Vijayapadam

ഭൂമിയുടെ അവകാശികള്‍

Posted on: 18 Jan 2013

പി.കെ. അയ്യര്‍വെറ്ററിനറി സയന്‍സ് മേഖലയില്‍ അവസരങ്ങളേറെ


തൂത്തുക്കുടിയിലായിരുന്നു ഔദ്യോഗികജീവിതത്തിന്റെ തുടക്കം. അവിടെ പ്രശസ്തമായ ഒരു ക്ഷേത്രത്തിന്റെ അടുത്തുള്ള വാടകവീട്ടില്‍
ഞങ്ങളുടെ താമസം. അക്കാലം ഓര്‍ക്കുമ്പോള്‍ ഇന്നും തെളിമയോടെ മുന്നിലെത്തുന്നത് ഒരു അമ്പലക്കാളയാണ്. വെള്ളയും തവിട്ടും കലര്‍ന്ന നിറവും ഒത്ത ഉയരവും എണ്ണമിനുപ്പുള്ള കൊഴുത്തുരുണ്ടമേനിയുമായി ഒരു കാളക്കൂറ്റന്‍. അമ്പലത്തിന് മുന്നിലൂടെ ആര്‍ക്കും ശല്യമില്ലാതെ അത് മേഞ്ഞുനടന്നു. പ്രാര്‍ഥിക്കാനെത്തുന്നവര്‍ കാളയ്ക്കും എന്തെങ്കിലും കൊണ്ടുകൊടുക്കും, എന്നിട്ട് തൊഴും.

അങ്ങനെയിരിക്കെ ഒരു ദിവസം നേരം പുലരുന്നതിനിടെ അമ്പലത്തിനടുത്ത് നിന്ന് ബഹളവും കരച്ചിലുമൊക്കെ കേട്ടു. കാള വിറളിപിടിച്ച് ക്ഷേത്രദര്‍ശനത്തിനെത്തിയ അമ്മ്യാരെ കുത്തി വീഴ്ത്തി. മറ്റ് രണ്ടുപേരെ തൊഴിച്ചുതാഴെയിട്ടു. മുക്രയിട്ടുകൊണ്ട് അമ്പലത്തിന് ചുറ്റും ഓടി നടന്ന് കണ്ണില്‍ കണ്ടതെല്ലാം കുത്തിമറിക്കുന്നു. ജനങ്ങള്‍ കല്ലും വടിയുമായി പിന്നാലെ... അടുക്കാന്‍ ആര്‍ക്കുമില്ല ധൈര്യം. അമ്പലത്തില്‍ നിന്ന് ഡോ.ശിവരാജനെ വിളിക്കാന്‍ ആളുപോയി. ഒരു പെട്ടിയുമായി ശിവരാജന്‍ എത്തി. അദ്ദേഹം ആദ്യം അമ്പലത്തില്‍ കയറി തൊഴുത് നെറ്റിയില്‍ ഭസ്മം പൂശി. മരത്തണലില്‍ മുക്രയിട്ട് നില്‍ക്കുകയായിരുന്ന കാളയെ കുറേനേരം സസൂക്ഷ്മം വീക്ഷിച്ചു. പിന്നെ കല്ലും വടിയുമായി നില്‍ക്കുകയായിരുന്ന മനുഷ്യക്കൂറ്റന്മാര്‍ക്കുനേരേ തിരിഞ്ഞ് ചീത്തവിളിച്ച് ഓടിച്ചു. അടുത്ത സുഹൃത്തിനെയെന്ന പോലെ അടുത്ത് ചെന്ന് ഒരു കയറിന്റെ കുരുക്ക് കാളയുടെ കഴുത്തിലേക്കെറിഞ്ഞ് അതിനെ മരത്തില്‍ ബന്ധിച്ചു. പിന്നെ കാള പോലുമറിയാതെ ഒരു കുത്തിവെയ്പ്... അതോടെ കാള മയങ്ങി.

ആ കാളയ്ക്ക് എന്തോ അസുഖമായിരുന്നുവെന്നും വേദന സഹിക്കാതെയാണ് പരാക്രമം കാട്ടിയതെന്നും പിന്നീട് മനസ്സിലായപ്പോള്‍ ഡോ.ശിവരാജന്‍ പറഞ്ഞു. അതറിയാതെ കാളയ്ക്ക് 'പ്രാന്തെടുത്തേ'യെന്ന് വിളിച്ചുകൂവി നാട്ടുകാര്‍ കല്ലെറിഞ്ഞു. പാവം, മിണ്ടാപ്രാണികള്‍ എന്തറിഞ്ഞു. മനുഷ്യന്‍ മാത്രമല്ല, മൃഗങ്ങളും സസ്യജാലങ്ങളുമെല്ലാം ഈ ഭൂമിയുടെ അവകാശികളാണ്. അവര്‍ക്കും ഇവിടെ വളരാനും ജീവിക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ, അതറിഞ്ഞല്ല നമ്മള്‍ പെരുമാറുന്നത്. എന്നാല്‍ ഡോ.ശിവരാജനെപ്പോലുള്ളവര്‍ അവര്‍ക്ക് കാവലാളാകുന്നു. മനസ്സുനിറയെ സഹാനുഭൂതിയും കാരുണ്യവുമുള്ളവര്‍.

ജന്തുജാലങ്ങളുടെ ലോകത്തോട് കമ്പമുള്ളവര്‍ നമുക്കിടയില്‍ ഏറെയുണ്ട്. അവര്‍ക്ക് ഇണങ്ങുന്ന പഠനമേഖലയാണ് അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്. വിശാലമായ അവസരങ്ങളാണ് ഈ മേഖലയില്‍ പഠനം നടത്തുന്നവര്‍ക്ക് മുന്നിലുള്ളത്. ഉപരിപഠനത്തിനും മികച്ച അവസരങ്ങളുണ്ട്. സര്‍ക്കാര്‍സര്‍വീസ്, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യമേഖല, ഇന്‍ഷുറന്‍സ്, ബാങ്ക് തുടങ്ങിയവയിലൊക്കെ തൊഴില്‍ സാധ്യതകളുണ്ട്. സായുധസേന വെറ്ററിനറി ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നടത്താറുണ്ട്. മൃഗശാലകള്‍, വന്യജീവിസംരക്ഷണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും അവസരങ്ങളേറെ. ഉന്നതപഠനം നടത്തിയവര്‍ക്ക് അധ്യാപനരംഗത്തേക്ക് തിരിയാം. മികച്ച സംരംഭകനാകാനും വെറ്ററിനറി സയന്‍സിലെ പഠനം നിങ്ങളെ സഹായിക്കും.

ഭാവിയില്‍ ആരാകാനാണ് ആഗ്രഹമെന്ന ചോദ്യം ജീവിതത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാവില്ല. കരിയര്‍ ഗൈഡന്‍സ് ക്ലാസുകളില്‍ ഈ ചോദ്യത്തിന് ലഭിക്കുന്ന മറുപടി പഴയതുതന്നെ. സിവില്‍സര്‍വീസ്, ഡോക്ടര്‍, എന്‍ജിനീയര്‍, ഐ.ടി വിദഗ്ധന്‍, മാധ്യമപ്രവര്‍ത്തകന്‍....ഏതു ഡോക്ടര്‍ എന്നതിന് ഉത്തരം ഉറപ്പിക്കാം, അലോപ്പതി തന്നെ....എന്നാല്‍ കടുത്ത മത്സരമാണ് ഈ രംഗം ഇന്ന് അഭിമുഖീകരിക്കുന്നതെന്ന കാര്യം പലരും ഓര്‍ക്കുന്നില്ല. ലക്ഷങ്ങള്‍ തലവരിപ്പണവും അതിലുമേറെ ഫീസുമൊക്കെ നല്‍കി എം.ബി.ബി.എസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്നില്‍ കടമ്പകള്‍ പിന്നെയും ബാക്കി. ഇന്ന് ഏതെങ്കിലും എം.ബി.ബി.എസ് ഡോക്ടറെത്തേടി നിങ്ങള്‍ ചികിത്സയ്ക്കു പോകുമോ? സ്‌പെഷലൈസേഷന്റെ കാലമാണിത്. മെഡിക്കല്‍ പ്രൊഫഷണലില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മികവു കാട്ടാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് മറ്റു ശാഖകളെക്കുറിച്ചും ആലോചിക്കേണ്ടത്. വെറ്ററിനറി സയന്‍സ് അതിലൊന്നാണ്. ഇവിടെ മത്സരം അത്ര കടുത്തതല്ല. ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്കും മൃഗഡോക്ടറായി സേവനമനുഷ്ഠിക്കാം. ഉപരിപഠനത്തിനും മികച്ച അവസരങ്ങളുണ്ട്. കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ പൊതുമേഖലയിലുള്ളതായതിനാല്‍ ചുരുങ്ങിയ ചെലവില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിയും. എന്നാല്‍ മുമ്പ് പറഞ്ഞ പോലെ ജന്തുജാലങ്ങളുടെ ലോകത്തോട് താത്പര്യവും ആവേശവും വേണമെന്നു മാത്രം.

മൃഗസംരക്ഷണം, രോഗചികിത്സ, രോഗപ്രതിരോധം, ആരോഗ്യകരമായ പരിചരണം, സര്‍ജറി, വന്യമൃഗസംരക്ഷണം, ബ്രീഡിങ്, ജനിതകഎന്‍ജിനീയറിങ്, ബോധവത്കരണം തുടങ്ങിയവയെല്ലാം ആനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറിസയന്‍സിന്റെ കീഴില്‍ വരുന്നതാണ്.

ബി.വി.എസ്.സി കോഴ്‌സിന് നാലര-അഞ്ച് വര്‍ഷമാണ് ദൈര്‍ഘ്യം. ആറുമാസത്തെ ഇന്റേണ്‍ഷിപ്പും ഇതിലുള്‍പ്പെടും. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.

ഉപരിപഠനം നടത്തുന്നവര്‍ക്ക് സാധ്യതകളേറെ. ഇതിനായി വിവിധ എം.എസ് കോഴ്‌സുകള്‍ വിവിധ സര്‍വകലാശാലകള്‍ നടത്തുന്നുണ്ട്. പി.ജി പ്രോഗ്രാമിനായുള്ള എന്‍ട്രന്‍സ് പരീക്ഷകളുമുണ്ടാകും. ഐ.സി.എ.എ.ആര്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്കായി അഖിലേന്ത്യാപ്രവേശനപ്പരീക്ഷ നടത്തുന്നുണ്ട്. ഉന്നതപഠനത്തിന് താത്പര്യമുള്ളവര്‍ക്ക് ഗവേഷണാവസരങ്ങളുമുണ്ട്.

രാജ്യത്തെ വിവിധ വെറ്ററിനറി-കാര്‍ഷികസര്‍വകലാശാലകള്‍ നടത്തുന്ന കോളേജുകളില്‍ ബി.വി.എസ്.സി കോഴ്‌സ് നടത്തുന്നുണ്ട്. ഓരോയിടത്തും പൊതുപ്രവേശനപ്പരീക്ഷയിലൂടെയാണ് പ്രവേശനം. ഓരോ സംസ്ഥാനത്തും വെറ്ററിനറി കോളേജുകളുടെ എണ്ണം പരിമിതമായതിനാല്‍ പ്രവേശനത്തില്‍ പ്രാദേശികപരിഗണനയുണ്ടാവും. 15 ശതമാനം സീറ്റ് ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍ നടത്തുന്ന അഖിലേന്ത്യാ പ്രീവെറ്ററിനറി ടെസ്റ്റിലെ റാങ്ക്‌ലിസ്റ്റിനായി നീക്കിവെച്ചിരിക്കും.


ഇപ്പോള്‍ അപേക്ഷിക്കാം


ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍ നടത്തുന്ന ഓള്‍ ഇന്ത്യ പ്രീവെറ്ററിനറി ടെസ്റ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇംഗ്ലീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് 50 ശതമാനമെങ്കിലും മൊത്തം മാര്‍ക്ക് നേടി പ്ലസ്ടു ജയിച്ചവര്‍ക്കും ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കും പ്രവേശനപ്പരീക്ഷയെഴുതാം. ഇത്തവണത്തെ പ്രവേശനപ്പരീക്ഷ 2013 മെയ് 11ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ ഒരൊറ്റ പേപ്പറാണ് പരീക്ഷ. ഫിബ്രവരി എട്ടുവരെ മാത്രമേ അപേക്ഷാഫോം ലഭിക്കുകയുള്ളൂ. ഫിബ്രവരി 15 ആണ് അപേക്ഷ ഡല്‍ഹിയിലെത്തേണ്ട അവസാനതീയതി. ജമ്മു കശ്മീര്‍ ഒഴികെ രാജ്യത്തെ എല്ലാ വെറ്ററിനറി കോളേജുകളിലെയും 15 ശതമാനം സീറ്റുകളിലേക്കാണ് പ്രവേശനം. വെബ്: www.vci.nic.in. വിലാസം: കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ, എ വിങ്, സെക്കന്‍ഡ് ഫ്ലോര്‍, ആഗസ്റ്റ് ക്രാന്തിഭവന്‍, ഭികാജി കാമ പ്ലേസ്, ന്യൂഡല്‍ഹി-110066.

pkrishnaiyer@gmail.com

Vijayapadam Classifieds
Other Articles in this Section