Vijayapadam

രണ്ടാമതും നിഷിത ഒന്നാമത്‌

Posted on: 22 May 2013

ജി. സജിത്കുമാര്‍അഖിലേന്ത്യാ മെഡിക്കല്‍ പി.ജി പ്രവേശനപരീക്ഷയായ നീറ്റില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയ നിഷിത മോഹന്‍ സംസാരിക്കുന്നു


സ്വപ്നതുല്യം എന്ന പദം തേഞ്ഞുപഴകിയ ക്ലീഷെയാണ്. എന്നാല്‍, ഇനി പറയുന്ന നേട്ടത്തെ വിശേഷിപ്പിക്കാന്‍ മറ്റൊരുപദം എളുപ്പത്തില്‍ കണ്ടെത്താനാവില്ല. രാജ്യത്തെ ഏറ്റവും തിളക്കമാര്‍ന്ന രണ്ട് മെഡിക്കല്‍ പി.ജി. പ്രവേശന പരീക്ഷകളിലും ഒന്നാം റാങ്ക്. ഈ മികവിന്റെ തിളക്കത്തിലാണ് കൊല്ലം കരിക്കോട് തുണ്ടിയത്ത് നിഷിതാ നിവാസില്‍ ഡോ. നിഷിതാ മോഹന്‍.

ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രവേശന പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ നിഷിത ഇപ്പോള്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിലും (നീറ്റ്) അതേനേട്ടം ആവര്‍ത്തിക്കുന്നു. എയിംസില്‍ ജനറല്‍ മെഡിസിന്‍ ബിരുദാനന്തര ബിരുദപഠനത്തിന് ചേര്‍ന്നിരിക്കുകയാണ് നിഷിത. 'നീറ്റ്' കിട്ടിയെങ്കിലും എയിംസില്‍ത്തന്നെ പഠനം തുടരാനാണ് താത്പര്യം.

'നീറ്റ്' ശരിക്കും വെല്ലുവിളിയായിരുന്നെന്ന് നിഷിത പറയുന്നു, പുതിയ പാറ്റേണിലായതുകൊണ്ട് ചോദ്യമാതൃകയെപ്പറ്റി വ്യക്തമായ ധാരണ ഇല്ലായിരുന്നു. ഇത്തവണ ആദ്യമായാണ് നാഷണല്‍ ബോര്‍ഡിന്റെ ചുമതലയില്‍ പരീക്ഷ നടത്തുന്നത്. മുമ്പ് സി.ബി.എസ്.ഇ. ആയിരുന്നു പരീക്ഷ നടത്തിയിരുന്നത്. കൂടാതെ, ഇക്കുറി ഓണ്‍ലൈന്‍ പരീക്ഷയുമായിരുന്നു. എയിംസ് പ്രവേശനപരീക്ഷ സംബന്ധിച്ച് അത്ര അവ്യക്തത ഇല്ലായിരുന്നുവെന്ന് പറയാം. ഒരേ പാറ്റേണിലുള്ള ചോദ്യങ്ങളാണ് ചോദിക്കുക. മുമ്പ് വന്നതിന്റെ മാതൃകനോക്കി പഠിക്കാനും കഴിഞ്ഞു. എന്നാല്‍, തുടക്കമായതിനാല്‍ നീറ്റിനെപ്പറ്റി വലിയ ഊഹമൊന്നുമില്ലായിരുന്നു എന്നതാണ് വാസ്തവം

2011-ല്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍നിന്ന് എം.ബി.ബി.എസ്. പാസ്സായി. തുടര്‍ന്ന് ഒരുവര്‍ഷം വീട്ടിലിരുന്ന് പി.ജി. എന്‍ട്രന്‍സിനുള്ള തയ്യാറെടുപ്പായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ പൂര്‍വവിദ്യാര്‍ഥിസംഘടന നടത്തുന്ന കോച്ചിങ് ക്ലാസ്സില്‍ പങ്കെടുത്തു. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ക്ലാസ്സ്. ഒമ്പതുമാസത്തോളം ക്ലാസ്സിന് പോയി. പല സ്ഥലത്തുനിന്നുമുള്ള ഡോക്ടര്‍മാര്‍ പഠിപ്പിക്കാന്‍ എത്തിയിരുന്നു.

സ്വന്തമായ പഠനത്തിന് പുറമേ സംഘപഠനവും ഉണ്ടായിരുന്നു. സംശയമുള്ള ഭാഗങ്ങള്‍ കൂട്ടുകാരുമായും അധ്യാപകരുമായും ചര്‍ച്ച ചെയ്തു. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ചെയ്തുപഠിക്കും. മെഡിക്കല്‍ ബുക്കുകളും വായിക്കും. പ്രധാനപ്പെട്ട ഭാഗങ്ങള്‍ പ്രത്യേകം മാര്‍ക്ക് ചെയ്ത് വിശദമായി പഠിക്കും. പഴയ ചോദ്യപ്പേപ്പറുകളും നോക്കിയിരുന്നു.

പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ 'നീറ്റ്' തന്നെയായിരുന്നു മുഖ്യലക്ഷ്യം. സീറ്റ് കൂടുതലുണ്ടല്ലോ. എയിംസില്‍ 50 സീറ്റേയുള്ളൂ. സ്വാഭാവികമായും കൂടുതല്‍ സീറ്റുള്ളതല്ലേ പ്രതീക്ഷിക്കാനാവൂ. രണ്ടിനും റാങ്ക് കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല - നിഷിത പറയുന്നു.
എയിംസിന്റേത് എഴുത്തുപരീക്ഷയായിരുന്നു. നീറ്റ് ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് തിരുവനന്തപുരമായിരുന്നു സെന്റര്‍. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ മാത്രം. എല്ലാ ചോദ്യത്തിനും ഉത്തരമെഴുതാന്‍ വേണ്ട സമയം കിട്ടി. എഴുത്തുപരീക്ഷയേക്കാള്‍ എളുപ്പമായാണ് ഓണ്‍ലൈന്‍ പരീക്ഷ അനുഭവപ്പെട്ടത്. എയിംസുമായി ചോദ്യ മാതൃകയില്‍ വലിയ വ്യത്യാസം തോന്നിയില്ല.

99.9994 സ്‌കോറാണ് നിഷിതയ്ക്ക് ലഭിച്ചത്. ഇത് പെര്‍സന്റേജല്ല, പെര്‍സന്റൈല്‍ അടിസ്ഥാനത്തിലാണെന്ന് നിഷിത പറയുന്നു. തൊട്ടുപിന്നിലുളള ആളിന് ഒരു പോയന്റ് കുറവായിരിക്കും.

2003-ല്‍ എസ്.എസ്.എല്‍.സി.ക്ക് എട്ടാം റാങ്ക് നേടിയിരുന്നു. പ്ലസ്ടുവിന് (സി.ബി.എസ്.ഇ.) കൊല്ലം എസ്.എന്‍.പബ്ലിക്ക് സ്‌കൂളിലെ ഒന്നാംസ്ഥാനവും നേടിയിരുന്നു. ബയോളജിക്ക് മുഴുവന്‍ മാര്‍ക്കും നേടിയതിന് ഇന്ദിരാഗാന്ധി നാഷണല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. എം.ബി.ബി.എസ്സിന് കേരള എന്‍ട്രന്‍സില്‍ 250 ആയിരുന്നു റാങ്ക്. എന്‍ട്രന്‍സിന് 10-12 മണിക്കൂര്‍ ദിവസവും പരിശീലിക്കുമായിരുന്നുവെന്ന് നിഷിത പറയുന്നു. രാത്രി വൈകി ഇരുന്നുപഠിക്കുന്നതാണ് ശീലം.

അടിസ്ഥാനപാഠങ്ങളില്‍ നല്ല ഗ്രാഹ്യമുണ്ടാക്കുകയെന്നതാണ് പ്രധാനം. കഴിയാവുന്നത്ര വായിക്കാന്‍ ശ്രമിച്ചു. മറ്റുള്ളവരെപ്പോലെ ടൈംടേബിളുണ്ടാക്കിയാണ് പഠനം ക്രമീകരിച്ചിരുന്നത്. എന്നാല്‍, പൂര്‍ണമായും അത് പിന്തുടരാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം.

'നീറ്റി'ന് ഒരുങ്ങുന്നവര്‍ക്ക് തങ്ങളുടെ പഠനം പോരെന്ന് തോന്നലുണ്ടെങ്കില്‍ ഒറ്റവഴി മാത്രമേയുള്ളൂ. വായിക്കുക, പിന്നെയും വായിക്കുക, പിന്നെയും പിന്നെയും വായിക്കുക... നിങ്ങളുടെ മസ്തിഷ്‌കവും ബുദ്ധിയും മാത്രമല്ല പ്രധാനം, കഠിനാധ്വാനം കൂടിയാണെന്നോര്‍ക്കുക. പരമാവധി വിഷയങ്ങള്‍ കവര്‍ചെയ്ത് പോകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മനസ്സിനെ സമ്മര്‍ദങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുക. കാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുക. പഠനത്തില്‍ പരസ്പരം സഹായിക്കുക, അവസാനം വിജയം നിങ്ങളുടെ വഴിയിലെത്തും. ഉറപ്പ്.
ചെറിയ ചെറിയ ആഗ്രഹങ്ങളേ ഉള്ളൂവെന്ന് നിഷിത പറയുന്നു. പഠനം കഴിഞ്ഞ് നാട്ടിലെ ഏതെങ്കിലും ആസ്പത്രിയില്‍ ജോലി ചെയ്യണമെന്നാണ് മോഹം.

വിദേശത്തുപോകാന്‍ താത്പര്യമില്ല. കുറച്ച് ബുദ്ധിമുട്ടുള്ളതൊഴിലാണ്. സ്‌ട്രെസ്സുണ്ട്. സ്വകാര്യജീവിതം കുറെ നഷ്ടമാകും. എങ്കിലും ആളുകള്‍ക്ക് നല്ലതു ചെയ്യാനാകുമെന്നതിലാണ് സംതൃപ്തി -നിഷിത പറയുന്നു. പാട്ടും സിനിമയും ടി.വി. കാണലുമാണ് വിനോദങ്ങള്‍.

കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക്ക് കോളേജ് മെക്കാനിക്കല്‍ വിഭാഗം മേധാവി പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് മോഹന്‍ ഫിലിപ്പിന്റെയും ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം ശാഖ അസി. മാനേജര്‍ എലിസബത്തിന്റെയും ഏകമകളാണ്.


sajithpandalam@yahoo.co.in
Vijayapadam Classifieds
Other Articles in this Section