Vijayapadam

പ്രോട്ടീനില്ലാതെന്ത് പഠനം ?

Posted on: 03 Apr 2013

അരുണ മുത്തുവേല്‍'പത്തുലക്ഷത്തോളം പേരാണ് ഒപ്പം ഓടാനുണ്ടായിരുന്നത്. അവരുടെ കൂട്ടത്തില്‍ മുന്നിലെത്താന്‍ ശരിക്കും വിയര്‍പ്പൊഴുക്കുകതന്നെ വേണം. അങ്ങനെയൊരു ബോധത്തോടെ പഠനം തുടങ്ങിയാലേ അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ഗേറ്റ് പരീക്ഷയില്‍ മികവുകാട്ടാന്‍ കഴിയുകയുള്ളൂ' - ദീപ രാജഗോപാലന്‍ പറഞ്ഞുതുടങ്ങി. അല്പം പതിഞ്ഞതാണെങ്കിലും ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദം. ഗേറ്റ്-2013 പരീക്ഷയില്‍ ബയോടെക്‌നോളജി വിഭാഗത്തില്‍ ഒന്നാംറാങ്കുകാരിയാണ് ദീപ. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ശാസ്ത്രയൂണിവേഴ്‌സിറ്റിയിലെ അവസാനവര്‍ഷ ബി.ടെക്. ബയോടെക്‌നോളജി വിദ്യാര്‍ഥിനി.

'സ്‌കൂള്‍ പഠനകാലം തൊട്ടേ ജീവശാസ്ത്രത്തോടായിരുന്നു താത്പര്യം. ജൈവലോകത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ അറിയാന്‍ കഴിയുന്നതിന്റെ ത്രില്ലൊന്നു വേറെ. എം.ബി.എ. ജോലിയൊന്നും എനിക്ക് വഴങ്ങില്ലെന്ന് ആദ്യംമുതലേ അറിയാമായിരുന്നു. ഒരു ലബോറട്ടറിയില്‍ പ്രോട്ടീനുകളുടെ കൂടെ മണിക്കൂറുകളോളം ചെലവിടാന്‍ എനിക്ക് മടിയില്ല. ഗവേഷണംപോലെ ആവേശം ജനിപ്പിക്കുന്ന മറ്റൊന്നില്ല. അതിന്റെ അന്തിമഫലം തരുന്ന സംതൃപ്തിയോളം വേറെന്തുണ്ട്?' - ദീപ രാജഗോപാലന്‍ ചോദിക്കുന്നു.

ബി.ടെക്. പഠനത്തിന്റെ ഭാഗമായി ദീപയുടെ ഇന്റേണ്‍ഷിപ് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയിലായിരുന്നു. വൈറ്റമിന്‍ ബി-12ന്റെ, കോശങ്ങള്‍ക്കിടയിലുള്ള സഞ്ചാരത്തെപ്പറ്റിയായിരുന്നു പഠനം. വിദേശത്ത് ചെലവിട്ട ഈ കാലയളവ് ആവേശകരമായിരുന്നുവെന്ന് ദീപ. എന്നാല്‍ ബയോടെക്‌നോളജിയിലെ ഭൂരിഭാഗം ഗവേഷകരെയുംപോലെ ഉപരിപഠനം വിദേശത്താക്കുന്നതിനോട് വലിയ താത്പര്യമില്ല. 'എനിക്ക് ഇന്ത്യയില്‍ത്തന്നെ മതി. വിശാലമായ ഗവേഷണാവസരങ്ങള്‍ ഇവിടെയുണ്ട്.'

ഗേറ്റ് ലക്ഷ്യമിട്ട് കഴിഞ്ഞ മൂന്നുവര്‍ഷമായി പഠനം നടത്തുകയായിരുന്നുവെന്ന് ദീപ പറയുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറിലാണ് ഇതിനുവേണ്ടി മുഴുവന്‍സമയവും നീക്കിവെച്ചത്. മിഷിഗന്‍ സര്‍വകലാശാലയിലെയും ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെയും ഇന്റേണ്‍ഷിപ്പും ഗേറ്റ് പരീക്ഷയില്‍ ഏറെ സഹായകമായി. നന്നായി പരിശ്രമിച്ചു. അതിന് ഫലവുമുണ്ടായി - ദീപ തന്റെ വിജയം ഇങ്ങനെ സംഗ്രഹിക്കുന്നു.

* ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് അഥവാ ഗേറ്റിനോട് വിദ്യാര്‍ഥികള്‍ക്ക് കമ്പം ഏറിവരികയാണ്. ഓരോ വര്‍ഷവും പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനതന്നെ ഇതിന് തെളിവ്. രാജ്യത്തെ ഐ.ഐ.ടി.കളും ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും സംയുക്തമായാണ് ഈ പരീക്ഷ സംഘടിപ്പിക്കുന്നത്. എന്നാല്‍ മറ്റ് മുന്‍നിര പഠനകേന്ദ്രങ്ങളും വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഗേറ്റ് സ്‌കോര്‍ ആശ്രയിക്കുന്നു. ഇതിന് പുറമെ രാജ്യത്തെ വന്‍കിട പൊതുമേഖലാസ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റിനായി ഗേറ്റ് സ്‌കോര്‍ ചോദിക്കുന്നു. ഇത്തവണ 15 പൊതുമേഖലാകമ്പനികളാണ് തങ്ങളുടെ റിക്രൂട്ട്‌മെന്റിനായി ഗേറ്റില്‍ മികവുകാട്ടിയവരെ പരിഗണിക്കുന്നത്. കടുപ്പമേറിയ യോഗ്യതാപരീക്ഷകളിലൊന്നായ ഗേറ്റ് എഴുതാന്‍ വിദ്യാര്‍ഥികള്‍ ക്യൂനില്‍ക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.

9,84,855 പേരാണ് ഗേറ്റ്-2013 എഴുതിയത്. ഇതില്‍ യോഗ്യത നേടിയത് 1,36,699 പേര്‍ മാത്രം. അതായത് 13.88 ശതമാനം. മത്സരം എത്രമാത്രം കടുപ്പമുള്ളതാണ് എന്ന് ഇതില്‍നിന്നുതന്നെ വ്യക്തം. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് കൂടുതല്‍ മികവുകാട്ടിയത്. 22,746 പേര്‍ യോഗ്യതനേടി. ഉത്തര്‍പ്രദേശ് (22,400), മഹാരാഷ്ട്ര (9,951), ബിഹാര്‍ (9,820) എന്നിങ്ങനെയാണ് നാലുവരെ സ്ഥാനങ്ങള്‍. കേരളം അഞ്ചാമതാണ്, യോഗ്യത നേടാനായത് 8,992 പേര്‍ക്ക് മാത്രം.Vijayapadam Classifieds
Other Articles in this Section