Mathrubhumi Logo
euro 2012

ടീം വര്‍ക്കിന്റെ വിജയം

Posted on: 03 Jul 2012

കീവ്: ആധിപത്യവും ആക്രമണവും. തുടര്‍ച്ചയായ മൂന്നാം ലോകകിരീടത്തിലേക്ക് സ്‌പെയിന്‍ കുതിച്ചുകയറിയത് ഈ തന്ത്രത്തെ അടിസ്ഥാനമാക്കിയാണ്. ടിക്കി ടാക്ക പാസിങ് ശൈലിക്കൊപ്പം വേഗവും കൂടി സമന്വയിപ്പിച്ച സ്‌പെയിന്‍ ഫൈനലില്‍ എതിരാളികളെ അതിവേഗം കളിയില്‍നിന്ന് അകറ്റി. വെറും പതിനാല് മിനിറ്റ് മാത്രം നീണ്ട ഫൈനല്‍ എന്നാണ് മത്സരം വിശേഷിപ്പിക്കപ്പെട്ടത്. ഡേവിഡ് സില്‍വയുടെ ആദ്യ ഗോളോടെ മത്സരം സ്‌പെയിനിന്റെ വരുതിയിലായി.
ഡേവിഡ് സില്‍വയിലൂടെ 14-ാം മിനിറ്റില്‍ നേടിയ ആദ്യ ഗോള്‍, 14 നീക്കങ്ങള്‍ നീണ്ട മനോഹരമായ പാസ്സിങ് ഗെയിമിന്റെ തുടര്‍ച്ചയായിരുന്നു. 36 സെക്കന്‍ഡുകള്‍ സ്‌പെയിന്‍ പന്ത് അടക്കിവെച്ച് നടത്തിയ മുന്നേറ്റമാണ് അതിന് വഴിയൊരുക്കിയത്. എന്നാല്‍, 41-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ നേടിയ ഗോളിലേക്ക് നാല് നീക്കങ്ങളുടെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. കസിയസില്‍നിന്ന് ആല്‍ബയിലേക്ക് ആല്‍ബയില്‍നിന്ന് സാവിയിലേക്ക്. സാവിയില്‍നിന്ന് ആല്‍ബയിലേക്ക്. 13 സെക്കന്‍ഡുകൊണ്ട് പന്ത് വലയിലെത്തി.
ഈ രണ്ട് ഗോളുകളുടെ വ്യത്യാസമാണ് സ്പാനിഷ് മികവിന് അടിവരയിട്ടത്. സ്‌ട്രൈക്കറില്ലാതെയല്ല, ആര്‍ക്കും സ്‌ട്രൈക്കറാവാമെന്ന തലത്തിലേക്ക് കളിയെ ഉയര്‍ത്തിക്കൊണ്ടുവന്ന സ്പാനിഷ് നിര ഇറ്റലിയെ ഫൈനലില്‍നിന്ന് അദൃശ്യരാക്കുകയായിരുന്നു. പന്തടക്കത്തിലെ 52-48 എന്ന നിലവാരം തുല്യശക്തികളുടെ പോരാട്ടത്തെയാണ് കുറിക്കുന്നതെങ്കിലും, ഫൈനല്‍ അങ്ങനെയായിരുന്നില്ല. സ്പാനിഷ് അധീശത്വത്തില്‍, തളര്‍ന്ന ഇറ്റലിക്ക്, കസിയസിന്റെ കൈകളില്‍ത്തട്ടിത്തെറിച്ച ഏതാനും നീക്കങ്ങള്‍ മാത്രമായിരുന്നു ആശ്വാസം.
പ്രശസ്ത ഫുട്‌ബോള്‍ ലേഖകനായ ഡുങ്കന്‍ വൈറ്റ് സ്പാനിഷ് താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നു

ഇകെര്‍ കസിയസ് (7/10)

പിര്‍ലോയും സംഘവും ഒരുക്കിയ സെറ്റ്പീസുകള്‍ നേരിടുന്നതില്‍ മത്സരത്തിലുടനീളം മികവ് കാട്ടിയെങ്കിലും പ്രകടനം ആധികാരികമെന്ന് പറയാനാവില്ല. അപകടകരമാംവിധം പന്ത് റീബൗണ്ട് ചെയ്യാന്‍ അനുവദിച്ചു.

അല്‍വാരോ അര്‍ബലോവ (7/10)

സ്പാനിഷ് പ്രതിരോധത്തിലെ ദുര്‍ബല കണ്ണി. എന്നാല്‍, കഠിനാധ്വാനിയായ അര്‍ബലോവ വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിനിടെ തന്റെ കടമ മറക്കാതെ പൊരുതി

ജെറാര്‍ഡ് പിക്വെ(7/10)

കസാനോയ്‌ക്കെതിരെയുള്ള ഫൗളില്‍ ആദ്യം തന്നെ മഞ്ഞക്കാര്‍ഡ് കണ്ടത് പിന്നീടുള്ള പ്രകടനത്തെ ബാധിച്ചു. എങ്കിലും പന്തിലുള്ള നിയന്ത്രണം ഒരിക്കലും നഷ്ടപ്പെടാന്‍ അനുവദിച്ചില്ല

സെര്‍ജിയോ റാമോസ് (8/10)

ഇറ്റാലിയന്‍ നിരയിലെ അപകടകാരിയായ സ്‌ട്രൈക്കര്‍ ബലോട്ടെല്ലിയെ ആദ്യപകുതിയില്‍ സമര്‍ഥമായി മാര്‍ക്ക് ചെയ്തു. കോര്‍ണറില്‍നിന്ന് മികച്ചൊരു ഗോളവസരവും സൃഷ്ടിച്ചു

ജോര്‍ഡി ആല്‍ബ (8/10)

ടൂര്‍ണമെന്റിലുടനീളം മികവ് കാട്ടിയ മികവിനുള്ള അംഗീകാരമായി ഫൈനലില്‍ ഗോള്‍.

സാവി (9/10)

മറ്റേതൊരു സ്പാനിഷ് താരത്തെക്കാളും ഓടിക്കളിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും ഗോളിന് വഴിയൊരുക്കി. മധ്യനിരയില്‍ ആധിപത്യം

സെര്‍ജിയോ ബുസ്‌കെറ്റ്‌സ് (7/10)

പ്രതിരോധത്തിന് പിന്തുണ പകര്‍ന്ന് ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം. മുന്നേറി കളിക്കാന്‍ വിമുഖത കാട്ടിയെങ്കിലും, ടീമിന്റെ വിജയത്തില്‍ നിര്‍ണായകം.

സാബി അലോണ്‍സോ (8/10)

പക്വതയാര്‍ന്ന പ്രകടനം. സ്പാനിഷ് നീക്കങ്ങളില്‍ പലതിന്റെയും ഹൃദയം. അനായാസം പാസുകള്‍ കൈമാറി. പ്രതിരോധത്തെ തുണച്ചു.

ഡേവിഡ് സില്‍വ (8/10)

ഇറ്റാലിയന്‍ പ്രതിരോധത്തില്‍ നിരന്തരം മുറിവേല്‍പിച്ചു. സ്‌പെയിന് ആധിപത്യം നല്‍കിയ ആദ്യ ഗോളിന് ഉടമ. മികച്ച പാസ്സുകള്‍

സെസ്‌ക് ഫാബ്രിഗസ് (8/10)

സ്‌ട്രൈക്കര്‍ റോളിലുള്ള ചുമതല ഭംഗിയായി നിറവേറ്റി. വേഗമാര്‍ന്ന നീക്കത്തിലൂടെ ആദ്യ ഗോളിന് വഴിയൊരുക്കി. ഇറ്റാലിയന്‍ പ്രതിരോധത്തെ പരീക്ഷിച്ച നീക്കങ്ങളിലൂടെ ശ്രദ്ധേയന്‍

ആന്ദ്രെ ഇനിയേസ്റ്റ (9/10)

കളിയിലുടനീളം അപകടകാരിയായി നിന്നു. ഇറ്റാലിയന്‍ പ്രതിരോധത്തെ തുറന്നെടുത്ത് സ്വന്തം താരങ്ങള്‍ക്ക് കളിക്കാനുള്ള ഇടമുണ്ടാക്കി. ആദ്യ ഗോളിന് വഴിയൊരുക്കിയ ഫാബ്രിഗസിന്റെ നീക്കത്തിന്റെ ശില്പി.





മറ്റു വാര്‍ത്തകള്‍