Vijayapadam

സുവര്‍ണാവസരങ്ങള്‍

Posted on: 22 May 2013

ദേബശിഷ് ചാറ്റര്‍ജിതെക്കേ ആഫ്രിക്കയില്‍ പണ്ട് സ്വര്‍ണം കണ്ടുപിടിച്ച വിവരം കാട്ടുതീപോലെ പരന്നു. സ്വര്‍ണമുണ്ടെന്ന് കണ്ടെത്തിയ സ്ഥലത്തേക്ക് എല്ലാവരും വെച്ചുപിടിച്ചു. ഓരോരുത്തര്‍ക്കും തങ്ങളുടെ പങ്ക് എങ്ങനെയെങ്കിലും ഉറപ്പിക്കണമെന്ന വാശിമാത്രം. മോഹാന്ധരായി ഓടുന്നതിനിടയില്‍ ആളുകള്‍ പരസ്പരം കൂട്ടിയിടിച്ച് താഴെവീഴുന്ന അവസ്ഥ.

ഈ തിരക്കില്‍ നിന്നെല്ലാം മാറിനിന്നുകൊണ്ട് അകലെ ഒരു ചെറുപ്പക്കാരന്‍ ഇരുമ്പില്‍നിന്ന് ശ്രദ്ധയോടെ നല്ല മണ്‍വെട്ടികളുണ്ടാക്കുകയാണ്. എല്ലാവരും സ്വര്‍ണം ചിള്ളിപ്പെറുക്കാന്‍ നോക്കുമ്പോള്‍ അകലെ മാറിയിരുന്നു ഒരുവന്‍ കഷ്ടപ്പെട്ട് ഇരുമ്പുരുക്കി മണ്‍വെട്ടിയുണ്ടാക്കുന്നു. കാണുന്ന ആര്‍ക്കും അയാള്‍ക്ക് ചില്ലറ തകരാറുണ്ടെന്ന് തോന്നിപ്പോവുക സ്വാഭാവികം. ലോകനീതി അതാണ്. സ്വര്‍ണത്തെപ്പറ്റിയുള്ള ചിന്തയോ മോഹാന്ധതയോ ഒന്നും ബാധിക്കാതെ തന്റെ പണിയില്‍ ദത്തശ്രദ്ധനായിരിക്കുന്ന അയാളോട് സംസാരിക്കാന്‍ പൊന്നിന് പിറകേയോടുന്നവരുടെ കൂട്ടത്തില്‍ ഒരാളുണ്ടായതുതന്നെ ഒരത്ഭുതമാണ്. അയാള്‍ ചെറുപ്പക്കാരനോട് ചോദിച്ചു. അല്ല, മനസ്സിലാവാത്തതുകൊണ്ട് ചോദിക്കുകയാണ്, ഇത്രയും മണ്‍വെട്ടികള്‍ എന്തിനുവേണ്ടിയാണ് താങ്കള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്?

ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു- 'നിങ്ങള്‍ സ്വര്‍ണത്തിന് പിന്നാലെയോടുകയാണ്. ഞാന്‍ ഒരു സുവര്‍ണാവസരത്തിന്‍മേല്‍ ഇരിക്കുകയാണ്. ഇളകിയ മണ്ണ് നിങ്ങള്‍ മാന്തിയിട്ടെങ്കിലും മാറ്റും. അതെനിക്കറിയാം. അതിനപ്പുറം മണ്ണുനീങ്ങണമെങ്കില്‍, പിന്നെയും കുഴിക്കണമെങ്കില്‍ മണ്‍വെട്ടിതന്നെ വേണ്ടിവരും. അപ്പോഴേക്കും വില്പനയ്ക്കായി ആവശ്യത്തിന് മണ്‍വെട്ടികള്‍ തയ്യാറായിരിക്കണം'.

ട്രാന്‍സ്‌ഫോര്‍മേഷണല്‍ ലീഡര്‍ഷിപ്പ് എന്ന ആശയത്തിന്റെ പ്രാവര്‍ത്തികരൂപമാണ് മുകളിലെ ഉദാഹരണം. വികസനം വരുന്നത് അവസരത്തിന്റെ രൂപത്തിലാണ്. ഒരോരുത്തരും അവരുടേതായ ഒരിടം കണ്ടെത്തുകയാണ്. അവിടെ കാലുറപ്പിച്ചുകൊണ്ട് നൈസര്‍ഗികമായി, സര്‍ഗപരമായി കര്‍മനിരതരാവുകയാണ്. ആധുനിക ലോകക്രമത്തില്‍ പരിവര്‍ത്തനമെന്നത് ഒരാള്‍ ഉന്നത പദവിയിലിരുന്നുകൊണ്ട് നടത്തുന്ന കാര്യങ്ങളുടെ പരിണിതഫലമല്ല. മറിച്ച് അപരന്‍ സ്വയം കണ്ടെത്തുന്ന മേഖലയില്‍ സാധ്യമാക്കുന്ന വിപ്ലവകരമായ ചലനങ്ങളാണ് യഥാര്‍ഥ ട്രാന്‍സ്‌ഫോര്‍മേഷന്‍ അഥവാ പരിവര്‍ത്തനം.

പഴയ ലോകക്രമത്തില്‍ ബിസിനസ്സിന്റെ വളര്‍ച്ചയെന്നാല്‍ ഭൗതികമായ വളര്‍ച്ചയായിരുന്നു. എത്രരാജ്യങ്ങളില്‍ സ്ഥാപനങ്ങളുണ്ട്, ഏതെല്ലാം നഗരങ്ങളില്‍ സാന്നിധ്യമുണ്ട്, എത്ര പ്രൊഡക്ഷന്‍ യൂണിറ്റുകളുണ്ട് എന്നിത്യാദി വലുപ്പം വെച്ചളക്കല്‍. ആധുനിക ലോകക്രമത്തില്‍ ബിസിനസ്‌ലോകത്ത് നടക്കുന്ന വന്‍പരിവര്‍ത്തനങ്ങളൊന്നും ഭൗതികാന്തരീക്ഷത്തിലല്ല, മാനസിക വ്യാപാരങ്ങളിലാണ്. ഇന്നലെവരെ അസാധ്യമായതെന്ന് തോന്നുന്നത് ഇന്ന് സാധ്യമാവുകയും പഴയ വളര്‍ച്ചയുടെ സമവാക്യങ്ങള്‍ മാറി പുതിയതുവരുന്നതും അതുകൊണ്ടാണ്.

ഭൗതികലോകത്ത് തപ്പിത്തടയുകയല്ല വേണ്ടത് മാനസികലോകത്ത് പറന്നുയരുകയാണ്. കാലാനുസൃതമായി മാറാത്ത സ്ഥാപനങ്ങള്‍ ഇന്നും പഴയ ഹജൂര്‍ക്കച്ചേരി പോലെത്തന്നെ പോയിക്കൊണ്ടിരിക്കും. ജീവനക്കാരെ ഓരോ പദവിയില്‍ തളച്ചിട്ട് അവിടുത്തെ അനുഷ്ഠാനകലകളെക്കുറിച്ചുള്ള ഒരുത്തരവും നല്കും.


Vijayapadam Classifieds
Other Articles in this Section