പ്രാഗ്: ടെന്നീസ് കോര്‍ട്ടിലെ ശത്രുക്കളാണ് റോജര്‍ ഫെഡററും റാഫേല്‍ നഡാലും. ഇരുവരുടെയും പോര് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ വരെ എത്തി നില്‍ക്കുന്നു. ജയപരാജയം മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ ഫെഡറര്‍ നഡാലിനെ പരാജയപ്പെടുത്തി കിരീടം നേടുകയും ചെയ്തു.

എന്നാല്‍ ഇതിന് വിപരീതമായി നഡാലിനൊപ്പം കളിക്കാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ഫെഡറര്‍ രംഗത്തെത്തി. ലെവര്‍ കപ്പിന്റെ ഉദ്ഘാടന സീസണില്‍  നഡാലിനൊപ്പം ഡബിള്‍സ് കളിക്കാനുള്ള ആഗ്രഹം ഫെഡറര്‍ പങ്കുവെച്ചു.

ലെവര്‍ കപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചാണ് ഫെഡറര്‍ സ്പാനിഷ് താരത്തിനൊപ്പം റാക്കറ്റേന്തുന്നതിനെ കുറിച്ച് പറഞ്ഞത്. ''ഞാന്‍ എപ്പോഴും റാഫയോടൊപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്നു. കാരണം ഞങ്ങളുടെ ശത്രുത അത്രയ്ക്കും പ്രത്യേകതയുള്ളതാണ്'' ഫെഡറര്‍ പറഞ്ഞു. റോഡ് ലെവര്‍ക്ക് ആദരമര്‍പ്പിച്ചാണ് ടൂര്‍ണമെന്റിന് ലെവര്‍ കപ്പ് എന്ന് പേര് നല്‍കിയത്.

സെപ്തംബറില്‍ പ്രാഗില്‍ നടക്കുന്ന ലെവര്‍ കപ്പില്‍ രണ്ട് ടീമുകളായി തിരിഞ്ഞാണ് മത്സരം. ഒളിമ്പിക് സീസണിലൊഴികെ ലെവര്‍ കപ്പ് എല്ലാ വര്‍ഷവും നടക്കും. ഓരോ ദിവസവും മൂന്നു സിംഗിള്‍സ് മത്സരങ്ങളും ഒരു ഡബിള്‍സ് മത്സരവുമാണുണ്ടാകുക. ഓരോ ടീമിലും ആറു താരങ്ങള്‍ വീതമാണുണ്ടാകുക. നാല് പേര്‍ വിംബിള്‍ഡണിന് ശേഷമുള്ള എ.ടി.പി സിംഗിള്‍സ് റാങ്കിങ് അനുസരിച്ചും രണ്ട് പേര്‍ ക്യാപ്റ്റന്‍മാര്‍ തെരഞ്ഞെടുക്കുന്നവരുമായിരിക്കും.