Mathrubhumi Logo
euro 2012

ബയറണും റയലിനും സ്വന്തം ഇലവന്‍

Posted on: 09 Jun 2012

യൂറോയില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ ജര്‍മന്‍ടീം ബയറണ്‍ മ്യൂണിക്കില്‍നിന്ന്. സ്വന്തമായി ഒരു ടീമിനെ ഇറക്കാനും ഒരാളെ സബ്സ്റ്റിറ്റിയൂട്ടായി കരുതാനും അവര്‍ക്കാവും. സ്പാനിഷ് ടീം റയല്‍ മാഡ്രിഡിനും സ്വന്തമായൊരു ഇലവന്‍ യൂറോയില്‍ കളിക്കുന്നുണ്ട്. പത്തുതാരങ്ങളുമായി യുക്രൈന്‍ ടീം ഡൈനാമോ കീവാണ് മൂന്നാം സ്ഥാനത്തുള്ളത്.
12 താരങ്ങളാണ് ബയറണ്‍ മ്യൂണിക്കില്‍നിന്ന് യൂറോയ്ക്ക്എത്തിയിട്ടുള്ളത്. ഇവരില്‍ എട്ടുപേര്‍ ജര്‍മന്‍ടീമില്‍ത്തന്നെ. മാനുവല്‍ നൂയര്‍, ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍, തോമസ് മുള്ളര്‍, ഹോല്‍ഗര്‍ ബാഡ്സ്റ്റ്യൂബര്‍, ഫിലിപ് ലാം, ടോണി ക്രൂസ്, ജെറോം ബോട്ടെങ്, മരിയോ ഗോമസ് എന്നിവര്‍. ഹോളണ്ട്ടീമിലെ ആര്യന്‍ റോബനും ഫ്രഞ്ച്താരം ഫ്രാങ്ക് റിബറിയും ക്രൊയേഷ്യയുടെ ഡാനിയല്‍ പ്രാനിച്ചും യുക്രൈനിന്റെ അനാറ്റോളി തിമോഷുക്കും ബയറണ്‍ മ്യൂണിക്കിന്റെ കരുത്ത് കൂട്ടുന്നു.
റയല്‍മാഡ്രിഡ് ടീമില്‍ കളിക്കുന്ന 11 പേര്‍ യൂറോയിലെത്തുന്നു. പോര്‍ച്ചുഗല്‍ടീമില്‍ മൂന്ന് റയല്‍ മാഡ്രിഡുകാരുണ്ട്. അഞ്ച് റയല്‍താരങ്ങളാണ് സ്പാനിഷ് ടീമിലുള്ളത്. ക്യാപ്റ്റന്‍ ഇകെര്‍ കസിയസ്, റൗള്‍ ആല്‍ബിയോള്‍, സാബി അലോണ്‍സോ, അല്‍വാരോ അര്‍ബലോവ, സെര്‍ജിയോ റാമോസ് എന്നിവര്‍. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിഫന്‍ഡര്‍മാരായ പെപ്പെ, ഫാബിയോ കോണ്‍ട്രാവോ എന്നിവര്‍. ജര്‍മന്‍ ടീമില്‍ സമി ഖെദീരയും മെസ്യൂട്ട് ഒസിലും റയലിന്റെ താരങ്ങളാണ്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സമയാണ് യൂറോയിലെ റയലിന്റെ പതിനൊന്നാമന്‍.

പത്തുതാരങ്ങളുള്ള ഡൈനാമോ കീവില്‍ ഏറെയും ആതിഥേയരായ യുക്രൈനില്‍ത്തന്നെയാണ് കളിക്കുന്നത്. മാക്‌സിം കോവല്‍, യെവ്‌ഹെന്‍ സെലിന്‍, ഡെനിസ് ഹര്‍മാഷ്, ക്യാപ്റ്റന്‍ ആന്ദ്രെ ഷെവ്‌ചെങ്കോ, ഒലക്‌സാണ്ടര്‍ അലിയേവ്, ഒലേ ഹുസ്യേവ്, ആന്ദ്രെ യാര്‍മെലെങ്കോസ, ആര്‍ട്ടെം മിലെവ്‌സ്‌കി, താരാസ് മിഖാലിക് എന്നിങ്ങനെ ഒമ്പതുതാരങ്ങളാണ് യുക്രൈന്‍ ടീമില്‍ കളിക്കുന്ന ഡൈനാമോ താരങ്ങള്‍. ക്രൊയേഷ്യന്‍ താരം ഓഗ്‌ന്യന്‍ വുകോയെവിച്ചാണ് പത്താമന്‍.
എട്ടുതാരങ്ങള്‍വീതം കളിക്കുന്ന ഏഴ് ക്ലബ്ബുകള്‍ യൂറോയിലുണ്ട്. ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ലിവര്‍പൂള്‍, സ്പാനിഷ് ടീം ബാഴ്‌സലോണ, ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, യുക്രൈന്‍ ടീം ഷാക്തര്‍ ഡൊണെറ്റ്‌സ്‌ക്, റഷ്യന്‍ ടീം സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവയാണ് ആ ടീമുകള്‍.
സ്‌പെയിനിനെ ലോകചാമ്പ്യന്മാരാക്കിയ ടീമിലെ ഡേവിഡ് വിയയും കാര്‍ലോസ് പുയോളും പരിക്ക് മൂലം പിന്മാറിയെങ്കിലും ബാഴ്‌സലോണയിലെ താരസാന്നിധ്യം ഇക്കുറിയും നഷ്ടമായിട്ടില്ല. സ്പാനിഷ് ടീമില്‍ ജെറാര്‍ഡ് പിക്വെ, ആന്ദ്രെ ഇനിയേസ്റ്റ, സാവി, പെഡ്രോ റോഡ്രിഗ്‌സ്, സെസ്‌ക് ഫാബ്രിഗസ്, വിക്ടര്‍ വാല്‍ഡെസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് എന്നിങ്ങനെ ഏഴുപേരുണ്ട്. സ്പാനിഷ് ചാമ്പ്യന്‍ പദവി നഷ്ടമായെങ്കിലും ദേശീയ ടീമിലെ ഭൂരിഭാഗവും ബാഴ്‌സയുടെ താരങ്ങളാണെന്ന പ്രത്യേകത ഇക്കുറിയും നിലനില്‍ക്കുന്നു.

ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്ന് താരങ്ങളേ ഇംഗ്ലണ്ട് ടീമിലുള്ളൂ. ജോ ഹാര്‍ട്ട്, ജെലോണ്‍ ലെസ്‌കോട്ട്, ജയിംസ് മില്‍നര്‍ എന്നിവര്‍. ഫ്രഞ്ച് ടീമില്‍ സമീര്‍ നസ്രി, ഇറ്റാലിയന്‍ ടീമില്‍ മരിയോ ബലോട്ടെല്ലി, സ്പാനിഷ് ടീമില്‍ ഡേവിഡ് സില്‍വ, ഫ്രഞ്ച് ടീമില്‍ ഗായേല്‍ ക്ലിഷി, ഡച്ച് ടീമില്‍ നിഗല്‍ ഡിയോങ് എന്നിവരാണ് സിറ്റിയുടെ താരപ്പകിട്ട് നിലനിര്‍ത്താനൊരുങ്ങുന്നത്. ഏറ്റവും കൂടുതല്‍ ടീമുകളെ പ്രതിനിധാനം ചെയ്യുന്ന താരങ്ങള്‍ കളിക്കുന്ന ടീമുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി.
ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിയില്‍നിന്ന് ഏഴുതാരങ്ങളാണ് യൂറോയ്‌ക്കെത്തുന്നത്. ഇതില്‍ ആഷ്‌ലി കോളും ജോണ്‍ ടെറിയും മാത്രമാണ് ഇംഗ്ലണ്ട് ടീമിലെ സാന്നിധ്യം. സ്പാനിഷ് ടീമില്‍ ഫെര്‍ണാണ്ടോ ടോറസും യുവാന്‍ മാട്ടയും ചെല്‍സിയുടെ താരങ്ങളാണ്. പോര്‍ച്ചുഗല്‍ താരം റൗള്‍ മെയ്‌റാലസും ചെക്ക് റിപ്പബ്ലിക് താരം പീറ്റര്‍ ചെക്കുമാണ് മറ്റുരണ്ടുപേര്‍. റഷ്യന്‍ ടീം സി.എസ്.കെ.എ മോസ്‌കോ, ഇറ്റാലിയന്‍ ടീം യുവന്റസ്, ഇംഗ്ലണ്ട് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവിടങ്ങളില്‍നിന്നും ഏഴ് താരങ്ങള്‍വീതം യൂറോയില്‍ പങ്കെടുക്കുന്നു.






മറ്റു വാര്‍ത്തകള്‍