Vijayapadam

ഐ.ഐ.എം. പഠനം ഇനി കൊച്ചിയിലും

Posted on: 19 Dec 2012

പി.കെ. അയ്യര്‍ഐ.ഐ.എം-കെ.യുടെ കൊച്ചി ഉപഗ്രഹകാമ്പസില്‍ പി.ജി. പ്രോഗ്രാം തുടങ്ങുന്നു

മാനേജ്‌മെന്റ്പഠനം സാധ്യതകളുടെ ആകാശം തുറന്നിടുന്നു. പുതിയതലമുറ അത് തിരിച്ചറിയുന്നുണ്ട്. ഉന്നതികള്‍ ലക്ഷ്യമിടുന്നവരില്‍ മാനേജ്‌മെന്റ് പഠനം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നതിന് കാരണവും മറ്റൊന്നല്ല. ഈ മേഖലയില്‍ പരിധികളില്ല. ഏതറ്റംവരെയും ചെന്നെത്താം. ഉയര്‍ന്ന ശമ്പളം, ആകര്‍ഷകമായ സേവനവ്യവസ്ഥകള്‍, ജോലിസാഹചര്യം... അങ്ങനെ ആകര്‍ഷണീയതകള്‍ ഏറെ.

രാജ്യത്തെ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ മികവിന്റെ അടയാളമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഥവാ ഐ.ഐ.എം. സംസ്ഥാനത്തെ അഭിമാനസ്ഥാപനമാണ് കോഴിക്കോട് ഐ.ഐ.എം.(ഐ.ഐ.എം-കെ.). അവര്‍ കൊച്ചിയിലുമെത്തുകയാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടങ്ങുന്ന ഉപഗ്രഹകാമ്പസില്‍ ഐ.ഐ.എമ്മിന്റെ ഒരു കോഴ്‌സിന് അടുത്ത ഏപ്രിലില്‍ തുടക്കംകുറിക്കും.

കേരളം മാറണം

കേരളത്തെ മികച്ച ബിസിനസ് താത്പര്യകേന്ദ്രമായി വളര്‍ത്തിയെടുക്കാനുള്ള സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യവുമായാണ് ഐ.ഐ.എം. കൊച്ചിയിലെത്തുന്നതെന്ന് ഡയറക്ടര്‍ പ്രൊഫ. ദേബശിഷ് ചാറ്റര്‍ജി പറയുന്നു. സംസ്ഥാനത്ത് നിക്ഷേപസാധ്യതകള്‍ ഇപ്പോഴും കാര്യമായി പ്രയോജനപ്പെടുത്താതെ പോകുന്നു. വിലങ്ങുതടികള്‍ മറികടക്കാന്‍ യുവതലമുറയില്‍ ആവേശം വളര്‍ത്തേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഐ.ഐ.എം. മുന്നിട്ടിറങ്ങുന്നത്.

ഇന്‍ഫോപാര്‍ക്കിലാണ് കൊച്ചിയിലെ ഉപഗ്രഹകാമ്പസ് പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ എക്‌സിക്യൂട്ടീവുകള്‍ക്ക് തങ്ങളുടെ മാനേജ്‌മെന്റ് ശേഷി മെച്ചപ്പെടുത്താന്‍ ഈ കാമ്പസിലെ പഠനപദ്ധതി സഹായകമാകും. ഐ.ടി. മേഖലയിലെ മത്സരശേഷി വര്‍ധിപ്പിക്കാനും വളര്‍ച്ചയുടെ ഗതിവേഗം കൂട്ടാനും സഹായിക്കും -പ്രൊഫ. ചാറ്റര്‍ജി പറയുന്നു.

കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിലെ അതുല്യ ഐ.ടി കാമ്പസാണ് ഉപഗ്രഹകാമ്പസിന്റെ പ്രവര്‍ത്തനകേന്ദ്രം. മൂന്നുവര്‍ഷത്തിനകം കാമ്പസ് പൂര്‍ണതോതില്‍ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. എക്‌സിക്യൂട്ടീവ് തസ്തികയില്‍ ജോലിനോക്കുന്നവര്‍ക്കുള്ള ഉന്നതപരിശീലനമാണ് ഈ കാമ്പസിന്റെ പ്രത്യേകത. അന്താരാഷ്ട്രതലത്തില്‍ അക്രഡിറ്റേഷനുള്ള എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് എജ്യുക്കേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യത്തെ ഏക ഐ.ഐ.എമ്മാണ് കോഴിക്കോട് ഐ.ഐ.എം. മധ്യനിരയിലും മുതിര്‍ന്ന തലത്തിലുമുള്ള എക്‌സിക്യൂട്ടീവുകള്‍ക്ക് വിദഗ്ധപരിശീലനം വാഗ്ദാനം ചെയ്യുന്ന ഫുള്‍ടൈം, പാര്‍ട്ട് ടൈം പ്രോഗ്രാമുകളാണ് കൊച്ചി ഉപഗ്രഹകാമ്പസിലുണ്ടാവുക. ഔപചാരികമായി മാനേജ്‌മെന്റ് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരെ മികച്ച നേതൃപാടവശേഷിയുള്ളവരായും മാനേജര്‍മാരായും വളര്‍ത്തിയെടുക്കുകയാണ് പ്രധാനലക്ഷ്യം.

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗക്കാരെ രാജ്യത്തിന്റെ വികസനത്തിനായി മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ഐ.ഐ.എം. കൊച്ചി ഉപഗ്രഹകാമ്പസ് ലക്ഷ്യമിടുന്നുണ്ട്. ഉന്നതപഠനകേന്ദ്രങ്ങളിലെ വിദ്യാഭ്യാസമെന്നത് സ്വപ്നംമാത്രമായി അവശേഷിക്കുന്നവര്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന ഫിനിഷിങ്‌സ്‌കൂളായും ഇത് പ്രവര്‍ത്തിക്കും.

പുതിയ കോഴ്‌സുകള്‍

ആദ്യഘട്ടത്തില്‍ രണ്ടുവര്‍ഷത്തെ പാര്‍ട്ട് ടൈം എക്‌സിക്യൂട്ടീവ് പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമാണ് കൊച്ചിയില്‍ തുടങ്ങുന്നത്. രണ്ട് ബാച്ചുകളുണ്ടാകും. ഒന്ന് ആഴ്ചയവധിദിനങ്ങളിലും രണ്ടാമത്തേത് സായാഹ്നങ്ങളിലും. റെഗുലര്‍ പി.ജി. പ്രോഗ്രാമിന് സമാനമായ പാഠ്യപദ്ധതിയാണ് ഈ കോഴ്‌സിനുമുണ്ടാവുക. 900 മണിക്കൂര്‍ സമ്പര്‍ക്ക ക്ലാസ് നിജപ്പെടുത്തിയിരിക്കുന്നു.

50 ശതമാനം മാര്‍ക്കോടെയുള്ള അംഗീകൃതസര്‍വകലാശാലാബിരുദമാണ് അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത. രണ്ടുവര്‍ഷത്തെ സേവനപരിചയമുണ്ടാവണം. ചാര്‍ട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ക്കായി ഐ.ഐ.എം. എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്(ഇമാറ്റ്) നടത്തും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണിത്. ന്യൂമെറിക്കല്‍ എബിലിറ്റി, വെര്‍ബല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ്/ ഡാറ്റ ഇന്റര്‍പ്രിട്ടേഷന്‍ എന്നിവയടങ്ങുന്ന പരീക്ഷയാണിത്. ഇതില്‍ മികവുകാട്ടുന്നവരെ ഗ്രൂപ്പ് ഡിസ്‌കഷന്‍/ഗ്രൂപ്പ് ടാസ്‌ക്, ഇന്റര്‍വ്യൂ എന്നിവയ്ക്ക് വിളിക്കും. ആദ്യ ഇമാറ്റ് പരീക്ഷ അടുത്ത ഫിബ്രവരി 16, 17 തീയതികളിലായി നടക്കും.

ബിരുദപരീക്ഷയിലെ മാര്‍ക്ക്, സേവനരംഗത്തെ മികവ്, എന്‍ട്രന്‍സ് പരീക്ഷയിലെയും ഇന്റര്‍വ്യൂവിലെയും പ്രകടനം തുടങ്ങിയവ നോക്കിയാവും പ്രവേശനം. ഏഴു ലക്ഷത്തോളം രൂപ ഫീസായി നല്‍കണം. ഇത് ആറു ഗഡുക്കളായി അടയ്ക്കാം.

കോഴ്‌സിന്റെ രണ്ടുബാച്ചുകള്‍ ഇങ്ങനെ: 1. ശനിയാഴ്ച വൈകിട്ട് നാലുമുതല്‍ 9.45 വരെയും ഞായറാഴ്ച രാവിലെ 9.45 മുതല്‍ വൈകിട്ട് നാലുവരെയും. 2. തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകിട്ട് 6.45 മുതല്‍ 9.30 വരെ. രണ്ടുബാച്ചിനും ആഴ്ചയില്‍ 10 മണിക്കൂര്‍ ക്ലാസ്‌റൂം സെഷനുണ്ടാവും.


വിശദവിവരങ്ങള്‍ www.iimk.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2000 രൂപയാണ് അപേക്ഷാഫീസ്. ഓണ്‍ലൈനായി അപേക്ഷിക്കണം. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഐ.ഐ.എമ്മിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പേരില്‍ അയയ്ക്കണം. അപേക്ഷയ്‌ക്കൊപ്പം 2000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, ബിരുദസര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക്ഷീറ്റിന്റെയും പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം. അവസാനതീയതി: ജനവരി 31. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഫിബ്രവരി 28-ന് പ്രസിദ്ധീകരിക്കും. ഏപ്രില്‍ആദ്യവാരം ക്ലാസ് തുടങ്ങും.

pkrishnaiyer@gmail.com

Vijayapadam Classifieds
Other Articles in this Section