
ചതിക്കുഴികള്‍ തിരിച്ചറിയുക; വിദേശപഠനം കെണിയാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക
Posted on: 15 Aug 2012
ബിനു കണ്ണന്താനം
വിദേശ പഠനം ഏര്‍പ്പാടാക്കുന്ന ഒട്ടേറെ ഏജന്‍സികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ ഒരുക്കുന്ന ചതിക്കുഴികളെപ്പറ്റി ജാഗ്രത പുലര്‍ത്തണം. അമിതമായി ഫീസ് വാങ്ങുകയും മോഹന വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കെണിയില്‍പ്പെടുത്തുകയും ചെയ്യുന്നവരുണ്ട്. പഠനം പാതികണ്ട് ഉപേക്ഷിക്കേണ്ടി വന്നവരും ഭീമമായ പണം നഷ്ടപ്പെട്ടവരും സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്തവരുമൊക്കെ ഏറെ. പരസ്യത്തിലെ മാധുര്യം കണ്ട് ആറക്ക ശമ്പളം ഇപ്പോള്‍ വാങ്ങാം എന്ന അതിമോഹവുമായി ഏജന്‍സികളെ സമീപിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. അംഗീകാരമുള്ള ഏജന്‍സികളാണോ ഇവര്‍ എന്ന് ആദ്യമേ ഉറപ്പാക്കുക.
ബ്രിട്ടീഷ് കൗണ്‍സില്‍, യു.എസ്. ഐ.ഇ.എഫ് United States India Education Foundation), DAAD (ജര്‍മന്‍ അക്കാദമിക് എക്‌സ്‌ചേഞ്ച്) എന്നിവയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നവരെ വിശ്വസിക്കാം. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുമ്പോള്‍ അംഗീകാരമില്ലാത്ത കോഴ്‌സിനോ സ്ഥാപനത്തിലോ ചേരരുത്. ഉന്നത നിലവാരമുള്ള സ്ഥാപനത്തിലേ പ്രവേശനം വങ്ങാവൂ. മുമ്പ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുമായും അവരുടെ അച്ഛനമ്മമാരുമായൊക്കെ ബന്ധപ്പെടുവാന്‍ സാധിച്ചാല്‍ പ്രയോജനം ചെയ്യും.
ചൈനയിലും മറ്റു ചില രാജ്യങ്ങളിലും എം.ബി.ബി.എസ്സിന് കുറഞ്ഞ ചെലവില്‍ പ്രവേശനം ശരിയാക്കിക്കൊടുക്കുന്ന ഒട്ടേറെ ഏജന്‍സികള്‍ കേരളത്തിലുണ്ട്. ഉന്നത നിലവാരം പുലര്‍ത്തുന്ന മെഡിക്കല്‍ കോളേജുകളും വിദ്യാഭ്യാസ രീതികളുമൊക്കെ ഈ രാജ്യങ്ങളിലുണ്ടാകാം. ഇവിടന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് നേരെവന്ന് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുകയില്ല. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷ ജയിച്ചാല്‍ മാത്രമേ ഇവരുടെ ബിരുദത്തിന് ഇന്ത്യയില്‍ വിലയുള്ളൂ. ഇതു നിസ്സാര പരീക്ഷയാണെന്നും ജയിക്കാന്‍ ഒരു പ്രയാസവുമില്ലെന്നുമൊക്കെയാവും ഏജന്‍സികള്‍ പറയുക. പക്ഷേ, മെഡിക്കല്‍ കൗണ്‍സിലിന്റെ ടെസ്റ്റ് അതികഠിനമാണെന്നതാണ് യാഥാര്‍ഥ്യം. വെറും അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് നിലവില്‍ ഇത് പാസ്സാകുന്നതെന്ന് അറിഞ്ഞിരിക്കുക. ഈ കടമ്പ കടക്കാന്‍ സാധിക്കാത്ത ഒട്ടേറെ ചൈനീസ് എം.ബി.ബി.എസ്. ബിരുദധാരികള്‍ പതിനായിരം രൂപ പോലും ശമ്പളമില്ലാതെ രാജ്യത്തെ വിവിധ ആസ്പത്രികളില്‍ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്.
വിദേശരാജ്യത്ത് ഉപരിപഠനത്തിനു പോകേണ്ട എന്നല്ല മേല്പറഞ്ഞതിന്റെ സാരം. അബദ്ധം പറ്റാതിരിക്കുക അത്രമാത്രം. ആഗോളതലത്തിലുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ മനസ്സിലാക്കി രൂപപ്പെടുത്തിയ നൂതന കോഴ്‌സുകള്‍ വിദേശരാജ്യങ്ങളിലുണ്ടാകും. അമേരിക്കയിലും കാനഡയിലും പഠനം പൂര്‍ത്തിയാക്കിയാല്‍ ജോബ് വിസ ലഭിക്കാന്‍ മറ്റു രാജ്യങ്ങളേക്കാള്‍ എളുപ്പമാണ്. ബ്രിട്ടണില്‍ സ്റ്റുഡന്റ്‌സ് വിസയ്ക്ക് ശേഷം രണ്ടു വര്‍ഷത്തേക്ക് തൊഴില്‍ കണ്ടെത്താനും ചെയ്യാനുമുള്ള അനുമതി ലഭിക്കും. നമ്മുടെ നാട്ടില്‍ തൊഴില്‍സാധ്യത കുറവെന്ന് പലരും കരുതുന്ന കോഴ്‌സുകള്‍ക്ക് വിദേശത്ത് മികച്ച തൊഴില്‍ സാധ്യതയുണ്ട്. എന്‍ജിനീയറിങ് കഴിഞ്ഞ് വിദേശത്തുനിന്ന് എം.ബി.എ. എടുത്താല്‍ ഉയര്‍ന്ന ശമ്പളം ലഭിക്കും.
ഒട്ടേറെ നവതലമുറ കോഴ്‌സുകളും വിദേശത്തുണ്ട്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ് എന്നിവ ചേര്‍ന്ന മെക്കട്രോണിക്‌സ്, ബയോളജിയും ഐ.ടി.യും ചേര്‍ന്നുള്ള ബയോ ഇന്‍ഫര്‍മാറ്റിക്‌സ് തുടങ്ങിയവ ഉദാഹരണം.
വിദേശ കോഴ്‌സിന് ചേരുമ്പോള്‍ ആദ്യംതന്നെ ഇതിന്റെ സാമ്പത്തികവശം ശരിയാവണ്ണം മനസ്സിലാക്കണം. ബ്രിട്ടണിലാണെങ്കില്‍ ഒരു വര്‍ഷം ശരാശരി 8-10 ലക്ഷം രൂപയും അമേരിക്കയിലാണെങ്കില്‍ 10-15 ലക്ഷം രൂപയും ചെലവ് വരും. ഇത് കണ്ടെത്താന്‍ സാധിക്കുമോയെന്ന് ആദ്യംതന്നെ ആലോചിക്കണം. ഉപരിപഠനമേഖല, തിരഞ്ഞെടുത്താല്‍ അതിനു പറ്റിയ രാജ്യവും ഈ കോഴ്‌സുകള്‍ നടത്തുന്ന മികവുറ്റ ഏതാനും സ്ഥാപനങ്ങളും കണ്ടെത്തി അവരുടെ വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം. അല്ലാതെ വശീകരിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകാതിരിക്കുക.
binukannanthanam@rediffmail.com






