Vijayapadam

സേനയിലേക്ക് ഐ.ടിക്കാരും

Posted on: 18 Jul 2012


സൈബര്‍ലോകത്ത് ശത്രുക്കള്‍ യുദ്ധസന്നാഹവുമായി സജീവമാകുമ്പോള്‍ രാജ്യത്ത് സുരക്ഷാവല തീര്‍ക്കേണ്ട ബാധ്യത സേനയ്ക്കു തന്നെയാണ്. പുതിയ കാലത്ത് പുതിയ യുദ്ധമുറകള്‍ക്ക് അനുയോജ്യമായ പോരാളികള്‍ക്ക് രൂപം കൊടുക്കാന്‍ നാവികസേന ഒരുങ്ങുന്നു. ഉയര്‍ന്ന സുരക്ഷയുള്ള കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിലാണിത്.

പുതിയ ഐ.ടി. കേഡറിനാണ് നാവികസേന രൂപം കൊടുക്കുന്നത്. സൈബര്‍ലോകത്തെ നുഴഞ്ഞുകയറ്റങ്ങള്‍ ചെറുത്ത് ശത്രുപക്ഷത്തെ നിലംപരിശാക്കുകയും ആവശ്യമെങ്കില്‍ പ്രത്യാക്രമണം നടത്തുകയുമൊക്കെ ഈ കേഡറിന്റെ മുഖ്യചുമതലകളാകും. എതിരാളികളുടെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞുകയറി രഹസ്യങ്ങള്‍ ചോര്‍ത്താനും വൈറസ് പടര്‍ത്തി എല്ലാം കുളമാക്കാനും സജ്ജരായ ഹാക്കര്‍മാരെ ചില രാജ്യങ്ങള്‍ പരിശീലിപ്പിക്കുന്നുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് ഐ.ടി. കേഡറിന് രൂപം കൊടുക്കുന്നത്.

നാവികസേനയുടെ ഐ.ടി. ബ്രാഞ്ചില്‍ അണിനിരക്കാനാഗ്രഹിക്കുന്ന മിടുക്കര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സയന്‍സ് / എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. എക്‌സിക്യൂട്ടീവ് ബ്രാഞ്ചില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് ജൂലായ് 22 വരെ അപേക്ഷിക്കാം. ഏഴിമല നാവികഅക്കാദമിയില്‍ 2012 ഡിസംബറിലാണ് കോഴ്‌സ് തുടങ്ങുക.

അവിവാഹിതരായ പുരുഷന്മാരാകണം അപേക്ഷകര്‍.

പ്രായം: 19ു-25 വയസ്സ്. യോഗ്യത: ബി.ഇ/ ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്), ബി.എസ്.സി. (ഐ.ടി), എം.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്), എം.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്), ബി.സി.എ/ എം.സി.എ. എന്നീ ബിരുദങ്ങളിലൊന്ന് നേടിയവരാകണം.

നിശ്ചിതശാരീരികയോഗ്യതകളും വേണം. ബാംഗ്ലൂര്‍, ഭോപ്പാല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന
എസ്.എസ്.ബി. ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

* വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും: www.nausena-bharti.nic.in


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial