Vijayapadam

LDC നേരത്തേ അപേക്ഷിക്കാം ഒരുങ്ങാം

Posted on: 07 Aug 2013


കാത്തിരിപ്പിനൊടുവില്‍ പി.എസ്.സി. എല്‍.ഡി ക്ലാര്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സപ്തംബര്‍ നാല് രാത്രി 12.00 വരെ പി.എസ്.സി. വെബ്‌സൈറ്റ് (www.keralapsc.gov.in) വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നവംബര്‍ ഒമ്പതുമുതലാണ് പരീക്ഷ നടക്കുക (പരീക്ഷാതീയതികള്‍ സംബന്ധിച്ച വിശദവിവരം ജൂലായ് 31-ന് വിജയപഥം പ്രസിദ്ധീകരിച്ചിരുന്നു.

ശമ്പളം : 9940 -16580 രൂപ

ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തില്‍ (കണക്കാക്കപ്പെട്ടിട്ടില്ല)

പ്രായം : 18-36. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

മാനസിക ശേഷി,ലഘു ഗണിതം,പൊതുവിജ്ഞാനം,ആനുകാലികം, ജനറല്‍ ഇംഗ്ലീഷ്,പ്രാദേശിക ഭാഷ എന്നീ വിഷയങ്ങളിലായി 100 മാര്‍ക്കിനുള്ള ഒബ്ജക്ടീവ് പരീക്ഷയുണ്ടാവും.

എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് എല്‍.ഡി. ക്ലാര്‍ക്കാവാനുള്ള അവസാനഅവസരമാകും ഇക്കുറി. എല്‍.ഡി.സി. അടിസ്ഥാനയോഗ്യത പ്ലസ്ടുവാക്കി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സ്‌പെഷല്‍ റൂള്‍സില്‍ ഭേദഗതി വരുത്താത്തതിനാലാണ് ഇക്കുറിയും എസ്.എസ്.എല്‍.സി അടിസ്ഥാനയോഗ്യതയാക്കുന്നത്. സ്‌പെഷല്‍ റൂള്‍സ് ഭേദഗതി വൈകാതെയുണ്ടാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ തവണ 13.5 ലക്ഷത്തിലേറെ പേരാണ് എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നത്. ഇക്കുറി 15 ലക്ഷമെങ്കിലുമാകുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരം ജില്ലയിലാണ് കഴിഞ്ഞ തവണ കൂടുതല്‍ പേര്‍ അപേക്ഷിച്ചത്. 1.89 ലക്ഷം പേര്‍. വയനാട്ടിലായിരുന്നു കുറവ്, 36724 പേര്‍. കടുത്ത മത്സരമുള്ള പരീക്ഷയാണിത്. അതുകൊണ്ടുതന്നെ നല്ല പരിശീലനവും അനിവാര്യം.

നേരത്തേ തന്നെ അപേക്ഷിക്കാന്‍ ശ്രമിക്കണം. അവസാനഘട്ടത്തില്‍ അപേക്ഷകരുടെ തിരക്കിനെത്തുടര്‍ന്ന് വെബ്‌സൈറ്റ് ജാമാകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പതിവാണ്. കഴിഞ്ഞ തവണ ഇതുമൂലം ഒട്ടേറെപ്പേര്‍ക്ക് അവസരം നഷ്ടമായിരുന്നു. ഇത്തരം ദുരനുഭവങ്ങള്‍ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നത് അവസാനഘട്ടത്തിലേക്ക് മാറ്റിവെക്കുന്ന പതിവ് ഒഴിവാക്കുക.

വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. നേരത്തേ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവര്‍ അവരുടെ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈല്‍ വഴി അപേക്ഷിക്കണം. പ്രൊഫൈല്‍ വിശദമായി പരിശോധിച്ച് അതില്‍ നല്‍കിയിട്ടുള്ള കാര്യങ്ങള്‍ കൃത്യമാണോയെന്ന് ഉറപ്പാക്കുക. തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കുക. അപേക്ഷിച്ചു കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്താനാവില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയില്‍ പേരും എടുത്ത തീയതിയും രേഖപ്പെടുത്തണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിലെ ഫോട്ടോയിലും പേരും തീയതിയും കാണില്ല. ഇത്തരത്തിലുള്ള ഹാള്‍ടിക്കറ്റുമായെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ഓര്‍ക്കണം.

അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ സമയം പാഴാക്കാതെ ഒരുക്കം തുടങ്ങണം. പരീക്ഷാസിലബസ് മനസ്സിലാക്കി, വ്യക്തമായ പാഠ്യക്രമം തയ്യാറാക്കി ഒരുക്കം തുടങ്ങാം. പഴയ ചോദ്യക്കടലാസ് ശേഖരിച്ച് പരിശീലനം നടത്താം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ ലക്കം(41) തൊഴില്‍വാര്‍ത്തയില്‍ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Vijayapadam Classifieds
Other Articles in this Section