
സോസെ സരമാഗു
Posted on: 29 Dec 2010
നൊബേല്‍ സമ്മാന ജേതാവായ സോസെ സരമാഗു 2010 ജൂണ്‍ 18-ന് തന്റെ 87-ാം വയസ്സില്‍ അന്തരിച്ചു. പോര്‍ച്ചുഗീസുകാരനായിരുന്ന അദ്ദേഹം നോവലിസ്റ്റും കവിയും നാടകകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ പല കൃതികളും ചരിത്രസംഭവങ്ങളുടെ മാനുഷിക തലത്തിലൂന്നിക്കൊണ്ടുള്ള വിപ്ലവകരമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. മിത്തുകള്‍, സ്വദേശത്തിന്റെ ചരിത്രം , സര്‍ റിയലിസ്റ്റ് ഭാവുകത എന്നിവയെല്ലാം അദ്ദേഹം തന്റെ കൃതികളില്‍ കോര്‍ത്തിണക്കി. 1998 ലാണ് സരമാഗുവിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. 2 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ ഇരുപത്തഞ്ച് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1992-ല്‍ അദ്ദേഹം മറ്റു ചിലരോടു ചേര്‍ന്ന് ലിസ്ബണില്‍ നാഷണല്‍ ഫ്രണ്ട് ഫോര്‍ ദ ഡിഫെന്‍സ് ഓഫ് കള്‍ച്ചര്‍ എന്ന സംഘടന രൂപവത്കരിച്ചു. 1922-ല്‍ അസിന്‍ഹാഗെയിലെ ഒരു ഭൂരഹിത കര്‍ഷകകുടുംബത്തിലാണ് സരമാഗു ജനിച്ചത്. ജോസ് ഡെ സോസെയും മരിയ ഡെ പിഡാഡെയും ആയിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. 1992-ല്‍ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ 'ദ ഗോസ്പല്‍ അക്കോഡിങ് ടു ജീസസ് ക്രൈസ്റ്റ്' എന്ന സരമാഗു കൃതി മതനിന്ദാപരമെന്നു വിശേഷിപ്പിച്ച് യൂറോപ്യന്‍ ലിറ്റററി പ്രൈസ് ലിസ്റ്റില്‍നിന്ന് നീക്കംചെയ്യാന്‍ ഉത്തരവിട്ടു. സെന്‍സര്‍ഷിപ്പ് നയത്തിനെതിരെ പ്രതികരിച്ചുകൊണ്ട് സരമാഗു സ്‌പെയിനിലേക്ക് പോകുകയും അന്ത്യംവരെ അവിടെ കഴിയുകയും ചെയ്്തു.
കടപ്പാട്: മാതൃഭൂമി തൊഴില്‍വാര്‍ത്ത പ്രസിദ്ധീകരണമായ ഹരിശ്രീ





