Vijayapadam

ഈ കവാടവും തുറക്കാം

Posted on: 29 Aug 2012

ടി.എ. അരുണാനന്ദ്‌




എന്‍ജിനീയറിങ് ഉന്നതപഠനരംഗത്തേക്കുള്ള പ്രവേശനകവാടം തുറക്കാന്‍ കാലമായി. ഗേറ്റ് അഥവാ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്ങിന് ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദത്തിനും പി.എച്ച്.ഡി. ഗവേഷണത്തിനുമുള്ള അര്‍ഹതാനിര്‍ണയ പരീക്ഷയാണിത്.

ഐ.ഐ.ടി., ഐ.ഐ.എസ്.സി., എന്‍.ഐ.ടി., ഐ.ഐ.ഐ.ടി.. തുടങ്ങിയവയുള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര എന്‍ജിനീയറിങ് പഠനകേന്ദ്രങ്ങളില്‍ പ്രവേശനത്തിന് ഗേറ്റ് പരീക്ഷയാണ് പരിഗണിക്കുന്നത്. കടമ്പ കടക്കുന്നവര്‍ക്ക് എം.ടെക്./എം.എസ്./ പി.എച്ച്.ഡി. കോഴ്‌സുകള്‍ ചെയ്യാം. ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ക്ക് രാജ്യത്തെ മുന്‍നിരസ്ഥാപനങ്ങളില്‍ ഉന്നതപഠനം, മികച്ച അധ്യാപകര്‍ക്കുകീഴില്‍ ഗവേഷണം നടത്താനുള്ള അവസരം തുടങ്ങിയവ കരഗതമാകും. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പോടെയാണ് പഠനാവസരം. മുന്‍നിരയിലുള്ള സ്വാശ്രയപഠനകേന്ദ്രങ്ങളും ഇപ്പോള്‍ ഗേറ്റ് മാനദണ്ഡമാക്കുന്നുണ്ട്.

വേറെയും ആകര്‍ഷണങ്ങളുണ്ട് ഗേറ്റിന്. കോടികളുടെ ആസ്തിയുള്ള രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളില്‍ ആകര്‍ഷകമായ ജോലി ലഭിക്കാനും ഗേറ്റ് അടിസ്ഥാനമാകും. ബി.എച്ച്.ഇ.എല്‍., ഐ.ഒ.സി., ബാര്‍ക്, എന്‍.ടി.പി.സി. തുടങ്ങിയ കമ്പനികള്‍ ഗേറ്റ് സ്‌കോറിനെ അടിസ്ഥാനമാക്കി റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ഇതിനുപുറമെ പഠനകാലത്ത് കാമ്പസ് പ്ലേസ്‌മെന്റിലൂടെ മികച്ച അവസരവും ലഭിക്കുമെന്ന് ഓര്‍ക്കുക.

ഇതൊക്കെ കണക്കിലെടുത്താണ് വര്‍ഷാവര്‍ഷം ഗേറ്റ് എഴുതുന്നവരുടെ എണ്ണം കുതിച്ചുയരുന്നത്. ഓരോ വര്‍ഷവും അരലക്ഷത്തോളം മലയാളി വിദ്യാര്‍ഥികള്‍ തന്നെ ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നുണ്ട്. പരീക്ഷാര്‍ഥികളുടെ എണ്ണം കൂടിയതോടെ മത്സരവും കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിട്ടയോടെയുള്ള പരിശീലനവും പഠനവും കൊണ്ടുമാത്രമേ ഗേറ്റ് കടക്കാന്‍ കഴിയുകയുള്ളൂ.

ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളാണ് ഗേറ്റ് പരീക്ഷയ്ക്കുള്ളത് (ഓണ്‍ലൈന്‍ പരീക്ഷാ വിഷയങ്ങള്‍ക്ക് ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്കുപുറമെ സംഖ്യകള്‍ ഉത്തരമായി വരുന്നു ഓപ്ഷനുകള്‍ നല്‍കാത്ത ചോദ്യങ്ങളും പ്രതീക്ഷിക്കാം). അതുകൊണ്ടുതന്നെ ബി.ടെക്. യൂണിവേഴ്‌സിറ്റി പരീക്ഷാ പഠനത്തിന് അവലംബിക്കുന്ന രീതിക്ക് പ്രാധാന്യമില്ല. ചോദ്യം വായിച്ച് അപഗ്രഥിക്കാനും അടിസ്ഥാനതത്ത്വങ്ങള്‍ പ്രയോഗിക്കാനുമുള്ള പരീക്ഷാര്‍ഥിയുടെ കഴിവാണ് പരിശോധിക്കപ്പെടുക. അതുകൊണ്ടുതന്നെ പഠനവും ആ രീതിയിലാകണം.

ഒരുങ്ങാന്‍ സമയമായി

ആദ്യമായി പരീക്ഷയുടെ സിലബസ് ശേഖരിക്കുകയാണ് വേണ്ടത്. ഇത് http://gate.iitb.ac.in/gate2013 എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ പാഠ്യപദ്ധതിയിലെ 90 ശതമാനം കാര്യങ്ങളും നിങ്ങള്‍ ഇതിനകം പഠിച്ചുകഴിഞ്ഞതായിരിക്കും. സിലബസ് 'പഠിച്ചു'കഴിഞ്ഞാല്‍ അടുത്തതായി ചെയ്യേണ്ടത് പഴയ ചോദ്യപ്പേപ്പറുകളും ഉത്തരങ്ങളും ശേഖരിക്കുക എന്നതാണ്. 2003 മുതലുള്ള ചോദ്യപ്പേപ്പറുകള്‍ മതിയാകും. ഇത്തരം പേപ്പറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. (ഉത്തരങ്ങളോടു കൂടിയ ചോദ്യപ്പേപ്പറുകള്‍,
പുസ്തകരൂപത്തിലും വാങ്ങാന്‍ കിട്ടും). ഓരോ വിഷയത്തിലും ഏതു വിഭാഗത്തില്‍നിന്നാണ് ചോദ്യങ്ങള്‍ സാധാരണഗതിയില്‍ വരുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. പിന്നീടുള്ള പഠനത്തില്‍ ഇത്തരം ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായിക്കും.

അടുത്തതായി കഴിഞ്ഞവര്‍ഷത്തെ ഒരു ഗേറ്റ് ചോദ്യപ്പേപ്പര്‍ എടുത്ത് പരീക്ഷ എഴുതുന്നതുപോലെ അതേ ചിട്ടയില്‍ അതേ സമയക്രമത്തില്‍ സ്വയം ഉത്തരമെഴുതി നോക്കുക-ഒരു 'മോക്ക്' ഗേറ്റ് എന്നു വേണമെങ്കില്‍ പറയാം. പരീക്ഷ എഴുതിക്കഴിഞ്ഞ് നിങ്ങളുടെ ഉത്തരങ്ങളും ശരിയുത്തരങ്ങളും തമ്മില്‍ താരതമ്യം ചെയ്യാം. മാര്‍ക്ക് വളരെ കുറഞ്ഞുപോയെങ്കിലും വിഷമിക്കേണ്ട - നമ്മള്‍ പഠനം ആരംഭിച്ചിട്ടേയുള്ളൂ. പക്ഷേ, നമുക്ക് എവിടെയൊക്കെയാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്ന് സ്വയം വിലിയിരുത്താന്‍ ഈ ഒരു പരിശ്രമം ഉപകാരപ്പെടും.

പഠനം തുടങ്ങാം

ഇനി യഥാര്‍ഥ പഠനം തുടങ്ങാം. നേരത്തേ പരീക്ഷ എഴുതിയപ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയ വിഷയങ്ങളോ, വിഷയഭാഗങ്ങളോ പ്രത്യേകം എഴുതി വെക്കുക. അതോടൊപ്പം മുന്‍ വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചു ചോദ്യങ്ങള്‍ വന്ന പാഠഭാഗങ്ങള്‍ എന്നിവയും ശ്രദ്ധിക്കാം. ഈ വിവരങ്ങളും സിലബസ്സിന്റെ വലിപ്പവും കണക്കിലെടുത്ത് ഒരു ടൈംടേബിള്‍ ഉണ്ടാക്കുകയാണ് ഇനി വേണ്ടത്. സമയബന്ധിതവും യഥാര്‍ഥവുമായ ഒരു ടൈംടേബിളാണ് ഉണ്ടാക്കേണ്ടത്. ഫിബ്രവരി രണ്ടാം വാരമുള്ള പരീക്ഷയ്ക്ക് ജനവരി പകുതി വരെ പഠനസമയമായി കണക്കാക്കാം. ജനവരി പതിനഞ്ച് മുതലുള്ള സമയം റിവിഷന്‍ പഠനത്തിന് മാറ്റിവെക്കണം. പല വിദ്യാര്‍ഥികള്‍ക്കും അബദ്ധം സംഭവിക്കുന്നത് ഇവിടെയാണ്. ഒരു ഓട്ടമത്സരത്തില്‍, ''ആദ്യമൊക്കെ നന്നായി ഓടി'' എന്നു പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ഫിനിഷിങ് ലൈന്‍ വരെ ഒരേ വേഗതവും ചുറുചുറുക്കും പാലിച്ചാലേ വിജയം ഉറപ്പാക്കാന്‍ കഴിയൂ.

ടൈംടേബിള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ പഠനം ആരംഭിക്കാം. പഠനസമയത്ത് താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

* നിലവാരം പുലര്‍ത്തുന്ന ടെക്സ്റ്റ് പുസ്തകങ്ങള്‍ മാത്രം വായിക്കുക. അതിനായി നിങ്ങളുടെ അധ്യാപകരെയോ, മുന്‍വര്‍ഷം ഗേറ്റ് എഴുതിയവരെയോ സമീപിക്കാം. അല്ലെങ്കില്‍ നമ്മുടെ യൂണിവേഴ്‌സിറ്റികളുടെ സിലബസ് പരിശോധിക്കാം. ആ സിലബസുകളില്‍ പറഞ്ഞിരിക്കുന്ന പുസ്തകങ്ങളെല്ലാം തന്നെ നിലവാരം പുലര്‍ത്തുന്നതായിരിക്കും.

ഈ പുസ്തകങ്ങള്‍ ഉപയോഗിച്ച് ഗേറ്റിന്റെ സിലബസ് മുഴുവനും തീര്‍ക്കാന്‍ ശ്രമിക്കണം. ഓര്‍ക്കുക: പരീക്ഷയില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ഒരോ മാര്‍ക്കും നിങ്ങളെ ഒരുപക്ഷേ, ആയിരക്കണക്കിന് റാങ്കുകള്‍ പിറകിലാക്കിയേക്കാം. അതുകൊണ്ട്, പഠനം സമ്പൂര്‍ണവും സമ്പുഷ്ടവുമാകണം.

നമ്മുടെ പരീക്ഷാര്‍ഥികള്‍ക്കുപറ്റുന്ന മറ്റൊരബദ്ധം, ഒരു വിഷയത്തിന് അഞ്ചും ആറും പുസ്തകങ്ങളും പി.ഡി.എഫുകളും വീഡിയോകളും ഒക്കെ ശേഖരിക്കും. പിന്നീട് ഇവയിലൂടെ കണ്ണോടിച്ചുവരുമ്പോള്‍ സമയം ഒരുപാട് കഴിഞ്ഞിരിക്കും. അതുകൊണ്ട് ആവശ്യത്തിനുമാത്രം പഠനസാമഗ്രികള്‍ ഉപയോഗിക്കുക; ആ സാമഗ്രികള്‍ നിലവാരം പുലര്‍ത്തുന്നവയാകണം എന്നുമാത്രം.

* ഓരോ പാഠഭാഗങ്ങള്‍ പഠിക്കുമ്പോഴും നിങ്ങളുടേതായ രീതിയില്‍ ചെറുനോട്ടുകള്‍ ഉണ്ടാക്കാന്‍ മറക്കരുത്. കാരണം, ഒരിക്കല്‍ ഒരു വിഷയം പഠിച്ചുകഴിഞ്ഞാല്‍, റിവിഷന്‍ സമയത്ത് വീണ്ടും ആ ഭീമന്‍ പുസ്തകങ്ങള്‍ വീണ്ടും വായിക്കുക എളുപ്പമല്ല. ആ സമയത്ത്, നോട്ടുകള്‍ വലിയൊരു സഹായമാകും ചെയ്യുക. പ്രധാന ഫോര്‍മുലകള്‍, അടിസ്ഥാനതത്ത്വങ്ങള്‍, കുറുക്കുവഴികള്‍ എന്നിവ എഴുതിവെക്കാം.

* ഓരോ വിഷയത്തിനും താഴെപ്പറയുന്ന പഠനരീതി പ്രാവര്‍ത്തികമാക്കുക. Learn, Test, Analyse, Improve (LTAI) - പഠനം, പരീക്ഷണം, വിലയിരുത്തല്‍, പുരോഗമിക്കല്‍. ഓരോ വിഷയവും പഠിച്ചുകഴിയുമ്പോള്‍ മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍ എടുത്ത് ഉത്തരമെഴുതി നോക്കുക. നിങ്ങളുടെ പുരോഗതി വിലയിരുത്തുക. തൃപ്തികരമല്ലെങ്കില്‍ ഏത് ഭാഗത്താണോ, പോരായ്മയുള്ളത് അവിടം പരിഹരിക്കാന്‍ ശ്രമിക്കുക. ഇത് ആത്മവിശ്വാസവും അറിവും വര്‍ധിപ്പിക്കാന്‍ സഹായിക്കും; തീര്‍ച്ച.

* സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ അപ്പപ്പോള്‍ത്തന്നെ ശ്രമിക്കുക. നിങ്ങളുടെ തന്നെ അധ്യാപകരോടോ, കൂട്ടുകാരോടോ ചോദിക്കുക. എന്നിട്ടും ഉത്തരം ലഭിക്കുന്നില്ലെങ്കില്‍, ഇന്റര്‍നെറ്റിലെ നിരവധി കൂട്ടായ്മകള്‍ (forms) ഉണ്ട്. അവയെ സമീപിക്കാം.

അതുപോലെ, സംഘ പഠനരീതി (Group Study) അവലംബിക്കുന്നത് ഗുണം ചെയ്യും. തെറ്റുകളും ശരികളും പരസ്പരം കൈമാറാനും പഠനം വേഗത്തിലാക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കുവാനും ഇത്തരം കൂട്ടായ്മകള്‍ സഹായിക്കും.

ഐ.ഐ.ടി.കളുടെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച NPTEL എന്ന പദ്ധതി പഠനത്തില്‍ വളരെ പ്രയോജനപ്രദമാണ്. http://nptel.iitm.ac.in എന്ന വെബ്‌സൈറ്റിലൂടെ നിങ്ങളുടെ വിഷയത്തിലെ പാഠഭാഗങ്ങള്‍ രാജ്യത്തെ പ്രഗത്ഭരായ അധ്യാപകര്‍ പഠിപ്പിച്ചുതരും; തികച്ചും സൗജന്യമായി! ഗേറ്റിന് തയ്യാറെടുക്കുന്നവര്‍ക്ക് വലിയൊരു സഹായമായിരിക്കും ഈ വെബ്‌സൈറ്റ്.

ലോകത്തെത്തന്നെ ഏറ്റവും വലിയ എന്‍ജിനീയറിങ് സര്‍വകലാശാലയായ മസാഞ്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (MIT) യിലെ 'ഓപ്പണ്‍ കോഴ്‌സ് വെയറുകള്‍' 'ഗേറ്റ്' പഠിതാക്കളെ സഹായിക്കും. സന്ദര്‍ശിക്കുക: http://ocw.mit.edu

എന്‍ജിനീയറിങ് അഭിരുചി നിര്‍ണയിക്കുന്ന ഈ പരീക്ഷയുടെ നൂറില്‍ 15 മാര്‍ക്ക് നീക്കിവെച്ചിരിക്കുന്നത് ഗണിതപരവും ആംഗലേയപരവുമായ അഭിരുചി പരീക്ഷിക്കാനാണ്. ഓരോ മാര്‍ക്കും വളരെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ എന്‍ജിനീയറിങ് വിഷയത്തോടൊപ്പം ഈ ഭാഗവുംകൂടി ശ്രദ്ധിക്കണം. 'ആര്‍.എസ്. അഗര്‍വാളി'ന്റെ 'ക്വാന്റിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് ആന്‍ഡ് വെര്‍ബല്‍ എമ്പിലിറ്റി' എന്ന പുസ്തകം നല്ലൊരു പഠനസാമഗ്രിയാണ്.

എത്ര മാര്‍ക്കുവേണം?

''എത്ര മാര്‍ക്ക് കിട്ടിയാല്‍ എനിക്ക് ഐ.ഐ.ടി. കിട്ടും''-മിക്കവാറും എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. മാര്‍ക്കടിസ്ഥാനത്തില്‍ നമുക്ക് ഗേറ്റ് വിജയത്തെ വിലയിരുത്താന്‍ കഴിയില്ല. ഓരോ വര്‍ഷം പരീക്ഷയെഴുതുന്നവരുടെയും ചോദ്യങ്ങളുടെ നിലവാരത്തിലെയും വ്യത്യാസം ആ വര്‍ഷത്തെ പ്രവേശനങ്ങളെ ബാധിക്കും. ഓരോ വര്‍ഷവും ഇത് വ്യത്യസ്തമായിരിക്കും. എങ്കില്‍ത്തന്നെയും പരീക്ഷയില്‍ വിജയിക്കണമെങ്കില്‍ 100 ല്‍ കുറഞ്ഞത് 25 മാര്‍ക്ക് നേടിയേ പറ്റൂ (ചിലപ്പോള്‍ ഇത് 25-ല്‍ കൂടിയേക്കാം). ഈ ലഭിക്കുന്ന മാര്‍ക്ക് ഒരു പ്രത്യേക ഫോര്‍മുലയിലൂടെ സ്‌കോര്‍ (1000-ല്‍) ആക്കുകയാണ് ചെയ്യുന്നത്. ഈ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള പ്രവേശനം. ഓരോ സ്ഥാപനത്തിലെയും കഴിഞ്ഞ വര്‍ഷത്തെ പ്രവേശനവിവരങ്ങളും സ്‌കോറുകളും അതത് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കും. ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നത് നമ്മുടെ ലക്ഷ്യം ഉറപ്പിക്കുന്നതിനും ആക്കം കൂട്ടുന്നതിനും ഉപകരിക്കും.

അറിയാന്‍

* ഗേറ്റ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുമാത്രമേ കേന്ദ്രസര്‍ക്കാറിന്റെ സ്റ്റൈപ്പന്‍ഡ് (പ്രതിമാസം 8000 രൂപ) ലഭിക്കുകയുള്ളൂ.
* ഗേറ്റ് എഴുതുന്നതിന് പ്രായതടസ്സമില്ല; പക്ഷേ, യോഗ്യത നേടിയിരിക്കണം എന്നുമാത്രം. എത്രതവണ വേണമെങ്കിലും പരീക്ഷ എഴുതാം. സ്‌കോറിന് രണ്ട് വര്‍ഷം പ്രാബല്യമുണ്ട്.
* പരമാവധി മാതൃകാപരീക്ഷകളും സ്വയം വിലയിരുത്തലുകളും നടത്തുവാന്‍ ശ്രമിക്കുക. പരിശീലനത്തിലൂടെ മാത്രമേ ഉന്നത വിജയം സാധ്യമാകൂ എന്നു മറക്കാതിരിക്കുക.

വിവരശേഖരണത്തിനുള്ള ചില വെബ്‌സൈറ്റുകള്‍:

1. http://gate.iitb.ac.in/gate2013
2. http://www.inspirenignite.com
3. http.//nptel.iitm.ac.in


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial