ന്യൂഡല്‍ഹി: ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയും തമ്മിലുള്ള വിഴുപ്പലക്കലിനെതിരെ അഖിലേന്ത്യ ടെന്നീസ് അസോസിയേഷനും (എ.ഐ.ടി.എ) മുതിര്‍ന്ന താരങ്ങളും രംഗത്ത്. തലമുതിര്‍ന്ന പ്രൊഫഷണലുകളായ ഇരുവരും പക്വതയോടെ പെരുമാറണമെന്ന് അഖിലേന്ത്യ അസോസിയേഷന്‍ പറയേണ്ട നിലയിലേക്ക് കാര്യങ്ങളെത്തി.

ഡേവിസ് കപ്പ് ടീം തിരഞ്ഞെടുപ്പിന്റെ പേരില്‍ പേസും ടീമിന്റെ നോണ്‍-പ്ലെയിങ് ക്യാപ്റ്റന്‍ ഭൂപതിയും കൊമ്പുകോര്‍ത്തതോടെയാണ് അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ഹിരണ്‍മയ് ചാറ്റര്‍ജിക്ക് ഉപദേശവുമായി രംഗത്തു വരേണ്ടിവന്നത്.

ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് തലക്കനം മൂത്ത് ബദ്ധശത്രുക്കളായി. ഇരുവരും ചേര്‍ന്ന് മൂന്നു ഗ്രാന്‍ഡ്സ്ലാം ഡബ്ള്‍സ് കിരീടങ്ങള്‍ (ഫ്രഞ്ച് ഓപ്പണ്‍ 1999, 2001, വിംബിള്‍ഡണ്‍ 2002) നേടിയിട്ടുണ്ട്. അന്നവര്‍ രാജ്യത്തിന്റെ അഭിമാനതാരങ്ങളുമായിരുന്നു. 2004 ആതന്‍സ് ഒളിന്പിക്സില്‍ നേരിയ വ്യത്യാസത്തിലാണ് ഇരുവര്‍ക്കും ഒളിമ്പിക് വെങ്കലമെഡല്‍ നഷ്ടമായത്.

whatsapp

എന്നാല്‍ പിന്നീട് ഇരുവരുംതമ്മില്‍ പിണക്കത്തിലായി. അഖിലേന്ത്യാ സംഘടനയുടെ നിര്‍ബന്ധത്തിനുവഴങ്ങി പിന്നീടും ഒളിമ്പിക്സില്‍ മത്സരിക്കാനിറങ്ങിയെങ്കിലും ശോഭിച്ചില്ല. തലക്കനത്തിന്റെപേരില്‍ ഇരുവരും ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന നിലയിലേക്ക് വളര്‍ന്നിട്ട് കുറച്ചുകാലമായി. ഏറ്റവുമൊടുവില്‍ ഡേവിസ് കപ്പ് ടീം തിരഞ്ഞെടുപ്പിന്റെ പേരിലായിരുന്നു ഉടക്ക്.

വ്യക്തിവിദ്വേഷത്തിന്റെ പേരില്‍ ഡേവിസ് കപ്പ് ടീമില്‍നിന്ന് തന്നെ ഒഴിവാക്കിയെന്നാണ് പേസ് പറഞ്ഞത്. മത്സരം നടക്കുന്നതിനിടെയായിരുന്നു ഇത്. ഇത്തരമൊരു സംസാരം പേസ് ഒഴിവാക്കേണ്ടതായിരുന്നെന്ന് ചാറ്റര്‍ജി ചൂണ്ടിക്കാട്ടി.

മത്സരത്തിനിടെ ഒന്നും മിണ്ടാതിരുന്ന ഭൂപതി പോരാട്ടം പേസിന്റെ അസാന്നിധ്യത്തില്‍ വിജയകരമായി പൂര്‍ത്തിയായശേഷം ശക്തമായി തിരിച്ചടിച്ചു. വാട്സാപ്പിലൂടെ ഇരുവരും കൈമാറിയ സന്ദേശങ്ങള്‍ അസോസിയേഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടത്. ഇരുവരെയും ഒന്നിച്ചിരുത്തി പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണവര്‍. ടീം തിരഞ്ഞെടുപ്പില്‍ നോണ്‍-പ്ലെയിങ് ക്യാപ്റ്റന് അസോസിയേഷന്റെ പിന്തുണയുണ്ടായിരുന്നു.

പ്രൊഫഷണല്‍ സര്‍ക്യൂട്ടില്‍ 27 വര്‍ഷം തികച്ച പേസിന് ഉസ്ബെക്കിസ്താനെതിരായ ഡേവിസ് കപ്പ് മത്സരം കളിക്കാന്‍പറ്റാതെ പോയതോടെ റെക്കോഡ് സ്ഥാപിക്കാനുള്ള അവസരം നഷ്ടമായിരുന്നു. വ്യക്തിവിരോധം തീര്‍ക്കാന്‍ ഭൂപതി ശ്രമിച്ചെന്നായിരുന്നു ആരോപണം.