
വര്‍ഗീസിന്റെ കൊലപാതകം: കാലത്തിന് മായ്ക്കാനാവാത്ത സത്യം
Posted on: 29 Dec 2010

സ്വര്‍ണപ്പാത്രം കൊണ്ട് സത്യത്തെ ഇത്രയും കാലം മറച്ചുവെച്ചിരുന്നെങ്കിലും വൈകിയാണെങ്കിലും സത്യം കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു''-നക്‌സല്‍ വര്‍ഗീസ് വധക്കേസിലെ വിധിയില്‍ പ്രത്യേകകോടതി ജഡ്ജി എസ്. വിജയകുമാര്‍ പരാമര്‍ശിച്ചതാണിക്കാര്യം. 40 വര്‍ഷം മുന്‍പ് പോലീസ് കസ്റ്റഡിയിലിരിക്കെ വര്‍ഗീസിനെ വെടിവെച്ചുകൊന്ന കുറ്റത്തിന് മുന്‍ ഐ.ജി. ലക്ഷ്മണയ്ക്ക് ശിക്ഷകിട്ടുന്നത് 2010 ഓക്ടോബര്‍ 28-നാണ്.
1970 ഫിബ്രവരി 18-ന് അന്ന് ഡി.വൈ.എസ്.പി.യായിരുന്ന ലക്ഷ്മണയുടെയും ഡി.ഐ.ജി യായിരുന്ന വിജയന്റെയും ആജ്ഞയനുസരിച്ച് താന്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ കോടതിയില്‍ നല്‍കിയ മൊഴി. കേസില്‍ ഒന്നാംപ്രതിയായിരുന്ന രാമചന്ദ്രന്‍ നായര്‍ 2006-ല്‍ മരിച്ചു. രണ്ടാംപ്രതിയായ ലക്ഷ്മണയ്ക്ക് കോടതി ജീവപര്യന്തം തടവും 10,000രൂപ പിഴയും വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 34 (പൊതു ഉദ്ദേശത്തോടെയുള്ള കൂട്ടായ കൃത്യം) എന്നീ വകുപ്പുകളനുസരിച്ചാണ് ശിക്ഷ. കേസില്‍ മൂന്നാംപ്രതിയായിരുന്ന മുന്‍ ഡി.ഐ.ജി.വിജയനെ മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ കോടതി വിട്ടയച്ചു.
വര്‍ഗീസിനെ വെടിവെച്ച് കൊലപ്പെടുത്തിയത് രാമചന്ദ്രന്‍ നായരാണ്. അതിനുള്ള ആജ്ഞ നല്‍കിയത് ലക്ഷ്മണയും. കൊലപാതകത്തിനും പൊതുവായ ഉദ്ദേശ്യം പങ്കിട്ടതിനും ലക്ഷ്മണ കുറ്റക്കാരനാകുന്നത് അങ്ങനെയാണ്- വിധിയില്‍ ജഡ്ജിപറഞ്ഞു.
''പോലീസ് വര്‍ഗീസിനെ പിടികൂടി കൈകള്‍ കൂട്ടിക്കെട്ടി തിരുനെല്ലിയില്‍ ഒളിപ്പിച്ചുവെച്ചു. പോലീസ് കസ്റ്റഡിയിലുള്ളപ്പോഴാണ് വര്‍ഗീസ് കൊല്ലപ്പെടുന്നത്. ഭീകരവാദിയെയോ നക്‌സലൈറ്റിനെയോ പോലീസിന് പിടികൂടാം. എന്നാല്‍ അങ്ങനെയുള്ളവരെ വിചാരണചെയ്യാന്‍ കോടതിക്ക് മുന്‍പാകെ ഹാജരാക്കുകയാണ് വേണ്ടത്. കസ്റ്റഡിയിലിരിക്കെ അങ്ങനെയൊരാളെ കൊലചെയ്താല്‍ ദശകങ്ങള്‍ കഴിഞ്ഞാലും കാലത്തിന് അതിനെ തേച്ചുമാച്ചുകളയാന്‍ കഴിയില്ല. നമ്മുടെ നാട്ടില്‍ ഭരണഘടനയുടെ വാഴ്ചയുള്ളതിനാല്‍ ഇത്തരത്തിലുള്ള കസ്റ്റഡിമരണങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. നക്‌സലൈറ്റുകളെപ്പോലുള്ളവരെ ശിക്ഷിക്കേണ്ടത് പോലീസല്ല അങ്ങനെയുള്ള പ്രവണത ഭരണഘടനയുടെ സത്തയ്ക്കും നിയമത്തിനും വിരുദ്ധമാണ്.'' വിധിന്യായത്തില്‍ പറയുന്നു.
രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍
1970-ന് വര്‍ഗീസ് കൊല്ലപ്പെട്ടെങ്കിലും 28 വര്‍ഷത്തിനുശേഷം 1998-ലാണ് വര്‍ഗീസിനെ താനാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന കാര്യം രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തുന്നത്. മുന്‍ നക്‌സലൈറ്റ് നേതാവ് ഗ്രോ വാസുവിനോടാണ് രാമചന്ദ്രന്‍ നായര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം പുറത്തുവരുന്നത് രണ്ടുദശാബ്ദം കഴിഞ്ഞ് 1998-ലാണ്. ''1970 ഫിബ്രവരി 18-ന് രാവിലെ കാട്ടില്‍ നിന്ന് പിടികൂടിയ വര്‍ഗീസിനെ പോലീസ് സംഘം തിരുനെല്ലിയില്‍ കൊണ്ടുപോയി. അവിടെ കൂടിയ ആളുകളെ കാണിച്ച് വര്‍ഗീസാണെന്ന് ബോധ്യപ്പെടുത്തി. അതിനുശേഷം രാമചന്ദ്രന്‍ നായരുടെ തോക്കിന്റെപട്ട അഴിച്ച് കൈകള്‍ പിറകിലേക്ക് കൂട്ടിക്കെട്ടി മാനന്തവാടിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് വര്‍ഗീസിനെ വെടിവെച്ച് കൊല്ലാന്‍ ലക്ഷ്മണ തന്നോട് ആവശ്യപ്പെടുകയായിരുന്നു.'' രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തി. രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ കെ. വേണുവിന്റെ ലേഖനത്തിലൂടെ പുറത്തുവന്നതോടെയാണ് വര്‍ഗീസ് കേസില്‍ പുനരന്വേഷണത്തിന് വഴി തെളിയുന്നത്. കൊച്ചിയിലെ നിയമവേദിയായിരുന്നു ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് 1999 ജനവരി 27-ന് ഹൈക്കോടതി നിര്‍ദേശത്തെതുടര്‍ന്ന് കേസ് സി.ബി.ഐ. ഏറ്റെടുത്തു.
വര്‍ഗീസ് രാഷ്ട്രീയ ചരിത്രം
വെള്ളമുണ്ട ഒഴുക്കന്‍ മൂലയില്‍ കുടിയേറ്റ കര്‍ഷകരായ വര്‍ക്കി-റോസ ദമ്പതികളുടെ ആറുമക്കളില്‍ മൂന്നാമനായ വര്‍ഗീസ് രാഷ്ടീയപ്രവര്‍ത്തനം ആരംഭിക്കുന്നത് സി.പി.ഐ(എം). സജീവപ്രവര്‍ത്തകനായാണ്. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായ വര്‍ഗീസിനെ പാര്‍ട്ടി ആദിവാസി-കര്‍ഷക പ്രസ്ഥാനം നയിക്കാനായി വയനാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. അവിടെയെത്തിയ വര്‍ഗീസ് നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1969 നവംബര്‍ 24-ന് നടന്ന പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു. തുടര്‍ന്ന് തിരുനെല്ലിയില്‍ വാസുദേവ അഡിഗയെ വധിച്ച കേസിലും പോലീസിന് വിവരം നല്‍കിയിരുന്ന ചേക്കൂ കൊല്ലപ്പെട്ട കേസിലും പോലീസിന്റെ നോട്ടപ്പുള്ളിയായ വര്‍ഗീസിനെ തിരുനെല്ലി കാട്ടില്‍നിന്ന് സി.ആര്‍.പി.എഫി.ന്റെ സഹായത്തോടെയാണ് കേരള പോലീസ് പിടികൂടിയത്.
കടപ്പാട്: മാതൃഭൂമി തൊഴില്‍വാര്‍ത്ത പ്രസിദ്ധീകരണമായ ഹരിശ്രീ





