Mathrubhumi Logo
euro 2012

ഇന്ന് 'എല്‍ ക്ലാസ്സിക്കോ'

Posted on: 27 Jun 2012

ഡൊണെറ്റ്‌സ്‌ക്: സ്പാനിഷ് ലീഗിലെ റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ പോരാട്ടമാണ് 'എല്‍ ക്ലാസ്സിക്കോ' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, യൂറോയിലെ നിലവിലെ ജേതാക്കളായ സ്‌പെയിനും കിരീടപ്പോരാട്ടത്തിന് ആവേശം പകരുന്ന പോര്‍ച്ചുഗലും ആദ്യസെമിയില്‍ ഏറ്റുമുട്ടുമ്പോള്‍, അത് ഫലത്തില്‍ 'എല്‍ ക്ലാസിക്കോ'യ്ക്ക് തുല്യമാണ്. ഇരുടീമുകളിലുമായി ആദ്യ ഇലവനിലിറങ്ങുന്ന 22 പേരില്‍ 12 പേരും റയല്‍ മാഡ്രിഡിലും ബാഴ്‌സലോണയിലുമായി കളിക്കുന്നവരാണ്. ഇരുടീമുകളിലെയും താരങ്ങളില്‍ 15 പേരും ലാ ലിഗ താരങ്ങളാണെന്ന സവിശേഷതയുമുണ്ട്.

ടീമുകളുടെ ശൈലികളും 'എല്‍ ക്ലാസിക്കോ'യെന്ന വിശേഷണത്തെ ന്യായീകരിക്കുന്നു. റയല്‍ മാഡ്രിഡിന്റെ ആക്രമണശൈലിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലിന്റെത്. ആക്രമണത്തില്‍ ക്രിസ്റ്റ്യാനോയും പ്രതിരോധത്തില്‍ പെപ്പെയും ഫാബിയോ കോണ്‍ട്രാവോയുമാണ് പോര്‍ച്ചുഗലിന്റെ റയല്‍ താരങ്ങള്‍. ആദ്യ ഇലവനില്‍ കളിക്കുന്ന സ്‌ട്രൈക്കര്‍ ഹെല്‍ഡര്‍ പോസ്റ്റിഗ റയല്‍ സരഗോസയുടെയും ജോവോ പെരേര വലന്‍സിയയുടെയും താരങ്ങളാണെന്നത് സ്പാനിഷ് ഇഫക്ട് കൂട്ടുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം നാനി, പോര്‍ട്ടോ താരം ജോവോ മൗട്ടീന്യോ, ചെല്‍സി താരം റൗള്‍ മെയറാലസ് എന്നിവര്‍ പോര്‍ച്ചുഗലിന്റെ മധ്യനിരയ്ക്ക് കരുത്തേകുന്നു.

റയല്‍മാഡ്രിഡ് താരങ്ങളുണ്ടെങ്കിലും ബാഴ്‌സലോണയുടെ കേളീശൈലിയോടാണ് സ്‌പെയിന് ആഭിമുഖ്യം. ബാഴ്‌സയുടെ പാസ്സിങ്‌ഗെയിം അവര്‍ കളിക്കളത്തില്‍ നിലനിര്‍ത്തുന്നു. ഇകെര്‍ കസിയസ്, സെര്‍ജിയോ റാമോസ്, അല്‍വാരോ അര്‍ബലോവ, സാബി അലോണ്‍സോ എന്നിവരാണ് ടീമിലെ റയല്‍ത്താരങ്ങള്‍. മധ്യനിരയുടെ കരുത്തായ സാവി, ആന്ദ്രെ ഇനിയേസ്റ്റ, സെര്‍ജിയോ ബുസെ്കറ്റ്‌സ്, സെസ്‌ക് ഫാബ്രിഗസ് എന്നിവരും സെന്‍ട്രല്‍ ഡിഫന്‍ഡറായ പിക്വെയും ബാഴ്‌സലോണയുടെ താരങ്ങളാണ്. ശേഷിച്ച താരങ്ങളില്‍ പ്രതിരോധനിര താരം ജോര്‍ഡി ആല്‍ബ വലന്‍സിയയിലും ഡേവിഡ് സില്‍വ മാഞ്ചസ്റ്റര്‍ സിറ്റിയിലും കളിക്കുന്നു. പകരക്കാരായി ഇറങ്ങാറുള്ള ഫെര്‍ണാണ്ടോ ടോറസ് ചെല്‍സിയുടെയും പെഡ്രോ വലന്‍സിയയുടെയും ജീസസ് നവാസ് സെവിയയുടെയും താരമാണ്.

'ലാ ലിഗ'യിലെ കൂട്ടുകാരുടെ നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകുമിത്. ക്രിസ്റ്റ്യാനോയുടെ മുന്നേറ്റം തടയാന്‍ നിയോഗിക്കപ്പെടുക ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കൂടിയായ സെര്‍ജിയോ ബുസ്‌കെറ്റ്‌സും പ്രതിരോധ നിര താരങ്ങളായ പിക്വെയും അര്‍ബലോവയുമാകും. തിരിച്ച് ഫാബ്രിഗസിനെയും ഇനിയേസ്റ്റയെയും പെപ്പെയും കോണ്‍ട്രാവോയും തടഞ്ഞുനിര്‍ത്തും. മത്സരത്തിലെ ശ്രദ്ധേയ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ഇവയാകും


ക്രിസ്റ്റ്യാനോ -അര്‍ബലോവ

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രണ്ട് പ്രതിരോധനിര താരങ്ങളെ, ഹോളണ്ടിന്റെ ഗ്രിഗറി വാന്‍ഡെര്‍ വീലിനെയും ചെക്ക് റിപ്പബ്ലിക്കിന്റെ തിയഡോര്‍ ഗബ്രിസെലാസിയെയും വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോയുടെ വരവ്. മികച്ച ഫോമിലുള്ള ക്രിസ്റ്റ്യാനോയെ തളയ്ക്കുക ഏറെക്കുറെ അസാധ്യമാണ്. റയല്‍ മാഡ്രിഡിലെ കൂട്ടുകാരനായ അര്‍ബലോവയുമായി നേര്‍ക്കുനേര്‍ വരുമ്പോള്‍, ക്രിസ്റ്റ്യാനോയുടെ വേഗം തന്നെയാകും നിര്‍ണായകം. ക്രിസ്റ്റ്യാനോയെ തളയ്ക്കുകയെന്നത് കളിയിലെ ഏറ്റവും നിര്‍ണായകഘടകം കൂടിയാണ്. ഒരുപക്ഷേ, മത്സരത്തിന്റെ ഫലംപോലും അര്‍ബലോവയുടെ പ്രതിരോധമികവിനെ ആശ്രയിച്ചിരിക്കും. ക്രിസ്റ്റ്യാനോയെ മുന്നേറാനനുവദിക്കാതെ, നീക്കങ്ങള്‍ മുളയിലേ നുള്ളുകയെന്നതാവും അര്‍ബലോവ സ്വീകരിക്കുന്ന തന്ത്രം. നൗക്കാമ്പില്‍ ബാഴ്‌സലോണയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച താരമാണ് അര്‍ബലോവ. ഈ മത്സരത്തില്‍ ലയണല്‍ മെസ്സിയെ മാര്‍ക്ക് ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് മറ്റാരുമായിരുന്നില്ല. ലിവര്‍പൂളില്‍ കളിക്കുമ്പോള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോയെ പൂട്ടിയ ചരിത്രവും അര്‍ബലോവയ്ക്ക് തുണയായുണ്ട്.


നാനി-ജോര്‍ഡി ആല്‍ബ

ക്രിസ്റ്റ്യാനോയ്ക്ക് അവസരങ്ങളൊരുക്കിക്കൊടുക്കുന്ന താരമാണ് നാനി. വേഗത്തില്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം നില്‍ക്കും. സ്‌പെയിനിന്റെ മുന്നേറ്റങ്ങളിലേക്ക് പടര്‍ന്നുകയറുന്ന വിങ്ബാക്കായ ജോര്‍ഡി ആല്‍ബയ്ക്ക് നാനിയെ തളയ്ക്കുകയെന്ന ദൗത്യംകൂടി ലഭിക്കും. ഇനിയേസ്റ്റയും ആല്‍ബയും ചേര്‍ന്ന് ഇടതുവിങ്ങിലൂടെയുള്ള മുന്നേറ്റങ്ങളാണ് സ്‌പെയിനിന്റെ കരുത്ത്. ആക്രമണത്തിനൊപ്പം നാനിക്ക് ഈ കൂട്ടുകെട്ട് പൊളിക്കുകയെന്ന ദൗത്യവുമുണ്ടാകും. ഇതിനായി, പ്രതിരോധത്തില്‍ ജോവോ പെരേരയുടെ സഹായിയായി നാനിക്ക് ഇറങ്ങിക്കളിക്കേണ്ടിയുംവരും.


മൗട്ടീന്യോ-അലോണ്‍സോ

ടൂര്‍ണമെന്റ് മുന്നേറിയതോടെ, ഇരുടീമുകളിലെയും മധ്യനിരയുടെ കാതലായി വളര്‍ന്നുവന്ന രണ്ട് താരങ്ങളാണ് മൗട്ടീന്യോയും അലോണ്‍സോയും. പോര്‍ച്ചുഗലിന്റെ മധ്യനിരയിലൂടെയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മൗട്ടീന്യോയാണ്. ക്രിസ്റ്റ്യാനോയും നാനിയും പോസ്റ്റിഗയുമുള്‍പ്പെട്ട മുന്നേറ്റനിരയിലേക്ക് മൗട്ടീന്യോ നടത്തുന്ന ചാട്ടുളി പോലുള്ള ഇടപെടലുകളാണ് പോര്‍ച്ചുഗലിനെ അപകടകാരികളാക്കുന്നത്. മറുഭാഗത്ത് പാസ്സിങ് ഗെയിമിനിടെ സ്‌പെയിന്‍ നടത്തുന്ന നേരിട്ടുള്ള ആക്രമണങ്ങളുടെ ചുമതലക്കാരനാണ് അലോണ്‍സോ. ഫ്രാന്‍സിനെതിരെ ഇരട്ടഗോള്‍ നേട്ടത്തിലൂടെ ടീമില്‍ അലോണ്‍സോയ്ക്ക് സ്ഥാനക്കയറ്റം നേടാനുമായി. സ്‌പെയിന് പന്തില്‍ കൂടുതല്‍ ആധിപത്യം നല്‍കാനനുവദിക്കാതെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് മൗട്ടീന്യോയുടെ ദൗത്യം. സ്പാനിഷ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് പോര്‍ച്ചുഗല്‍ പ്രതിരോധത്തിലൂടെ അലോണ്‍സോയുടെയും കുതിപ്പിന് ബുധനാഴ്ച സാക്ഷ്യം വഹിക്കും.


പെപ്പെ - ഫാബ്രിഗസ്

സ്പാനിഷ് ടീമില്‍ സെന്റര്‍ സ്‌ട്രൈക്കര്‍ റോളില്‍ ഫാബ്രിഗസോ ഫെര്‍ണാണ്ടോ ടോറസോ ആകാം ഇറങ്ങുക. എന്നാല്‍, അതാരായാലും നേരിടാന്‍ പെപ്പെ പോര്‍ച്ചുഗല്‍ നിരയിലുണ്ടാവും. എതിര്‍ പാളയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും പ്രതിരോധ നിരയുടെ താളം തെറ്റിക്കുകയുമാണ് ഫാബ്രിഗസ് വേഗമേറിയ നീക്കങ്ങളിലൂടെ ചെയ്യുന്നത്. ഒപ്പം ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിലും മുന്നിട്ടുനില്‍ക്കുന്നു. ഡേവിഡ് സില്‍വയും ഇനിയേസ്റ്റയും ഫാബ്രിഗസും ചേര്‍ന്നുള്ള ആക്രമണങ്ങളുടെ മുനയൊടിക്കുകയെന്ന ദൗത്യവുമായി പെപ്പെയാണ് കാവല്‍ നില്ക്കുന്നത്. കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്ക്കുമേല്‍ റയല്‍ കൈവരിച്ച മുന്നേറ്റങ്ങളില്‍ പെപ്പെയുടെ പ്രതിരോധ മികവ്
നശ്രദ്ധേയമായിരുന്നു. അതിവിടെയും പ്രതീക്ഷിക്കാം.

* സ്‌പെയിനും പോര്‍ച്ചുഗലും ഏറ്റവുമൊടുവില്‍ ഏറ്റുമുട്ടിയത് 2010 നവംബര്‍ 17ന് സൗഹൃദ മത്സരത്തില്‍. പോര്‍ച്ചുഗലിന് 4-0 ജയം.
* 2010 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ സ്‌പെയിന് 1-0 വിജയം.
* ആകെ മത്സരം 34. സ്‌പെയിന്‍ ജയിച്ചത് 16. സമനില 12

ക്രിസ്റ്റ്യാനോ
നേടിയത് മൂന്ന് ഗോളുകള്‍.
ഗോളിലേക്ക് തൊടുത്ത ഷോട്ടുകള്‍ 14.
ലക്ഷ്യം തെറ്റിയത് 15.
പോസ്റ്റില്‍ തട്ടിയത് 4

സാവി
ഇതേവരെ കൊടുത്ത പാസ്സുകളുടെ എണ്ണം 423.
മറ്റേതൊരു താരത്തെക്കാളും മുന്നില്‍.
പാസ്സിങ്ങില്‍ 88 ശതമാനം കൃത്യത.
മിഡ്ഫീല്‍ഡില്‍ സാവിയുടെ സാന്നിധ്യമാണ് സ്‌പെയിനിന്റെ കരുത്ത്

ഈ മത്സരം മറ്റൊന്നില്‍ നിന്ന് വിഭിന്നമല്ല. സ്‌പെയിന് വിശ്രമിക്കാന്‍ സമയം കിട്ടിയില്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഇനി കളിക്കളത്തില്‍ കാണാം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ


യൂറോയില്‍ ഇന്ന് ആദ്യ സെമി

സ്‌പെയിന്‍ - പോര്‍ച്ചുഗല്‍ രാത്രി 12. 15 മുതല്‍ നിയോ പ്രൈമില്‍







മറ്റു വാര്‍ത്തകള്‍