Vijayapadam

ധീരഹൃദയരേ ഇതിലേ...

Posted on: 14 Nov 2012

പി.കെ. അയ്യര്‍പ്രതിരോധസേനയുടെ അഭിമാന പഠനകേന്ദ്രങ്ങളിലേക്ക് സ്വാഗതം


കണ്ടുമറന്ന സിനിമയില്‍ കേണലിന്റെ വേഷത്തില്‍ അതുല്യകലാകാരന്‍ കുതിരവട്ടം പപ്പുവായിരുന്നു. അവധിക്ക് വീട്ടിലെത്തിയ കേണല്‍ വൈകുന്നേരം തൊട്ടടുത്ത ചായപ്പീടികയിലേക്ക് ഫുള്‍യൂണിഫോമില്‍ തോക്കുമായിട്ടാണ് എത്തിയത്. എഴുപത്തിയൊന്നിലെ ഇന്ത്യ-പാക് യുദ്ധത്തിലെ വീരകൃത്യങ്ങളെപ്പറ്റിയാണ് മൂപ്പര്‍ പറഞ്ഞത്. പാക് പീരങ്കിക്കു നേരെ ഇരുന്നും കിടന്നും വെടിവെച്ചതും അതിന്റെ ടപ്പോന്നുള്ള ഒച്ച കേട്ട് പാകിസ്താന്‍പട്ടാളക്കാര്‍ ഓടിയൊളിച്ചതുമൊക്കെ കേണലിന്റെ കഥയില്‍ നിറഞ്ഞു. ഒടുവില്‍ ചായക്കടക്കാരന്റെ മകന്‍ പിന്നില്‍ വന്ന് 'ട്ടോ'യെന്ന് ഒച്ചയുണ്ടാക്കുമ്പോള്‍ കേണല്‍ ഞെട്ടിവിറച്ചുപോയി. കൈയിലെ തോക്ക് പൊട്ടുന്നു, ചായക്കലം ഉടയുന്നു...സീന്‍ കട്ട്.

ഡല്‍ഹിയില്‍ നിന്നുള്ള മടക്കയാത്രയില്‍ തീവണ്ടിയില്‍ പരിചയപ്പെട്ട ആര്‍മി ഓഫീസര്‍ക്ക് സിനിമയിലെ വീണ്‍വാക്കുപറയുന്ന പട്ടാളക്കാരന്റെ മുഖച്ഛായയായിരുന്നില്ല. അദ്ദേഹം അതിര്‍ത്തിയിലെ വെടിയൊച്ചയെക്കുറിച്ചോ പാകിസ്താന്‍കാരെ ഓടിച്ചതിനെപ്പറ്റിയോ അല്ല പറഞ്ഞത്. മറിച്ച് സേനയിലെ ഉദ്യോഗം തന്റെ ജീവിതം അപ്പാടെ മാറ്റിമറിച്ചതിനെപ്പറ്റിയായിരുന്നു. വളരെ പരിമിതമായ പശ്ചാത്തലത്തിലുള്ള കുടുംബത്തിലെ അംഗം. തയ്യല്‍ക്കടക്കാരനായ അച്ഛന്റെ വരുമാനത്തില്‍ വേണം ഏഴംഗകുടുംബത്തിന് മുന്നോട്ട് പോകാന്‍. ഏറെ കഷ്ടപ്പെട്ടാണ് ബിരുദപഠനത്തിന് ചേര്‍ന്നത്. മുങ്ങിത്താഴുന്ന വഞ്ചി കരയ്ക്കടുപ്പിക്കാന്‍ ഒരു ജോലി അത്യാവശ്യം. അങ്ങനെയുള്ള അന്വേഷണത്തിനൊടുവിലാണ് കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയെക്കുറിച്ച് കേട്ടത്. ഒരു സുഹൃത്തിന്റെ അച്ഛന്‍ മിലിട്ടറി ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയില്‍ നന്നായി അധ്വാനിച്ചു. ഫലമുണ്ടായി. അത് ജീവിതമാകെ മാറ്റിമറിച്ചുവെന്ന് ആ ഓഫീസര്‍ പറയുന്നു. ''സേനയില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാമന്‍ എന്നൊന്നില്ല. ആര്‍ക്കുമുന്നിലും എവിടെയും ലക്ഷ്യം ഒന്നാമനാവുകയെന്നതു മാത്രം.''

സായുധസേനാവിഭാഗങ്ങളിലേക്ക് ഒന്നാമന്‍മാരെ തേടുന്ന കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷ വീണ്ടുമെത്തി. വിജയതൃഷ്ണയും ധീരതയും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും സ്ഫുരിക്കുന്ന തൊഴിലിലേക്ക് പ്രവേശിക്കാനുള്ള ചവിട്ടുപടി. കര, നാവിക, വ്യോമ സേനയിലേക്ക് ഓഫീസര്‍ നിയമനത്തിനുള്ള പ്രധാന പാതയാണ് കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷ. വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന ഈ പരീക്ഷയുടെ നടത്തിപ്പ് ചുമതല യു.പി.എസ്.സി.ക്കാണ്. പരീക്ഷയില്‍ മികവുകാട്ടുന്നവരെ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് വ്യക്തിഗത, മുഖാമുഖ പരീക്ഷയ്ക്കു വിളിക്കും. സേനാവിഭാഗങ്ങളെ നയിക്കാനുള്ള ശേഷി അളക്കുന്ന ഏറ്റവും ശാസ്ത്രീയമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് സി.ഡി.എസ്. നന്നായി ഒരുങ്ങിയാല്‍ മാത്രമെ മികവുകാട്ടാന്‍ കഴിയുകയുള്ളൂവെന്ന് ചുരുക്കം.

സേനയിലെ ഓഫീസര്‍പദവി മികച്ച സേവന, വേതന വ്യവസ്ഥകള്‍ വാഗ്ദാനം ചെയ്യുന്നു. സ്ഥാനക്കയറ്റ സാധ്യതകള്‍ ഏറെ. സേനാംഗത്തിനും കുടുംബാംഗങ്ങള്‍ക്കും ഒട്ടേറെ ആനുകൂല്യങ്ങള്‍. രാജ്യത്തെ കാത്തുരക്ഷിക്കുകയാണെന്ന അഭിമാനബോധം. സമൂഹത്തിലെ മതിപ്പ്. പരിശീലനകാലയളവില്‍ മികച്ച സ്റ്റൈപ്പന്‍ഡ്...ആകര്‍ഷണീയതകളേറെ.


എഴുത്തുപരീക്ഷ

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, കണ്ണൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്‌സ് അക്കാദമി എന്നിവിടങ്ങളിലാരംഭിക്കുന്ന കോഴ്‌സുകളിലേക്കാണ് സി.ഡി.എസ്. പരീക്ഷ വഴി പ്രവേശനം.

മൂന്ന് പേപ്പറുകളടങ്ങിയ എഴുത്തുപരീക്ഷയാണ് ആദ്യഘട്ടം. ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങള്‍. ഓരോന്നിനും രണ്ടുമണിക്കൂര്‍ വീതം, ഓരോ പേപ്പറിനും 100 മാര്‍ക്ക്. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ഗണിതശാസ്ത്ര പേപ്പര്‍ ഉണ്ടാവില്ല.

ഒബ്ജക്ടീവ് രീതിയിലാണ് എഴുത്തുപരീക്ഷ. ഗണിതശാസ്ത്ര പേപ്പറിന് എസ്.എസ്.എല്‍.സി. നിലവാരത്തിലുള്ള ഗണിതക്രിയകളാണുണ്ടാവുക. മറ്റു പേപ്പറുകളില്‍ ബിരുദനിലവാരത്തിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. വിശാലമായ സിലബസ് പ്രതീക്ഷിക്കാം. നേരത്തേ തന്നെ ഒരുക്കം തുടങ്ങിയാലെ മികവുകാട്ടാന്‍ കഴിയുകയുള്ളൂ. സമകാലികവിജ്ഞാനം വര്‍ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. നെഗറ്റീവ് മാര്‍ക്കുണ്ടാകും. തെറ്റായ ഉത്തരത്തിന് മാര്‍ക്കിന്റെ മൂന്നിലൊന്ന് കുറയ്ക്കും. തീരുമാനമെടുക്കാനുള്ള നിങ്ങളുടെ ശേഷിയെയാണ് നെഗറ്റീവ് മാര്‍ക്ക് പരിശോധിക്കുന്നത്. കറക്കിക്കുത്ത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

സമയനിയന്ത്രണം പ്രധാനം. വേഗവും കൃത്യതയുമാണ് ഇത്തരം പരീക്ഷയില്‍ മികവുകാട്ടാനുള്ള പ്രധാനമാര്‍ഗങ്ങളിലൊന്ന്. ചോദ്യപ്പേപ്പര്‍ കൈയില്‍ കിട്ടിയാല്‍ ആദ്യമിനിറ്റുകളില്‍ മുഴുവന്‍ ചോദ്യങ്ങളും ഒരാവര്‍ത്തി വായിച്ചുനോക്കുക. എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം നല്‍കുക. പ്രയാസമേറിയവയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ ഇത് സഹായിക്കും. ഒരു ചോദ്യത്തിന് ഏതാണ്ട് ഒരു മിനിറ്റ് കിട്ടും. പറയുമ്പോള്‍ ഇത് എളുപ്പമെന്ന് തോന്നും. എന്നാല്‍ അണ്ടിയോടടുക്കുമ്പോഴേ പുളി മനസ്സിലാവൂ. സമയനിയന്ത്രണത്തിനുള്ള എളുപ്പവഴി പഴയ ചോദ്യപ്പേപ്പറുകള്‍ ശേഖരിച്ച് ഉത്തരം നല്‍കി ശീലിക്കുകയാണ്. പരീക്ഷാക്രമത്തെക്കുറിച്ച് ബോധ്യപ്പെടാനും ഇത് സഹായിക്കും.

സിലബസ്സിനെപ്പറ്റിയും ഓരോ ഭാഗങ്ങളില്‍ നിന്നും പ്രതീക്ഷിക്കാവുന്ന മാര്‍ക്കിനെപ്പറ്റിയുമൊക്കെ തുടക്കത്തിലെ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഓരോ ദിവസവും സിലബസ്സിന്റെ നിശ്ചിത ഭാഗം പൂര്‍ത്തിയാക്കുമെന്നുറച്ച് ടൈംടേബിള്‍ തയ്യാറാക്കി പഠിക്കുക. നോട്ടുകള്‍ തയ്യാറാക്കിയുള്ള പഠനശൈലി സ്വീകരിക്കുക. പഴയ ചോദ്യപ്പേപ്പറുകള്‍ക്ക് നിശ്ചിതസമയത്തിനകം ഉത്തരം നല്‍കി പരിശീലിക്കുക. പരീക്ഷയുടെ അവസാനത്തെ രണ്ടാഴ്ച റിവിഷന് മാറ്റിവെക്കുക.

മുഖ്യവിഷയങ്ങളായതിനാല്‍ ഇംഗ്ലീഷിനും ഗണിതശാസ്ത്രത്തിനും പ്രാമുഖ്യം നല്‍കണം. ഇംഗ്ലീഷില്‍ പിന്നിലായവര്‍ ഈ മേഖലയില്‍ അടിസ്ഥാനപരമായി നല്ല അറിവുണ്ടാക്കാന്‍ ശ്രദ്ധിക്കുക. വ്യാകരണവും പദസമ്പത്തുമൊക്കെ മെച്ചപ്പെടുത്തുക. ആശയവിനിമയശേഷിക്കും പ്രാധാന്യം കൊടുക്കണം. അത് ഇന്റര്‍വ്യൂഘട്ടത്തില്‍ ഗുണം ചെയ്യും.

സംഖ്യാശാസ്ത്രം, അടിസ്ഥാനഗണിതക്രിയകള്‍, ത്രികോണമിതി, ജ്യോമെട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, തുടങ്ങിയവയില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഗണിതശാസ്ത്രവിഭാഗത്തില്‍ പ്രതീക്ഷിക്കാം. എന്‍.സി.ആര്‍.ടി. സിലബസിലുള്ള സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ ഗണിതക്രിയകള്‍ പരിശീലിക്കുക.

പൊതുവിജ്ഞാനത്തില്‍ ചോദ്യങ്ങള്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങില്ല. അടിസ്ഥാനശാസ്ത്രം, പരിസ്ഥിതി, ഇന്ത്യാചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍നിന്നൊക്കെ ചോദ്യങ്ങളുണ്ടാകും. പത്രങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ശ്രദ്ധാപൂര്‍വം വായിക്കുന്നത് പതിവാക്കുക. ടി.വി. വാര്‍ത്തകള്‍ കാണുക, കറന്റ് അഫയേഴ്‌സ് പരിപാടികളും. ഇന്റര്‍നെറ്റിലെ വാര്‍ത്താസൈറ്റുകളും പതിവായി നോക്കുക.


വ്യക്തിഗതമികവ്

എഴുത്തുപരീക്ഷയില്‍ മികവുകാട്ടുന്നവരെ എസ്.എസ്.ബി.യുടെ ഇന്റര്‍വ്യൂവിനും പഴ്‌സണാലിറ്റി ടെസ്റ്റിനും വിളിക്കും. അഞ്ചു ദിവസം വരെ നീളുന്ന പരിശോധനയാണിത്. ബോധ, ഉപബോധ, അബോധതലങ്ങളിലെ നിങ്ങളുടെ നിലവാരം പരിശോധിക്കപ്പെടും. സംഘചര്‍ച്ച, സംഘ ആസൂത്രണം, ദൗത്യനിര്‍വഹണം, ഏതെങ്കിലുമൊരു വിഷയത്തില്‍ ലഘുപ്രസംഗം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്നതാവും ഇത്. നിങ്ങളുടെ മാനസികശേഷിയും ബുദ്ധിനിലവാരവുമൊക്കെ പരീക്ഷിക്കുകയാണ് ലക്ഷ്യം. വ്യക്തമായ അനുമാനങ്ങളിലെത്താനുള്ള മികവ്, കാര്യങ്ങള്‍ സുവ്യക്തമായി അവതരിപ്പിക്കാനുള്ള ശേഷി, വാദങ്ങളുയര്‍ത്തി മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ശേഷി, ആത്മവിശ്വാസം, ധൈര്യം, പ്രസന്നത, ശാരീരികശേഷി തുടങ്ങിയവയൊക്കെ വിലയിരുത്തപ്പെടും. വ്യക്തമായും ന്യായയുക്തമായും ചിന്തിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കണം. കൂട്ടായി ഒരു ദൗത്യമേറ്റെടുത്താല്‍ സഹകരിച്ച് അത് പൂര്‍ത്തിയാക്കാന്‍ മികവുകാട്ടണം. നല്ല ആശയവിനിമയ ശേഷി ഈ പരീക്ഷയില്‍ അനിവാര്യം. സമകാലികവിജ്ഞാനവും പരിശോധനാവിധേയമാകും. ദേശീയ, അന്താരാഷ്ട്ര പ്രാധാന്യമുള്ള സംഭവങ്ങളെക്കുറിച്ച് അറിവ് സമ്പാദിക്കുക. മാനസികമായി കരുത്താര്‍ജിക്കാന്‍ നന്നായി പരിശീലിക്കുക. നിശ്ചയ ദാര്‍ഢ്യത്തോടെ ചോദ്യങ്ങളെയും പരീക്ഷണങ്ങളെയും നേരിടുക.

ഇതിന് പിന്നാലെ ശാരീരികയോഗ്യതാ പരിശോധനയും മെഡിക്കല്‍ ചെക്കപ്പുമുണ്ടാകും. ഇത് മുന്നില്‍ക്കണ്ട് പരിശീലനവും പതിവ് വ്യായാമമുറകളും നല്ലതാണ്.

pkrishnaiyer@gmail.com


Vijayapadam Classifieds
Other Articles in this Section