Vijayapadam

ഭാഷായുദ്ധം: സിവില്‍ സര്‍വീസ് മെയിന്‍ ആശയക്കുഴപ്പത്തില്‍

Posted on: 20 Mar 2013

പി.കെ. അയ്യര്‍ചങ്കരന്‍ പിന്നേം തെങ്ങിന്മേല്‍ത്തന്നെ എന്ന മട്ടിലായി കാര്യങ്ങള്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വിജ്ഞാപനം വന്നപ്പോള്‍ എതിര്‍പ്പിന്റെ മലവെള്ളപ്പാച്ചില്‍. യഥാര്‍ഥത്തില്‍ കഴിഞ്ഞ ഫിബ്രവരി രണ്ടിന് വരേണ്ടതാണ് വിജ്ഞാപനം. മാറ്റങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാവാത്തതുമൂലം ഒരു മാസത്തിലേറെ വൈകിയാണ് അത് പുറത്തിറങ്ങിയത്. വന്നപ്പോഴിതാ സര്‍വത്ര ആശയക്കുഴപ്പം. വലിയ പ്രതീക്ഷയോടെ പഠനവഴിയില്‍ മുന്നേറുന്നവര്‍ക്കുനേരേ കൊഞ്ഞനം കുത്തുന്നതുപോലെയായി കാര്യങ്ങള്‍.

ആരോപണങ്ങള്‍ ഇവയാണ്: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയുടെ പുതുക്കിയ ഘടനയില്‍ ഇംഗ്ലീഷിന് അമിതപ്രാധാന്യം ലഭിച്ചു. പ്രാദേശികഭാഷകളെ പാടെ തഴഞ്ഞു. ചില മേഖലകളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടുന്നവിധത്തിലായി പരിഷ്‌കാരങ്ങള്‍...
വിദ്യാര്‍ഥി സംഘടനകള്‍തൊട്ട് ദേശീയ രാഷ്ട്രീയകക്ഷികള്‍വരെ എതിര്‍പ്പിന്റെ കാഹളം മുഴക്കി. മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. പാര്‍ലമെന്റില്‍ ബഹളമായി. പ്രാദേശികഭാഷകളെ കൊല്ലുന്ന പരിഷ്‌കാരങ്ങളെന്നാണ് അവര്‍ കുറ്റപ്പെടുത്തിയത്.

ഒടുവില്‍ വിവാദവിജ്ഞാപനം കേന്ദ്രസര്‍ക്കാറിന് മരവിപ്പിക്കേണ്ടി വന്നു. ഭാഷാപേപ്പറുകളുടെയും പഠന, പരീക്ഷാമാധ്യമത്തിന്റെയും കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചചെയ്തശേഷം അന്തിമതീരുമാനമുണ്ടാകുമെന്നാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പറയുന്നത്.

വിവാദം വന്നവഴി

വിവാദത്തിന് കാരണമായ പരിഷ്‌കാരങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം. കഴിഞ്ഞ വര്‍ഷം വരെ മെയിന്‍പരീക്ഷയില്‍ രണ്ട് യോഗ്യതാപേപ്പറുകളുണ്ടായിരുന്നു, ഇംഗ്ലീഷും പ്രാദേശികഭാഷയും. 300 മാര്‍ക്ക് വീതമുള്ള ഈ പേപ്പറുകളുടെ മാര്‍ക്ക് അന്തിമറാങ്ക് നിര്‍ണയത്തില്‍ പരിഗണിച്ചിരുന്നില്ല. പരിഷ്‌കരിച്ച പുതിയ ഘടന പ്രകാരം ഈ യോഗ്യതാപേപ്പറുകള്‍ പാടെ ഒഴിവാക്കി.
ഉപന്യാസരചനയും (200മാര്‍ക്ക്) ഇംഗ്ലീഷ് പരിജ്ഞാനവും (100 മാര്‍ക്ക്) എന്ന പുതിയ പേപ്പര്‍ സ്ഥാനം പിടിച്ചു. ഈ പേപ്പറുകളുടെ മാര്‍ക്ക്, റാങ്ക് നിര്‍ണയത്തില്‍ പരിഗണിക്കുകയും ചെയ്യും. ഇംഗ്ലീഷിന് അമിതപ്രാധാന്യം ലഭിക്കാന്‍ ഇത് ഇടയാക്കുന്നു, ഗ്രാമീണമേഖലയില്‍ നിന്നുള്ളവര്‍ തഴയപ്പെടും എന്നാണ് പരാതി.

ഇനി രണ്ടാമത്തെ ആക്ഷേപം. പ്രാദേശികഭാഷയില്‍ പരീക്ഷയെഴുതുന്നതിന് നിബന്ധന വന്നു. കഴിഞ്ഞ വര്‍ഷംവരെ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഭരണഘടനയില്‍ പറയുന്ന പ്രാദേശികഭാഷകളിലേതെങ്കിലുമൊന്നിലോ മെയിന്‍ പരീക്ഷയുടെ മുഴുവന്‍ പേപ്പറുകളുമെഴുതാന്‍ കഴിയുമായിരുന്നു. പരിഷ്‌കരിച്ച ഘടനപ്രകാരം പ്രാദേശികഭാഷയില്‍ പരീക്ഷയെഴുതണമെങ്കില്‍ ബിരുദപഠനത്തിന്റെ ഭാഷ പ്രാദേശികഭാഷ തന്നെയായിരിക്കണം. അതായത് ബിരുദതലത്തില്‍ സര്‍വകലാശാലാപരീക്ഷയെഴുതിയിരിക്കണമെന്ന് സാരം. ഇതിനു പുറമെ പ്രാദേശികഭാഷയില്‍ എഴുതാന്‍ ചുരുങ്ങിയത് 25 അപേക്ഷകരെങ്കിലുമുണ്ടാവണം. അതല്ലെങ്കില്‍ മെയിന്‍ പരീക്ഷ ഇംഗ്ലീഷിലോ ഹിന്ദിയിലോ തന്നെ എഴുതണം.

ദോഷവശങ്ങളുണ്ട്. എന്നാല്‍ മുന്‍ യു.ജി.സി. അധ്യക്ഷന്‍ അരുണ്‍ നിഗവേക്കര്‍ അധ്യക്ഷനായ സമിതിയുടെ സുപ്രധാനനിര്‍ദേശങ്ങള്‍ കൂടിയാലോചനയ്ക്കുശേഷം നടപ്പാക്കുകയാണ് യു.പി.എസ്.സി. ചെയ്തത്. പരീക്ഷ എഴുതുന്നവര്‍ക്ക് തുല്യാവസരം നല്‍കുകയെന്നാണ് യു.പി.എസ്.സി. പ്രധാനമായും ഈ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എളുപ്പത്തില്‍ മാര്‍ക്ക് നേടാന്‍ കഴിയുന്നുവെന്ന് പരക്കെ പരാതിയുള്ള ചില വിഷയങ്ങള്‍ ഐച്ഛികവിഷയങ്ങളായി എടുത്ത് മുന്നിലെത്തുന്നവരെ നിയന്ത്രിക്കുക, അര്‍ഹരായവര്‍ക്ക് അവസരം നല്‍കുക എന്ന സദുദ്ദേശ്യം കാണാതിരുന്നു കൂടാ. ശാസ്ത്ര, സാങ്കേതികവിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് മാനവിക, സാമൂഹികശാസ്ത്രവിഷയങ്ങളിലെ ബിരുദധാരികളെക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ പഴയഘടന സഹായകമാകുന്നുവെന്ന പരാതിയും നിലവിലുണ്ടായിരുന്നു.

പ്രിലിമിനറിയില്‍ മാറ്റമില്ല

ഏതായാലും പ്രിലിമിനറി പരീക്ഷ നേരത്തേ നിശ്ചയിച്ച പ്രകാരം മെയ് 26-ന് തന്നെ നടക്കും. അതില്‍ മാറ്റങ്ങളൊന്നുമില്ല. വിജ്ഞാപനത്തില്‍ പറയുന്ന പ്രകാരം ഏപ്രില്‍ നാലുവരെ അപേക്ഷ സ്വീകരിക്കും.(www.upsc.gov.in). ഇക്കുറി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്കുകൂടി ഈ പ്രിലിമിനറി പരീക്ഷ ബാധകമാണെന്ന് ഓര്‍ക്കുക.

പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മെയിന്‍ പരീക്ഷയില്‍ ഭാഷാവിഷയങ്ങളെ സംബന്ധിച്ചിടത്തോളം നേരത്തേ നിലവിലുണ്ടായിരുന്ന രീതിതന്നെ പിന്തുടരുമെന്നാണ് കരുതുന്നത്. ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമാക്കിയതും എടുത്തുകളയും. പ്രാദേശികഭാഷയില്‍ പരീക്ഷയെഴുതുന്നതിന് കൊണ്ടുവന്ന നിബന്ധന എടുത്തുകളയുമെന്നും യു.പി.എസ്.സി. വൃത്തങ്ങള്‍ പറയുന്നു.

പരിഷ്‌കരിച്ച ഘടനയിലെ ഭാഷേതര മാറ്റങ്ങളോട് ആരും എതിര്‍പ്പുയര്‍ത്തിയതായി കേള്‍ക്കുന്നില്ല. മാത്രമല്ല അത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിനര്‍ഥം ഐച്ഛികവിഷയങ്ങള്‍ കുറച്ച് ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ക്ക് പ്രാധാന്യം നല്‍കിയത് തുടരുമെന്നുതന്നെ അര്‍ഥം.

പുതിയ പഠനതന്ത്രങ്ങള്‍

മെയിന്‍ പരീക്ഷയ്ക്ക് അടുത്ത ആഗസ്ത്/ സപ്തംബര്‍ മാസങ്ങളിലായാണ് അപേക്ഷ ക്ഷണിക്കുക. മാറ്റങ്ങള്‍ക്ക് അനുസൃതമായി പുതിയ പഠനതന്ത്രങ്ങള്‍ തന്നെ സ്വീകരിക്കേണ്ടി വരും. ഏതെങ്കിലും ചില വിഷയങ്ങളുടെ മതിലുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടുള്ള പഠനം ആശാവഹമല്ല. പരന്ന വായന, വിശാലമായ ഉള്‍ക്കാഴ്ച, അഭിരുചി, പൊതുവിജ്ഞാനത്തിലെ മികവ് തുടങ്ങിയവയെല്ലാം ഈ പരീക്ഷ ആവശ്യപ്പെടുന്നുണ്ട്.

ഐച്ഛികവിഷയങ്ങള്‍ക്ക് പകരംവരുന്ന പേപ്പറുകളില്‍ പൊതുവിജ്ഞാനത്തിനാണ് മുന്‍ഗണന. സമകാലികസംഭവങ്ങള്‍, ശാസ്ത്രം, ഭരണഘടന, ഭരണക്രമം, രാഷ്ട്രാന്തരബന്ധങ്ങള്‍, ഭരണശൈലി, ചരിത്രം, ഭൂമിശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതിശാസ്ത്രം, ജൈവവൈവിധ്യം, തുടങ്ങിയ വിപുലമായ വിഷയങ്ങളാണ് ഇതിലുള്‍പ്പെടുത്തിയത്.

ആദ്യപരീക്ഷയായതിനാല്‍ മുന്‍മാതൃകകളോ ചോദ്യക്കടലാസുകളോ നമുക്ക് മുന്നിലില്ല. പാഠ്യപദ്ധതി പരിശോധിക്കുമ്പോള്‍ത്തന്നെ ഇത് വളരെ വിശാലമായ ലോകമാണെന്ന് വ്യക്തമാകും. ഈ സാഹചര്യത്തില്‍ ആഴമേറിയ വായനയ്ക്കും കുറിപ്പുകള്‍ തയ്യാറാക്കാനുമൊക്കെ പ്രത്യേകശ്രദ്ധ കൊടുക്കേണ്ടിവരും.

ജനറല്‍ സ്റ്റഡീസില്‍ കൗതുകകരമായിത്തോന്നിയ പേപ്പര്‍ അഞ്ചാമത്തേതാണ്. സന്മാര്‍ഗബോധം, സത്യസന്ധത, അഭിരുചി നിര്‍ണയം എന്നിവയാണ് ഈ പേപ്പറില്‍. പരീക്ഷയ്‌ക്കൊരുങ്ങുന്നവര്‍ക്കിടയില്‍ ഇത് പരക്കെ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ടെന്ന് വ്യക്തം. സത്യസന്ധത, പൊതുജീവിതത്തിലെ വിശുദ്ധി തുടങ്ങിയ കാര്യങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ സമീപനത്തിനാകും ഈ പേപ്പറില്‍ പ്രാധാന്യം. സമൂഹവുമായി ഇടപഴകുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് പരിശോധിക്കുകയാണ് ലക്ഷ്യമെന്നാണ് യു.പി.എസ്.സി. പറയുന്നത്.

സാമൂഹികബന്ധങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് അവശ്യം വേണ്ട ഗുണഗണങ്ങള്‍, സഹാനുഭൂതി, അഴിമതിവിരുദ്ധ നിലപാട്, ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനുള്ള താത്പര്യം തുടങ്ങിയവയെ സ്പര്‍ശിക്കുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.


Vijayapadam Classifieds
Other Articles in this Section