Vijayapadam

മികവുകാട്ടാന്‍ ഐസര്‍

Posted on: 21 Nov 2012

ആര്‍.ജയപ്രസാദ്‌ശാസ്ത്രാഭിരുചിയുള്ളവര്‍ക്ക് 'ഐസര്‍' മികച്ച പഠനാവസരം ഒരുക്കുന്നു


ലോകചരിത്രത്തിലെ വികാസപരിണാമങ്ങള്‍ക്കെല്ലാം വഴിമരുന്നിട്ടത് ശാസ്ത്രത്തിന്റെ കുതിപ്പാണ്. എന്നാല്‍, പുതിയകാലത്ത് അടിസ്ഥാന ശാസ്ത്രപഠനത്തോട് കമ്പം കുറഞ്ഞുവരികയാണ്. എല്ലാവര്‍ക്കും ഐ.ടി. വിദഗ്ധരും എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരുമൊക്കെയായാല്‍ മതി. രാജ്യം ശാസ്ത്രരംഗത്ത് കടുത്ത മസ്തിഷ്‌കശോഷണം നേരിടുകയാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞാണ് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ ഐസര്‍ അഥവാ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രവര്‍ത്തനം തുടങ്ങുന്നത്.

അടിസ്ഥാനശാസ്ത്രത്തില്‍ തത്പരരായവരെ സംബന്ധിച്ചിടത്തോളം ഐസര്‍ സ്വപ്നതുല്യമായ പഠനാവസരമാണ് ഒരുക്കുന്നത്. പ്ലസ്ടു യോഗ്യത നേടിയശേഷം അഞ്ചുവര്‍ഷംനീളുന്ന പഠനത്തിലൂടെ ശാസ്ത്രബിരുദാനന്തര ബിരുദം(ബി.എസ്-എം.എസ്. ഇരട്ടബിരുദപ്രോഗ്രാം) സമ്പാദിക്കാം. പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച അടിസ്ഥാനസൗകര്യങ്ങള്‍, പ്രഗത്ഭരായ അധ്യാപകരുടെ നിര, ഓരോമാസവും 5000 രൂപവീതം ഫെലോഷിപ്പ്, ഓരോവര്‍ഷവും 20,000 രൂപ ഗ്രാന്റ്... ആകര്‍ഷണീയതകള്‍ ഏറെ.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെയും ശാസ്ത്രപഠനത്തിലെ പോരായ്മകള്‍ പരിഹരിക്കുകയെന്ന ലക്ഷ്യവും ഐസറിനുണ്ട്. 2008-ലാണ് തുടക്കമിട്ടത്. മുന്‍നിര ശാസ്ത്രസ്ഥാപനങ്ങളെല്ലാം പിഎച്ച്.ഡി. മുതല്‍ മുകളിലേക്കുള്ള പഠനത്തിലാണ് ശ്രദ്ധിക്കുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായി ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ ഗവേഷണാടിസ്ഥാനത്തില്‍ പഠിപ്പിക്കുകയാണ് ഐസറില്‍.

ഇന്ത്യയുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ഐസറിന് നിലവില്‍ അഞ്ച് കേന്ദ്രങ്ങള്‍. രാജ്യത്തിന്റെ നാല് ദിക്കുകളിലായി കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം എന്നിവിടങ്ങളിലും മധ്യഭാഗത്തായി ഭോപ്പാലിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യയ്ക്ക് അനുവദിച്ചതാണ് തിരുവനന്തപുരത്തിന് ലഭിച്ചത്.

പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍തന്നെ മിടുക്കരെ ഗവേഷണപ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടാല്‍ ശാസ്ത്രപഠനം കാര്യക്ഷമമാകുമെന്ന തിരിച്ചറിവാണ് ഐസറിന് പ്രചോദനമായത്. അഞ്ചുവര്‍ഷത്തെ തുടര്‍ച്ചയായ പഠനത്തിലൂടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദം നേടാം. മൂന്ന് ചാനലുകളിലൂടെയാണ് ഇതിന് പ്രവേശനം നല്‍കുന്നത്. കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന, ഐ.ഐ.ടി-ജെ.ഇ.ഇ., ശാസ്ത്രാഭിരുചി നിര്‍ണയപരീക്ഷ എന്നിവയാണവ.

ശാസ്ത്രസാങ്കേതിക മേഖലയില്‍ മികവുകാട്ടാന്‍ തത്പരരായ വിദ്യാര്‍ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന. പ്ലസ്‌വണ്‍, പ്ലസ്ടു കഴിഞ്ഞവര്‍ക്കും ബി.എസ്‌സി. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് വഴിയാണ് ഇത് നടപ്പാക്കുന്നത്. വിശദവിവരങ്ങള്‍ക്ക് വെബ്: www.kvpy.org.in.

ഐ.ഐ.ടി പ്രവേശനപരീക്ഷയായ ജെ.ഇ.ഇ.യുടെ മെറിറ്റ്‌ലിസ്റ്റില്‍നിന്നുള്ള പ്രവേശനമാണ് രണ്ടാമത്തെ രീതി. വെബ്: www.jeemain-edu.in

സംസ്ഥാന ബോര്‍ഡിന്റെയും കേന്ദ്രബോര്‍ഡിന്റെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കാണ് ശാസ്ത്രാഭിരുചിനിര്‍ണയപരീക്ഷയിലൂടെ പ്രവേശനം നല്‍കുന്നത്. ഇതിനായി വ്യത്യസ്ത പരീക്ഷാബോര്‍ഡുകള്‍ക്ക് വ്യത്യസ്ത കട്ട്-ഓഫ് മാര്‍ക്ക് അതതുസമയം നിശ്ചയിക്കും.

ശാസ്ത്രത്തില്‍ ഗവേഷണാഭിരുചിയുള്ളവരെമാത്രം തിരഞ്ഞെടുക്കാനുദ്ദേശിച്ചാണ് ഇങ്ങനെ വ്യത്യസ്തമാര്‍ഗങ്ങളിലൂടെ പ്രവേശനം നല്‍കുന്നത്. കടുത്ത മത്സരമുള്ള പ്രവേശനപ്രക്രിയയാണ് ഇത്. ആദ്യമേ ലക്ഷ്യം മനസ്സില്‍ക്കുറിച്ച് ഒരുങ്ങാന്‍ ശ്രദ്ധിക്കുക.

ആദ്യ രണ്ടുവര്‍ഷം ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ്, ബയോളജി എന്നീ നാലുവിഷയങ്ങളും പഠിക്കണം. മൂന്നും നാലും വര്‍ഷങ്ങളില്‍ ഒരു വിഷയം മേജറായും മറ്റൊന്ന് മൈനറായും പഠിക്കണം. ബാക്കി രണ്ടുവിഷയങ്ങള്‍ ഒഴിവാക്കാം. അഞ്ചാംവര്‍ഷത്തെ രണ്ട് സെമസ്റ്ററുകള്‍ പൂര്‍ണമായും ഗവേഷണത്തിനായി മാറ്റിവെച്ചിട്ടുണ്ട്. ഇതിനായി ലോകോത്തര നിലവാരത്തിലുള്ള ലബോറട്ടറികളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വിദ്യാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷവും പ്രതിമാസം 5000 രൂപ ഫെലോഷിപ്പ് നല്‍കും. ഇതില്‍ രണ്ടായിരത്തോളം രൂപ ഭക്ഷണം, താമസം എന്നിവയ്ക്കായി ചെലവാക്കേണ്ടിവരും. സെമസ്റ്ററുകള്‍ക്കിടയ്ക്കുള്ള സമയം മറ്റ് സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും പഠനത്തിനുമായി ഓരോ വിദ്യാര്‍ഥിക്കും പ്രതിവര്‍ഷം 20,000 രൂപ കണ്ടിജന്‍സിഗ്രാന്റ് അനുവദിക്കും.

ബി.എസ്‌സി. കഴിഞ്ഞവര്‍ക്കുള്ള ഇന്റഗ്രേറ്റഡ് എം.എസ്.-പിഎച്ച്.ഡി. പ്രോഗ്രാമുകളും 'ഐസറു'കളില്‍ നടത്തുന്നുണ്ട്. എം.എസ്‌സി. കഴിഞ്ഞ് സി.എസ്.ഐ.ആര്‍.-ജെ.ആര്‍.എഫ്. വിജയിച്ചവര്‍ക്ക് പിഎച്ച്.ഡി.ക്കും'ഐസറി'ല്‍ ചേരാം.

ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (JEST), ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (GATE), ഐ.സി.എം.ആര്‍.-ജെ.ആര്‍.എഫ്. തുടങ്ങിയ പരീക്ഷകളിലൂടെയും 'ഐസറി'ല്‍ പിഎച്ച്.ഡി.ക്ക് പ്രവേശനം ലഭിക്കും.

എല്ലാവര്‍ഷവും ആഗസ്തിലാണ് ക്ലാസ് തുടങ്ങുന്നത്. ജൂണില്‍ അപേക്ഷ ക്ഷണിക്കും.


ജെസ്റ്റ് ഫിബ്രവരി 17ന്


ഊര്‍ജതന്ത്രത്തില്‍ പിഎച്ച്.ഡി. രജിസ്‌ട്രേഷനുള്ള ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് ഫിബ്രവരി 17-ന് നടക്കും. ഓണ്‍ലൈന്‍വഴി അപേക്ഷ അയയ്ക്കാനുള്ള അവസാനതീയതി 2012 ഡിസംബര്‍ 10 ആണ്. 2013 മാര്‍ച്ചില്‍ ഫലം പ്രസിദ്ധീകരിക്കും. 2013 ഏപ്രിലില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, അഞ്ച് 'ഐസറു'കള്‍ തുടങ്ങി 25-ഓളം സ്ഥാപനങ്ങളിലാണ് ഗവേഷണം നടത്തേണ്ടത്.

jayaprasadmbi@gmail.com


Vijayapadam Classifieds
Other Articles in this Section