103.9 ശതമാനവുമാണ്.

മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിന് ആനുപാതികമായി ഇന്റര്‍നെറ്റിലുണ്ടാകുന്ന വളര്‍ച്ച ഐ.ടി., ഐ.ടി. അധിഷ്ഠിതമേഖല, ഇലക്‌ട്രോണിക്‌സ്, കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ മാനേജ്‌മെന്റ് മേഖലകള്‍ക്ക് കരുത്തേകും. ഐ.ടി. രംഗത്ത് 2017-ഓടുകൂടി ഐ.ടി. ഭൗതികസൗകര്യ വികസന മേഖലയില്‍ 8.7 ശതമാനം വളര്‍ച്ചയാണ് ആഗോള ഏജന്‍സിയായ ഗാര്‍ട്‌നര്‍ വിലയിരുത്തുന്നത്. സൈബര്‍ സെക്യൂരിറ്റി, സെക്യൂരിറ്റി സെര്‍വര്‍, നെറ്റ് വര്‍ക്ക് സിസ്റ്റംസ്, ബിഗ് ഡാറ്റാ, ക്ലൗഡ് കമ്പ്യൂട്ടിങ് മുതലായവ ഐ.ടി.യിലെ പുത്തന്‍ മേഖലകളാണ്. ലോകത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇന്ത്യക്ക് പത്താം സ്ഥാനമാണുള്ളത്.

മൊബൈല്‍ ഫോണ്‍ പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ കോഴ്‌സുകള്‍ രാജ്യത്തിനകത്തും വിദേശത്തുമുണ്ട്.

1. Mobile phone programming for Enterpreneurs. മൊബൈല്‍ പ്രോഗ്രാമിനെക്കുറിച്ചറിയാനുള്ള അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രോഗ്രാമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mediamit.edu സന്ദര്‍ശിക്കുക.

മൊബൈല്‍ കമ്പനിയായ നോക്കിയയില്‍ ബിരുദധാരികള്‍ക്കുള്ള തൊഴിലധിഷ്ഠിത പ്രോഗ്രാമുകളുണ്ട്. ഇതിനായി നോക്കിയ സ്റ്റുഡന്റ് ഇന്നവേഷന്‍ ലാബുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nokia.com സന്ദര്‍ശിക്കാം.

ക്ലൗഡ് കംപ്യൂട്ടിങ്ങിന് രാജ്യത്തിനകത്തും പുറത്തും നിലവാരമുള്ള കോഴ്‌സുകളുണ്ട്. ഐ.ടി. മേഖലയില്‍ ഭൗതികസൗകര്യ വികസന മേഖലയില്‍ തൊഴിലവസരങ്ങള്‍ ഏറെയാണ്. ഒട്ടേറെ അന്താരാഷ്ട്രാ സര്‍ട്ടിഫിക്കേഷനുകള്‍ ഈ രംഗത്ത് നിലവിലുണ്ട്. ആഗോളതലത്തില്‍ തൊഴില്‍നേടാന്‍ ഇവ വിദ്യാര്‍ഥികളെ സഹായിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സേവനദാതാക്കളും കമ്പനികളും നല്‍കുന്ന സര്‍ട്ടിഫിക്കേഷനുകളും സഹായകരമാണ്. വിവിധ കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍വേണ്ടി നടപ്പാക്കുന്ന സര്‍ട്ടിഫിക്കേഷനുകളുമുണ്ട്. ഹാര്‍ഡ് വെയര്‍ മുതല്‍ ഡാറ്റ സെന്റര്‍വരെയുള്ള സര്‍ട്ടിഫിക്കേഷനുകളുണ്ട്. ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റാണ് ഐ.ടി. ഭൗതികരംഗത്തെ പ്രധാനപ്പെട്ട മേഖല. ഈ രംഗത്ത് ഹാര്‍ഡ് വെയര്‍ മേഖലയിലെ അറിവ് അത്യന്താപേക്ഷിതമാണ്. ഒട്ടേറെ ഏജന്‍സികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. Computing Technology Industry Association - CompTIA ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ഏജന്‍സിയാണ്.


നെറ്റ്‌വര്‍ക്ക് രംഗത്തും അന്താരാഷ്ട്രാ സര്‍ട്ടിഫിക്കേഷനുകള്‍ നിലവിലുണ്ട്. മൈക്രോസോഫ്റ്റ്, റെഡ്ഹാറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് സോഫ്റ്റ് വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളുമുണ്ട്. തുടക്കക്കാര്‍ക്ക് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍, സോഫ്റ്റ് വെയര്‍ മേഖലയില്‍ മൈക്രോസോഫ്റ്റ് സര്‍ട്ടിഫിക്കേഷന്‍ ഏറെ പ്രയോജനപ്പെടും.

ലിനക്‌സ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ RHSA/RHSEസര്‍ട്ടിഫിക്കേഷനുണ്ട്. ഡെസ്‌ക്‌ടോപ് വിപണിയില്‍ ഓഫീസ് കംപ്യൂട്ടറുകള്‍ മൈക്രോസോഫ്റ്റിന്റെയും നെറ്റ്‌വര്‍ക്ക്, സെര്‍വര്‍ വിപണിയില്‍ ഇത് ലിനക്‌സുമാണ്.

അടുത്തകാലത്തായി നെറ്റ് വര്‍ക്കിങ് രംഗത്ത് കൂടുതല്‍ കണക്ടിവിറ്റി ആവശ്യമായി വരുന്നതിനാല്‍ ഇന്റര്‍നെറ്റ് വര്‍ക്കിങ്ങിന് പ്രാധാന്യമേറുന്നു. സിസ്‌കോ ഈ രംഗത്തെ മികച്ച സ്ഥാപനമാണ്. ഇന്റര്‍നെറ്റ് സെക്യൂരിറ്റി രംഗത്തെക്കുറിച്ചറിയാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്. ഡാറ്റ മാനേജ്‌മെന്റ്, Storage Management എന്നിവയ്ക്കും പ്രാധാന്യമേറിവരുന്നു.

ഐ.ടി. രംഗത്തെ പ്രധാനപ്പെട്ട സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍

1. The Microsoft Certified Technology Specialists (MCTS)

മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട Windows Operating System, Micro Soft Server, Visual Studio മുതലായവ ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിനകത്തും വിദേശത്തും തൊഴില്‍സാധ്യതകളേറെയുള്ള മേഖലകളാണിവ.

2. Microsoft Certified IT Professional (MCITP)

ഐ.ടി. സപ്പോര്‍ട്ട് എന്‍ജിനീയര്‍, വിന്‍ഡോസ് സെര്‍വര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, Data base Administrator തുടങ്ങിയ തൊഴിലുകള്‍ ലഭിക്കാനുപകരിക്കും.

3. Certified Information Systems Security Professional (CISSP)

ഐ.ടി. രംഗത്ത് സെക്യൂരിറ്റി മാനേജര്‍, സെക്യൂരിറ്റി പ്രൊഫഷണല്‍ എന്നിവയ്ക്ക് ഇത് ഉപകരിക്കും.

4. IT Infrastructure Library Foundation Certificate

ഇവയില്‍ Foundation, Practioner, Manager എന്നിങ്ങനെ മൂന്ന് തട്ടുകളിലായുള്ള സര്‍ട്ടിഫിക്കേഷനുകളുണ്ട്.

5. International Software Testing Qualification Board (ISTQB)

ഇത് ISTQB Certified Tester എന്ന പേരില്‍ അറിയപ്പെടുന്നു എഴുപതോളം രാജ്യങ്ങളിലേക്കായി 180-ഓളം സര്‍ട്ടിഫിക്കേഷനുകളുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാളിറ്റി അഷ്വറന്‍സ് എന്‍ജിനീയര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ എന്നീ തൊഴിലുകള്‍ ലഭിക്കും.

6. Cisco Certified Network Association (CCNA) Certification

IP, Enhanced Interior Gateway Routing Protocol (EIGRP), Routing Information Protocol Version (RIPU), VLANS, Ethernet Access Control തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു.നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ തൊഴില്‍ ലഭിക്കാന്‍ ഇത് സഹായിക്കും.

7. Apple Certified Technical Co-ordinaor (ACTC) Mac OSX താത്പര്യമുള്ളവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. സെര്‍വറുമായി ബന്ധപ്പെട്ടാണ് തൊഴില്‍ സാധ്യതകളേറെയുള്ളത്.

8. Project Management Professional (PMP)
വ്യവസായ മേഖലയില്‍ ഏറെ ആവശ്യക്കാരുള്ള സര്‍ട്ടിഫിക്കേഷന്‍ മേഖലയാണിത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 22 ലക്ഷം രൂപവരെ ശമ്പളം ലഭിക്കുന്ന തൊഴിലുകള്‍ ലഭിക്കും.

9. Microsoft Certified Architect Program (MCAP)
ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികയോഗ്യതയാണ് MCAP.10. Ethinical Hacker Certification (EHC) ഐ.ടി. സെക്യൂരിറ്റി പ്രൊഫഷണലുകള്‍, ഓഡിറ്റര്‍, അഡ്മിനിസ്‌ട്രേറ്റര്‍, നെറ്റ് വര്‍ക്ക് മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ EHC സഹായിക്കും. ഐ.ടി. സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്കും, ബി.ടെക്. കഴിഞ്ഞവര്‍ക്കും നിരവധി തൊഴിലുകള്‍ പ്രദാനംചെയ്യുന്ന മേഖലകളിതിലുണ്ട്.ഈ രംഗത്ത് മികച്ച സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. അംഗീകൃത സ്ഥാപനങ്ങളില്‍ മാത്രമേ ചേരാവൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.siliconindia.com
www. niit.com
www.microsoft.com
www.cisco.com
www.aptech-education.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

കേരളത്തിന് മുന്നില്‍ 50 % വളര്‍ച്ച


ഐ.ടി. മേഖലയില്‍ കേരളത്തിന്റെ ഭാവി ശുഭസൂചകമെന്ന് സോഫ്റ്റ്‌വെയര്‍-സര്‍വീസസ് കമ്പനികളുടെ സംഘടനയായ നാസ്‌കോം. നടപ്പുസാമ്പത്തികവര്‍ഷം ഐ.ടി. കയറ്റുമതിയില്‍ സംസ്ഥാനത്തിന് 50 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് നാസ്‌കോം പ്രസിഡന്റ് സോം മിറ്റല്‍ പറയുന്നത്.

വിശാലമായ ഐ.ടി. പാര്‍ക്കുകളും സ്റ്റാര്‍ട്ട് അപ് വില്ലേജുമൊക്കെയായി അവസരങ്ങളുടെ തിരയടികളുയരുകയാണ്. പരമ്പരാഗതരീതികളെ തച്ചുതകര്‍ക്കാനുള്ള ആവേശം മനസ്സിലുണ്ടോ, അവസരങ്ങള്‍ മുതലാക്കാം.

സോം മിറ്റലിന്റെ സാക്ഷ്യപത്രം: കഴിഞ്ഞ ഒരു ദശകത്തിനിടെ സംസ്ഥാനത്ത് ഐ.ടി.-ഐ.ടി. എനേബിള്‍ഡ് സര്‍വീസസ് മേഖലയില്‍ 24 ശതമാനം വളര്‍ച്ചയാണുണ്ടായത്. കേരളത്തില്‍നിന്ന് ഈ മേഖലയിലെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 100 കോടി ഡോളറായിരുന്നു. വന്‍വളര്‍ച്ചയാണ് ഈ മേഖലയില്‍ വരാന്‍പോകുന്നത്. നിലവില്‍ അഞ്ഞൂറോളം കമ്പനികളില്‍ എണ്‍പതിനായിരത്തോളം പേര്‍ നേരിട്ട് ജോലിനോക്കുന്നു.



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial