2012 ഏറ്റവും ചൂടുകൂടിയ വര്‍ഷങ്ങളിലൊന്നെന്ന് ഗവേഷകര്‍

Posted on: 16 Jan 2013നൂറ്റുമുപ്പത്തിമൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളില്‍ 2012 ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

1880 ന് ശേഷം ലോകം സാക്ഷിയായ ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളില്‍ ഒന്‍പതാംസ്ഥാനമാണ് 2012 നെന്ന് നാസ ഗവേഷകര്‍ പറയുമ്പോള്‍, 2012 ന് പത്താംസ്ഥാനമാണെന്ന് മറ്റൊരു യു.എസ്.ഏജന്‍സി പറയുന്നു.

ലാ നിനാ (La Nina)
എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഫലമായി ഭൂമിയുടെ ചില മേഖലകള്‍ തണുത്തില്ലായിരുന്നെങ്കില്‍, 2012 കൂടുതല്‍ ചൂടേറിയതായി മാറുമായിരുന്നുവെന്ന് രണ്ട് സ്ഥാപനങ്ങളിലെയും ഗവേഷകര്‍ സമ്മതിക്കുന്നു.

ലോകമെമ്പാടുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം വിശകലനംചെയ്ത 'നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍' (NOAA) ആണ് 2012 ന് പത്താംസ്ഥാനമാണെന്ന് പറയുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാള്‍ 0.57 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു 2012 ല്‍ എന്നും നോവ നടത്തിയ വിശകലനത്തില്‍ കണ്ടു.

ഇതേ വിവരങ്ങള്‍ വിശകലനം ചെയ്താണ്, 133 വര്‍ഷത്ത ഏറ്റവും ചൂടുകൂടിയ വര്‍ഷങ്ങളില്‍ ഒന്‍പതാം സ്ഥാനമാണ് 2012 നുള്ളതെന്ന് നാസ നിഗമനത്തിലെത്തിയത്. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാള്‍ 0.6 ഡിഗ്രി കൂടുതലായിരുന്നു 2012 ലേതെന്നും നാസ ഗവേഷകര്‍ പറയുന്നു.

ഭൗമതാപനത്തിന്റെ കാലമാണിതെങ്കിലും, ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ദീര്‍ഘകാല ശരാശരിയെക്കാള്‍ തണുപ്പ് അനുഭവപ്പെട്ടെന്ന് നാസയുടെ ഗോദാര്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ സ്‌പേസ് സ്റ്റഡീസിലെ ഡോ.ജെയിംസ് ഹാന്‍സന്‍ അറിയിച്ചു.