Pappu
മലയാളിയെ മനസ്സറിഞ്ഞു ചിരിപ്പിച്ച നടന്‍ കുതിരവട്ടം പപ്പു മണ്‍മറഞ്ഞിട്ട് ഫിബ്രവരി 25ന് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. രസിച്ചും രസിപ്പിച്ചും ജീവിച്ച പപ്പുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മാമുക്കോയ വര്‍ഷം 1996. ഷൂട്ടിങ് സൈറ്റുകളില്‍ േപരുകേട്ട ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയില്‍ സത്യന്‍ അന്തിക്കാട് ചിത്രമായ തൂവല്‍ക്കൊട്ടാരത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. എല്ലാവരും ഉച്ചഭക്ഷണത്തിനുപിരിഞ്ഞ നേരം. മനയായതുകൊണ്ട് നോണ്‍വെജിന് ഇവിടം നിരോധിത മേഖലയാണ്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഒരാള്‍ അവിടെ കാത്തിരുന്നു; ഉച്ചഭക്ഷണത്തിന് അല്‍പം അക്ഷമയോടെ. ഭക്ഷണ പാത്രം എത്തിയപ്പോള്‍ കാത്തിരിപ്പിനു വിരാമമായി. പക്ഷേ അപ്പോഴാണ് അപ്രതീക്ഷിതമായി അതു സംഭവിച്ചത്. പാത്രം എങ്ങനെയോ താഴെ വീണു. നോണ്‍വെജ് നിരോധിത മേഖലയില്‍ മീന്‍ കറിയും മീന്‍ വറുത്തതും വീണു ചിതറി. സെറ്റിലുള്ളവരില്‍ ഏറെപ്പേര്‍ക്കും, ആര്‍ക്കാണ് മീന്‍ കൊണ്ടുവന്നതെന്ന് മനസ്സിലായില്ല. പക്ഷേ എല്ലാമറിയാമായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാത്രം ചിരിച്ചു. അതേ സമയം, ഇഷ്ടഭക്ഷണം നഷ്ടപ്പെട്ട വേദനയില്‍ ഒരാള്‍ വിഷണ്ണനായി ഇരുന്നു; മലയാളികള്‍ പപ്പു എന്നു വിളിക്കുന്ന കുതിരവട്ടം സ്വദേശി പത്മദളാക്ഷന്‍. മലയാളിയെ മനസ്സറിഞ്ഞു ചിരിപ്പിച്ച നടന്‍ കുതിരവട്ടം പപ്പു മണ്‍മറഞ്ഞിട്ട് ഫിബ്രവരി 25ന് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. രസിച്ചും രസിപ്പിച്ചും ജീവിച്ച പപ്പുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുഹൃത്ത് നടന്‍ മാമുക്കോയ. പപ്പുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മാമുക്കോയയ്ക്ക് ആദ്യം ഓര്‍മ വരുന്നത് അദ്ദേഹത്തിന്റെ മീന്‍ഭ്രാന്താണ്. 'കോരപ്പന്‍ ദി ഗ്രേറ്റ്' എന്ന സിനിമയുടെ ഷൂട്ടിങ് മലമ്പുഴയില്‍ നടക്കുന്ന സമയം. എത്തിയപാടെ പപ്പു സമീപത്തെ കടയില്‍നിന്ന് ഒരു ചൂണ്ട വാങ്ങി. ഇടവേളകളില്‍ മലമ്പുഴ ഡാമില്‍നിന്ന് മീന്‍പിടിത്തമായിരുന്നു പണി. ''പുറത്ത് 40 രൂപ കിലോവിന് വിറ്റിരുന്ന മീന്‍ അങ്ങനെ പപ്പുവേട്ടന്‍ വെറും അഞ്ചു രൂപയ്ക്ക് സ്വന്തമാക്കി''. സിനിമയും നാടകവുമല്ലാതെ പപ്പുവിനും മാമുക്കോയയ്ക്കും പൊതുവായി എന്തുണ്ടെന്നു ചോദിച്ചാല്‍ 'മീന്‍ഭ്രാന്ത്' എന്നായിരിക്കും ഉത്തരം. ''ഞാന്‍ സിനിമയിലെത്തുന്നതിന് എത്രയോ മുമ്പ് സിനിമയിലെത്തിയതാണ് പപ്പുവേട്ടന്‍. അതിനു മുമ്പ് ഞങ്ങളെല്ലാം നാടകരംഗത്തുണ്ട്. സിനിമയില്‍ കോമഡിരംഗത്ത് അടൂര്‍ ഭാസി-ബഹദൂര്‍ ടീം കത്തിനില്‍ക്കുന്ന സമയത്താണ് പപ്പുവേട്ടന്റെ രംഗപ്രവേശം. എന്റെ സുഹൃത്തും വഴികാട്ടിയും അങ്ങനെ എന്തെല്ലാമോ ആയിരുന്നു പപ്പുവേട്ടന്‍. ഷൂട്ടിങ് കഴിഞ്ഞാല്‍ ഞങ്ങള്‍ പപ്പുവേട്ടന്റെ മുറിയില്‍ ഒരുമിച്ചു കൂടുക പതിവായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമായിരുന്നു''. നഗരങ്ങളില്‍ ചെന്നു രാപാര്‍ക്കാം, ആലഞ്ചേരി തമ്പ്രാക്കള്‍, ഡോക്ടര്‍ പശുപതി, വൃദ്ധന്മാരെ സൂക്ഷിക്കുക, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ പപ്പുവും മാമുക്കോയയും ഒരുമിച്ച് അഭിനയിച്ചു. ''വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന പടത്തിന്റെ ഷൂട്ടിങ് ഊട്ടിയില്‍ നടക്കുന്ന സമയം. തൊട്ടടുത്തു തന്നെ ധര്‍മേന്ദ്ര നായകനായ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. അല്‍പനേരം ഒഴിവു കിട്ടിയാല്‍ പപ്പുവേട്ടന്‍ ഹിന്ദി ചിത്രത്തിന്റെ സെറ്റില്‍ ചെന്നിരിക്കും. തിരിച്ചെത്തുമ്പോള്‍, 'ധര്‍മേട്ടന്റെ അടുത്തായിരുന്നു' എന്നു പറയും. ധര്‍മേന്ദ്രയെയാണ് നമ്മുടെ അടുത്ത ആള്‍ എന്ന നിലയില്‍ 'ധര്‍മേട്ടന്‍' എന്നു സംബോധന ചെയ്തത്. ഷൂട്ടിങ് തീരാറായപ്പോഴേക്കും ഇരുവരും നല്ല സുഹൃത്തുക്കളായി. കാര്‍ണിവല്‍ ഷോകളില്‍ നിരന്തരം നാടകങ്ങള്‍ കളിക്കുക ഞങ്ങളുടെ പതിവായിരുന്നു. 'പൈലറ്റ് പപ്പു' എന്ന നാടകമൊക്കെ അന്നു ഞങ്ങള്‍ അങ്ങനെ കളിച്ചതാണ്. ജനങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ പിന്നെ ആര്‍ക്കും ഒരു നടനെ തഴയാന്‍ കഴിയില്ലെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു പപ്പുവേട്ടന്‍''. വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ പപ്പുവേട്ടന്‍ അനശ്വരമാക്കിയ കഥാപാത്രം യഥാര്‍ഥത്തില്‍ താന്‍ ചെയ്യാനിരുന്നതാണെന്ന് മാമുക്കോയ. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം ഷൊര്‍ണൂരില്‍ ഷൂട്ടിങ് തുടങ്ങിയ സമയത്തു തന്നെയാണ് വെള്ളാനകളുടെ നാടിന്റെ ഷൂട്ടിങ് കോഴിക്കോട്ടു തുടങ്ങുന്നത്. ''പൊന്മുട്ടയിടുന്ന താറാവില്‍ എനിക്ക് ആദ്യവസാന വേഷമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍കൂടി വിളിച്ചു പറഞ്ഞാണ് പപ്പുവേട്ടന്‍ ആ വേഷം ഏറ്റെടുക്കുന്നത്. പപ്പുവേട്ടന്‍ ചെയ്തപ്പോള്‍ അതിലെ 'താമരശേരി ചുരം...' ഏറെ ഹിറ്റായി. ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം അയാളുടെ അഭാവം ചര്‍ച്ചചെയ്യപ്പെടുകയെന്നുള്ളതാണ്. 'പെരുമഴക്കാലം' എന്ന ചിത്രത്തില്‍ സലിംകുമാര്‍ ചെയ്ത റോള്‍ പപ്പുവിനെക്കൊണ്ടേ ചെയ്യാന്‍ പറ്റൂ എന്ന് തിരക്കഥാകൃത്ത് ടി.എ. റസാഖും സംവിധായകന്‍ കമലും പറഞ്ഞത് മാമുക്കോയ സ്മരിക്കുന്നു. പപ്പുവിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് അതുതന്നെയാണ്.
ചിരിയുടെ പ്രപഞ്ചത്തില്‍ ഇമ്മിണി ബല്യ ചിരിയുടെ ഉടമയായിരുന്നു കുതിരവട്ടം പപ്പു. നീട്ടിയും കുറുക്കിയുമുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ ചിരിയുടെ ആ അരങ്ങ് ഓര്‍മയായിട്ട് 10 വര്‍ഷങ്ങള്‍ കടന്നുപോയി. പപ്പുവണിഞ്ഞ കഥാപാത്രങ്ങളുടെ ഡയലോഗുകളും ചേഷ്ടകളും മാത്രം ബാക്കി. നാടകവേദികളേയും ചലച്ചിത്രപ്രേമികളുടെയും മനസ്സില്‍ ചിരിയുടെ വലയം തീര്‍ത്ത നിറ സാന്നിധ്യമായിരുന്നു. ഒരു പാട് നന്മകളും അല്‍പസ്വല്‍പം ദൗര്‍ബല്യങ്ങളും നിയന്ത്രിച്ചിരുന്ന ശുദ്ധമനുഷ്യന്‍. മലയാള സിനിമയില്‍ എസ്.പി പിള്ളയും, മുതുകുളവും അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ തെളിച്ച വഴിയിലൂടെ ഹാസ്യത്തിന്റെ ട്രാക്കില്‍ അവഗണനകളെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിലാണ് പപ്പു മുന്നേറിയത്. സ്‌നേഹത്തിന് മുന്നില്‍ മനസ്സലിയുന്ന പ്രകൃതം. 36 വര്‍ഷം നാടകത്തിലും സിനിമയിലുമായി നിറഞ്ഞുനിന്നിട്ടും എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന കുറേ കഥാപാത്രങ്ങളും വിലപിടിച്ചതായി കരുതിയ കുറേ സൗഹൃദങ്ങളുമല്ലാതെ നീക്കിയിരിപ്പായി അധികമൊന്നും ബാക്കിവെക്കാതെയായിരുന്നു കടന്നുപോക്ക്്. 'താനാരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്. ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്. ഇനി ഞാനാരാണെന്ന് എനിക്ക് അറിയാന്‍ വയ്യെങ്കില്‍ ഞാന്‍ എന്നോട് ചോദിക്കാം ഞാനാരാണെന്ന്'പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ മദ്യലഹരിയില്‍ പപ്പു മോഹന്‍ലാലിനോട് പറയുന്ന രംഗം തമാശരംഗങ്ങളിലും സിനിമയിലൂടെയുമായി എത്ര തവണ മലയാളി കണ്ടിരിക്കാം. കാലമെത്ര കഴിഞ്ഞാലും ഈ ഒരു ഡയലോഗ് മാത്രം മതി പപ്പു പ്രേക്ഷകഹൃദയങ്ങളില്‍ ജീവിക്കാന്‍. ടാ..സ്‌കി വിളിക്കാനെന്നും താമരശേരി ചുരത്തിലെ അപകടത്തിന്റെ കഥ വിവരിക്കുന്നതിലുമുള്ള ശൈലിയും അമ്മാവന്‍ കല്ലിന്റെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന ആങ്കലാപ്പോടെ നിലവിളിക്കുന്ന പപ്പുവിന്റെ മുഖം എത്ര തവണ കണ്ടാലും ചിരിക്കാത്തവരുണ്ടാവില്ല. അതേ പോലെ മണിച്ചിത്രത്താഴില്‍ വെള്ളമില്ലാത്ത വഴിയിലൂടെ വെള്ളമുണ്ടെന്ന നിഗമനത്തില്‍ ഉടുമുണ്ട് ലേശം പൊക്കിപ്പിടിച്ച് ചെറുതായി ചാടിച്ചാടി പോകുന്ന കഥാപാത്രം. മലയാള സിനിമയുള്ളിടത്തോളം ഒര്‍ക്കാനുള്ള വക നല്‍കിയാണ് പപ്പു വിടപറഞ്ഞത്. ഇത്രേയുള്ളോ ഇതിപ്പം ശരിയാക്കിത്തരാം, മെയ്തീനേ ആ ചെറിയേ സ്​പാനറിങ്ങെടുത്തേ....സംഭാഷണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഏയ് ഓട്ടോയില്‍ പടച്ചോന്‍ ഓട്ടോയില്‍ കയറി കുറേ പണവും നല്‍കി ഇറങ്ങിപ്പോയ കഥ മോഹന്‍ലാലിനോടും മണിയന്‍പിള്ളയോടും ജഗദീഷിനോടും പപ്പു വിവരിക്കുന്ന രംഗമുണ്ട്. കൈയില്‍ കിട്ടിയ കാശ് ഭഗവാന്‍ തന്നതാണെന്ന് കൂട്ടുകാരെ വിശ്വസിപ്പിക്കാന്‍ മെനയുന്ന കഥ പിടിക്കപ്പെടുമ്പോഴും പപ്പു തന്റെ അനിഷ്ടവും കുറുമ്പും പ്രകടിപ്പിക്കുന്നത് ഹാസ്യം ഏങ്ങനെയെല്ലാം ജനിക്കുന്നുവെന്ന് മനസ്സിലാക്കിത്തരുന്നു. അസുഖബാധിതനായ ശേഷവും ഇടക്കാലത്ത് ലോഹിതദാസ് സൃഷ്ടിച്ച വര്‍ക് ഷോപ്പിലെ ആശാന്റെ വേഷം എത്ര വ്യത്യസ്തമായാണ് പപ്പു അവതരിപ്പിച്ചത്. ഗ്രീസും അഴുക്കും പറ്റിയ സ്​പാനര്‍ എടുക്കാനയക്കുന്ന ജയറാം തികഞ്ഞ അനിഷ്ടത്തോടെ അതെടുത്തുകൊണ്ടുവരുമ്പോള്‍ പപ്പു പറയുന്നുണ്ട്. എന്താടാ കഴുതമോറ എന്ന് പറഞ്ഞ് ജയറാമിനെ കളിയാക്കുന്ന മുഴുക്കുടിയനായ ആശാന്‍. ചെറുതെങ്കിലും കിങ്ങിലെ സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷവം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവില്‍ അഭിനയിച്ച നരസിംഹത്തിലും ഗൗരവമുള്ള വേഷമായിരുന്നു. കനകയുടെ ഉത്തരവാദമുള്ള അമ്മാവനായി എന്‍.എഫ് വര്‍ഗീസിന് മുമ്പിലെത്തുന്ന കഥാപാത്രം. അഭിനയമോഹവുമായെത്തിയ പത്മദളാക്ഷനെന്ന ചെറുപ്പക്കാരനെ മുഹമ്മദ് റാഫിയാണ് തലയില്‍ കൈവച്ച് അനുഗ്രഹിച്ചത്. പത്മദളാക്ഷനെ വിട്ട് അഭിനയവേദികളില്‍ കുതിരവട്ടം പപ്പുവായി മാറിയിട്ടും ജീവിതത്തിലെ അവിസ്മരണീയ നിമിഷമായി എപ്പോഴും റാഫിയുടെ അനുഗ്രഹത്തെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നു. 1964 ലില്‍ മൂടുപടം എന്ന സിനിമയിലായിരുന്നു ആദ്യമായി മുഖം കാണിച്ചത്. ഷീലയോട് വലതുകാല്‍വെച്ച് വീട്ടിലേക്ക് കയറൂവെന്ന് പറഞ്ഞ് തുടങ്ങിയ അഭിനയപ്രപഞ്ചം നരസിംഹത്തിലെ ശുദ്ധനായ കഥാപാത്രത്തിലെത്തിയപ്പോഴാണ് പപ്പുവിനെ തേടി മരണത്തിന്റെ വിളിയെത്തിയത്. കുപ്പയില്‍ നിന്ന് സിനിമയിലേക്ക് എന്ന നാടകമായിരുന്നു പപ്പുവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. നാടകം കാണാനിടയായ രാമു കാര്യട്ടാണ് പപ്പുവിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഭാര്‍ഗവീനിലയം എന്ന സിനിമയാണ് ജനമനസ്സുകളില്‍ ഇടം നേടിയ പപ്പുവിന് ആര് പേര് തന്നെ ചാര്‍ത്തിക്കിട്ടുന്നത്. ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന് എന്ന് പറഞ്ഞ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷനെന്ന യുവാവിനെ പപ്പുവെന്ന് വിളിച്ചത്. ഭാര്‍ഗവീനിലയത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്‍ സൃഷ് ടിച്ച കഥാപാത്രത്തിന്റെ പേര് പപ്പുവായതിനാലും സ്ഥലപ്പേര് കുതിരവട്ടവുമായതുകൊണ്ട് ഇവ ചേര്‍ത്താണ് യശ:ശരീനായ ബഷീര്‍ ഈ പേര് വിധിച്ചത്. സിനിമയില്‍ ആ പേരില്‍ തന്നെ പിന്നീട് പ്രസിദ്ധനായി. 1100 ഓളം സിനിമകളില്‍ അഭിനയിച്ചതില്‍ ഏറിയ പങ്കും ഹാസ്യപ്രധാനമായ വേഷങ്ങള്‍. സ്വഭാവ നടന്റെ വേഷവും തനിക്ക് ചേരുമെന്ന് അവസരം കിട്ടിയപ്പോഴൊക്കെ തെളിയിക്കുകയും ചെയ്തു. അങ്ങാടി, വാര്‍ത്ത, കിങ് തുടങ്ങിയ ചിത്രങ്ങള്‍ പപ്പുവെന്ന സ്വഭാവനടനെ പരിചയപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. അങ്ങാടിയിലെ പാവാട വേണം മേലാട വേണമെന്ന പാട്ടുസീന്‍. ജനിച്ച് 40 ാം ദിവസം അച്ഛനും കേവലം 16 വയസ്സുമാത്രമുള്ളപ്പോള്‍ അമ്മയും നഷ്ടപ്പെട്ട പത്മദളാക്ഷനെന്ന ചെറുപ്പക്കാരന്റെ ബാല്യകാലത്ത് ചിരിക്കാനോ തമാശയ്‌ക്കോ ഇടമില്ലായിരുന്നു. ബാലന്‍.കെ നായരും, കുഞ്ഞാണ്ടിയും നെല്ലിക്കോട് ഭാസ്‌കരനും നാടകത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കാലം. റിഹേഴ്‌സല്‍ ക്യാമ്പുകളില്‍ പതിവായി ഇവരുടെ അഭിനയം കണ്ടും കേട്ടും ചുറ്റിപ്പറ്റി നിന്നാണ് പപ്പു അഭിനയം പഠിച്ചത്. നാടകക്കളരിയിലുള്ളവര്‍ക്ക് ബീഡിയും ചായയും വാങ്ങിക്കൊടുക്കുന്ന തൊഴിലും ചെയ്തിട്ടുണ്ട്. അഭിനയിക്കാന്‍ ചാന്‍സ് തേടി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ സ്വന്തമായി നാടകം തന്നെ എഴുതിയാണ് പപ്പു ആഗ്രഹം സഫലമാക്കിയത്. കപ്പയില്‍ നിന്ന് സിനിമയിലേക്ക് എന്നായിരുന്നു നാടകത്തിന്റെ പേര്. പട്ടിണിയും കഷ്ടപ്പാടുകളും അതിജീവിച്ച് സിനിമയുടെ വെള്ളിവെളിച്ചത്തെ സ്‌നേഹിച്ച് അഭ്രപാളികയില്‍ പ്രേക്ഷനെ ചിരിപ്പിക്കുന്നതില്‍ തന്നെ പ്രത്യേക കഴിവായിരുന്നു. ചെവിയിലൂടെ ഒരു കിളി പറന്നുപോയതുപോലെ എന്ന് മണിച്ചിത്രത്താഴില്‍ പറയും ഓര്‍മ്മകളിലേക്ക് ആ ചിരിപ്പക്ഷി പറന്നുപോയിട്ട് ഒരു പതിറ്റാണ്ടായിട്ടും ശേഷിപ്പുകളാ കഥാപാത്രങ്ങള്‍ ജനങ്ങളിലേക്ക് ഇടവേളകളില്ലാതെ കടന്നെത്തുന്നു.

film: Vellanakalude nadu