Vijayapadam

ഇതാ, അരികെ...

Posted on: 24 Jan 2013

പി.കെ. അയ്യര്‍കഴിഞ്ഞവര്‍ഷം ഇമെയില്‍ തുറക്കുമ്പോള്‍ സംശയങ്ങളുന്നയിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. പി.എസ്.സി.യുടെ അസിസ്റ്റന്റ്-ഓഡിറ്റര്‍ പരീക്ഷയെപ്പറ്റിയുള്ള ശങ്കകളായിരുന്നു മിക്കതിലും. പരീക്ഷയുടെ തലേന്നുവരെ അത് തുടര്‍ന്നു. നാലു ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്. ബിരുദം അടിസ്ഥാനയോഗ്യതയായുള്ള പരീക്ഷയാണത്. ബിരുദധാരികള്‍ക്ക് മികച്ച അവസരം തന്നെ. എന്നാല്‍ അസിസ്റ്റന്റ് പരീക്ഷയും ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയുമൊക്കെ ഒഴിച്ചുനിര്‍ത്തിയാല്‍ ബിരുദധാരികള്‍ക്ക് സാധ്യതയുള്ള പരീക്ഷകള്‍ വേറെയില്ലേ? ഉണ്ടെങ്കിലും മലയാളികള്‍ കാര്യമായി താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ള കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ ബിരുദധാരികള്‍ക്കു മുന്നില്‍ മികച്ച അവസരം ഒരുക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ഈ പരീക്ഷയ്ക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക വീണ്ടും പരിശോധിച്ചു. മിക്ക വര്‍ഷങ്ങളിലും അമ്പതില്‍ കൂടില്ല. അപേക്ഷിക്കുന്ന മലയാളികളുടെ എണ്ണവും പരിമിതം. കരിയര്‍ മേഖലയിലെ സംശയനിവാരണത്തിന് ബന്ധപ്പെടുന്നവരോട് ആദ്യം ചോദിക്കാനുള്ള ചോദ്യം മറ്റൊന്നുമല്ല, എന്തുകൊണ്ട് കേന്ദ്രസര്‍വീസിലെ മികച്ച അവസരങ്ങള്‍ക്ക് അപേക്ഷ അയയ്ക്കാന്‍ മടികാട്ടുന്നു?

ഉത്തരേന്ത്യക്കാരായ ഉദ്യോഗാര്‍ഥികളാണ് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നത്. അവര്‍ സ്‌കൂള്‍, കോളേജ് പഠനകാലത്തുതന്നെ ഇത്തരം പരീക്ഷകള്‍ക്കായി പരിശീലനവും തുടങ്ങുന്നു. കോച്ചിങ് സെന്ററുകളിലും കരിയര്‍ ക്യാമ്പുകളിലും പോയി നന്നായി അധ്വാനിക്കുന്നു. നമ്മള്‍ പാഠപുസ്തകങ്ങളിലുള്ളതു മാത്രം പഠിച്ച് ഫൈനല്‍ പരീക്ഷയ്ക്ക് പരമാവധി മാര്‍ക്ക് വാങ്ങാന്‍ നോക്കുന്നു. ജീവിതത്തില്‍ നിര്‍ണായകമായ മത്സരപരീക്ഷകളെത്തുമ്പോള്‍ മലര്‍ന്നടിച്ചുവീഴുന്നു.

മികച്ച അവസരം

കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകള്‍ നികത്താനാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ നടത്തുന്നത്. അസിസ്റ്റന്റ്, ഇന്‍കംടാക്‌സ് ഇന്‍സ്‌പെക്ടര്‍, സെന്‍ട്രല്‍ എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടര്‍ (പ്രിവന്റീവ് ഓഫീസര്‍), അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, സബ് ഇന്‍സ്‌പെക്ടര്‍ (സി.ബി.ഐ.), പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ ്(സി.എ.ജി.), സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഓഡിറ്റര്‍, അക്കൗണ്ടന്റ്, യു.ഡി. ക്ലാര്‍ക്ക്, ടാക്‌സ് അസിസ്റ്റന്റ്, കമ്പൈലര്‍ തുടങ്ങിയ തസ്തികകളിലാണ് ഈ പരീക്ഷ വഴി നിയമനം ലഭിക്കുക. മികച്ച സേവന, വേതനവ്യവസ്ഥകള്‍ ഈ ഒഴിവുകളെ ആകര്‍ഷകമാക്കുന്നു. മികവു കാട്ടുന്നവര്‍ക്ക് ഉയര്‍ന്ന പദവികളിലേക്ക് വേഗത്തില്‍ സ്ഥാനക്കയറ്റവും ഉറപ്പ്.

അല്പം കടുപ്പമുള്ള പരീക്ഷയാണിതെന്ന് അനുഭവസ്ഥര്‍ പറയും. എന്നാല്‍ അധ്വാനിക്കാന്‍ മനസ്സുണ്ടെങ്കില്‍ മികവു കാട്ടാവുന്ന പരീക്ഷയാണിത്. മൂന്നു തലങ്ങളിലായിട്ടാണ് പരീക്ഷ നടത്തുക. ആദ്യരണ്ടുഘട്ടങ്ങളില്‍ (ടിയര്‍-1, ടിയര്‍-2) ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. മൂന്നാംഘട്ടത്തില്‍ ഇന്റര്‍വ്യൂ, കമ്പ്യൂട്ടര്‍ ടെസ്റ്റ്, സ്‌കില്‍ ടെസ്റ്റ് തുടങ്ങിയവയാകും.

ആദ്യഘട്ട പരീക്ഷയെ പ്രിലിമിനറിയെന്നും രണ്ടാം ഘട്ടത്തെ മെയിന്‍ എന്നും വിളിക്കാം. ആദ്യഘട്ടത്തില്‍ നല്ല മാര്‍ക്ക് വാങ്ങുന്നവരെ മാത്രമേ രണ്ടാംഘട്ട പരീക്ഷക്ക് ക്ഷണിക്കുകയുള്ളൂ. ഇതിന് പ്രത്യേകം അപേക്ഷിക്കേണ്ട ആവശ്യമില്ല.

ജനറല്‍ ഇന്റലിജന്‍സ് (50 മാര്‍ക്ക്), ജനറല്‍ അവയര്‍നസ് (50), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (50), ഇംഗ്ലീഷ് (50) എന്നിവയാണ് ആദ്യപേപ്പറില്‍. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് 200 മാര്‍ക്ക്. എല്ലാ തസ്തികകള്‍ക്കും പൊതുവെയുള്ള പരീക്ഷയാണിത്. താരതമ്യേന ലളിതമായിരിക്കും.

രണ്ടാംഘട്ട പരീക്ഷയില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (100 ചോദ്യം-200മാര്‍ക്ക്), ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ (200 ചോദ്യം-200 മാര്‍ക്ക്) എന്നിവയാണുണ്ടാവുക. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പരീക്ഷയാകുമിതെന്ന് ഓര്‍മവെക്കണം.

രണ്ടാംഘട്ട പരീക്ഷയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്‍വ്യൂ/പഴ്‌സണാലിറ്റി ടെസ്റ്റിന് വിളിക്കും. 100 മാര്‍ക്കാണ് ഇതിനുണ്ടാവുക.

പരിശീലനം അനിവാര്യം

വ്യക്തമായ പദ്ധതിയോടെ പരിശീലനം തുടങ്ങുക. ടൈംടേബിളനുസരിച്ച് പഠനം ക്രമീകരിക്കുക. പഴയ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ സംഘടിപ്പിച്ച് ഉത്തരം നല്‍കി പരിശീലിക്കുക. പരീക്ഷയെക്കുറിച്ചറിയാനും സമയനിയന്ത്രണത്തിനും ഇത് സഹായിക്കും. ആവര്‍ത്തിച്ചുള്ള പരിശീലനത്തിലൂടെ മാത്രമേ സമയത്തെ വരുതിയിലാക്കാന്‍ കഴിയുകയുള്ളൂ എന്നോര്‍ക്കുക.

നിങ്ങളിലെ ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുക. ഇംഗ്ലീഷില്‍ നല്ല അവഗാഹവും ഗണിതശാസ്ത്രത്തില്‍ അല്പം പിന്നിലുമാണെങ്കില്‍ ഗണിതശാസ്ത്രത്തിന് കൂടുതല്‍ സമയം നീക്കിവെച്ച് പരിശീലിക്കുക.

ഈ പരീക്ഷയ്ക്ക് മാത്രമായുള്ള ഗൈഡുകള്‍ വിപണിയില്‍ ലഭ്യമാണ്. അവയില്‍ മികവു പുലര്‍ത്തുന്നവ കണ്ടെത്തി പരിശീലിക്കുകയെന്നത് പ്രധാനം. ഇല്ലെങ്കില്‍ അധ്വാനം പാഴിലാവും. (ആര്‍.എസ്. അഗര്‍വാള്‍, ഡോ. ലാല്‍ ആന്‍ഡ് ജെയിന്‍, ഖന്ന ആന്‍ഡ് വര്‍മ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഇത്തരം പരീക്ഷകളില്‍ മുന്നിലെത്തിയവര്‍ ശുപാര്‍ശ ചെയ്യുന്നവയാണ്)

എല്ലാ വിഷയങ്ങളിലും നല്ല അവഗാഹമുണ്ടാക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയില്‍. സമകാലികവിജ്ഞാനത്തില്‍ പത്രവായന പതിവാക്കുകയാണ് എളുപ്പവഴി.

ഏറ്റവും പ്രധാനം ആത്മവിശ്വാസമുണ്ടായിരിക്കുകയെന്നതാണ്. നിശ്ചയദാര്‍ഢ്യത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുക. വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും.


pkrishnaiyer@gmail.com

Vijayapadam Classifieds
Other Articles in this Section