ന്യൂയോര്‍ക്ക്: റാഫക്ക് തുല്ല്യം റാഫ മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. യു.എസ് ഓപ്പണ്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പ്പിച്ച് സ്പാനിഷ് താരം കരിയറിലെ 16-ാം ഗ്രാന്‍സ്ലാം നേടി.  യു.എസ് ഓപ്പണില്‍ നഡാലിന്റെ മൂന്നാം കിരീടമാണിത്.

ആധികാരികമായിരുന്നു നഡാലിന്റെ വിജയം. ഫ്‌ളെഷിങ് മെഡോയില്‍ കെവിന്‍ ആന്‍ഡേഴ്‌സണ്‍ ചിത്രത്തിലേ ഇല്ലാതാവുന്ന കാഴ്ച്ചയാണ് കണ്ടത്. സ്‌കോര്‍: 6-3,6-3,6-4.

ഈ സീസണില്‍ നഡാല്‍ നേടുന്ന രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടമാണിത്. നേരത്തെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടുകയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലിലെത്തുകയും ചെയ്തിരുന്നു. 19 ഗ്രാന്‍സ്ലാം കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍ മാത്രമാണ് കിരീടത്തിന്റെ എണ്ണത്തില്‍ സ്പാനിഷ് താരത്തിന് മുന്നിലുള്ളത്.

2017ലെ നാല് ഗ്രാന്‍സ്ലാമുകളില്‍ രണ്ടു വീതം നേടി ഫെഡററും നഡാലും ഒരിക്കല്‍ കൂടി പഴയ വീര്യത്തിലേക്ക് തിരിച്ചെത്തുന്നിതിനും കൂടിയാണ് ഈ സീസണ്‍ സാക്ഷിയായത്.

ഗ്രാന്‍സ്ലാമിലെ ആദ്യ ഫൈനല്‍ കളിക്കാനിങ്ങിയ കെവിന്‍ ആന്‍ഡേ്‌സണിനെതിരെ തുടക്കത്തില്‍ നഡാല്‍ ആധിപത്യം പുലര്‍ത്തി. ആദ്യ സെറ്റില്‍ 23 അണ്‍ഫോഴ്‌സ്ഡ് എറേഴ്‌സ് വരുത്തിയ ആന്‍ഡേഴ്‌സണ് ഒരു ബ്രേക്ക് പോയിന്റ് പോലും നേടാനായില്ല. നഡാലിന്റെ ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക് ഹാന്‍ഡുകള്‍ക്കും മറുപടിയില്ലാതെ രണ്ടാം സെറ്റ് 6-3ന് ദക്ഷിണാഫ്രിക്കന്‍ താരം കൈവിട്ടു.

മൂന്നാം സെറ്റില്‍ ആന്‍ഡേഴ്‌സണ്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സ്പാനിഷ് താരം ഒരവസരവും നല്‍കിയില്ല. അവസാനം ഒരു ബാക്ക് ഹാന്‍ഡ് വോളിയിലൂടെ നഡാല്‍ കിരീടം കൈപ്പിടിയിലൊതുക്കി.