Vijayapadam

തൊഴിലിടങ്ങള്‍ക്ക് അപ്പുറത്തെ വ്യക്തിത്വം

Posted on: 19 Dec 2012

ദേബശിഷ് ചാറ്റര്‍ജിതീവണ്ടിയിലേക്ക് കാലെടുത്തുവെക്കുന്നതിനിടെ ഗാന്ധിജിയുടെ ഒരു കാലിലെ ഷൂ വഴുതി പാളത്തിലേക്ക് പതിച്ചു. അത് തിരിച്ചെടുക്കാന്‍ അദ്ദേഹം ശ്രമിക്കുമ്പോഴേക്കും വണ്ടി ചൂളമടിച്ച് പതുക്കെ നീങ്ങാന്‍തുടങ്ങി. ഷൂ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍നിന്ന് പെട്ടെന്നദ്ദേഹം പിന്‍വാങ്ങി. വണ്ടി വേഗമാര്‍ജിക്കുന്നതിന്മുന്നേതന്നെ ഒരു കാലില്‍ അവശേഷിച്ചതുകൂടി അദ്ദേഹം പൊടുന്നനെ ഊരിയെടുത്ത്, റെയില്‍പ്പാളത്തില്‍ അതിന്റെ ജോടി കിടന്നിരുന്ന സ്ഥലം ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു.

എന്തിനാണ് കാലിലുള്ളതും വലിച്ചെറിഞ്ഞുകളഞ്ഞതെന്ന സുഹൃത്തിന്റെ ചോദ്യത്തിനുള്ള മഹാത്മജിയുടെ മറുപടി ഇപ്രകാരമായിരുന്നു- 'ഏതെങ്കിലും ഒരു ദരിദ്രന്‍ പാളത്തില്‍ കിടക്കുന്ന ഒരു ഷൂ കാണാന്‍ ഇടവരികയാണെങ്കില്‍, തീര്‍ച്ചയായും അതിന്റെ ജോടികൂടി കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയില്ലേ?

ദരിദ്രന്റെ മനസ്സുവായിക്കാന്‍ തിരിച്ചറിയുകവഴി ഷൂസിന്റെ നഷ്ടം മഹാത്മജിയെ ഒന്നുകൂടി സമ്പന്നനാക്കുകയാണ്. വലിയ പ്രാധാന്യമൊന്നും പ്രത്യക്ഷത്തിലില്ലാത്ത ഒരുജോടി ഷൂസിന് പുതിയൊരര്‍ഥം പകര്‍ന്നുനല്‍കുകയാണ് ഗാന്ധിജിയുടെ പ്രവൃത്തി. ഒരുകാലിലെ അവശേഷിക്കുന്ന ഷൂ ഇനിയെന്തുചെയ്യണമെന്ന തീരുമാനം നിമിഷാര്‍ധത്തിനുള്ളില്‍ എടുക്കാനുള്ള അനന്യമായ കഴിവുകൂടിയാണ് മോഹന്‍ദാസിനെ മഹാത്മജിയാക്കിയത്. സ്വന്തം വ്യക്തിത്വത്തെപ്പറ്റി വേണ്ടത്ര തിരിച്ചറിവില്ലാത്ത എത്രയോ ബുദ്ധിശാലികളായ സ്ത്രീപുരുഷന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. താങ്കളാരാണെന്ന് ചോദിച്ചപ്പോള്‍, അവരെന്നോട് സിവില്‍ എന്‍ജിനീയറാണെന്നും ഇ.എന്‍.ടി. സ്‌പെഷലിസ്റ്റാണെന്നുമെല്ലാം പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് എന്‍ജിനീയറിങ് അല്ലെങ്കില്‍ മെഡിക്കല്‍ ബിരുദമുണ്ടെന്നല്ലാതെ നിങ്ങള്‍ ഒരു എന്‍ജിനീയറോ ഡോക്ടറോ അല്ല എന്നുഞാന്‍ അവരോട് പറയുകയും ചെയ്തിട്ടുണ്ട്. കൈയിലുള്ള ബിരുദങ്ങളെക്കാള്‍ എത്രയോ വലുതാണ് വ്യക്തിത്വം. തൊഴിലിടങ്ങളുടെ ഇടുങ്ങിയ ഇടനാഴികള്‍ക്കപ്പുറത്താണ് വ്യക്തിത്വത്തിന്റെ സ്ഥാനം.

ഒന്നാലോചിച്ചുനോക്കൂ, ഞാനൊരു വക്കീലാണെന്ന തിരിച്ചറിവാണ് ഗാന്ധിജി നേടിയിരുന്നതെങ്കില്‍! തറവാടുകൃഷിയിടം നോക്കിനടത്താനായി അമ്മ പറഞ്ഞുവിട്ട സര്‍ ഐസക് ന്യൂട്ടന്‍, താനൊരു കര്‍ഷകനാണെന്ന തിരിച്ചറിവാണ് നേടിയതെങ്കില്‍ ഒന്നാലോചിക്കൂ. ലോകംകണ്ട ഏറ്റവും മഹാനായ ജനനേതാവിനെയും വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ നടത്തി ചരിത്രംസൃഷ്ടിച്ച മഹാശാസ്ത്രജ്ഞനെയും ആയിരിക്കില്ലേ ലോകത്തിന് നഷ്ടമായിട്ടുണ്ടാവുക.

ആഴങ്ങളില്‍ മുങ്ങിത്തപ്പി സ്വന്തംവ്യക്തിത്വം കണ്ടെടുക്കുന്നവരാണ് നേതാക്കള്‍. മഹാവ്യക്തിത്വം വെളിച്ചംവിതറുന്നത് ജീവിതത്തിലെ വലിയ സാധ്യതകളിലേക്കാണ്. മഹാവ്യക്തിത്വം വെട്ടിത്തെളിക്കുന്നത് ഒരുപാട് കര്‍മപഥങ്ങളുമാണ്. അവനവന്റെയുള്ളില്‍ നടക്കുന്ന ഒരു ടാലന്റ് സര്‍ച്ചാണ് സ്വന്തം വ്യക്തിത്വം കണ്ടെത്താനുള്ള ശ്രമം. ഒളിഞ്ഞുകിടക്കുന്ന സ്വന്തം കഴിവുകളിലേക്ക് സ്വയംനയിക്കുന്ന ഒരു തീര്‍ഥയാത്ര. സാധ്യതകളുടെ വിത്തുകളെന്നപോലെ കഴിവുകള്‍ നമ്മില്‍ ആണ്ടുകിടക്കുന്നു. കണ്ടെത്തി പരിപാലിക്കുന്നതോടുകൂടി അവ തളിരെടുക്കുകയും പൂവിടുകയും ചെയ്യുന്നു. ആ വസന്തകാലമാണ് സത്യമായും ഒരു നേതാവിന്റെ തൊഴില്‍പരിശീലനകാലം.

നിങ്ങളുടെ അസാധാരണകഴിവുകളും ലോകത്തിന്റെ ആവശ്യകതകളും എവിടെ സന്ധിക്കുന്നുവോ അവിടെയാണ് നിങ്ങളുടെ കര്‍മമേഖലയെന്ന് ഗ്രീക്ക് ചിന്തകന്‍ അരിസ്റ്റോട്ടില്‍.


Vijayapadam Classifieds
Other Articles in this Section