onv top

നിറവിന്റെ സൗന്ദര്യം

Posted on: 25 Sep 2010ഒറ്റപ്ലായ്ക്കല്‍ നമ്പിയാടിക്കല്‍ വേലുക്കുറുപ്പ് എന്നു പറഞ്ഞാല്‍ 'ഇതാരപ്പാ' എന്ന സംശയം ആര്‍ക്കും തോന്നാം. എന്നാല്‍, ഒ.എന്‍.വി. എന്നു പറഞ്ഞാല്‍ അറിയാത്തവരായി മലയാളികള്‍ ആരെങ്കിലും ഉണ്ടാവുമെന്നു തോന്നുന്നില്ല. ഈ ത്രയക്ഷരി മലയാളി മനസ്സില്‍ നിറയ്ക്കുന്നത് മലയാള കവിതയുടെ മധു.

കഴിഞ്ഞ ആറു പതിറ്റാണ്ടായി മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായക സ്വാധീനമാണ് ഒ.എന്‍.വി. സമസ്ത ജീവജാലങ്ങളോടും മണ്ണിനോടും പുഴയോടും സൂര്യനോടും നക്ഷത്രങ്ങളോടും പൂക്കളോടുമെല്ലാം ഹൃദയപക്ഷം ചേര്‍ന്നു നില്‍ക്കുന്ന ഭാവഗീതങ്ങള്‍ സമ്മാനിച്ച സാധാരണക്കാരന്‍.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രധാന വൈദ്യനും 'സ്വരാജ്യ'ത്തിന്റെ പത്രാധിപരുമായിരുന്ന ഒ.എന്‍.കൃഷ്ണക്കുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടിയുടെയും മകനായി 1931 മെയ് 27ന് അത്തം നക്ഷത്രത്തിലായിരുന്നു ജനനം. കൊല്ലം ജില്ലയിലെ ചവറ ജന്മദേശം. കൃഷ്ണക്കുറുപ്പ് തന്റെ അച്ഛന്റെ പേരു തന്നെ മകനും നല്‍കി -വേലുക്കുറുപ്പ്. അപ്പു എന്ന് ഓമനപ്പേര്. സംസ്‌കൃതവും മലയാളവും പഠിപ്പിച്ച ആദ്യഗുരു അച്ഛന്‍ തന്നെ. ഒ.എന്‍.വിക്ക് എട്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നീട് പുസ്തകങ്ങളായിരുന്നു കൂട്ട്, കവിതയും. 15 വയസ്സുള്ളപ്പോള്‍ ചവറ ഒ.എന്‍.വി.കുറുപ്പ് എന്ന പേരില്‍ 'മുന്നോട്ട്' എന്ന കവിതയെഴുതി. പിന്നീടൊരിക്കലും പിന്നോട്ടു പോകേണ്ടി വന്നിട്ടില്ല.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 'അരിവാളും രാക്കുയിലും' എന്ന കവിതയ്ക്ക് ഒന്നാം സ്ഥാനം നേടുമ്പോള്‍ ഒ.എന്‍.വിക്ക് പ്രായം 17. ഇടതുപക്ഷ ആഭിമുഖ്യം പരസ്യമായി പ്രകടിപ്പിച്ച അദ്ദേഹം സമരതീക്ഷ്ണമായ ഒരു കാലഘട്ടത്തിന് പൊന്നരിവാളിന്റെ മൂര്‍ച്ച പകര്‍ന്ന കാവ്യസൗന്ദര്യമായി മാറി. 1949ല്‍ ആദ്യ കവിതാസമാഹാരമായ 'പൊരുതുന്ന സൗന്ദര്യം' പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് ദാഹിക്കുന്ന പാനപാത്രം, മരുഭൂമി, മയില്‍പ്പീലി, അഗ്‌നിശലഭങ്ങള്‍, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്കൊരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയ, തോന്ന്യാക്ഷരങ്ങള്‍, അപരാഹ്നം, ഉജ്ജയിനി, വെറുതെ, സ്വയംവരം, ഭൈരവന്റെ തുടി തുടങ്ങി എത്രയോ കൃതികള്‍. കവിതകള്‍ക്കൊപ്പം ശ്രദ്ധേയമായ ഗദ്യരചനകളും കവിയുടെ തൂലികയില്‍ നിന്നു പിറവിയെടുത്തിട്ടുണ്ട്. കവിതയിലെ സമാന്തരരേഖകള്‍, കവിതയിലെ പ്രതിസന്ധികള്‍, എഴുത്തച്ഛന്‍ -ഒരു പഠനം, പാഥേയം, കാല്പനികം, പുഷ്‌കിന്‍ -സ്വതന്ത്ര ബോധത്തിന്റെ ദുരന്തഗാഥ എന്നിവ ഉദാഹരണങ്ങള്‍.

ചവറ ഇംഗ്ലീഷ് ഹൈസ്‌കൂളിലായിരുന്നു ഒ.എന്‍.വിയുടെ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്.എന്‍.കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. എം.എയ്ക്കു പഠിച്ച യൂണിവേഴ്‌സിറ്റി കോളേജില്‍ കാല്‍ നൂറ്റാണ്ടിലേറെക്കാലം അധ്യാപകനായിരുന്നു. തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജിലെ മലയാള വിഭാഗം മേധാവിയായി 1986ല്‍ വിരമിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായും പ്രവര്‍ത്തിച്ചു.

ഒ.എന്‍.വിക്കു ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങളുടെ കണക്കെടുക്കുക അല്പം ക്ലേശകരമാണ്. വെള്ളിയാഴ്ച പ്രഖ്യാപിക്കപ്പെട്ട 2007ലെ ജ്ഞാനപീഠം തന്നെ ഈ പട്ടികയില്‍ ഏറ്റവും പുതിയത്. 1971ല്‍ 'അഗ്‌നിശലഭങ്ങള്‍' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 'അക്ഷര'ത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'ഉപ്പ്' എന്ന കൃതിക്ക് 1981ല്‍ സോവിയറ്റ്‌ലാന്‍ഡ് നെഹ്രു പുരസ്‌കാരവും 1982ല്‍ വയലാര്‍ പുരസ്‌കാരവും ലഭിച്ചു. 1998ല്‍ ഒ.എന്‍.വി., പത്മശ്രീ ഒ.എന്‍.വി.കുറുപ്പായി മാറി. 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി പ്രിയകവിയെ ആദരിച്ചു. 2005-ല്‍ പത്മപ്രഭാ പുരസ്‌കാരം, 2009-ല്‍ രാമാശ്രമം ട്രസ്റ്റ് പുരസ്‌കാരം എന്നിവയ്ക്കും അര്‍ഹനായി.

കവിയായ ഒ.എന്‍.വിയെപ്പോലെ തന്നെ ഗാനരചയിതാവായ ഒ.എന്‍.വിയെയും മലയാളം നെഞ്ചിലേറ്റി. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളികളുടെ ചുണ്ടുകളില്‍ എല്ലാക്കാലത്തുമുണ്ടായിരുന്നു. മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം മാത്രം 13 തവണ ലഭിച്ചിട്ടുണ്ട്. ഇതില്‍ 1986 മുതല്‍ 1990 വരെ തുടര്‍ച്ചയായ അഞ്ചു വര്‍ഷം നേടിയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടുന്നു. ഒരു തവണ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു -ചിത്രം 'വൈശാലി'.
കേന്ദ്രസാഹിത്യഅക്കാദമി എക്‌സിക്യൂട്ടീവ് അംഗം, കേരള കലാമണ്ഡലം ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമി ഫെലോ തുടങ്ങിയ നിലകളിലെല്ലാം ഒ.എന്‍.വി. പ്രവര്‍ത്തിച്ചു. ലിയോ ടോള്‍സ്‌റ്റോയിയുടെ 150-ാം ജന്മവാര്‍ഷിക വേളയില്‍ റഷ്യ സന്ദര്‍ശിച്ച ഇന്ത്യന്‍ സാഹിത്യ സംഘത്തില്‍ അംഗമായിരുന്നു. 1987ല്‍ യൂഗോസ്ലാവ്യയില്‍ നടന്ന സ്ത്രൂഗ കവിതാ സായാഹ്നത്തിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു. സിംഗപ്പുര്‍, അമേരിക്ക, ബര്‍ലിന്‍ തുടങ്ങിയ നാടുകളിലും ഒ.എന്‍.വിയുടെ പാദസ്പര്‍ശമുണ്ടായി. ജ്ഞാനപീഠ പുരസ്‌കാര പ്രഖ്യാപനം വരുമ്പോള്‍ കവി ദുബായിലായിരുന്നു.

1989ല്‍ തിരുവനന്തപുരത്തു നിന്ന് ലോക്‌സഭയിലേക്ക് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ച്പരാജിതനായി. കവിയായ ഒ.എന്‍.വിയെയാണ് തങ്ങള്‍ക്കിഷ്ടമെന്നായിരുന്നു ജനവിധി.

പി.പി.സരോജിനിയാണ് ഒ.എന്‍.വിയുടെ ഭാര്യ. 1957ല്‍ ഒ.എന്‍.വി. എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായെത്തുമ്പോള്‍ അവിടെ എം.എ. മലയാളം വിദ്യാര്‍ത്ഥിനിയായിരുന്നു സരോജിനി. അധ്യാപക-വിദ്യാര്‍ത്ഥിനി ബന്ധം സഹപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തതോടെ ഭാര്യാഭര്‍തൃ ബന്ധമായി മാറി. ഇവര്‍ക്ക് രണ്ടു മക്കള്‍. മൂത്തമകന്‍ രാജീവന്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍. മരുമകള്‍ ദേവിക ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് മാനേജര്‍. ഇളയമകള്‍ മായാദേവിയും ഭര്‍ത്താവ് ജയകൃഷ്ണനും ബ്രിട്ടനില്‍ ഡോക്ടര്‍മാര്‍. കൊച്ചുമക്കളായ അപര്‍ണാ രാജീവും അമൃതാ ജയകൃഷ്ണനും പാട്ടുകാരാണ്.
സാധാരണ എല്ലാവരും നേരിടുന്ന ചോദ്യം ഒരിക്കല്‍ ഒ.എന്‍.വിക്കു നേരെയുമുണ്ടായി-'ഇനിയൊരു ജന്മമുണ്ടെങ്കില്‍?' 'ഇതുപോലെയൊക്കെത്തന്നെ ആയാല്‍ മതി' -സ്വന്തം ജീവിതത്തില്‍ സംതൃപ്തനായ മനുഷ്യനു മാത്രം പറയാനാവുന്ന മറുപടി.
onv asamsa