ഹൈദരാബാദ്: താന്‍ ഒരു നികുതി വെട്ടിപ്പും നടത്തിയിട്ടില്ലെന്നും തെലങ്കാന സര്‍ക്കാര്‍ നല്‍കിയ ഒരു കോടി രൂപ പരിശീലനത്തിനുള്ള പ്രോത്സാഹന തുകയാണെന്നും ടെന്നിസ് താരം സാനിയ മിര്‍സ. തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്ക് നികുതി അടച്ചിട്ടില്ലെന്ന് കാണിച്ച് സേവന നികുതി വകുപ്പിന്റെ നോട്ടീസിന് നൽകിയ മറുപടിയിൽ  സാനിയ പറഞ്ഞു. സാനിയക്കുവേണ്ടി ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ് ഹാജരായത്.

സാനിയ നികുതി അടക്കാതിരുന്നിട്ടില്ലെന്നും ചാർട്ടേഡ് അൗണ്ടന്റ് ചൂണ്ടിക്കാട്ടി. അന്ന് സര്‍ക്കാര്‍ സമ്മാനിച്ച ഒരു കോടി രൂപ ബ്രാന്‍ഡ് അംബാസിഡറായതിന് ലഭിച്ച പ്രതിഫലമല്ലെന്നും സാനിയയുടെ വക്താവ് സേവന നികുതി വകുപ്പിന് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

സാനിയ മിര്‍സ വിദേശത്തായതിനാലാണ് പകരം മറ്റൊരാള്‍ ഹാജരായത്. സമർപ്പിച്ച രേഖകൾ പഠിച്ച ശേഷമേ സാനിയക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ എന്ന്‌ സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

2014 ജൂലായ് 22ന് പുതിയ സംസ്ഥാനം രൂപീകൃതമായ ഉടനെയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സാനിയയെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത്. അന്നുതന്നെ ഇതിനുള്ള പ്രതിഫലമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു. അതിനുശേഷം യു.എസ്.ഓപ്പണ്‍  മിക്സഡ് ഡബിള്‍സില്‍ കിരീടം ചൂടിയതിനെ തുടര്‍ന്ന് സപ്തംബറില്‍ ഒരു കോടി രൂപയുടെ മറ്റൊരു ചെക്കും സമ്മാനിച്ചിരുന്നു. ഈ തുക നികുതിരഹിതമാണ്.

എന്നാല്‍, ബ്രാന്‍ഡ് അംബാസിഡറായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ പതിനഞ്ച് ശതമാനം സേവന നികുതിയും അതിന്റെ പിഴയും അടക്കം സാനിയ ഇരുപത് ലക്ഷം രൂപ അടയ്ക്കണമെന്നാണ് സേവന നികുതി വകുപ്പ് നോട്ടീസില്‍ പറഞ്ഞിരുന്നത്.