Mathrubhumi Logo
euro 2012

മരണഗ്രൂപ്പിലെ കറുത്ത കുതിരകള്‍

Posted on: 06 Jun 2012


ഏതൊരു ടൂര്‍ണമെന്റിലും മരണ ഗ്രൂപ്പുണ്ടാകും. ഏതൊരു ടൂര്‍ണമെന്റിലും കറുത്ത കുതിരകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ടീമുണ്ടാകും. വമ്പന്മാരുടെ വഴിമുടക്കി മുന്നേറുന്ന കറുത്ത കുതിരകള്‍ കിരീടം നേടിയ ചരിത്രം അപൂര്‍വമാണ്. 2004-ല്‍ ഗ്രീസ് അത്തരമൊരു കുതിപ്പിലാണ് യൂറോപ്യന്‍ ചാമ്പ്യന്മാരായത്. അശക്തര്‍ക്കും കിരീടമണിയാനാകുമെന്ന് യൂറോപ്പില്‍ ആദ്യം തെളിയിച്ചത് ഡെന്‍മാര്‍ക്കാണ്. 1992-ല്‍. ഇത്തവണ ജര്‍മനിക്കും ഹോളണ്ടിനും പോര്‍ച്ചുഗലിനുമൊപ്പം മരണ ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായി മത്സരിക്കുമ്പോള്‍, ഡെന്‍മാര്‍ക്ക് കറുത്ത കുതിരകളാവുമെന്ന് വിശ്വസിക്കുന്നവരേറെയാണ്.

യോഗ്യതാ റൗണ്ടുമുതല്‍ക്ക് ഡെന്‍മാര്‍ക്ക് ഇത്തവണ അത്ഭുതം സൃഷ്ടിക്കുമെന്ന തരത്തിലാണ് അവരുടെ പ്രകടനം. പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ച ഗ്രൂപ്പില്‍നിന്ന് അവരെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഡെന്‍മാര്‍ക്ക് മുന്നേറിയത്. എന്നാല്‍, മരണ ഗ്രൂപ്പില്‍നിന്ന് നോക്കൗട്ടിലേക്ക് മുന്നേറാന്‍ തന്റെ ടീമിനാകുമെന്ന പ്രതീക്ഷ കോച്ച് മോര്‍ട്ടന്‍ ഓള്‍സന്‍ പോലും ഇപ്പോള്‍ പുലര്‍ത്തുന്നുണ്ടാകില്ല. വലിയ വേദികളില്‍ മികവ് കാട്ടാറുള്ള ജര്‍മനിയുടെയും ഹോളണ്ടിന്റെയും അനുഭവ സമ്പത്തിലാണ് ഡാനിഷ് ആരാധകര്‍ ആശങ്കപ്പെടുന്നത്.

വെറ്ററന്‍ താരമായ ഡെന്നീസ് റൊമദാലും യുവതാരം നിക്ലാസ് ബെന്‍ഡ്‌നറും ഉള്‍പ്പെട്ട മികച്ച ആക്രമണ നിരയിലാണ് ഡെന്‍മാര്‍ക്കിന്റെ പ്രധാന പ്രതീക്ഷ. മധ്യനിരയിലും ഇതേ സാഹചര്യമാണുള്ളത്. 90 മത്സരങ്ങളുടെ പരിചയമുള്ള ക്രിസ്റ്റ്യാന്‍ പോള്‍സണും 21 മത്‌സരങ്ങളുടെ പരിചയമുള്ള ക്രിസ്റ്റ്യാന്‍ എറിക്‌സണും ടീമിന്റെ പ്രതീക്ഷകള്‍ പേറുന്നു. തോമാസ് കാലെന്‍ബര്‍ഗ്, വില്യം ക്വിസ്റ്റ് തുടങ്ങിയവരും മധ്യനിരയെ സമ്പന്നമാക്കുന്നു.

മികച്ച പ്രതിരോധ നിരയാണ് ഡെന്‍മാര്‍്ക്കിന്റേത്. കോപ്പന്‍ഹേഗന്‍ താരമായ ലാര്‍സ് ജേക്കബ്‌സണും ലിവര്‍പൂള്‍ താരവും ക്യാപ്റ്റനുമായ ഡാനിയേല്‍ ആഗ്ഗറും റോമയുടെ സിമോണ്‍ കീറും കോട്ട കരുത്തുറ്റതാക്കുന്നു. തോമാസ് സോറന്‍സണെന്ന പരിചിതനായ ഗോള്‍കീപ്പര്‍ ഗോള്‍മുഖത്തുമുണ്ട്.

ആദ്യ മത്സരം മുതല്‍ക്കെ, കടുത്ത വെല്ലുവിളിയാണ് യൂറോയില്‍ ഡെന്‍മാര്‍്ക്കിന് നേരിടാനുള്ളത്. 2010 ലോകകപ്പില്‍ തങ്ങളെ തോല്‍പിച്ച ഹോളണ്ടിനോടാണ് ആദ്യം ഏറ്റുമുട്ടേണ്ടത്. അതുകഴിഞ്ഞാല്‍, എക്കാലവും ഡെന്‍മാര്‍ക്കിനുമേല്‍ ആധിപത്യം പുലര്‍ത്തിയിട്ടുള്ള ജര്‍മനിയാണ് എതിരാളികള്‍. ഒരു തോല്‍വി പോലും താങ്ങാനാവാത്ത സ്ഥിതിയിലാണ് ഈ രണ്ടു ടീമുകളെ ഡെന്‍മാര്‍ക്കിന് അടിക്കടി നേരിടേണ്ടത്.

മധ്യനിരയുടെ കരുത്തായ ക്രിസ്റ്റിയാന്‍ പോള്‍സണിന്റെ പരിക്കാണ് ടീം നേരിടുന്ന വെല്ലുവിളികളിലൊന്ന്. പ്രതിരോധത്തിലൂന്നിയുള്ള 4-3-3 ശൈലിയാണ് കോച്ച് സ്വതേ പിന്തുടരാറുള്ളത്. എന്നാല്‍, ആക്രമണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് കളിക്കേണ്ടിവരുമ്പോള്‍, സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ പോള്‍സണിന്റെ പ്രകടനം നിര്‍ണായകമാകും. പൂര്‍ണ ശാരീരികക്ഷമതയോടെ താരങ്ങളെ കിട്ടുകയെന്നതാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി.


കോച്ച് : മോര്‍ട്ടന്‍ ഓള്‍സണ്‍

ഡെന്‍മാര്‍ക്കിനുവേണ്ടി സുദീര്‍ഘമായ കരിയറിനുശേഷമാണ് ഓള്‍സണ്‍ പരിശീലക വേഷത്തിലേക്ക് മാറിയത്. 1970 മുതല്‍ 89 വരെ ദേശീയ ടീമിന്റെ താരമായിരുന്നു. നൂറിലേറെ മത്സരങ്ങള്‍ കളിക്കുകയും അതില്‍ പാതിയോളം മത്സരങ്ങളില്‍ ടീമിനെ നയിക്കുകയും ചെയ്ത ഓള്‍സന്‍, ഡാനിഷ് ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊന്നാണ്. 2000-ല്‍ ടീമിന്റെ ചുമതലയേറ്റെടുത്ത ഓള്‍സണ്‍ തുടര്‍ച്ചയായി 12-ാം വര്‍ഷമാണ് ദേശീയ ടീമിന്റെ ചുമതല വഹിക്കുന്നത്. 126 കളികളില്‍ 66-ല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഓള്‍സണ്കഴിഞ്ഞിട്ടുണ്ട്.


ശ്രദ്ധിക്കേണ്ട താരം : നിക്ലാസ് ബെന്‍ഡ്‌നര്‍

സമീപകാലത്ത് ഡെന്‍മാര്‍ക്ക് കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് നിക്ലാസ് ബെന്‍ഡ്‌നര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സനലിലൂടെ കരിയറിന് തുടക്കമിട്ട ബെന്‍ഡ്‌നര്‍ രണ്ട് സീസണുകലില്‍ അവിടെ കളിച്ചു. പിന്നീട് ലോണില്‍ ബിര്‍മിങ്ങാമിലും സണ്ടര്‍ലന്‍ഡിലുമെത്തി. കഴിഞ്ഞ സീസണില്‍ സണ്ടര്‍ലന്‍ഡിന്റെ താരമായിരുന്നു. 2006 മുതല്‍ ഡെന്‍മാര്‍ക്ക് ദേശീയ ടീമിലെത്തി. ഇതേവരെ 46 കളികളില്‍ 17 ഗോളുകള്‍.


യോഗ്യത നേടിയ വഴി

യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എച്ചില്‍നിന്ന് പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായി യോഗ്യത നേടുമെന്നും ഡെന്‍മാര്‍ക്കും നോര്‍വെയുമായി രണ്ടാം സ്ഥാനത്തിനായി മത്സരിക്കേണ്ടിവരുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, പോര്‍ച്ചുഗലിനോട് ആദ്യപാദത്തില്‍ നേരിട്ട തോല്‍വിയൊഴിച്ചാല്‍, എട്ടുമത്സരങ്ങളില്‍ ഏഴുജയവും ഒരു സമനിലയും സ്വന്തമാക്കിയ ഡെന്‍മാര്‍ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത നേടുകയായിരുന്നു. ഗോള്‍ സ്‌കോറിങ്ങിലെ പോരായ്മയാണ് ഡെന്‍മാര്‍ക്ക് നേരിടുന്ന വെല്ലുവിളി. എട്ട് മത്സരങ്ങളില്‍ 15 ഗോളുകളാണ് ഡെന്‍മാര്‍ക്ക് നിരയ്ക്ക് നേടാനായത്. മൂന്നുഗോള്‍ വീതം നേടി റൊമദാലും ബെന്‍ഡ്‌നറും ടോപ്‌സ്‌കോറര്‍മാരായി.






മറ്റു വാര്‍ത്തകള്‍