
മുഖം നഷ്ടപ്പെടാതെ മുഖാമുഖം
Posted on: 31 Oct 2012
ബിനു കണ്ണന്താനം
നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവ് ഒരുക്കുന്നു, ഇന്റര്‍വ്യൂ
ഇന്റര്‍വ്യൂവിനെപ്പറ്റിയുള്ള ക്ലാസുകളില്‍ പതിവായി പറയാറുള്ള ഒരു തമാശയുണ്ട്. അതിലെ കഥാനായകന് ഇന്റര്‍വ്യൂ അറിയിപ്പ് കിട്ടിയപ്പോള്‍ത്തന്നെ ടെന്‍ഷന്‍ തുടങ്ങി. കാത്തിരിപ്പിനൊടുവില്‍ ആ സുദിനം വന്നെത്തി. നെഞ്ചിടിപ്പോടെയാണ് ഇന്റര്‍വ്യൂ നടക്കുന്ന മുറിയുടെ വാതിലില്‍ മുട്ടിയത്. ഉടനെത്തന്നെ ബോര്‍ഡ് ചെയര്‍മാന്റെ പടക്കംപൊട്ടുന്ന മട്ടിലുള്ള ശബ്ദം-വെയ്റ്റ് പ്ലീസ്... മുറിയിലേക്ക് വലതുകാലെടുത്തുവെച്ചില്ല, അതിനുമുമ്പേ ചോദ്യമോ? പതറാന്‍ പാടില്ലെന്നാണ് ആപ്തവാക്യം, എടുത്തടിച്ച പോലെ മറുപടിയും കൊടുത്തു-68 കിലോഗ്രാം സര്‍...
ആ ഇന്റര്‍വ്യൂവിന്റെ വിധിയെഴുത്ത് അവിടെ പൂര്‍ത്തിയാകുന്നു. എന്നാല്‍ ഈ തമാശച്ചിരിയിലും മറഞ്ഞു കിടക്കുന്ന വലിയ യാഥാര്‍ഥ്യങ്ങളുണ്ട്. എഴുത്തുപരീക്ഷകളില്‍ മറ്റാരെക്കാളും മികവുകാട്ടുന്ന മലയാളികള്‍ ഇന്റര്‍വ്യൂവില്‍ മൂക്കുകുത്തിവീഴുന്നതിന്റെ കാരണം ഇത്തരം പിഴവുകളും ആശയവിനിമയത്തിലെ പാളിച്ചകളുമാണ്. പടിക്കല്‍ കൊണ്ടുപോയി കുടമുടയ്ക്കുന്നതിന് തുല്യമാണിത്.
നിവര്‍ന്നുനില്‍ക്കാന്‍ പഠിക്കുക
ഇന്റര്‍വ്യൂവിനുള്ള ക്ഷണം കിട്ടുമ്പോള്‍ മാത്രമാണ് പലരും തയ്യാറെടുപ്പ് തുടങ്ങുന്നത്. എത്ര ഉയര്‍ന്ന മാര്‍ക്കുവാങ്ങി ജയിച്ചവരാണെങ്കിലും ഈ കടമ്പ കടക്കുകയെന്നത് അല്പം വിഷമകരം തന്നെയാണ്. സ്‌കൂള്‍ കാലം തൊട്ടേ തയ്യാറെടുപ്പ് തുടങ്ങുന്നത് നന്നായിരിക്കും. ആദ്യമായി നിവര്‍ന്ന് നില്‍ക്കാന്‍ പഠിക്കുക. നിവര്‍ന്ന് നടക്കാന്‍ പരിശീലിക്കുക. ശാരീരികവും മാനസികവുമായും സജ്ജമാവുക. ഇന്റര്‍വ്യൂവേദിയില്‍ നിങ്ങളുടെ ഓരോ ചലനവും നിരീക്ഷണത്തിലാണെന്ന കാര്യം ഓര്‍ക്കുക.
ഒരു ഇന്റര്‍വ്യൂവിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം ആദ്യ 20 സെക്കന്‍ഡ് മുതല്‍ മൂന്നുമിനിറ്റ് വരെയാണ്. ഇതിനകം തന്നെ നിങ്ങളെപ്പറ്റിയുള്ള ഏകദേശ ധാരണ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മനസ്സില്‍ പതിഞ്ഞിരിക്കും. ആദ്യഘട്ടത്തില്‍ തന്നെ ഇന്റര്‍വ്യൂബോര്‍ഡിന്റെ മനസ്സില്‍ മതിപ്പുണ്ടാക്കാനുള്ള പൊടിക്കൈകള്‍ സ്വായത്തമാക്കുക.
കോഴിക്കോട്ട് നിന്ന് സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് പോയ ഒരു ഉദ്യോഗാര്‍ഥിയുടെ അനുഭവം ഈയിടെ വായിച്ചു.
കുശലപ്രശ്‌നങ്ങള്‍ക്കുശേഷമുള്ള ആദ്യചോദ്യം തന്നെ കോഴിക്കോടിനെപ്പറ്റിയായിരുന്നു. താങ്കളുടെ നാട്ടില്‍ മുമ്പാരോ കപ്പലിറങ്ങിയെന്ന് കേട്ടിട്ടുണ്ടല്ലോ എന്നായിരുന്നു ചോദ്യം. പരീക്ഷാഗൈഡുകളിലെപ്പോലെ നേരിട്ടുള്ള ചോദ്യമല്ല, അല്പമാലോചിച്ച ശേഷമാണ് വാസ്‌കോഡ ഗാമയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായത്.
ഉത്തരം പറഞ്ഞപ്പോള്‍ വീണ്ടും ചോദ്യം. കാപ്പാട്ട് ഗാമ വന്നിറങ്ങിയതിന്റെ ഒരു സ്മാരകമുണ്ട്, അതേക്കുറിച്ച് പറയാമോ?. കാപ്പാട് ബീച്ചില്‍പോയി അടിച്ചുപൊളിച്ചിട്ടുണ്ടെങ്കിലും അങ്ങനെയൊരു സ്മാരകം കണ്ട ഓര്‍മയില്ലെന്ന് ഉദ്യോഗാര്‍ഥി. അവിടെയൊരു ചെറിയ സ്തൂപമുണ്ടെന്നും അതില്‍ ഗാമ വന്നിറങ്ങിയതിന്റെ സ്മാരകമെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചെയര്‍മാന്‍ വിശദീകരിച്ചപ്പോള്‍ കോഴിക്കോട്ടുകാരന്‍ സ്വാഭാവികമായും ചമ്മിയിരിക്കണം.
വിജയത്തിന്റെ രസതന്ത്രം
പറഞ്ഞുവരുന്നത്, ചോദ്യം എവിടെ നിന്നും വരാം. നിങ്ങളുടെ അയല്‍പക്കത്തുനിന്ന് തൊട്ട് ശൂന്യാകാശത്തുനിന്ന് വരെ. നിങ്ങളുടെ വിദ്യാഭ്യാസയോഗ്യതയെ അടിസ്ഥാനമാക്കി വലിയ ചോദ്യങ്ങള്‍ വന്നുകൊള്ളണമെന്നില്ല. എം.എസ്‌സി. കെമിസ്ട്രി യോഗ്യതയുള്ളയാളാണ് നിങ്ങളെങ്കില്‍ ഈ മേഖലയില്‍ നിന്ന് കാര്യമായ ചോദ്യങ്ങളുണ്ടാകണമെന്നില്ല. രസതന്ത്രം ഉറക്കമിളച്ചു പഠിച്ചതുകൊണ്ടാണ് സര്‍വകലാശാല നിങ്ങളെ പാസ്സാക്കി വിട്ടത്.
കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികവു കാട്ടിയ വരുണ്‍കുമാറിന്റെ അനുഭവം കേള്‍ക്കുക. മെഡിക്കല്‍ എന്‍ട്രന്‍സില്‍ എം.ബി.ബി.എസ്. കിട്ടാതെ ബി.ഡി.എസ്. എടുത്ത് പഠിച്ചതാണ് വരുണ്‍. ഇന്റര്‍വ്യൂവിലെ ആദ്യചോദ്യവും അതേക്കുറിച്ചായിരുന്നു.
അണ്ണ ഹസാരെയുടെ ആവശ്യങ്ങള്‍ സര്‍ക്കാറിന് അംഗീകരിക്കാന്‍ കഴിയുന്നില്ല, എന്തുകൊണ്ട് എന്നതായിരുന്നു മറ്റൊരു ചോദ്യം. പരീക്ഷയില്‍ നൂറില്‍ നൂറും വാങ്ങിയിട്ട് കാര്യമില്ല, ഇതിന് ഉത്തരം പറയണമെങ്കില്‍ പത്രം വായിക്കുക തന്നെ വേണം. സമകാലികവിഷയങ്ങളിലും പൊതുകാര്യങ്ങളിലും നല്ല അറിവ് സമ്പാദിക്കണം.
ഇന്റര്‍വ്യൂവിലെ ടി.ടി.ആര്‍.
വരുണ്‍ കുമാറിനോട് ചോദിച്ച മറ്റൊരു ചോദ്യം ഇങ്ങനെ: നിങ്ങള്‍ ഒരു റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍ (ടി.ടി.ആര്‍) ആണെന്ന് സങ്കല്പിക്കുക. തീവണ്ടിയിലെ ടിക്കറ്റുപരിശോധനയ്ക്കിടെ നിങ്ങള്‍ ടിക്കറ്റില്ലാത്ത ഒരു യാത്രക്കാരനെ പിടികൂടി. തൊട്ടപ്പുറത്തെ സീറ്റില്‍ നിങ്ങളെ കോളേജില്‍ പഠിപ്പിച്ച പ്രിയ അധ്യാപകന്‍ ഇരിക്കുന്നത് കണ്ടു. സന്തോഷത്തോടെ അടുത്തുചെന്ന നിങ്ങള്‍ കുശലപ്രശ്‌നങ്ങള്‍ക്കുശേഷം സാറിന്റെ ടിക്കറ്റ് ചോദിച്ചു. എന്നാല്‍ അധ്യാപകന്‍ പഴ്‌സ് തുറന്നുനോക്കിയപ്പോള്‍ ടിക്കറ്റ് കാണാനില്ല. അദ്ദേഹം ആകെ വിഷമിച്ച് വിയര്‍ത്തൊലിച്ചു. ടി.ടി.ആര്‍. എന്ന നിലയില്‍ ഈ കേസ് നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും...? പുസ്തകത്താളിലെ അറിവുവെച്ചുമാത്രം ഇതിന് അനുയോജ്യമായ ഉത്തരം നല്‍കാന്‍ കഴിയുമോ...?
വിജയത്തിന്റെ അടിസ്ഥാനം ഓരോ ഘട്ടത്തിലും നിങ്ങളുടെ സമീപനമാണ്. നിന്റെ ചിന്ത എന്താണോ നീ അതായിത്തീരുമെന്നാണ് ബൈബിള്‍ പറയുന്നത്. നീ എന്തായിരിക്കുന്നുവോ അത് നിന്റെ ചിന്തയുടെ ഫലമാണെന്ന് ശ്രീബുദ്ധനും പറഞ്ഞു. വിദ്യാഭ്യാസയോഗ്യത ഒന്നുകൊണ്ട് മാത്രം ഉയരങ്ങള്‍ കീഴടക്കാനാവില്ല. നിങ്ങളുടെ സമീപനം ക്രിയാത്മകമാണെങ്കില്‍ വിജയം നിങ്ങളെ തേടിയെത്തും.
binukannanthanam@rediffmail.com






