Vijayapadam

കൊച്ചിക്കാരിക്കെന്തിന് കോച്ചിങ് ?

Posted on: 03 Apr 2013

നീനു മോഹന്‍ഗേറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ കോഴിക്കോട് എന്‍.ഐ.ടി.യിലെ ദിയ ബിനോയ് ജോസഫിനെത്തേടി ഫോണ്‍കോളുകളുടെ പ്രവാഹം. പരീക്ഷയ്ക്കായി ആശ്രയിച്ച ഗൈഡുകളേതൊക്കെയാണ്, ഏത് കോച്ചിങ് സെന്ററിലാ പോയത്...? അന്വേഷണങ്ങള്‍ നീണ്ടു. അവരോടെല്ലാം ഒട്ടൊരു നാടകീയതയോടെ ദിയ പറഞ്ഞു. 'കോച്ചിങ് സെന്ററിലോ... ഞാനോ...'

ഗേറ്റ്-2013ല്‍ ദേശീയതലത്തില്‍ ബയോടെക്‌നോളജി വിഭാഗത്തില്‍ മൂന്നാംറാങ്കുകാരിയാണ് ദിയ. എന്‍.ഐ.ടി.യില്‍ ബി.ടെക്. ബയോടെക്‌നോളജി നാലാംവര്‍ഷ വിദ്യാര്‍ഥിനി. കോച്ചിങ് സെന്ററുകളുടെയും ഗൈഡുകളുടെയും സഹായമില്ലാതെയാണ് ഈ കൊച്ചിക്കാരി ഉന്നതവിജയം കരസ്ഥമാക്കിയത്.

ബി.ടെക്. പാഠ്യപദ്ധതിക്കനുസരിച്ച് പഠനം മുന്നോട്ടുകൊണ്ടുപോയാല്‍ എളുപ്പം ഉയര്‍ന്ന മാര്‍ക്ക് നേടാമെന്നതാണ് തന്റെ അനുഭവമെന്ന് ദിയ പറയുന്നു. എന്‍ജിനീയറിങ് പ്രവേശനപരീക്ഷയിലേതുപോലെ എളുപ്പവഴികളും സൂത്രവിദ്യകളും ഇവിടെ സഹായത്തിനെത്തില്ല. നിങ്ങളുടെ വിഷയത്തില്‍ നിങ്ങള്‍ക്കുള്ള അറിവുതന്നെയാണ് പരിശോധിക്കുന്നത്. അതുകൊണ്ട് വിഷയത്തെ സംബന്ധിച്ച് അടിസ്ഥാന അറിവുകള്‍ ഉണ്ടായിരിക്കണം. അതിന് കഠിനാധ്വാനം തന്നെ വേണം.

ബി.ടെക്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോഴേ ദിയ പരിശീലനം തുടങ്ങി. ദിവസവും രണ്ടുമൂന്ന് മണിക്കൂര്‍ എന്നതോതില്‍ ആഴ്ചയില്‍ മൂന്നുനാല് ദിവസം ചിട്ടയായ പഠനം. സിലബസ്സും കോഴ്‌സ് മെറ്റീരിയലുകളും തന്നെയാണ് പ്രധാനമായും വായിച്ചത്. ബയോടെക്‌നോളജിയില്‍ കണക്കുകളേക്കാള്‍ പ്രാമുഖ്യം തിയറിക്കാണ്. അതുകൊണ്ടുതന്നെ തിയറിയില്‍ നല്ല അവഗാഹമുണ്ടാക്കാന്‍ ശ്രദ്ധിച്ചു. എന്നാല്‍ ഓരോ വിഷയവും ഗഹനമായി പഠിക്കുകയല്ല. മറിച്ച് സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളെക്കുറിച്ച് അടിസ്ഥാനകാര്യങ്ങള്‍ പഠിച്ചെടുക്കുന്നതായിരുന്നു തന്റെ രീതിയെന്ന് ദിയ പറഞ്ഞു.

ഗൈഡുകളെയും പരിശീലന സെന്ററുകളെയും മാറ്റിനിര്‍ത്തിയതിന് ദിയയ്ക്ക് വ്യക്തമായ കാരണങ്ങളുണ്ട്. ഗൈഡുകളില്‍ തെറ്റായ ഉത്തരങ്ങള്‍ കടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുശ്രദ്ധിക്കാതെ ഗൈഡുകള്‍ അതുപോലെ മനഃപാഠമാക്കുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കും അതുതന്നെ ആവര്‍ത്തിക്കും. ഗേറ്റ് പരീക്ഷയുടെ സിലബസ് എന്‍.ഐ.ടി.യുടെ പാഠഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതും സഹായകമായി. ക്ലാസ്സുകളില്‍ അധ്യാപകര്‍ നല്‍കുന്ന നോട്ട്‌സ് സഹായകമായെന്ന് ദിയ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഇന്റര്‍നെറ്റും ബയോളജി ടെക്സ്റ്റ് പുസ്തകങ്ങളും വായിച്ചിരുന്നു. പ്രധാനമായും ലെനിഞ്ചര്‍ തയ്യാറാക്കിയ ബയോകെമിസ്ട്രി, ലോഡിഷിന്റെ സെല്‍ ബയോളജി, വാട്ട്‌സണ്‍ എഴുതിയ മോളിക്യുലാര്‍ ബയോളജി ഓഫ് ദ ജീന്‍, ക്യൂബൈയുടെ ഇമ്യൂണോളജി എന്നീ പുസ്തകങ്ങളാണ് പുറമേനിന്നും വായിച്ചത്. ഇതോടൊപ്പം മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ ശേഖരിച്ച് എഴുതിനോക്കുന്നതും ഗേറ്റ് വെബ്‌സൈറ്റിലെ മോക്ക് ടെസ്റ്റ് എഴുതുന്നതും സഹായകമാണെന്ന് ദിയ പറയുന്നു. പരീക്ഷ എഴുതുന്നതിനെ സംബന്ധിച്ച് ധാരണ ഉണ്ടാക്കാന്‍ ഇത് സഹായകമാവും.

ചെറുപ്പം മുതലേ സയന്‍സ് വിഷയങ്ങള്‍ ഇഷ്ടപ്പെടുന്ന ദിയയ്ക്ക് സെല്‍, മോളിക്യുലാര്‍ ബയോളജിയില്‍ ഉന്നതപഠനം നടത്താനാണ് ആഗ്രഹം. ഏത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കണമെന്നതിനെക്കുറിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ല.

കൊച്ചി വൈറ്റിലയിലെ ടോക് എച്ച് പബ്ലിക് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അവിടെയും പത്താംതരത്തിലും പ്ലസ്ടുവിനും ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങി. കൊച്ചിയാണ് സ്വദേശമെങ്കിലും അച്ഛനമ്മമാരുടെ ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് ദിയയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. അച്ഛന്‍ ബിനോയ് ജോസഫ് ചെന്നൈ ഹാര്‍ട്ടിങ് ഇന്ത്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജര്‍. അമ്മ ജോര്‍ജിന ബിനോയ് ജോസഫ് കെ.സി.ജി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍. സഹോദരി നിത്യ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥിനിയാണ്. സയന്‍സ് ഗവേഷണവും സ്വപ്നംകണ്ടുനടക്കുന്ന തങ്ങളുടെ ഗൗരവക്കാരിയായ കുട്ടി ഉന്നതവിജയം നേടിയതിന്റെ സന്തോഷത്തിലാണ് ദിയയുടെ കുടുംബവും.Vijayapadam Classifieds
Other Articles in this Section