ബെംഗളൂരു: ഇതിഹാസതാരം ലിയാന്‍ഡര്‍ പേസിന്റെ അസാന്നിധ്യം ഡേവിസ് കപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് തടസ്സമായില്ല. ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്ന് പോരാട്ടത്തില്‍ ഉസ്ബെക്കിസ്താനെ 3-0ന് പരാജയപ്പെടുത്തി ഇന്ത്യ ലോക ഗ്രൂപ്പ് പ്ലേ ഓഫ് റൗണ്ടില്‍ പ്രവേശിച്ചു.

ശനിയാഴ്ച നടന്ന ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം നേരിട്ടുള്ള സെറ്റുകളില്‍ ദുസ്തോവ്-സഞ്ജര്‍ ഫൈസിയേവ് ജോഡിയെ പരാജയപ്പെടുത്തി (6-2, 6-4, 6-1) ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച നടന്ന സിംഗിള്‍സ് മത്സരങ്ങള്‍ രണ്ടും ജയിച്ച് രാംകുമാര്‍ രാമനാഥനും പ്രജ്ഞേഷ് ഗുണേശ്വരനും ഇന്ത്യക്ക് 2-0 ലീഡ് സമ്മാനിച്ചിരുന്നു. ഡബ്ള്‍സില്‍ എതിരാളികള്‍ക്ക് പൊരുതാന്‍പോലും അവസരം നല്കാതെയാണ് ആതിഥേയര്‍ അടുത്തറൗണ്ടിലേക്ക് കുതിച്ചത്. ഇന്ത്യ പോരാട്ടം ജയിച്ചതോടെ അപ്രസക്തമായ ഞായറാഴ്ചത്തെ റിവേഴ്സ് സിംഗിള്‍സ് മത്സരങ്ങള്‍ മൂന്നുസെറ്റിലായിരിക്കും തീര്‍പ്പാവുക. ലോക ഗ്രൂപ്പ് പ്ലേ ഓഫ് സെപ്റ്റംബറിലാണ്. ഇന്ത്യയുടെ എതിരാളി ആരാണെന്ന് തീരുമാനമായിട്ടില്ല.