Vijayapadam

ഇനി LDC പഠനകാലം

Posted on: 13 Jun 2013

ഒ.എം.ആര്‍ നമ്പൂതിരിഎല്‍.ഡി.സി വിജ്ഞാപനം 29ന്
കേരളത്തില്‍ ഉദ്യോഗാര്‍ഥികള്‍ ആറ്റുനോറ്റ് കാത്തിരിക്കുന്ന, പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷ ഇതാ വീണ്ടുമെത്തുന്നു. സാധാരണക്കാരന്റെ സിവില്‍ സര്‍വീസ് എന്നാണ് എല്‍.ഡി.സി. തസ്തിക അറിയപ്പെടുന്നത്. എല്‍.ഡി.സി. ആയി സര്‍വീസില്‍ പ്രവേശിച്ച് ഉന്നതങ്ങള്‍ കീഴടക്കിയ ഏറെപ്പേരുണ്ട്. പതിനെട്ടാം വയസ്സില്‍ ജോലിയില്‍ കയറി, ജോലിയിലിരിക്കെതന്നെ ഉപരിപഠനം നടത്തി ഉയരങ്ങളിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറിയവര്‍...

ലക്ഷങ്ങളാണ് ഓരോ തവണയും പി.എസ്.സി.യുടെ എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയെഴുതുന്നത്. അവസരങ്ങള്‍ ആയിരങ്ങള്‍ക്കുമാത്രം. അതുകൊണ്ടുതന്നെ കടുത്ത മത്സരം ഉറപ്പുള്ള പരീക്ഷയാണിത്. നല്ല മുന്നൊരുക്കം അത്യാവശ്യം.

സര്‍ക്കാര്‍ സര്‍വീസിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് പി.എസ്.സി. ജൂണ്‍ 29-ന് വിജ്ഞാപനം ഇറക്കും. വിജ്ഞാപനം വന്നശേഷം ജൂലായ് 31 വരെ പി.എസ്.സി. വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതിനായി വെബ്‌സൈറ്റില്‍(www.keralapsc.org) ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ആദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. നിലവിലുള്ള റാങ്ക്പട്ടികയുടെ കാലാവധി കഴിയുന്ന മുറയ്ക്ക് പുതിയ റാങ്ക് പട്ടിക നിലവില്‍വരും.

മാതൃക പഴയതുതന്നെ

കഴിഞ്ഞതവണത്തെ മാതൃകയില്‍ത്തന്നെയാണ് ഇക്കുറിയും വിജ്ഞാപനം ഉണ്ടാവുക. എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ഡിപ്ലോമയോ മറ്റ് യോഗ്യതകളോ ആവശ്യമുണ്ടാവില്ല.

* ഇത്തവണ എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് 15 ലക്ഷത്തോളം അപേക്ഷകരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷ ഓണ്‍ലൈന്‍ വഴിയായതിനാല്‍ വിവരങ്ങള്‍ തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്വന്തമായിത്തന്നെ അപേക്ഷിക്കുകയാണ് ഉചിതം. അപേക്ഷിക്കാനുള്ള സാങ്കേതികപരിജ്ഞാനം കുറവാണെങ്കില്‍, മറ്റൊരാളുടെ സഹായം തേടാം. എന്നാല്‍ സ്വന്തം സാന്നിധ്യത്തിലാകണം അപേക്ഷ പൂര്‍ത്തിയാക്കുന്നത്.

* അപേക്ഷിക്കുന്നത് അവസാനതീയതിയിലേക്ക് മാറ്റിവെക്കുന്നത് അബദ്ധമാകും. കൂടുതല്‍ പേര്‍ അപേക്ഷിക്കുന്ന പരീക്ഷയായതിനാല്‍ അവസാനഘട്ടത്തില്‍ അപേക്ഷകരുടെ വന്‍തിരക്കായിരിക്കും. വെബ്‌സൈറ്റ് ജാമാകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കും. അവസരം നഷ്ടമാവുകയും ചെയ്യും.

* സ്വന്തം ജില്ലയില്‍ത്തന്നെ അപേക്ഷിക്കുന്നതാവും ഉചിതം. ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നത് കണക്കിലെടുക്കണം. അപേക്ഷകര്‍ കുറവുള്ള ജില്ലകളില്‍ നിയമനവും താരതമ്യേന കുറവാണ്. ജില്ലാതലത്തില്‍ നടക്കുന്ന പരീക്ഷയായതിനാല്‍ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ചാല്‍ അയോഗ്യരാക്കപ്പെടുമെന്നതും പ്രത്യേകം ശ്രദ്ധിക്കുക.

* അപേക്ഷിച്ചു കഴിഞ്ഞാല്‍ പരീക്ഷയ്ക്ക് മൂന്നുമുതല്‍ ഏഴുമാസം വരെ സമയം ലഭിക്കും. സമയം പാഴാക്കാതെ പരിശീലനം തുടങ്ങാന്‍ പ്രത്യേകശ്രദ്ധവേണം. ഈ കാലയളവില്‍ മനസ്സിരുത്തി പഠിച്ചാല്‍ മുന്നിലെത്താവുന്നതേയുള്ളൂ.

* ഒബ്ജക്ടീവ് മാതൃകയില്‍ മലയാളത്തിലായിരിക്കും ചോദ്യക്കടലാസ്. ആകെ നൂറു ചോദ്യങ്ങള്‍, നൂറുമാര്‍ക്ക്. പൊതുവിജ്ഞാനം (50 ചോദ്യം), ഗണിതം/ മാനസികശേഷി പരിശോധന (20 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (20), മലയാളം (10) എന്നിങ്ങനെയാവും പരീക്ഷാഘടന.

* പൊതുവിജ്ഞാനത്തിനാണ് പരീക്ഷയില്‍ പ്രാമുഖ്യം. അതുകൊണ്ടുതന്നെ ഈ ഭാഗത്തിന് നല്ല പ്രാധാന്യം കൊടുക്കണം. കൈയില്‍ കിട്ടിയ എന്തും വാരിവലിച്ച് വായിച്ചാല്‍ സമയംപോകും, എങ്ങുമെത്തുകയുമില്ല. മുന്‍വര്‍ഷങ്ങളിലെ ചോദ്യക്കടലാസുകള്‍ പരിശോധിക്കുക. ഏതൊക്കെ മേഖലകളില്‍നിന്നുള്ള ചോദ്യങ്ങളാണ് പതിവായി വരാറുള്ളതെന്ന് ശ്രദ്ധിക്കുക. കേരളം, ഇന്ത്യ, ലോകം, അടിസ്ഥാനശാസ്ത്രം, ആനുകാലികം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നായിരിക്കും ഭൂരിഭാഗം ചോദ്യങ്ങളും. ആനുകാലിക സംഭവങ്ങള്‍ക്ക് സമീപകാല പി.എസ്.സി. പരീക്ഷയില്‍ പ്രാധാന്യം കൂടിവരുന്നതായി കാണുന്നുണ്ട്.

* ഗണിതശാസ്ത്രത്തില്‍ ഏഴാം ക്ലാസ്സുവരെയുള്ള ഗണിതക്രിയകള്‍ക്കായിരിക്കും പ്രാധാന്യം. ചെയ്തു പരിശീലിക്കുകതന്നെ വേണം. മാനസികശേഷി പരിശോധനയുടെ പരിശീലനത്തിന് പഴയ ചോദ്യപ്പേപ്പറുകളില്‍നിന്ന് തുടങ്ങുകയാവും ഉചിതം. ഇത്തരം മത്സരപ്പരീക്ഷകളെഴുതി പരിചയമുള്ളവരുടെ സഹായം തേടുകയുമാവാം. മനസ്സിരുത്തിയാല്‍ ഇരുപതില്‍ ഇരുപതു മാര്‍ക്കും നേടാവുന്ന ഭാഗമാണിതെന്നോര്‍ക്കുക.

* സ്‌കൂള്‍ തലത്തിലുള്ള വ്യാകരണക്രിയകളും പദസമ്പത്തുമൊക്കെയാണ് ഇംഗ്ലീഷ് വിഭാഗത്തില്‍ ചോദിക്കുക. പഴയ ചോദ്യമാതൃകകള്‍ നോക്കി പരിശീലിക്കുക.

* മലയാളം വിഭാഗത്തെയും നിസ്സാരമായി തള്ളരുത്. പഴയ ചോദ്യങ്ങള്‍ പരമാവധി ശേഖരിച്ച് പരിശീലിക്കണം. ഉയര്‍ന്ന റാങ്കുവേണമെങ്കില്‍ മലയാളത്തില്‍ ഒരു മാര്‍ക്കുപോലും നഷ്ടമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

വിജ്ഞാപനം നേരത്തേ

മുന്‍കാലത്തേതില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി എല്‍.ഡി.സി. വിജ്ഞാപനം വളരെ നേരത്തേയാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് നിലവിലുള്ള റാങ്ക് ലിസ്റ്റിനെ യാതൊരുതരത്തിലും ബാധിക്കില്ലെന്നാണ് പി.എസ്.സി. അധികൃതര്‍ പറയുന്നത്. ഇപ്പോഴത്തെ റാങ്ക്‌ലിസ്റ്റിന്റെ മൂന്നുവര്‍ഷകാലാവധി 2015 മാര്‍ച്ച് 30-നാണ് അവസാനിക്കുന്നത്. പിറ്റേന്നുതന്നെ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരത്തക്കവിധമാണ് പരീക്ഷാ നടപടികള്‍ പുരോഗമിക്കുന്നത്.

അതായത് റാങ്ക് പട്ടിക നീട്ടുന്നതിന്റെ ആനുകൂല്യം നിലവിലുള്ള ലിസ്റ്റിന് ലഭിക്കില്ലെന്ന് അര്‍ഥം. പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എന്നാല്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് കാര്യമായ നിയമനം നടക്കാത്തത് ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ആശങ്കവിതയ്ക്കുന്നുണ്ട്. 14 ജില്ലകളിലായി നിലവിലുള്ള ലിസ്റ്റില്‍ മൊത്തം 56,706 പേരാണുള്ളത്. ഇതില്‍ ഇതുവരെ നിയമനം ലഭിച്ചത് നാലായിരത്തോളം പേര്‍ക്കുമാത്രമാണ്. മുന്‍ലിസ്റ്റുകളുടെ കാലാവധി നീട്ടിയതും മറ്റുമാണ് കാര്യങ്ങള്‍ ഏറെ വഷളാക്കിയത്.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നവരുടെ എണ്ണം പരിമിതമാണെന്ന കാര്യംകൂടി കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം ലഭിക്കുന്നവരുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നാണ് സൂചന.

എട്ടുഘട്ട പരീക്ഷ

ഒക്ടോബര്‍ അഞ്ചുമുതല്‍ അടുത്തവര്‍ഷം ഫിബ്രവരി എട്ടുവരെ എട്ടുഘട്ടങ്ങളിലായാണ് ഇക്കുറി പി.എസ്.സി.യുടെ എല്‍.ഡി.സി. പരീക്ഷ നടക്കുക. ശനിയാഴ്ചകളിലാണ് പരീക്ഷ. ഒരു ദിവസം രണ്ട് ജില്ലകളില്‍ പരീക്ഷയുണ്ടാകും. പരീക്ഷാക്രമം ഇങ്ങനെ.
* ഒക്ടോബര്‍ അഞ്ച്: തിരുവനന്തപുരം, കാസര്‍കോട്
* ഒക്ടോബര്‍ 26: കൊല്ലം, കണ്ണൂര്‍
* നവംബര്‍ ഒമ്പത്: പത്തനംതിട്ട, തൃശ്ശൂര്‍
* നവംബര്‍ 23: കോട്ടയം, പാലക്കാട്
* ഡിസംബര്‍ ഏഴ്: എറണാകുളം വയനാട്
* ജനവരി 11: ഇടുക്കി, മലപ്പുറം
* ജനവരി 25: ആലപ്പുഴ, കോഴിക്കോട്
* ഫിബ്രവരി എട്ട്: മുഴുവന്‍ ജില്ലകളിലെയും തസ്തികമാറ്റം വഴിയുള്ള പരീക്ഷ

Vijayapadam Classifieds
Other Articles in this Section