Vijayapadam

സെക്രട്ടേറിയറ്റിലേക്കുള്ള പടവുകള്‍

Posted on: 18 Jul 2012


അസിസ്റ്റന്റ് - ഓഡിറ്റര്‍ നിയമനത്തിന് ഒറ്റപ്പരീക്ഷ


ഭരണയന്ത്രം തിരിക്കാന്‍ നിങ്ങള്‍ക്കും അവസരം ലഭിച്ചാലോ? അല്പം കടന്ന് ചിന്തിക്കാം, കിട്ടുന്ന അവസരം ഭരണസിരാകേന്ദ്രത്തില്‍ത്തന്നെയായാലോ? നേരമ്പോക്കല്ല, പരിശ്രമിച്ചാല്‍ പരമാര്‍ഥമാവാനിടയുള്ള, സാധാരണ ബിരുദധാരിയുടെ അഭിലാഷങ്ങളിലൊന്നാണിത്. ഈ സ്വപ്നം പങ്കുവെക്കുന്നയാളാണെങ്കില്‍ ഇപ്പോള്‍ ഒരുക്കം തുടങ്ങാം. അസിസ്റ്റന്റ്-ഓഡിറ്റര്‍ തസ്തികയിലേക്കുള്ള പി.എസ്.സി. വിജ്ഞാപനം വരാറായി.

ഭരണസിരാകേന്ദ്രത്തിലെ ഉന്നത സര്‍ക്കാര്‍ പദവികളിലേക്കുവരെ വാതില്‍തുറക്കുന്ന 'സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്' തസ്തികയെപ്പറ്റി തന്നെയാണ് പറയുന്നത്. അസിസ്റ്റന്റ്-ഓഡിറ്റര്‍ തസ്തികയിലേക്കുള്ള പി.എസ്.സി. ലിസ്റ്റില്‍ നിന്ന് ഭൂരിഭാഗം നിയമനവും നടക്കുന്നത് സെക്രട്ടേറിയറ്റിലേക്കായതിനാല്‍ വീണു കിട്ടിയ ഓമനപ്പേരാണ് 'സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്' എന്നത്. യഥാര്‍ഥത്തില്‍ സെക്രട്ടേറിയറ്റിനു പുറമെ പി.എസ്.സി, ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്, വിജിലന്‍സ് ട്രിബ്യൂണല്‍ ഓഫീസ്, സ്‌പെഷല്‍ ജഡ്ജസ് ആന്‍ഡ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ്, അഡ്വക്കറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളിലേക്കും ഒരേ റാങ്ക് പട്ടികയില്‍ നിന്നാണ് നിയമനം നടക്കുന്നത്.

ഡെപ്യൂട്ടി കളക്ടര്‍, ബി.ഡി.ഒ. തുടങ്ങി ബിരുദധാരികള്‍ക്ക് നേരിട്ട് ഗസറ്റഡ് റാങ്കില്‍ത്തന്നെയെത്താവുന്ന സര്‍ക്കാര്‍ തസ്തികകളുണ്ടെങ്കിലും, ഒഴിവുകളുടെ എണ്ണവും ഉദ്യോഗക്കയറ്റ സാധ്യതകളുമാണ് അസിസ്റ്റന്റ്-ഓഡിറ്റര്‍ തസ്തികയെ ഏറെ പ്രിയങ്കരമാക്കുന്നത്. ആയിരത്തിലധികം പേരുള്ള റാങ്ക് പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചാല്‍പ്പോലും കാലാവധി തീരുമ്പോഴേക്കും ഇതിലുള്‍പ്പെട്ട മിക്കവാറും പേര്‍ക്കും നിയമനം കിട്ടാറാണ് പതിവ്.

നിയമനം സെക്രട്ടേറിയറ്റിലാണെങ്കില്‍ ഉദ്യോഗക്കയറ്റം വഴി 'സ്‌പെഷല്‍ സെക്രട്ടറി' വരെയും പി.എസ്.സി.യിലാണെങ്കില്‍ 'സെക്രട്ടറി' വരെയും ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്ങിലാണെങ്കില്‍ 'ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍' വരെയും എത്താനുള്ള വഴിയും തുറന്നുകിട്ടുന്നു. സെക്രട്ടേറിയറ്റിലെ വിവിധ സര്‍വീസുകളെ ഭാവിയില്‍ റവന്യൂ വകുപ്പിന് സമാനമായ രീതിയില്‍ സ്റ്റേറ്റ് സിവില്‍ സര്‍വീസിലേക്ക് പരിഗണിക്കാനിടയുള്ളതിനാല്‍ ഐ.എ.എസ്. പദവിവരെ കൈവരാനും വഴിതെളിഞ്ഞേക്കാം. നിലവില്‍ 13900-24040 രൂപയാണ് എന്‍ട്രി കേഡറിലെ അടിസ്ഥാന ശമ്പളനിരക്ക്.

കഴിഞ്ഞ പരീക്ഷ, റാങ്ക് ലിസ്റ്റ്, നിയമനം

കഴിഞ്ഞ പരീക്ഷയുടെ പ്രിലിമിനറിക്ക് മൂന്നു ലക്ഷത്തോളം പേര്‍ അപേക്ഷിച്ചിരുന്നു. താരതമ്യേന കടുപ്പമായിരുന്ന ഈ പരീക്ഷയില്‍ 48 മാര്‍ക്കിനുമേല്‍ നേടിയ പതിനൊന്നായിരത്തോളം പേരാണ് മെയിന്‍ പരീക്ഷയെഴുതിയത്. 46 മാര്‍ക്കായിരുന്നു മെയിന്‍ ലിസ്റ്റിന്റെ കട്ട് ഓഫ് മാര്‍ക്ക്. 20 മാര്‍ക്കിന്റെ അഭിമുഖം കൂടി പൂര്‍ത്തിയാക്കി, മെയിന്‍ ലിസ്റ്റില്‍ 1564 പേരും സപ്ലിമെന്ററി ലിസ്റ്റില്‍ 2459 പേരുമായി ആകെ 4023 പേരുടെ റാങ്ക്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഈ റാങ്ക്പട്ടിക 2013 മാര്‍ച്ച് 15നാണ് സാധാരണ ഗതിയില്‍ റദ്ദാവുക. ഇതുവരെ 931 നിയമനങ്ങള്‍ നടന്നു കഴിഞ്ഞു. ഓപ്പണ്‍ വിഭാഗത്തില്‍ 784-ാം റാങ്കുകാരനു വരെ നിയമനം ലഭിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചിരുന്നില്ലെങ്കില്‍ നിയമനം ഇതിലും കൂടിയേനെ.

യോഗ്യതകള്‍, പുതിയ മാനദണ്ഡങ്ങള്‍

ഇതുവരെ ബിരുദമായിരുന്നു അസിസ്റ്റന്റ്-ഓഡിറ്റര്‍ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍ ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ശാസ്ത്രവിഷയക്കാര്‍ക്ക് 50 ശതമാനം മാര്‍ക്കോടെയും മാനവികവിഷയക്കാര്‍ക്ക് 45 ശതമാനം മാര്‍ക്കോടെയുമുള്ള ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉണ്ടെങ്കില്‍ മാത്രമേ അപേക്ഷിക്കാനാവൂ. ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ്, റൂട്രോണിക്‌സ്, സിഡാക്, സിഡിറ്റ്, സി ആപ്റ്റ്, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളില്‍നിന്നുള്ള ഡി.സി.എ. യാണ് സര്‍ക്കാര്‍ ഉത്തരവു പ്രകാരം അംഗീകൃതമായിട്ടുള്ളത്. പി.ജി.ഡി.സി.എ. നേടിയിട്ടുണ്ടെങ്കില്‍ അതും യോഗ്യതയായി കണക്കാക്കും. ഡി.സി.എ.യേക്കാള്‍ ഉയര്‍ന്ന യോഗ്യത എന്നതു പരിഗണിച്ചാണ് ഇത്. ഏതെല്ലാം കോഴ്‌സുകള്‍ ഡി.സി.എ.യ്ക്ക് തത്തുല്യമാണെന്നതു സംബന്ധിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വിജ്ഞാപനത്തോടൊപ്പമുണ്ടാകും.

ഒറ്റപ്പരീക്ഷ

ഒബ്ജക്ടീവ് ടൈപ്പ് പ്രിലിമിനറി പരീക്ഷ, വിവരണാത്മക രീതിയിലുള്ള മെയിന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെയാണ് കഴിഞ്ഞ തവണ അസിസ്റ്റന്റ്-ഓഡിറ്റര്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഇത്തവണ ഒ.എം.ആര്‍. രീതിയിലുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ മാത്രമേ ഉണ്ടാവൂ. ഒന്നേകാല്‍ മണിക്കൂറാണ് ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയ്ക്ക് ഉത്തരമെഴുതാന്‍ ലഭിക്കുക. എല്‍.ഡി. ക്ലാര്‍ക്ക് മാതൃകയിലുള്ളതാകും പരീക്ഷ. പക്ഷേ, കുറച്ചുകൂടി സങ്കീര്‍ണമായ 100 ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടത്.

പൊതുവിജ്ഞാനം, ഇംഗ്ലീഷ് ഭാഷ, ആനുകാലികസംഭവങ്ങള്‍, മാനസികശേഷി പരിശോധന, ഗണിതശാസ്ത്രം എന്നിവയില്‍ നിന്നാവും ചോദ്യങ്ങള്‍. കമ്പ്യൂട്ടര്‍ ഡിപ്ലോമ അടിസ്ഥാന യോഗ്യതയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അതുമായി ബന്ധപ്പെട്ട ചോദ്യവിഭാഗവും ഇത്തവണ പ്രതീക്ഷിക്കാം. ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് രണ്ടുതവണ സംവരണമേര്‍പ്പെടുത്തേണ്ടിവരുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദമാണ് ഇക്കുറി രണ്ടു പരീക്ഷ വേണ്ടെന്ന് തീരുമാനിക്കാന്‍ പി.എസ്.സി.യെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മുന്‍പരീക്ഷകളില്‍ പ്രിലിമിനറിക്കും മെയിന്‍പരീക്ഷക്കും സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കുകയുമുണ്ടായി. ബിരുദത്തിന് മാര്‍ക്ക് നിബന്ധന വെച്ചതും കമ്പ്യൂട്ടര്‍ ഡിപ്ലോമ ആവശ്യപ്പെട്ടതും വഴി അപേക്ഷകരുടെ എണ്ണം കുറയുമെന്നാണ് പി.എസ്.സി. പ്രതീക്ഷിക്കുന്നത്. രണ്ടു പരീക്ഷയെന്ന ഭാരിച്ച ജോലി ഒഴിവാക്കി ഒറ്റപ്പരീക്ഷയാക്കാന്‍ ഇതു സഹായിക്കുമെന്നും കരുതുന്നു.

എങ്ങനെ ഒരുങ്ങണം ?

സാധാരണ പി.എസ്.സി. പരീക്ഷകളില്‍ നിന്നു വ്യത്യസ്തമാണ് അസിസ്റ്റന്റ്-ഓഡിറ്റര്‍ പരീക്ഷ. ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങള്‍. കാപ്‌സ്യൂള്‍ പഠന രീതിയെ മാത്രം ആശ്രയിച്ചാല്‍ പരീക്ഷയില്‍ വിയര്‍ക്കും. പരന്ന വായനയും കാര്യങ്ങള്‍ നന്നായി ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ടെങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് നേടാനാവും. നല്ല പത്രവായന പരീക്ഷ നേരിടാന്‍ ആത്മവിശ്വാസമേകും. പൊതുവിജ്ഞാനം വളര്‍ത്തുന്ന ടി.വി. പരിപാടികളും വാര്‍ത്തകളുമൊക്കെ പതിവായി കാണുക. വേഗവും പ്രധാനമാണ്. ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ സങ്കീര്‍ണമായ 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി പൂര്‍ത്തിയാക്കാന്‍ നിരന്തര പരിശീലനം മാത്രമേയുള്ളൂ ആശ്രയം. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ശേഖരിച്ച് ഉത്തരമെഴുതി നോക്കുന്നത് ഗുണം ചെയ്യും. ബിരുദം അടിസ്ഥാനയോഗ്യതയായുള്ള പി.എസ്.സി. പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ശേഖരിച്ച് പരിശീലിക്കുക. പരീക്ഷയുടെ ആവശ്യങ്ങളിലൂന്നിക്കൊണ്ടുള്ള പഠനാസൂത്രണം പ്രധാനമാണ്.



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial