Vijayapadam

ഒരു സൗഭാഗ്യകഥ

Posted on: 06 Jun 2013

ആര്‍. ഹരിഎയിംസ് എം.ഡി. പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരി എസ്. ഭാഗ്യയുടെ അനുഭവപാഠങ്ങള്‍


പേരില്‍'ഭാഗ്യ'മുണ്ടെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ എസ്.ഭാഗ്യയുടെ നേട്ടം വെറും ലക്ക് കൊണ്ട് സംഭവിച്ചതല്ല. ഇന്ത്യയിലെ ഏതൊരു മെഡിക്കല്‍ വിദ്യാര്‍ഥിയുടെയും സ്വപ്നമാണ് ഭാഗ്യ സ്വന്തമാക്കിയത്. ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എ.ഐ.ഐ.എം.എസ്.) എം.ഡി.പ്രവേശ പരീക്ഷയില്‍ ഒന്നാം റാങ്ക്. കഠിന പ്രയത്‌നവും ആത്മവിശ്വാസവുമാണ് ഭാഗ്യയെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ഇക്കഴിഞ്ഞ ജനവരിയില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ഭാഗ്യ അവിടെ ഫിസിയോളജി വിഭാഗം ലക്ചറററായി തുടരുകയാണ്. അതിനിടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിനും അഭിമാനമായി ഭാഗ്യയുടെ നേട്ടമെത്തുന്നത്.

രണ്ടാം ചാന്‍സിലാണ് ഭാഗ്യയുടെ ഒന്നാം റാങ്ക് നേട്ടം. ആദ്യതവണ എഴുതിയപ്പോള്‍ 144 ആയിരുന്നു റാങ്ക്. ഇതിനിടെ ഇരട്ടിമധുരമെന്നോണം 'നീറ്റ്' എന്‍ട്രന്‍സില്‍ ഏഴാം റാങ്കും നേടി.

പ്ലാന്‍ചെയ്ത് പഠിക്കാം

'എല്ലാം വാരിവലിച്ച് പഠിക്കരുത്. 'സ്‌ട്രേറ്റജിക്' ആയി പഠിക്കുക, എയിംസ് എം.ഡി. പ്രവേശ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരോട് ഭാഗ്യക്ക് പറയാനുള്ളത് ഇതാണ്. മൂന്ന് മണിക്കൂര്‍, 200 ചോദ്യങ്ങള്‍. എല്ലാം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്കുമുണ്ട്. 'അപ്ലിക്കേഷന്‍ ലെവല്‍' ചോദ്യങ്ങളാണ് കൂടുതലായി വരിക. മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നരീതി പതിവാണ്. അതുകൊണ്ട് 'റിപ്പീറ്റ്' ചോദ്യങ്ങള്‍ പഠിക്കുന്നത് ഗുണം ചെയ്യും. ഒരു പേഷ്യന്റിനെ നോക്കുമ്പോള്‍ പഠിച്ച തിയറി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അളക്കുന്ന ചോദ്യങ്ങള്‍ക്കാണ് മുന്‍ഗണന. ഒരു ചോദ്യത്തിന് പരമാവധി രണ്ടു മിനുട്ടില്‍ കൂടുതല്‍ എടുക്കരുത്. ഒരു ചോദ്യത്തിന് കൂടുതല്‍ സമയം എടുത്താല്‍ പിന്നീടുവരുന്ന എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ പറ്റാതെ വരും. ടഫ് ആണെന്ന് തോന്നിയാല്‍ വിടുക. പിന്നീട് അവസാനം ചെയ്യാന്‍ ശ്രമിക്കുക.

ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലും കോച്ചിങ്ങിന് പോകാതെ സ്വന്തമായി പഠിച്ചാണ് ഭാഗ്യ എന്‍ട്രന്‍സ് എഴുതിയത്. മൂന്നുമാസമായി ടീച്ചിങ് ആയതുകൊണ്ട് എല്ലാം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞുവെന്ന് ഭാഗ്യ പറയുന്നു. 'ചോദ്യങ്ങള്‍ പൊതുവേ ടഫ് ആയിരുന്നു. പക്ഷേ, നെഗറ്റീവ് മാര്‍ക്ക് വകവെയ്ക്കാതെ എല്ലാ ചോദ്യങ്ങളും അറ്റന്‍ഡ് ചെയ്തു. ചിലതൊക്കെ 'ഗസ്‌വര്‍ക്ക്' ആയിരുന്നു. കൂടുതല്‍ ശരിയെന്നുതോന്നുന്നത് ടിക്ക് ചെയ്തു'- ആത്മവിശ്വാസം മിടിക്കുന്ന വാക്കുകള്‍

എം.ബി.ബി.എസ്. മൂന്നാം വര്‍ഷം മുതല്‍ എയിംസ് എന്‍ട്രന്‍സ് ലക്ഷ്യംവെച്ചായിരുന്നു പഠനം. എന്‍ട്രന്‍സ് അടുത്തതോടെ ഒരുദിവസം 5 മണിക്കൂര്‍ പഠനം. 2001 മുതലുള്ള ചോദ്യപ്പേപ്പറുകള്‍ എഴുതി പരിശീലിച്ചിരുന്നു. എം.ബി.ബി.എസ്. ബുക്‌സ് തന്നെയായിരുന്നു കൂടുതല്‍ റഫര്‍ ചെയ്തത്. പരീക്ഷ റിപ്പീറ്റ് എടുത്തവര്‍ പറഞ്ഞുതന്നിരുന്നു ഏതൊക്കെ ബുക്‌സ് റഫര്‍ ചെയ്യണമെന്ന്. പിന്നെ ടീച്ചേഴ്‌സും കൂട്ടുകാരും ഹെല്‍പ് ചെയ്തിരുന്നു. ഇത്തവണത്തെ എന്‍ട്രന്‍സില്‍ ഓഫ്താല്‍മോളജിയില്‍നിന്നാണ് കൂടുതല്‍ ചോദ്യങ്ങളുണ്ടായിരുന്നതെന്ന് ഭാഗ്യ പറയുന്നു.

കോച്ചിങ് ആര്‍ക്ക് വേണം

'ഹൗസ് സര്‍ജന്‍സിയുടെ തിരക്കില്‍ കോച്ചിങ് വേണ്ടെന്നുവെച്ചതാണ്. കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിപ്പിക്കുന്നവര്‍ സഹായിച്ചിരുന്നു. തനിയെ പഠിക്കുന്നതുതന്നെയാണ് ഗുണകരമായി വരികയെന്നതാണ് എന്റെ അനുഭവം'-ഭാഗ്യ പറഞ്ഞു.

കോട്ടയം തെക്കുംഗോപുരത്ത് 'സൗഭാഗ്യ' യില്‍ പരേതനായ ഷാജി ബാബുവിന്റെയും കലയുടെയും മകളാണ് ഭാഗ്യ. ഭാഗ്യ എം.ബി.ബി.എസ്. ചെയ്യുന്നതിനിടെയാണ് എസ്.ബി.ടി. മാനേജരായിരുന്ന അച്ഛന്റെ മരണം. അമ്മ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥയാണ്. അനുജത്തി കാവ്യ പ്ലസ് വണ്ണിന് ചേരാനൊരുങ്ങുന്നു.

എം.ഡി.ക്ക് ജനറല്‍ മെഡിസിന്‍ എടുക്കാനാണ് ഭാഗ്യക്ക് താത്പര്യം. ഉന്നതപഠനം കഴിഞ്ഞാലും കേരളത്തില്‍ മെഡിക്കല്‍ കോളേജ് സര്‍വീസ്തന്നെയാണ് ഇഷ്ടം.

harimbiktm@gmail.com

Vijayapadam Classifieds
Other Articles in this Section