Vijayapadam

ആവേശത്തോടെ ആദ്യബാച്ച്‌

Posted on: 21 Nov 2012


'സിലബസ്സല്ല, അതിനുമപ്പുറത്തുള്ള ഗവേഷണങ്ങളും പ്രോജക്ടുകളുമാണ് ഇവിടത്തെ പഠനത്തിന്റെ പ്രത്യേകത' -തിരുവനന്തപുരം 'ഐസറി'ലെ ആദ്യബാച്ചുകാരി ശരണ്യ തികഞ്ഞ ആവേശത്തോടെ പറയുന്നു.

കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് സംസ്ഥാനത്തെ ഏറ്റവുംമികച്ച മാര്‍ക്കോടെയാണ് ശരണ്യ എസ്.എസ്.എല്‍.സി. വിജയിച്ചത്. കണ്ണൂര്‍ മമ്പറം എച്ച്.എസ്.എസ്സില്‍നിന്ന് എല്ലാവിഷയത്തിനും എ പ്ലസ് നേടിയാണ് പ്ലസ്ടു വിജയിച്ചത്. കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന വഴിയാണ് 'ഐസറി'ല്‍ പ്രവേശനം നേടുന്നത്.

ആദ്യബാച്ചില്‍ 16 പേരാണ് ചേര്‍ന്നത്. രണ്ടുപേര്‍ ഇടയ്ക്കുനിര്‍ത്തി പോയി. ബാക്കി 14ല്‍ ശരണ്യക്കുപുറമേ ഒരാള്‍കൂടിയേ മലയാളിയായുള്ളൂ. കോഴിക്കോട്ടുകാരനായ ഗോപീകൃഷ്ണനാണ് അത്. ഒരുസെമസ്റ്റര്‍കൂടി കഴിയുന്നതോടെ ഇവരുടെ ബാച്ച് പുറത്തിറങ്ങും.

ഇതിനകംതന്നെ മികച്ചനേട്ടങ്ങള്‍ ഇവര്‍ കൈവരിച്ചുകഴിഞ്ഞു. എട്ടുപേര്‍ സി.എസ്.ഐ.ആര്‍.-ജെ.ആര്‍.എഫ്. വിജയിച്ചു. ശരണ്യയും ഗോപീകൃഷ്ണനുമുള്‍പ്പെടെ എട്ടുപേര്‍ അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഗവേഷണത്തിനുള്ള യോഗ്യതാപരീക്ഷയായ ഗ്രാജ്വേറ്റ് റെക്കോഡ് എക്‌സാം(ജി.ആര്‍.ഇ.) വിജയിച്ചു.

ജര്‍മനിയിലെ ലിന്‍ഡാവൂവില്‍ നൊബേല്‍ ജേതാക്കളുടെ സമ്മേളനത്തില്‍ പ്രതിനിധിയായി ഗോപീകൃഷ്ണന് പങ്കെടുക്കാനും കഴിഞ്ഞു. അടുത്തവര്‍ഷത്തെ ഈ സമ്മേളനത്തില്‍ തിരുവനന്തപുരം 'ഐസറി'ല്‍നിന്ന് നാലുപേര്‍ പങ്കെടുക്കും. ഇതിനുള്ള മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാറാണ് വഹിക്കുന്നത്.

പ്രമുഖ രസതന്ത്രജ്ഞന്‍ പ്രൊഫ. ഇ.ഡി. ജെമ്മിസാണ് തിരുവനന്തപുരം 'ഐസറി'ന്റെ ഡയറക്ടര്‍. വിദേശ സര്‍വകലാശാലകളില്‍ ഗവേഷണപരിചയമുള്ള 31 പേരടങ്ങിയ ഫാക്കല്‍റ്റിയാണ് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ മകന്‍ ഡോ. അനില്‍ ഷാജി, ഡോ. മഹേഷ് ഹരിഹരന്‍, ഡോ. സൂജിത് വിജയ് തുടങ്ങിയവര്‍ ഫാക്കല്‍റ്റിയംഗങ്ങളാണ്.

തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് വളപ്പിലെ താത്കാലിക കാമ്പസിലാണ് ഇപ്പോള്‍ 'ഐസര്‍' പ്രവര്‍ത്തിക്കുന്നത്. വിതുരയില്‍ പുതിയ കാമ്പസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്ത അധ്യയനവര്‍ഷം അവിടേക്ക് മാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


മലയാളിമുന്നേറ്റം

ശാസ്ത്രഗവേഷണത്തോടുള്ള മലയാളിയുടെ അഭിനിവേശം 'ഐസറു'കളില്‍ കാണാം. 2008-ല്‍ ആരംഭിച്ച ഈ പഠനഗവേഷണസ്ഥാപനങ്ങളില്‍ ആദ്യവര്‍ഷങ്ങളില്‍ മലയാളിസാന്നിധ്യം കുറവായിരുന്നു. ഇപ്പോഴാകട്ടെ അഞ്ച് ഐസറുകളില്‍കൂടി ആകെയുള്ള വിദ്യാര്‍ഥികളില്‍ 80 ശതമാനം പേര്‍ മലയാളികളാണ്.

തിരുവനന്തപുരത്ത് ആദ്യബാച്ചിലെ 14 പേരില്‍ രണ്ടുപേര്‍ മാത്രമായിരുന്നു മലയാളികള്‍. രണ്ടാമത്തെ ബാച്ചില്‍ 50 പേര്‍ പ്രവേശനം നേടിയപ്പോള്‍ മലയാളികള്‍ 12 പേരായി. ഇപ്പോള്‍ അഞ്ചാമത്തെ ബാച്ചിലെ 120 പേരില്‍ നൂറും മലയാളികളാണ്.


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial