Vijayapadam

കാണാമറയത്തെ കാഴ്ചകളിലേക്ക്

Posted on: 21 Nov 2012

ദേബശിഷ് ചാറ്റര്‍ജിമൂന്ന് സെന്‍ സന്ന്യാസിമാര്‍ ഒരു ഫുട്‌ബോള്‍ മൈതാനത്തിലൂടെ നടക്കുകയായിരുന്നു. കൊടിമരത്തില്‍ പാറിക്കളിക്കുന്ന കൊടിയെ നോക്കി പ്രായത്തില്‍ ഇളയ ആള്‍ കൂടെയുള്ളവരോടായി പറഞ്ഞു. ആ കൊടിയിളകുന്നത് നോക്കൂ. മധ്യവയസ്‌കനായ സന്ന്യാസി യുവാവിന്റെ പുറത്തുതട്ടികൊണ്ടു പറഞ്ഞു. ''കുട്ടീ, ശ്രദ്ധിച്ചു നോക്കൂ, ചലിക്കുന്നത് കൊടിയല്ല, അന്തരീക്ഷ വായുവാണ്.'' രണ്ടും കേള്‍ക്കാനിടയായ വൃദ്ധസന്ന്യാസി പതുക്കെ പുഞ്ചിരിതൂകിക്കൊണ്ട് പറഞ്ഞു, ''രണ്ട് പേരും നല്ല ശ്രദ്ധയോടെ നോക്കിയാല്‍ കാണാം - കൊടിയല്ല, വായുവുമല്ല ചലിച്ചു കൊണ്ടേയിരിക്കുന്നത് മനസ്സാണ്.''കണ്‍മുന്നിലെ കാഴ്ചകള്‍ ഉള്‍ക്കാഴ്ചയില്‍ സംസ്‌കരിച്ചെടുക്കപ്പെടുന്നതാണ് ദര്‍ശനം.

ദര്‍ശനം സര്‍ഗപരമായ പ്രക്രിയകളുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. ദര്‍ശനവും സൃഷ്ടിപരതയും എന്നും സഹയാത്രികരാണ്. മനസ്സിന്റെ ലോകമാണ് ദര്‍ശനങ്ങളുടേത്. പദാര്‍ഥങ്ങളുടെ ലോകമാണ് സൃഷ്ടിയുടേത്. പരസ്പര പൂരകങ്ങളാണ് രണ്ടും.

ഒരു സുഹൃത്ത് കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം കാണുവാനായി പോയി. വിശ്വപ്രസിദ്ധവും നയനമനോഹരവുമായ ആ പ്രകൃതി ദൃശ്യം നേരില്‍ കാണുകമാത്രമായിരുന്നു യാത്രയുടെ ലക്ഷ്യം. ശൈത്യകാലം പകുതിയായതേയുണ്ടായിരുന്നുള്ളൂ. ദൗര്‍ഭാഗ്യവശാല്‍ കേട്ടറിഞ്ഞതുപോലെ മനോഹരമായി ഒന്നും അയാള്‍ അവിടെ കണ്ടില്ല. അദ്ദേഹം നിരാശയോടെ തിരിച്ചു വണ്ടിയോടിക്കാന്‍ തുടങ്ങി. വഴിവക്കിലെ ഒരു ചിത്രകാരന്റെ സ്റ്റുഡിയോ കണ്ട് അയാള്‍ വണ്ടിയില്‍ നിന്നുമിറങ്ങി. എല്ലാ രൗദ്രഭാവങ്ങളോടെ ഉറഞ്ഞു തുള്ളുന്ന നയാഗ്രയുടെ വലിയ ചിത്രം അയാള്‍ അവിടെ കണ്ടു. ആ ചിത്രം അയാളുടെ ശ്രദ്ധയെ കീഴ്‌പെടുത്തിയെന്നുവേണം പറയാന്‍. വീണ്ടും അയാള്‍ വണ്ടി നയാഗ്രയിലേക്കു തന്നെ തിരിച്ചുവിട്ടു. അതിമനോഹരമായ ചിത്രത്തില്‍ കലാകാരന്‍ ആവാഹിച്ച നയാഗ്ര അയാളുടെ കണ്‍മുന്നില്‍ താമസിയാതെ പ്രത്യക്ഷമായി. അയാളിലെ കാഴ്ചയെ ദര്‍ശനത്തിന്റെ തലത്തിലേക്കുയര്‍ത്തി ആ കലാസൃഷ്ടി.
മനോഹരമായ ഒരു മണ്‍പാത്രം, പ്രത്യക്ഷത്തില്‍ ഒരു വസ്തുവാണ്. കളിമണ്‍ നിര്‍മിതമായ മണ്‍പാത്രത്തിനെ മറ്റൊരു കളിമണ്‍ നിര്‍മിത വസ്തുവില്‍ നിന്നും വ്യത്യസ്തമാക്കുന്നത് നമ്മുടെ മനസ്സാണ്. അതിന്റെ ആകാരം മാത്രമല്ല ഉപയോഗവും നിശ്ചയിക്കുന്നത് മനസ്സാണ്. എന്തെങ്കിലും ശേഖരിച്ചുസൂക്ഷിക്കാനുള്ള പാത്രമായി വെക്കാം. പേപ്പര്‍ വെയ്റ്റാക്കാം, മനോഹരമായ കലാരൂപവുമാക്കാം. അത് ഓരോരുത്തരുടെയും കാഴ്ചയെ ആശ്രയിച്ചിരിക്കും. പദാര്‍ഥങ്ങളുടെ ലോകത്തെ കാണാക്കാഴ്ചകള്‍ നമുക്ക് കാട്ടിത്തരുന്നതാണ് മൈക്രോസ്‌കോപ്പ് . നഗ്‌നനേത്രങ്ങള്‍ക്ക് അസാധ്യമായൊരു ലോകം അതു നമുക്കുമുന്നില്‍ സൃഷ്ടിച്ചു. കാഴ്ചയുടെ വ്യാപ്തി എത്രയോ ഇരട്ടിയായി. മൈക്രോസ്‌കോപ്പ് വര്‍ധിപ്പിക്കുമ്പോഴാണ് പുതിയൊരു ലോകദര്‍ശനം നമുക്ക് സാധ്യമാവുന്നത്. അതു തന്നെയാണ് മനസ്സിലും നടക്കുന്നത്. മനുഷ്യമനസ്സിനു ആയൊരു ശേഷിയുണ്ട്. മൈക്രോസ്‌കോപ്പ് കണ്ണിനെ എങ്ങനെയോ അതുപോലെ ഉള്‍ക്കാഴ്ചയുടെ വ്യാപ്തി കൂട്ടുവാന്‍ നാം ശീലിക്കണം. യാഥാര്‍ഥ്യങ്ങളെ പുതിയ ഉള്‍ക്കാഴ്ചകളോടെ സമീപിക്കുവാന്‍ അതു നമ്മെ സഹായിക്കും. പുതിയ ദര്‍ശനങ്ങളിലേക്ക് അതു നമ്മെ നയിക്കും.


successsutras@gmail.com


Vijayapadam Classifieds
Other Articles in this Section