ബെംഗളൂരു: ഉസ്ബെക്കിസ്താനെതിരായ ഡേവിസ് കപ്പ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്നിലെ രണ്ട് സിംഗിള്‍സ് മത്സരത്തിലും ഇന്ത്യക്ക് ജയം. രാംകുമാര്‍ രാമനാഥനും പ്രജ്ഞേഷ് ഗുണേശ്വരനുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. കടുത്ത പോരാട്ടത്തിന് ശേഷമായിരുന്നു ഇവരുടെ വിജയങ്ങള്‍. 

ഉസ്ബെക് താരം തെമൂര്‍ ഇസ്മായിലോവിനെ നാലുസെറ്റ് നീണ്ട മത്സരത്തില്‍ (6-2, 5-7, 6-2, 7-5 സ്‌കോറിന്) രാംകുമാര്‍ പരാജയപ്പെടുത്തി. ഗുണേശ്വരന് സഞ്ജാര്‍ ഫൈസിയേവിനെ മറികടക്കാനും നാല് സെറ്റ് നീണ്ട പോരാട്ടം വേണ്ടി വന്നു. സ്‌കോര്‍: 7-5,3-6,6-3,6-4. റാങ്കിങ്ങില്‍ ഉസ്‌ബെക് താരങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യന്‍ താരങ്ങളെങ്കിലും കനത്ത ചെറുത്തുനില്‍പ്പിനെ അതിജീവിച്ചാണ് ഇരുവരും വിജയം നേടിയത്.

ലോക റാങ്കിങ്ങില്‍ 267-ാം സ്ഥാനമാണ് രാംകുമാറിനുള്ളത്. ഇസ്മയിലോവിന്റെ റാങ്ക് 406. മത്സരത്തിനിടെ പേശിവലിവുണ്ടായിട്ടും ഇസ്മായിലോവ് ശക്തമായി ചെറുത്തുനിന്നു. തുടക്കംമുതല്‍ മേധാവിത്തം കാട്ടിയ ഇന്ത്യന്‍ താരം പക്ഷേ, തുടരെ ഇരട്ടപ്പിഴവുകള്‍ വരുത്തി എതിരാളിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവസരം നല്കി.

ആദ്യ സെറ്റ് ബുദ്ധിമുട്ടൊന്നുംകൂടാതെ നേടിയ ഇന്ത്യന്‍ താരം രണ്ടാം സെറ്റില്‍ 4-3ന് മുന്നിട്ടുനില്ക്കെ, സെര്‍വ് പാഴാക്കി എതിരാളിക്ക് കളംതുറന്നു നല്കി. ഈ അവസരം രണ്ടു കൈയും നീട്ടി സ്വീകരിച്ച ഇസ്മായിലോവ് 7-5ന് സെറ്റ് ജയിച്ച് ഒപ്പമെത്തി. 

മൂന്നാം സെറ്റ് അനായാസം ഇന്ത്യന്‍ താരം നേടി(62). എന്നാല്‍ നാലാം സെറ്റില്‍ ശരിക്കും വിയര്‍ത്തു. മെഡിക്കല്‍ ടൈംഔട്ടിനുശേഷം തിരിച്ചെത്തിയ ഉസ്ബെക് താരം സ്‌കോര്‍ 5-5 ആക്കി. എന്നാല്‍, സ്വന്തം സര്‍വ് നിലനിര്‍ത്താന്‍ ഇസ്മായിലോവിനായില്ല. കിട്ടിയ അവസരം മുതലെടുത്ത് രാംകുമാര്‍ 6-5ന് മുന്നിലെത്തി. 12-ാം ഗെയിം ജയിച്ച് അദ്ദേഹം സെറ്റും മാച്ചും സ്വന്തമാക്കി.