goodnews head

കുമാരി ജീവിക്കും; ഇനി ഏഴ് ജന്മങ്ങളില്‍

Posted on: 17 May 2013


കൊച്ചി: കുമാരി ജോസിന്റെ ഹൃദയം ഷിന്റോയില്‍ സ്പന്ദിച്ചു തുടങ്ങി. കരളിനും വൃക്കകള്‍ക്കും കണ്ണുകള്‍ക്കും ഇനി പുതിയ അവകാശികള്‍.

മരണത്തിന് പൂര്‍ണമായും കീഴടങ്ങും മുമ്പേ ഈ അറുപതുകാരി അഞ്ചുപേര്‍ക്ക് മൃതസഞ്ജീവനിയും രണ്ട് പേര്‍ക്ക് പ്രകാശവുമായി. പെട്ടെന്നുണ്ടായ മസ്തിഷ്‌കാഘാതത്താല്‍ മെയ് 14-നാണ് ആലുവ പറമ്പയം മിറ്റത്താനിക്കല്‍ കുമാരി ജോസിനെ ഇടപ്പള്ളിയിലെ അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മരണത്തിനും ജീവിതത്തിനുമിടയില്‍ രണ്ടു ദിവസങ്ങള്‍... 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുമാരി ജോസിന് മസ്തിഷ്‌ക മരണം സംഭവിച്ചു. അഞ്ച് മണിക്കൂറുകള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തന്നെയാണ് അവയവദാനത്തിന് മുന്‍കൈയെടുത്തത്. കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റി വെച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം തന്നെയാണ് ഷിന്റോയിലും ഹൃദയം മാറ്റിവെച്ചത്.

മാസങ്ങള്‍ക്ക് മുമ്പേ അവയവദാന ബോധവത്കരണ സന്ദേശവുമായി മാനവികയാത്ര നടത്തിയ ഫാ. ഡേവിസ് ചിറമ്മേലിന് വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മുഖേന കുമാരി ജോസ് അവയവദാന സമ്മതപത്രം കൈമാറിയിരുന്നു. ഭര്‍ത്താവ് ജോസിനും മക്കളായ പവിനും പവിതയ്ക്കും അവയവദാനത്തെ കുറിച്ചും അതിന്റെ മാഹാത്മ്യത്തെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. ആ ധാരണയുടെ കരുത്തിലാണ് ആലുവ സ്വദേശിനി കുമാരി ജോസിന്റെ ശരീരത്തിലെ ഏഴ് അവയവങ്ങള്‍ ഏഴ് ജീവിതങ്ങളായി തുടിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ രാത്രി 1.30 വരെ നീണ്ടു. കുമാരിയുടെ ശരീരത്തില്‍ നിന്ന് സ്പന്ദിക്കുന്ന ഹൃദയവും ആരോഗ്യമുള്ള കരളും വൃക്കകളും കണ്ണുകളും സുരക്ഷിതമായി വേര്‍പെടുത്തി. ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സുകള്‍ മെഡിക്കല്‍ ബാഗുകളില്‍ നിക്ഷേപിച്ച അവയവങ്ങളുമായി വിവിധ ജില്ലകളിലേക്ക് പാഞ്ഞു. ഹൃദയം ലിസി ആസ്പത്രിയിലും വൃക്കകളിലൊരെണ്ണം കോട്ടയം മെഡിക്കല്‍ കോളേജിലും കണ്ണുകള്‍ അങ്കമാലിയിലെ ഐ ബാങ്കിലും സുരക്ഷിതമായെത്തി. ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ലിസി ആസ്പത്രിയിലും കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ അമൃതയിലും നടന്നു. വൃക്ക മാറ്റിവെയ്ക്കല്‍ കോട്ടയം മെഡിക്കല്‍ കോളേജിലും അമൃതയിലുമായാണ് നടന്നത്. കേരള സര്‍ക്കാരിന്റെ കേരള നെറ്റ്‌വര്‍ക്ക് ഓര്‍ഗന്‍ ഷെയറിംഗ് ഫ്രമൃതസഞ്ജീവനിയ്ത്ത വെബ്‌സൈറ്റില്‍ അവയവങ്ങള്‍ക്ക് വേണ്ടി ആദ്യം രജിസ്റ്റര്‍ ചെയ്ത ഏഴ് പേര്‍ക്കാണ് കുമാരി ജോസിന്റെ അവയവങ്ങള്‍ ലഭിച്ചത്.

ലിസി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുളന്തുരുത്തി കാട്ടുപാടത്ത് ഷിന്റോ കുര്യാക്കോസിന് (22) വേണ്ടിയാണ് കുമാരി ജോസിന്റെ ഹൃദയം ഇനി സ്പന്ദിക്കുക. ആറ് മാസമായി ഷിന്റോ ചികിത്സയിലാണ്. ലിസി ആസ്പത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനായി ജോലി നോക്കുകയായിരുന്നു ഷിന്റോ. പതിനഞ്ച് വയസ്സ് മുതല്‍ ഹൃദയ സംബന്ധമായ അസുഖമുണ്ട്. ഒരു മാസമായി ഹൃദയസ്പന്ദന നിരക്ക് കുറഞ്ഞ നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഹൃദയം മാറ്റിവെയ്ക്കാനായി ശ്രമം നടന്നത്. മുമ്പ് രണ്ടുതവണ ഹൃദയം മാറ്റിവെയ്ക്കലിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല.

യാദൃച്ഛികമായാണ് കേരളത്തില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ പത്താം വാര്‍ഷികത്തില്‍ ഷിന്റോയ്ക്ക് ഹൃദയം മാറ്റിവെയ്ക്കല്‍ നടക്കുന്നത്. ആദ്യ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം തന്നെയാണ് ഷിന്റോയ്ക്കു വേണ്ടി കുമാരി ജോസിന്റെ ഹൃദയം തുന്നിച്ചേര്‍ക്കാന്‍ നേതൃത്വം നല്‍കിയത്. കേരളത്തില്‍ നടക്കുന്ന മൂന്നാമത്തെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണിത്.

ഷിന്റോയുടെ വൃക്കകളും ശ്വാസകോശവും കരളും തകരാറിലായതുകൊണ്ട് ഹൃദയം മാറ്റിവെയ്ക്കലിന് ശേഷവും ഷിന്റോ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇനി ഒരിക്കലും സാധാരണ ഗതിയില്‍ സ്പന്ദിക്കില്ലെന്ന് കരുതിയ ഹൃദയം സ്പന്ദിച്ച് തുടങ്ങിയപ്പോള്‍ അച്ഛന്‍ കുര്യാക്കോസിനും അമ്മ ഷീലയ്ക്കും ഷിന്റോയുടെ സഹോദരിക്കും പ്രതീക്ഷയുടെ നിമിഷങ്ങളായിരുന്നു. ലിസി ആസ്പത്രി ഹൃദയ ശസ്ത്രക്രിയാ വിഭാഗം തലവന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. റോണി മാത്യു, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗം തലവന്‍ ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് ജെ. തോമസ് എന്നിവരാണ് അമൃത ആസ്പത്രിയിലെത്തി കുമാരിയുടെ ശരീരത്തില്‍ നിന്ന് ഹൃദയം അടര്‍ത്തിയെടുത്തത്. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്.

അടിമാലി സ്വദേശി സജീവ് കുരുവിളയ്ക്കാണ് കുമാരി ജോസിന്റെ കരള്‍ ലഭിച്ചത്. നാല് മാസമായി പുതിയ കരളിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സജീവ്. ആ കാത്തിരിപ്പാണ് പുതു പ്രതീക്ഷയില്‍ അവസാനിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നാല് വര്‍ഷമായി ഡയാലിസിസ് നടത്തിവരുന്ന മനോജിനാണ്(45) കുമാരിയുടെ ഒരു വൃക്ക തുന്നിച്ചേര്‍ത്തത്. ഒരു മരണത്തില്‍ ഇല്ലാതാവേണ്ട അവയവങ്ങളാണ് കുമാരി ജോസിന്റെ കുടുംബാംഗങ്ങളുടെ ഉചിത തീരുമാനം കൊണ്ട് ഏഴ് പേരില്‍ തുടിക്കുന്നത്.