Mathrubhumi Logo
euro 2012

'ബി' ഫോര്‍ ബാറ്റില്‍!

എം.പി. സുരേന്ദ്രന്‍ Posted on: 06 Jun 2012

യൂറോപ്പില്‍ ജര്‍മനി വാഴുമോ? 'ബി' ഗ്രൂപ്പ് അതിജീവിച്ചാല്‍ അതു സംഭവിക്കാം. മൂന്നു ഫേവറിറ്റുകള്‍ ഒരേഗ്രൂപ്പില്‍ വന്നതോടെ ഈ യൂറോ കപ്പ് അപ്രവചനീയതയുടെ പര്യായമായിരിക്കുന്നു


കഴിഞ്ഞ ലോകകപ്പില്‍പോലും ഇതുപോലൊരു ഗ്രൂപ്പ് ഉണ്ടായിട്ടില്ല. യൂറോ കപ്പിലെ കടുപ്പമേറിയ 'ബി' ഗ്രൂപ്പില്‍ 2010-ലെ ലോകകപ്പ് റണ്ണറപ്പും മൂന്നാം സ്ഥാനക്കാരും ചാമ്പ്യന്മാരോട് അടിയറവ് പറഞ്ഞ റൊണാള്‍ഡോയുടെ ടീമും അട്ടിമറി സംഘമായ 'ഡാനിഷ് ഡൈനാമിറ്റും' ഏറ്റുമുട്ടുമ്പോള്‍ ഒരു കാര്യം പ്രവചിക്കാം. ഗ്രൂപ്പില്‍നിന്ന് ജയിച്ചുകയറുന്നവന് ചാമ്പ്യനാകാം. ജര്‍മനിക്കും ഹോളണ്ടിനും പോര്‍ച്ചുഗലിനും എന്തിന് ഡെന്മാര്‍ക്കിനും അത് സ്വപ്‌നം കാണാം.

ഗ്രൂപ്പിലെ മൂന്ന് ജീവന്മരണ പോരാട്ടങ്ങള്‍ കഴിഞ്ഞാല്‍ ഏതു ടീമിനും കരുത്തുകൂടും. തുടര്‍ന്ന് അടുത്ത കളികളില്‍ പടിപടിയായി ഉജ്ജ്വല ഫോമിലേക്കുയര്‍ന്നാര്‍ ആര്‍ക്കും അവരെ പിടിക്കാനാവില്ല. ആ പ്രതീക്ഷ ജര്‍മനിക്കും ഹോളണ്ടിനുമുണ്ട്. ഗ്രൂപ്പില്‍നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഒന്നാമനായും രണ്ടാമനായും ജയിച്ചുകഴിഞ്ഞാല്‍ ജര്‍മനിക്കും ഹോളണ്ടിനും എതിരാളികള്‍ 'എ' ഗ്രൂപ്പില്‍നിന്നാവും. ഇപ്പോഴത്തെ കണക്കുകൂട്ടലില്‍ അത് റഷ്യയോ പോളണ്ടോ ആകാം. സെമിഫൈനലില്‍ പക്ഷേ, കാത്തിരിക്കുന്നത് സ്‌പെയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ ഏതെങ്കിലുമൊന്നാകാം. കളിയുടെ പ്രാഗല്ഭ്യം വെച്ചുനോക്കുമ്പോള്‍ ഫൈനലിലും ജര്‍മനിക്ക് ഹോളണ്ടിനെ നേരിടാം. അല്ലെങ്കില്‍ ഹോളണ്ടിന് സ്‌പെയിനിനെ നേരിടേണ്ടിവരും. അപ്പോഴത് ലോകകപ്പിന്റെ തനിയാവര്‍ത്തനമാകും. ഫ്രാന്‍സിന്റെയും ഇംഗ്ലണ്ടിന്റെയും സാധ്യതകളും തള്ളാനാവില്ല. പക്ഷേ, അതിന് കുറുക്കുവഴിയേയില്ല.

ജര്‍മനി ഹോളണ്ടിന്റെ നിതാന്തശത്രു, ഹോളണ്ട് പോര്‍ച്ചുഗലിന്റെ ശത്രു, ഡെന്മാര്‍ക്ക് ജര്‍മനിയുടെ മുച്ചീര്‍പ്പന്‍ (മുടിയാന്‍ കാലത്ത് പിറക്കുന്ന വിഷവിത്ത്). ശത്രുവിന്റെ ശത്രു മിത്രം എന്ന ചൊല്ലിന് ഈ ഗ്രൂപ്പില്‍ യാതൊരു വിലയുമില്ല. ശത്രുവിന്റെ ശത്രു മഹാശത്രുതന്നെ.
അതുകൊണ്ട് യൂറോ കപ്പിലെ 'ബി' ഗ്രൂപ്പ് എല്ലാവര്‍ക്കും ഒരു മരണക്കിണറാണ്. അവിടെ ചരിത്രത്തിന്റെ പകയുണ്ട്. തോല്‍വിയുടെ പ്രതികാരമുണ്ട്. കുടിപ്പകയുണ്ട്. അതിജീവനത്തിന്റെ നിലവിളിയുണ്ട്. അത് വൈകാരികവും ചരിത്രപരവുമാണ്.

ഹിറ്റ്‌ലറുടെ നാസിഭരണകാലത്ത് ഹോളണ്ടിനെ വിഴുങ്ങിയ ജര്‍മനി, ആയിരക്കണക്കിന് ഡച്ചുകാരെ കൊന്നൊടുക്കിയ ചരിത്രം ഡച്ച് ഫുട്‌ബോളര്‍മാര്‍ കുരിശുപോലെ ചുമന്നുനടന്നു. 1988-ലെ യൂറോപ്യന്‍ കപ്പ് സെമിയില്‍ ഡച്ചുകാര്‍ ജര്‍മനിയെ തോല്പിച്ചപ്പോള്‍ ഡച്ച് മിഡ്ഫീല്‍ഡര്‍ വിം വാന്‍ ഹെനിഗന്‍ പറഞ്ഞത് ഇങ്ങനെ. ''ഒരു ഗോളിന് ജയിച്ചാലും ജയം ജയം തന്നെ. അവര്‍ എന്റെ കുടുംബത്തെ കൊലചെയ്തവരാണ്. എന്റെ പിതാവിനെയും സഹോദരിയെയും രണ്ടു സഹോദരന്മാരെയും നാസികള്‍ കൊന്നു. ഓരോ തവണ കളിക്കുമ്പോഴും അദൃശ്യമായ ഒരു വികാരം എന്നില്‍ നിറയും.'' 1974-ലെ ലോകകപ്പില്‍ ടോട്ടല്‍ ഫുട്‌ബോളുമായി കളിക്കാനിറങ്ങിയ ഹോളണ്ടിനെ അതേ ശൈലിയില്‍ അട്ടിമറിച്ച ജര്‍മനിയോട് യൂറോപ്യന്‍ കപ്പിന്റെ സെമി ഫൈനലിലാണ് ഹോളണ്ട് പ്രതികാരം തീര്‍ത്തത്. ഇതിനിടയില്‍ 1980-ലെ മത്സരത്തില്‍ ഇരുരാജ്യങ്ങളും ഗ്രൗണ്ടില്‍ അടിച്ചുപിരിഞ്ഞിരുന്നു.

യൂറോപ്യന്‍ ഫൈനലില്‍ ഡച്ചുകാര്‍ കിരീടം നേടിയപ്പോള്‍ അന്നത്തെ ഗോളി വാന്‍ ബ്രൂക്‌ലന്‍ പറഞ്ഞത് ഈ കിരീടം യുദ്ധകാലത്ത് ജീവിച്ചവര്‍ക്കുള്ള സമ്മാനമാണെന്നാണ്. വിജയിച്ച ടീം ആംസ്റ്റര്‍ഡാമിലെ കനാലിലൂടെ ട്രോഫിയുമായി വിജയയാത്ര നടത്തുമ്പോള്‍ ബ്രൂക്‌ലെന്‍ പ റഞ്ഞ വാക്കുകള്‍ കേട്ട് കോരിത്തരിച്ച ജനം കനാലിലേക്ക് എടുത്തുചാടി നീന്തിച്ചെന്ന് കളിക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.
1990-ലെ ഇറ്റാലിയന്‍ ലോകകപ്പിലെ രണ്ടാം റൗണ്ടില്‍ ജര്‍മനി-ഹോളണ്ട് മത്സരം തീയും പുകയും സൃഷ്ടിച്ചു. കാണികള്‍ രണ്ടു ചേരിയായി മാറി. അത് കളിക്കളത്തിലും കണ്ടു. ഫ്രാങ്ക് റൈക്കാര്‍ഡും റൂഡി വോളറും തമ്മില്‍ ഉരസി. വോളര്‍ അധിക്ഷേപവാക്കുകള്‍ ചൊരിഞ്ഞപ്പോള്‍ റൈക്കാര്‍ഡ് വോളറുടെ മുടിയില്‍ തുപ്പി. വീണ്ടും അതാവര്‍ത്തിച്ചപ്പോള്‍ ഇരുവര്‍ക്കും റഫറി ചുവന്ന കാര്‍ഡ് കാട്ടി. മത്സരം 2-1ന് ജര്‍മനി ജയിച്ചു. രണ്ടു കൊല്ലത്തിനുശേഷം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡച്ചുകാര്‍ ജര്‍മനിയെ 3-1ന് വീഴ്ത്തി. 2004-ലെ ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അത് സമനിലയിലാണ് കലാശിച്ചത്. ഈ ടീമുകള്‍ വീണ്ടും മത്സരിക്കുമ്പോള്‍ അത് വികാരങ്ങളുടെ പ്രദര്‍ശനശാലയാവുമെന്നുറപ്പ്. ഇരുടീമുകളും 37 തവണ ഏറ്റുമുട്ടിയപ്പോള്‍ 14 തവണ ജര്‍മനിയും 10 പ്രാവശ്യം ഹോളണ്ടും വിജയം കണ്ടു. 13 തവണ മത്സരം സമനിലയില്‍ കലാശിച്ചു.

ഹോളണ്ടും പോര്‍ച്ചുഗലും തമ്മില്‍, കളിയുടെ പേരിലുള്ള സൗന്ദര്യപ്പിണക്കത്തിനും മുപ്പതുകൊല്ലത്തെ പ്രായമുണ്ട്. പോര്‍ച്ചുഗലില്‍ ഒരു പ്രദര്‍ശനമത്സരം കളിക്കാന്‍പോയ ഹോളണ്ട്, അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങിയാണ് മടങ്ങിയത്. പിന്നീട് അതിന്റെ അത്യന്തം രൂക്ഷമായ മുഖം കണ്ടത് 2006-ലെ ന്യൂറംബര്‍ഗ് മത്സരത്തിലാണ്. ആ മത്സരം ഒരു ഗോളിന് പോര്‍ച്ചുഗല്‍ ജയിച്ചു. നാല് ചുകപ്പന്‍ കാര്‍ഡുകളും 16 മഞ്ഞക്കാര്‍ഡുകളും കണ്ട ആ ലോകകപ്പ് മത്സരം കാര്‍ഡുകളുടെ പ്രളയത്തില്‍ ഒരു ലോക റെക്കോഡ് തന്നെ സൃഷ്ടിച്ചു.
ഡെന്‍മാര്‍ക്കിന് എന്നും ജര്‍മനി ഒരു കടമ്പയായിരുന്നു; ഹോളണ്ട് ഒരു വന്‍മതിലും. 1986-ല്‍ ജര്‍മനിയുടെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമേല്പിച്ചത് ഡെന്മാര്‍ക്കായിരുന്നു. ജര്‍മനിയില്‍നിന്ന് ഡെന്‍മാര്‍ക്കിലെ ഫുട്‌ബോള്‍ടീമിനെ പരിശീലിപ്പിക്കാനെത്തിയ സെപ് പൊയന്റിക് ആക്രമണമാണ് പ്രധാനമെന്ന് ടീമിനെ പഠിപ്പിച്ചു. ഫുട്‌ബോളില്‍ 'കോണ്‍ട്രാ' എന്നൊരു ശൈലിതന്നെ കണ്ടെത്തിയ ഡാനിഷ് ഡൈനാമിറ്റുകള്‍ ചാമ്പ്യന്മാരാകാന്‍ വന്ന ജര്‍മനിയെ തോല്പിച്ചുകളഞ്ഞു. മൈക്കേല്‍ ലാഡ്രുപ്പും പ്രെബന്‍ എല്‍ക്ജാര്‍ ലാര്‍സണും മോള്‍ട്ടണ്‍ ഓള്‍സനും ഗോളി പീറ്റര്‍ ഷെമെയ്ക്കലും ഹീറോകളായി മാറി. ജര്‍മന്‍ മാധ്യമങ്ങള്‍ ടീമിനെ കുറ്റവിചാരണ ചെയ്തു. രണ്ടു കൊല്ലത്തിനുശേഷം ജര്‍മനി പ്രതികാരം ചെയ്തുവെങ്കിലും 1992-ലെ യൂറോപ്യന്‍ കപ്പിന്റെ ഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ രണ്ടു ഗോളിന് തകര്‍ത്ത് 55 ലക്ഷം ജനങ്ങളുള്ള ആ ചെറുരാജ്യം കിരീടം ചൂടി. ഇതൊക്കെ ചരിത്രമാണെന്ന് പറയാമെങ്കിലും ഇതിനു പിന്നിലെ വാശിയും മത്സരബുദ്ധിയും അവഗണിക്കാനാവില്ല.

വാതുവെപ്പുകാര്‍ ഏറ്റവും സാധ്യത കല്പിക്കുന്നത് ജര്‍മനിക്കുതന്നെയാണ്. അവരുടെ കോച്ച് ജോക്വിം ലോ അത് സമ്മതിച്ചുതരില്ല. സ്‌പെയിനാണ് കൂടുതല്‍ കാലം ഫോം നിലനിര്‍ത്തുന്ന ടീം എന്നാണ് ലോയുടെ അഭിപ്രായം. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഒരു ചെകുത്താന്‍ മത്സരമാണെന്ന് അദ്ദേഹം ആണയിടുന്നു. ഡെന്മാര്‍ക്കും ഗ്രീസും ചാമ്പ്യന്മാരായ ചരിത്രവും ഈ കോച്ചിന് അറിയാം. ലോകകപ്പിനേക്കാള്‍ നല്ല അടിസ്ഥാനമാണ് ഇപ്പോള്‍ ജര്‍മനിക്കുള്ളതെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്.

ടൂര്‍ണമെന്റിലെ സന്തുലിതമായ ടീം ജര്‍മനിയാണ്. അവരുടെ ഏക ദൗര്‍ബല്യം പ്രതിരോധനിരക്കാരുടെ കാര്യത്തില്‍ മാത്രമാണ്. എന്നാല്‍ ഗോളി, മാനുവല്‍ നൂയര്‍, മികച്ച ഫോമിലാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ബയേണ്‍ മ്യൂണിക്കിന്റെ തോല്‍വി, നൂയറെ ഏറെ തളര്‍ത്തിയിട്ടുണ്ടെങ്കിലും മികച്ച മനോഘടനയുള്ള നൂയര്‍, യൂറോപ്പിലെ തന്നെ മികച്ച ഗോളിമാരില്‍ ഒരാളാണ്.
ഫിലിപ്പ് ലാം, പെര്‍ മര്‍റ്റെസാക്കര്‍, ഹോള്‍ഗര്‍ ബാഡ്സ്റ്റൂബര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്രതിരോധനിരയിലെ നാലാമനെ തേടിയാണ് ജര്‍മനി തലപുകയ്ക്കുന്നത്. ജെറോം ബൊട്ടേങ്ങിന്റെ പരിക്ക് അവര്‍ക്ക് പ്രശ്‌നമാണ്. ബൊറൂഷ്യ ഡോര്‍ട്ട്‌മെന്റിന്റെ മാറ്റ്‌സ് ഹമ്മല്‍സും മാര്‍സല്‍ ഷെമല്‍സറും മികച്ച ഫോമിലാണ്. അതവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

മധ്യനിരയില്‍ ബാസ്റ്റ്യന്‍ ഷ്വെയിന്‍സ്റ്റീഗര്‍, മെസ്യൂട്ട് ഒസില്‍, സമി വെദീര, തോമസ് മുള്ളര്‍ എന്നിവരായിരിക്കും ജര്‍മന്‍ യന്ത്രത്തെ പ്രവര്‍ത്തനസജ്ജമാക്കുക. ലോകത്തിലെതന്നെ ഏറ്റവും മികച്ച മധ്യനിരയാണിത്. തൊണ്ണൂറു മിനുട്ടും ഒരേ ഊര്‍ജത്തോടെ കളിക്കുന്ന ഷ്വെയിന്‍സ്റ്റീഗറും ഉജ്ജ്വലഫോമിലുള്ള ഒസിലുമാണ് ജര്‍മനിയുടെ യഥാര്‍ഥ ശക്തി. ലൂക്കാസ് പൊഡോള്‍സ്‌കി, ടോണി ക്രൂസ്, പ്രതിഭാസമ്പന്നനായ യുവതാരം മരിയോ ഗോട്ട്‌സെ എന്നിവര്‍ പുറത്ത് കാത്തിരിക്കുന്നു.

മുന്നേറ്റ നിരയില്‍ ബയേണിന്റെ മരിയോ ഗോമസ് മികച്ച ഫോമിലാണ്. അദ്ദേഹത്തോടൊപ്പം വെറ്ററന്‍ താരം ക്ലോസെയും സ്റ്റുട്ട്ഗാര്‍ട്ടിന്റെ കക്കാവും മാറിമാറി ഉണ്ടാവും.

ലോകകപ്പിനുശേഷം ജര്‍മനിയെ സൗഹൃദമത്സരത്തില്‍ തോല്പിച്ച ഹോളണ്ടിന് ആത്മവിശ്വാസം കുറവല്ല. ഹോളണ്ട് ജര്‍മനിയെപ്പോലെയും ജര്‍മനി ഹോളണ്ടിനെപ്പോലെയും കളിക്കുന്നുവെന്ന യൊഹാന്‍ ക്രൈഫിന്റെ ആക്ഷേപം കോച്ച് ബെര്‍ട്ട് മാര്‍വികിനെ കുലുക്കിയുണര്‍ത്തിയിട്ടുണ്ട്. കളിയില്‍ ആക്രമണത്തിന് ഊന്നല്‍ നല്‍കിയാണ് അവര്‍ ക്വാളിഫയിങ് റൗണ്ടില്‍ കളിച്ചത്. അതിന് ഫലമുണ്ടായി. ഒമ്പത് മത്സരങ്ങളും ജയിച്ചു. ജര്‍മനിയും പോര്‍ച്ചുഗലുമായി കളിക്കുമ്പോള്‍ ഭൂതകാലം അവരെ വേട്ടയാടുന്നില്ലെങ്കില്‍ ഡച്ചുകാര്‍ അവരുടെ വൈകാരിക വേലിയേറ്റങ്ങള്‍ അതിജീവിച്ചു എന്നുപറയാം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ റോബിന്‍ വാന്‍പെഴ്‌സിയും ജര്‍മന്‍ ലീഗിലെ ടോപ് സ്‌കോറര്‍ ക്ലാസ് ജാന്‍ ഹുണ്ടലാറും ഫോമിലാണ്. ഡച്ചുകാരുടെ യഥാര്‍ഥ ശക്തി മധ്യനിരയിലാണ്. വെസ്ലി സ്‌നൈഡര്‍ പഴയ ഫോമിന്റെ അടുത്തൊന്നുമല്ല. എങ്കിലും സ്‌നൈഡറും റോബനും വാന്‍ ബൊമ്മലും വാന്‍ഡര്‍വാര്‍ട്ടുമടങ്ങുന്ന മധ്യനിര സൃഷ്ടിപരമാണ്. ടീം ഗെയിം കളിക്കുന്ന ഡിര്‍ക് ക്യൂയിറ്റ് ഇത്തവണ പകരക്കാരന്റെ റോളിലാവും. കടുത്ത ടാക്ലിങ്ങിന് മുതിരുന്ന ഹെയ്റ്റിംഗ, പ്രായം തളര്‍ത്താത്ത യോറിസ് മത്യാസന്‍, വാന്‍ ഡര്‍വീല്‍, യുവതാരം ജെട്രോ വില്ല്യംസ് എന്നിവരടങ്ങുന്ന പ്രതിരോധനിര ചിലപ്പോഴൊക്കെ എതിര്‍ ആക്രമണങ്ങളുടെ മുന്നില്‍ പതറുന്നത് ഹോളണ്ടിനെ തെല്ലൊന്നുമല്ല കുഴക്കുന്നത്. ഡിഫന്‍ഡര്‍ എറിക് പിയറ്റേഴ്‌സിന് പരിക്കേറ്റത് ഹോളണ്ടിന് വന്‍ തിരിച്ചടിയായിട്ടുണ്ട്. ഐന്തോവന്റെ വില്‍ഫ്രഡ് ബൗമയെ കോച്ച് തിരിച്ചുവിളിച്ചതിന്റെ പൊരുള്‍ അതാണ്. ജര്‍മനിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഹോളണ്ടിന്റെ മുന്നേറ്റനിരയ്ക്കാണ് കൂടുതല്‍ മൂര്‍ച്ച. പക്ഷേ, ജര്‍മന്‍ മധ്യനിര ഭാവനാശാലികളുടേതാണ്. ഗ്രൂപ്പില്‍നിന്ന് പുറത്തു കടന്നാല്‍ ഡച്ചുകാര്‍ക്ക് വഴി എളുപ്പമാണ്. ജര്‍മനിയും ഹോളണ്ടും ജയിച്ചു കയറിയാല്‍ ഫൈനലില്‍ അവര്‍ ഏറ്റുമുട്ടാനുള്ള സാധ്യതയും വിദൂരമല്ല.
ജൂണ്‍ 17-ന് നടക്കുന്ന ഹോളണ്ടുമായുള്ള മത്സരമാണ് പോര്‍ച്ചുഗല്‍ വിധിനിര്‍ണായകമായി കാണുന്നത്. ജര്‍മനിയോട് സമനില പിടിക്കുക, ഹോളണ്ടിനെ കീഴടക്കുക - ഇതാണ് പോര്‍ച്ചുഗലിന്റെ യഥാര്‍ഥ സ്വപ്‌നം. ക്വാളിഫയിങ് റൗണ്ടില്‍ അവര്‍ ഒരുതവണ ഡന്മാര്‍ക്കിനെ തോല്പിച്ചിരുന്നു. എന്നിട്ടും മുടന്തിനീങ്ങിയ പോര്‍ച്ചുഗല്‍ പ്ലേ ഓഫില്‍ ബോസ്‌നിയയെ കീഴടക്കിയാണ് കളിക്കാനെത്തുന്നത്. കോച്ച് പൗളോ ബെന്റോക്ക് ടീമില്‍ വിശ്വാസമുണ്ട്. ''പറ്റാവുന്നിടത്തോളം മുന്നോട്ടു പോവുകയാണ് ടീമിന്റെ ലക്ഷ്യം. യൂറോ ചാമ്പ്യന്‍മാരാകാന്‍ പോകുന്ന ടീം ഈ ഗ്രൂപ്പിലാണ്.'' സാധ്യതയുടെ പട്ടികയില്‍ സ്വന്തം ടീമിനെകൂടി ഉള്‍പ്പെടുത്തിയാണ് ബെന്റോ ഇത് പറയുന്നത്. നാനി, റൊണാള്‍ഡോ എന്നിവര്‍ മികച്ച ഫോമിലാണ്. മുന്നേറ്റനിരയിലെ റിക്കാര്‍ഡോ ക്വാറെസ്‌മോയും നെല്‍സണ്‍ ഒളിവേരയും ലീഗുകളില്‍ ഗോള്‍വേട്ട നടത്തിയവരാണ്. റൗള്‍മെയ്‌റാലസും കോന്‍ട്രാവോയും ജാവോ മൗട്ടിഞ്ഞോയും പുതുതാരം മിഗ്വല്‍ ലോപസും മധ്യനിരയില്‍ നിറഞ്ഞുകളിക്കുന്നവരാണ്. പ്രതിഷേധമുയര്‍ത്തി റിക്കാര്‍ഡോ കാര്‍വാലോ ടീമില്‍നിന്ന് പിന്മാറിയത് പോര്‍ച്ചുഗലിന്റെ സാധ്യതകളെ ഒരളവോളം ബാധിക്കും.

മോര്‍ട്ടന്‍ ഓള്‍സന്റെ ഡെന്‍മാര്‍ക്ക് ഈ ഗ്രൂപ്പില്‍ വന്നുപെട്ടത് ദൗര്‍ഭാഗ്യമായാണ് കാണുന്നത്. യൂറോയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച ടീമാണ് ഡെന്മാര്‍ക്ക്. പക്ഷേ, വമ്പന്മാര്‍ നിരക്കുന്ന ഗ്രൂപ്പില്‍ അവരുടെ സാധ്യത പരിമിതമാണ്. പക്ഷേ, ഇപ്പോഴത്തെ ഫോമില്‍ അവര്‍ക്ക് ഏതു ടീമിനെയും വീഴ്ത്താനുള്ള ശേഷിയുണ്ട്. ഡെന്നിസ് റൊമദാല്‍, ലാര്‍സ് മേക്കബ്‌സണ്‍, ക്രിസ്റ്റിയാന്‍ പോള്‍സണ്‍ തുടങ്ങിയ പഴയ പടക്കുതിരകളുടെ പരിചയസമ്പന്നത ഓള്‍സണ് കൂട്ടായുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത റൗണ്ടിലെത്താനുള്ള സാധ്യത കുറവാണ്. ഹോളണ്ടുമായുള്ള ആദ്യമത്സരത്തെ 'ക്രിട്ടിക്കല്‍' എന്നാണ് കോച്ച് വിശേഷിപ്പിക്കുന്നത്. ആ മത്സരം ജയിച്ചു കയറിയാല്‍ രണ്ടാമതായി ഗ്രൂപ്പില്‍നിന്ന് പുറത്തുകടക്കാനാവും എന്നാണ് അവരുടെ പ്രതീക്ഷ.


രണ്ടാം റൗണ്ടിലേക്ക് പോളണ്ടും റഷ്യയും

'എ' ഗ്രൂപ്പില്‍ റഷ്യയുടെ സാധ്യത എല്ലാവരും ഉറ്റുനോക്കുന്നു. അവരുടെ കോച്ച് ഡിക് അഡ്വാക്കാറ്റിന് ടീമിന്റെ ശേഷിയെക്കുറിച്ച് സംശയമില്ല. പക്ഷേ, കഴിഞ്ഞ പത്തുകൊല്ലത്തെ റഷ്യന്‍ചരിത്രം മറ്റൊന്നാണ്. നിര്‍ണായകഘട്ടത്തില്‍ മത്സരം കൈവിടുന്ന അവസ്ഥ. എപ്പോഴാണ് ചെറിയ ടീമിനു മുന്‍പില്‍ ടീം തകര്‍ന്നുവീഴുന്നതെന്ന് പറയാന്‍വയ്യ. ശാരീരികക്ഷമതയിലും കളിനീക്കങ്ങളിലും ഈ ടീം മികച്ചുനില്‍ക്കുന്നു. പരിക്കുമൂലം അവരുടെ സൂപ്പര്‍ ഡിഫെന്‍ഡര്‍ വാസിലി ബെറെസുത്‌സ്‌കി പിന്‍വാങ്ങിയതാണ് ഏക തിരിച്ചടി. മുന്‍നിരയില്‍ ആന്ദ്രെ അര്‍ഷാവിനും റോമന്‍ പാവ്‌ല്യു ചെങ്കോയും പരിചയസമ്പന്നരാണ്. ഗോളടിക്കുന്നതിനെക്കാള്‍ ഗോള്‍ അവസരങ്ങള്‍ ഒരുക്കുന്നതിലാണ് അര്‍ഷാവിന്റെ മിടുക്ക്. പാവെല്‍ പോഗ്രെബ്‌ന്യാക്കില്‍ മികവുറ്റ ഭാവി ഫോര്‍വേഡിനെ കാണാം. അലന്‍ സഗോയേവ്, ഇഗര്‍ സെംഷോവ് എന്നീ മിഡ്ഫീല്‍ഡര്‍മാര്‍ ഉള്‍പ്പെടുന്ന മധ്യനിരയും ശക്തമാണ്. പോളണ്ടിന്റെ ഹോം ഗ്രൗണ്ട് ആനുകൂല്യം മാത്രമാണ് അവരെ ഭയപ്പെടുത്തുന്നത്.
ആതിഥേയരായ പോളണ്ട് രണ്ടാംറൗണ്ടില്‍ കടക്കാന്‍ കിണഞ്ഞുപരിശ്രമിക്കും. അവരുടെ ഇതിഹാസതാരം ഫ്രാന്‍സിസ്‌ക് സ്മൂഡയാണ് പരിശീലകന്‍. ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരായ ബൊറൂഷ്യ ഡോര്‍ട്ട്മണ്ടിന്റെ നിരയിലുള്ള മൂന്ന് പോളിഷ് താരങ്ങളെ കേന്ദ്രബിന്ദുവാക്കിയാണ് കോച്ച് ടീമിനെ രൂപപ്പെടുത്തിയത്. അതില്‍ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഉജ്ജ്വലഫോമിലാണ്. മിഡ്ഫീല്‍ഡര്‍ ബ്ലാസ്‌കോവ്‌സ്‌കിയും ഡിഫെന്‍ഡര്‍ ലൂക്കാസ് പിസാക്കും മികവുറ്റവരാണ്. ആഴ്‌സനല്‍ ഗോളി വോയേ സെസ്‌നി യൂറോപ്പിലെതന്നെ മികച്ച ഗോളിയാണ്. ജന്മനാട്ടിലെ ടൂര്‍ണമെന്റ് അവിസ്മരണീയമാക്കാന്‍ പോളിഷ് ടീം കിണഞ്ഞുശ്രമിക്കും.

ചെക് റിപ്പബ്ലിക്കിന്റെ പ്രതിസന്ധി, മികച്ച കളിക്കാര്‍ക്കു നേരിട്ട പരിക്കാണ്. കോച്ച് മൈക്കല്‍ ബിലേക്കിന് പാവെല്‍ നെദ്‌വെദ്, പോബോര്‍സ്‌കി, യാന്‍ കോളര്‍, സ്‌മൈസര്‍ തുടങ്ങിയ താരങ്ങളുടെ പ്രഭാവമുള്ള ഒരാളെയും കണ്ടെത്താനായിട്ടില്ല. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ റോസികിയാകട്ടെ പരിക്കിന്റെ പിടിയിലാണ്. മിലന്‍ ബരോസിനെപ്പോലെയുള്ള പഴയ താരങ്ങളെ തിരിച്ചുവിളിച്ചും പുതിയ കൂട്ടുകെട്ടുകള്‍ പരീക്ഷിച്ചും ബിലേക് ചെക് പാരമ്പര്യം നിലനിര്‍ത്തുമെന്ന് ആണയിടുന്നു. ഗോളി പീറ്റര്‍ ചെക് ആകട്ടെ, ചാമ്പ്യന്‍സ് ലീഗിലെ മികച്ച വിജയത്തിനുശേഷം ആത്മവിശ്വാസത്തിലാണ്.

വയസ്സന്‍സ് ക്ലബ്ബ് എന്ന ആക്ഷേപം ഏറ്റുവാങ്ങിയ ഗ്രീസിന് വലുതായൊന്നും ചെയ്യാനില്ല. പക്ഷേ, ഗ്രീസിനെ പ്രവചിക്കാനുമാവില്ല. കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്, വെറ്ററന്‍മാരായ കരഗുണിസിനെയും കാസ്റ്റൗരാനിസിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്.


ക്യാച്ച് സ്‌പെയിന്‍!

നക്ഷത്രങ്ങള്‍പോലെ തിളങ്ങുന്ന താരങ്ങള്‍. മറ്റൊരു ടീമിനുമില്ലാത്തവിധം നവാഗതപ്രതിഭകളുടെ പ്രവാഹം. ലോകം കീഴടക്കിയതിന്റെ തെളിവുകളായി ഷോകേസില്‍ എത്തിയ കിരീടങ്ങളുടെ നിര. യൂറോകപ്പിലെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഇതൊക്കെ വിശേഷണം മാത്രം.
എന്നാല്‍ 2008-ലെയും 2010-ലെയും അതേ സ്‌പെയിന്‍തന്നെയാണോ ഇപ്പോഴത്തെ സ്‌പെയിന്‍? അല്ല എന്നുതന്നെയാണ് ഉത്തരം. കളിയുടെ നിത്യസുന്ദരമായ നീക്കങ്ങള്‍ പിറന്നുപൊലിഞ്ഞ സ്‌പെയിന്റെ ടികി ടാക ശൈലിക്ക് ഇന്ന് ചെറിയ ദൗര്‍ബല്യങ്ങളുണ്ട്.
കളിക്കാരുടെ വേഗം കുറഞ്ഞതാണ് സ്‌പെയിനെ കുഴക്കുന്നത്. പ്രായവും അവരെ തളര്‍ത്തുന്നുണ്ട്. അതുകൊണ്ടാണ് പുതുതലമുറയിലെ യുവാന്‍ ഫ്രാന്‍, യോര്‍ഡി ആല്‍ബ, അല്‍വാരോ നെഗ്രഡോ തുടങ്ങിയവരെ പരീക്ഷിക്കാന്‍ കോച്ച് ശ്രമിക്കുന്നത്. പുയോള്‍, വിയ തുടങ്ങിയ ചില പ്രധാന കളിക്കാര്‍ ടീമിലില്ലെങ്കിലും അവര്‍ക്ക് ഗ്രൂപ്പില്‍നിന്ന് ജയിച്ചുകയറാവുന്നതെയുള്ളൂ. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടോ സ്വീഡനോ ഫ്രാന്‍സോ ആയിരിക്കും സ്‌പെയിന്റെ എതിരാളി. ഫൈനലില്‍ ജര്‍മനിയോ ഹോളണ്ടോ എതിരാളിയായി വരുകയുംചെയ്യും.

ഇറ്റലിയുടെ ടീമിന് അമ്പതുശതമാനം ശേഷിപോലും ഇല്ലെന്ന് കോച്ച് പ്രാണ്‍ സെല്ലി വിലപിക്കുന്നു. ലിഗ്‌മെന്റിനു നേരിട്ട പരിക്കുമൂലം ഗുസപ്പിറോസി കളിക്കാത്തത് ഇറ്റലിക്ക് കടുത്ത ആഘാതമാവും. ഹൃദയസംബന്ധമായ അസുഖം കഴിഞ്ഞ് കസാനോ കളിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ട് കോച്ച് മുപ്പത്തിനാലുകാരന്‍ അന്റോണിയോ നതാലെയെ തിരിച്ചുവിളിച്ചിട്ടുണ്ട്. ആദ്യകളികളില്‍ ബലോടെല്ലി സസ്‌പെന്‍ഷന്‍ നേരിടുന്നതും ഇറ്റലിക്കു വിനയാണ്. പരിക്കേറ്റ ഡിഫെന്‍ഡര്‍ ചെല്ലിനിടീമിലുണ്ടെങ്കിലും ഫോമിനെപ്പറ്റി ആശങ്കയുണ്ട്. പഴയ പടക്കുതിരകളെ ആശ്രയിച്ചാണ് അവരുടെ കളി. ഗ്രൂപ്പില്‍ രണ്ടാമതായി ജയിക്കാന്‍ ഇറ്റലി കഠിനപരിശ്രമം നടത്തേണ്ടിവരും. ക്രൊയേഷ്യയും അയര്‍ലന്‍ഡും മികച്ച ഫോമിലല്ലെങ്കിലും ഇറ്റലി ഈ ടീമുകളുമായി കളിക്കുമ്പോഴൊക്കെ പരുക്കന്‍ അടവുകളില്‍ കലാശിക്കാറുമുണ്ട്. പക്ഷേ, ഇറ്റലിയുടെ പരിചയസമ്പന്നത എന്നും അവര്‍ക്കൊരു തുണയാണ്.

കളിയുടെ നല്ലകാലം പിന്നിട്ട റോബി കീന്‍, കെവിന്‍ ഡോയല്‍, ഡാമിയന്‍ ഡഫ്, ജോണ്‍ ഓഷീ, ഷേ ഗിവണ്‍ തുടങ്ങിയ വെറ്ററന്മാരുമായാണ് ജിയോവാനി ട്രപ്പറ്റോണി അയര്‍ലന്‍ഡിനെ ആനയിക്കുന്നത്. സണ്ടര്‍ലാന്‍ഡിന്റെ ജെയിംസ് മക്‌ലീനാണ് ടീമിന്റെ കുന്തമുന. മക്‌ലീന്‍ മികച്ച ഫോമിലുമാണ്.

സ്ലാവന്‍ ബിലിച് എന്ന കോച്ചാണ് ക്രൊയേഷ്യയുടെ ഊര്‍ജകേന്ദ്രം. ക്രൊയേഷ്യയുട മധ്യനിര ലൂക്കാ മോഡ്രിച്ച്, നിക്കോ ക്രാന്‍കര്‍, വുക്കൊയെവിച്-ഇവാന്‍ റാക്റ്റിക് എന്നീ പ്രതിഭകള്‍ ഉള്‍ക്കൊള്ളുന്നതാണ്. എഡ്വാര്‍ഡോ, ഇവിക ഒലിച്ച് എന്നീ മുന്നേറ്റനിരക്കാരും ബിലിച്ചിന് പ്രത്യാശ നല്‍കുന്നു. ഇറ്റലി പതറിയാല്‍ സ്‌പെയിനു പിന്നാലെ ക്രൊയേഷ്യയാവും ക്വാര്‍ട്ടറിലേക്ക് കടക്കുക. അതിനുള്ള സാധ്യത ചെറുതല്ല.


ഇംഗ്ലണ്ട്, ഫ്രാന്‍സ്: സമദൂരം, ബഹുദൂരം

ഇംഗ്ലണ്ട് കടലാസില്‍ എന്നും പുലികളാണ്. കളിക്കളത്തില്‍ പ്രതീക്ഷയറ്റവരും. കോച്ച് റോയ് ഹഡ്‌സണ് ടീമിനെ ഗ്രൂപ്പില്‍നിന്ന് പുറത്തുകടത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. ചിരവൈരികളായ സ്വീഡനെ മറികടന്നാല്‍ ഇംഗ്ലണ്ട് മുന്നേറും. ഇംഗ്ലണ്ടിനും ഫ്രാന്‍സിനുമാണ് കൂടുതല്‍ സാധ്യത. സ്വീഡന്‍ മികച്ച ഫോമിലാണെന്ന കാര്യം മറക്കണ്ട. ആതിഥേയരാണെങ്കിലും ഒലഗ് ബ്ലോക്കിന്റെ യുക്രൈന് രണ്ടാം റൗണ്ട് കാണാന്‍ വഴിയൊന്നും കാണുന്നില്ല.

ഇംഗ്ലണ്ട് സെന്‍ട്രല്‍ ഡിഫെന്‍ഡര്‍ റിയോ ഫെര്‍ഡിനാന്റിനെ മാറ്റിയത് മാധ്യമങ്ങളില്‍ വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. ജോണ്‍ ടെറിയെയും ഗ്ലെന്‍ ജോണ്‍സനെയും ഗാരി കാഹിലിനെയും ലെയ്റ്റന്‍ ബെയ്‌നെസിനെയും ടീമില്‍ എടുത്തിട്ടുണ്ട്.
ക്യാപ്റ്റന്‍ ജെറാര്‍ഡിനെ കൂടാതെ, ഫ്രാങ്ക് ലാംപാഡ്, ജെയിംസ് മില്‍നര്‍, തിയോവാല്‍ക്കോട്ട്, ആഷ്‌ലി യങ്, സ്‌കോട് പാര്‍ക്കര്‍ എന്നിവര്‍ ടീമിലുണ്ട്. മധ്യനിരയില്‍ ഓക്വാഡെ ചേമ്പര്‍ലെയ്‌നിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കോട് പാര്‍ക്കറിന്റെ പരിക്ക് ഭേദമായിട്ടില്ല. പരിശീലനത്തിനിടെ ലാംപാര്‍ഡിന് ഏറ്റ പരിക്കും തലവേദനയാണ്.

ഇംഗ്ലണ്ടിന്റെ യഥാര്‍ഥ പ്രതിസന്ധി ആദ്യത്തെ രണ്ടുമത്സരങ്ങളാണ്. സ്വീഡനും ഫ്രാന്‍സുമായുള്ള ഈ മത്സരങ്ങളില്‍ വെയ്ന്‍ റൂണി സസ്‌പെന്‍ഷന്‍ മൂലം കളിക്കുന്നില്ല. ഈ മത്സരം കൈവിട്ടാല്‍ ഇംഗ്ലണ്ടിന്റെ വഴിയടയുകയും ചെയ്യും. ആന്‍ഡി കരോള്‍, ഡാനി വെല്‍ബെക്, ജെര്‍മെയിന്‍ ഡെഫോ എന്നിവരില്‍ രണ്ടുപേരെ ആദ്യകളികളില്‍ ഇംഗ്ലണ്ട് പരീക്ഷിച്ചേക്കും.

കലഹത്തിന്റെയും അച്ചടക്കരാഹിത്യത്തിന്റെയും ഭൂതകാലം ഫ്രാന്‍സിനെ വേട്ടയാടിയാല്‍ യൂറോയിലും അവര്‍ ഹാസ്യകഥാപാത്രമാകും. എന്നാല്‍, കോച്ച് ലോറന്റ് ബ്ലാങ്ക് കര്‍ക്കശമായ രീതികളിലൂടെ ഫ്രാന്‍സിനെ കെട്ടുറപ്പോടെ കൊണ്ടുവരുകയാണ്. യൂറോ കപ്പില്‍ ശാരീരികക്ഷമതയുള്ള മികവുറ്റ കളിക്കാരുടെ ടീമാണ് ഫ്രാന്‍സ്. ഫൈനല്‍വരെ എത്താന്‍ അവര്‍ക്കു മുന്നില്‍ വലിയ തടസ്സങ്ങളില്ല. സൗഹൃദമത്സരത്തില്‍ ജര്‍മനിയെത്തന്നെ 2- 1ന് തോല്പിച്ചുകൊണ്ടാണ് ഫ്രാന്‍സ് യൂറോകപ്പിന്റെ സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്. ഫ്രാന്‍സിന്റെ പ്രഗല്ഭരായ രണ്ട് ഡിഫെന്‍ഡര്‍മാര്‍ക്ക് യൂറോ കപ്പ് നഷ്ടപ്പെട്ടുകഴിഞ്ഞു. ടോട്ടനം ഹോട്ട്‌സ്പിറിന്റെ യൂനസ്‌കാബൂളും ആഴ്‌സനലിന്റെ ബക്കാരി സാഗ്നയും പരിക്കുമൂലം പിന്മാറിയിരിക്കുന്നു.

മുന്നേറ്റനിരയില്‍ കരിം ബന്‍സേമയും ഒളിവര്‍ ഗിരൗദും മികച്ച കൂട്ടുകെട്ടായിരിക്കും. മധ്യനിരയില്‍ ഫ്രാങ്ക് റിബെറി, സമിര്‍ നസ്രി, അലു ദിയാറ, ഫ്ലോറന്റ് മലൂദ, എന്നീ സൂപ്പര്‍താരങ്ങളും പ്രതിരോധനിരയില്‍ ഗെയില്‍ ക്ലിഷി, പാട്രീസ് എവ്‌റ, ഫിലിപ്പ് മെക്‌സസ്, അദില്‍ റമി എന്നീ പരിചയസമ്പന്നരുമുണ്ട്. ബ്ലാങ്ക് കുശാഗ്രബുദ്ധിയുള്ള കോച്ചാണ്. തന്ത്രങ്ങളുടെയും ഗെയിം പ്ലാനിന്റെയും കാര്യത്തില്‍ റോയ് ഹഡ്‌സനെക്കാള്‍ ഒരുപടി മുന്നിലാണ് ബ്ലാങ്ക്.

ഇംഗ്ലണ്ടിന്റെയും ഫ്രാന്‍സിന്റെയും പ്രയാണത്തിന് തടസ്സമാവുക സ്വീഡനാണ്. ക്വാളിഫയിങ് റൗണ്ടില്‍ ഡച്ചുകാര്‍ കൈവിട്ട ഏക മത്സരം സ്വീഡനോടായിരുന്നു. കോച്ച് എറിക് ഹാംറെന്‍ ഊര്‍ജസ്വലതയോടെ കളിക്കുന്ന ഒരു ടീമിനെയാണ് വാര്‍ത്തെടുത്തത്. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും അട്ടിമറിച്ച ചരിത്രവും അവര്‍ക്കുണ്ട്. പരിക്കുമൂലം ഫെയ്‌നൂര്‍ദ് താരം ജോണ്‍ ഗുയ്‌സെറ്റി പുറത്തുപോയതാണ് അശുഭകരമായ ഏക വാര്‍ത്ത.

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും മാര്‍കസ് റോസന്‍ബര്‍ഗും മുന്നേറ്റനിരയില്‍ ഉഗ്രന്‍ കൂട്ടുകെട്ടായിരിക്കും. റാസ്മസ് എലം, സെബാസ്റ്റ്യന്‍ ലാര്‍സെന്‍, കിം കാള്‍സ്റ്റോം, എമിര്‍ ബറാമി എന്നിവര്‍ ഉള്‍പ്പെട്ട മധ്യനിരയും ശക്തമാണ്. ഒലോഫ് മെല്‍ബര്‍ഗും മൈക്കല്‍ അന്റണ്‍സണും ഗ്രാന്‍ ക്വിസ്റ്റും യോനാസ് ഓള്‍സനും ഉള്‍പ്പെട്ട പ്രതിരോധനിരയും മോശമല്ല. മിക്കവാറും സെറ്റായിക്കഴിഞ്ഞ ഈ ടീം ഇംഗ്ലണ്ടിനും ഫ്രാന്‍സിനും ഒരുപോലെ തലവേദന സൃഷ്ടിക്കും.

ആതിഥേയരെന്ന മികവേ യുക്രൈനുള്ളൂ. എഴുപതുകളിലെ ലോകതാരമായിരുന്ന ഒലെഗ് ബ്ലോക്കിന്‍ പരിശീലിപ്പിക്കുന്ന യുക്രൈന്‍ പരിചയസമ്പന്നരെയാണ് ഇത്തവണയും ആശ്രയിക്കുന്നത്. സുവര്‍ണകാലം പിന്നിട്ട ഷെവ്‌ചെങ്കോയും വൊറോനിനും ഉള്‍പ്പെട്ടതാണ് ആക്രമണനിര. മധ്യനിരയില്‍ പ്രതിഭാസമ്പന്നനായ അനത്തൊളി തോമോഷ്ച്ചുക്കും ഒലക്‌സാണ്ടര്‍ അലിയേവുമുണ്ട്. .







മറ്റു വാര്‍ത്തകള്‍