
ആഗോള മത്സരത്തില്‍ മലയാളിത്തിളക്കം
Posted on: 26 Sep 2012
ബീനാ ഗോവിന്ദ്
ഒരു കുട്ടിക്ക് ഒരു ലാപ്‌ടോപ്പ്
പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അവസരങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് ശുഭപ്രതീക്ഷ നല്കുന്നതാണ് 'ഒരു കുട്ടിക്ക് ഒരു ലാപ്‌ടോപ്പ്' പദ്ധതി. കഴിഞ്ഞ ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ നടന്ന 'ദി ഹള്‍ട്ട് ഗ്ലോബല്‍ കേസ് ചാലഞ്ച്' ആഗോള ഫൈനല്‍ മത്സരത്തില്‍ വിദ്യാഭ്യാസ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച പ്രോജക്ടാണിത്.
ഇന്ത്യ പോലെ അതി വിസ്തൃതമായ രാജ്യങ്ങളില്‍ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യംപോലും ലഭ്യമല്ലാത്ത വിദൂരഗ്രാമങ്ങളും ആദിവാസി മേഖലകളുമുണ്ട്. അവിടങ്ങളിലെ കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് മുഖേന വിദ്യാഭ്യാസം എത്തിക്കുന്ന പദ്ധതിയാണ് 'ഒരു കുട്ടിക്ക് ഒരു ലാപ്‌ടോപ്പ്' എന്ന് എം.ബി.എ. വിദ്യാര്‍ഥിനിയായ ശ്രുതിക മേനോന്‍ പറയുന്നു.
മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നേതൃത്വം നല്കുന്ന 'ക്ലിന്റണ്‍ ഗ്ലോബല്‍ ഇനീഷ്യേറ്റീവി'ന്റെ ഭാഗമായി ഹാര്‍ട്ട് ഇന്റര്‍നാഷണല്‍ ബിസിനസ്സ് സ്‌കൂളാണ് 'ഹള്‍ട്ട് ഗ്ലോബല്‍ കേസ് ചലഞ്ച്' നടത്തിവരുന്നത്. ഈ വര്‍ഷം വിജയിച്ച മൂന്ന് അഞ്ചംഗ ടീമുകളിലൊന്നില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു ശ്രുതിക മേനോന്‍. ഊര്‍ജം, വിദ്യാഭ്യാസം, ഭവനനിര്‍മാണം എന്നീ മേഖലകളിലായിരുന്നു മത്സരങ്ങള്‍.
ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വെല്ലുവിളി മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും യുവാക്കളില്‍നിന്ന് നൂതനാശയങ്ങള്‍ സ്വരൂപിക്കുകയാണ് ഹള്‍ട്ട് ഗ്ലോബല്‍ കേസ് ചലഞ്ചിന്റെ ലക്ഷ്യം. വിദ്യാഭ്യാസരംഗത്ത് മികച്ച സാമൂഹിക വീക്ഷണം വെളിപ്പെടുത്തുന്ന പ്രോജക്ടാണ് ശ്രുതികയുടെ ടീം അവതരിപ്പിച്ചതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ബില്‍ ക്ലിന്റണും നോബല്‍ സമ്മാന ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസും സന്നിഹിതരായ വേദിയില്‍ വെച്ചാണ് ഇവര്‍ സമ്മാനം സ്വീകരിച്ചത്.
130 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രൊഫഷണലുകളും മത്സരത്തില്‍ വിവിധ റൗണ്ടുകളിലായി പങ്കെടുത്തു.
സ്‌പെയിനിലെ 'എസ്സാഡെ'യില്‍ എം.ബി.എ. വിദ്യാര്‍ഥിനിയാണ് കോഴിക്കോട് സ്വദേശിയായ ശ്രുതിക മേനോന്‍. അവികസിത പ്രദേശങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുക ശ്രമകരമായ ജോലിയാണ്. ഇതിനായി സന്നദ്ധ സംഘടനകളെയും ബിസിനസ്സ് സ്ഥാപനങ്ങളെയും സഹകരിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കാണ് പ്രോജക്ടില്‍ ഊന്നല്‍ കൊടുത്തതെന്ന് ശ്രുതിക പറഞ്ഞു.
പാഠങ്ങള്‍ തുടങ്ങുംമുമ്പ് കുറഞ്ഞ ചെലവിലും സൗജന്യമായും ലാപ്‌ടോപ്പുകള്‍ ഉള്‍പ്രദേശങ്ങളിലെത്തിക്കാന്‍ വേണ്ട സൗകര്യമൊരുക്കുകയാണ് ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം. സന്നദ്ധ സംഘടനകളുടെ സാമൂഹിക ക്ഷേമ പദ്ധതിയില്‍ പങ്കാളികളാവാനുള്ള അവസരവും അതിന്റെ അംഗീകാരവും ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. സന്നദ്ധ സംഘടനയെ സംബന്ധിച്ചിടത്തോളം അവര്‍ക്കില്ലാത്ത സാമ്പത്തിക പിന്‍ബലവും ഭൗതിക സഹായങ്ങളും കമ്പനികള്‍ വഴി ലഭിക്കുമെന്നതാണ് ഗുണം. ശ്രുതികയുടെ ടീം അവതരിപ്പിച്ച പ്രോജക്ട് നൈജീരിയയിലെ ഒരു ടെലികോണ്‍ കമ്പനി ഉടന്‍ ഏറ്റെടുക്കുകയും ചെയ്തു.
കോഴിക്കോട് ബിലാത്തിക്കുളത്ത് പരേതനായ പ്രൊഫ. ഐ.ജി. മേനോന്റെ മകന്‍ കെ. അച്യുതമേനോന്റെയും നീനാ മേനോന്റെയും ഏക മകളാണ് ശ്രുതിക. കുടുംബം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.
ക്രൈസ്റ്റ് കോളേജില്‍നിന്ന് ബി.കോമും ഓസ്‌ട്രേലിയ എഡിത്ത് കൗന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ധനകാര്യ മാനേജ്‌മെന്റില്‍ പി.ജി.യും കഴിഞ്ഞാണ് ശ്രുതിക ബാര്‍സലോണയിലെ 'എസ്സാഡേ'യില്‍ 18 മാസത്തെ എം.ബി.എ. കോഴ്‌സിന് ചേര്‍ന്നത്. എസ്സാഡേയിലും അമേരിക്കയിലെ ഡ്യൂക് യൂണിവേഴ്‌സിറ്റിയിലുമായി കോഴ്‌സ് പൂര്‍ത്തിയാക്കും.
അതിനുശേഷം ബാംഗ്ലൂരില്‍ അച്ഛന്‍ നടത്തുന്ന കണ്ടെയ്‌നര്‍ ലൈനര്‍ നിര്‍മാണ കയറ്റുമതി കമ്പനിയായ പ്രൈം പ്രോഗ്രഷന്‍ എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡിന്റെ ചുമതലയേല്‍ക്കാനാണ് തീരുമാനം.
കുടുംബ ബിസിനസ്സ് ഏറ്റെടുത്താലും ബദല്‍ ഊര്‍ജ മാര്‍ഗങ്ങളും പുനരുപയോഗ ഊര്‍ജവും പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളുമായി സഹകരിക്കാനും താത്പര്യമുണ്ടെന്ന് ശ്രുതിക പറഞ്ഞു.
beenagovindr@rediffmail.com






