|
സൈനയുടെ സ്ഥിരത; ജ്വാലയുടെ തിളക്കം
Posted on: 30 Apr 2010
ഇന്ത്യന്‍ കായികരംഗത്ത് ഒന്നും സ്ഥിരമല്ലെന്നത് ഒരു സ്ഥിരമായ സത്യമായിരിക്കെ തന്നെ നിശ്ചിത ഇടവേളകളിലെ രക്ഷകപിറവികള്‍ വിസ്മരിക്കാനാവില്ല. ക്രിക്കറ്റില്‍ കപില്‍, ഗവാസ്‌കര്‍, സച്ചിന്‍ ത്രയവും ടെന്നീസില്‍ രാമനാഥന്‍ കൃഷ്ണന്‍, വിജയ് അമൃത്‌രാജ്, പേസ് ഭൂപതിമാരും ഇതില്‍പ്പെടുന്നു. പ്രതിഭയുടെ മിന്നലാട്ടം കാട്ടി ഒളിമങ്ങിയ ടെന്നീസ് റാണി സാനിയ മിര്‍സയെ ഒരളവുവരെ ഈ ഗണത്തില്‍ കൂട്ടാമെങ്കിലും മിര്‍സയുടെ പ്രശ്‌നവും അസ്ഥിരതയായിരുന്നെന്ന് കാണാം. ഹോക്കിയില്‍ ഇതിഹാസതാരം ധ്യാന്‍ചന്ദിനു ശേഷം ഇനിയും അവതരിക്കാത്ത രക്ഷകനായുള്ള കാത്തിരിപ്പ് തുടരുന്നു. ബാഡ്മിന്റണിലും സ്ഥിതി വ്യത്യസ്തമല്ല. 1980 കളില്‍ പ്രകാശ് പദുക്കോണിനും 90 കളില്‍ ഗോപിചന്ദിനും അപര്‍ണ്ണാപോപ്പട്ടിനുമുണ്ടായിരുന്ന സ്ഥാനം ഇന്ന് സൈന നേവാള്‍ എന്ന ഹൈദരാബാദുകാരി പെണ്‍കുട്ടിക്കാണ് കല്പിച്ചുകിട്ടിയിരിക്കുന്നത്. ടെന്നീസില്‍ സാനിയ സൃഷ്ടിച്ച തരംഗം തന്നെയാണ് ബാഡ്മിന്റണില്‍ സൈനയുടെത്. എന്നാല്‍ സാനിയക്കില്ലാത്ത സ്ഥിരതയെന്ന ഗുണം സൈനക്കുണ്ടായിരുന്നു. പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ രംഗത്തെത്തിയതില്‍ പിന്നെ ഈ താരത്തിന്റെ കരിയര്‍ഗ്രാഫ് കുതിച്ചുകയറിയത് മുകളിലേക്ക് മാത്രമാണ്. ഇനിയും ലളിതമാക്കിയാല്‍ ലോക അഞ്ചാം റാങ്ക് വരെയെത്തിയ സൈനയ്്ക്കു മുന്നിലുള്ളത് നാലേനാലു പേര്‍ മാത്രം.
പോയ സീസണിലെയും അടുത്ത നാളുകളിലേയും ഇന്ത്യന്‍ ബാഡ്മിന്റണിന്റെ നേട്ടങ്ങളെന്നാല്‍ അത് സൈനയെന്ന 20 കാരിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. നേട്ടങ്ങള്‍ക്കു തുല്യമായ അംഗീകാരങ്ങളും അഭിനന്ദനവര്‍ഷവും സൈനയെ തേടിയെത്തിയെന്നതു ശരി തന്നെ. എന്നാല്‍ പോയ സീസണുകളില്‍ സൈനയോളം തന്നെ രാജ്യാന്തര നേട്ടങ്ങള്‍ കൊയ്ത ദിജു-ജ്വാലഘുട്ട സഖ്യത്തിന് സൈനയ്ക്ക് കിട്ടിയതിന്റെ പകുതിപോലും മാധ്യമശ്രദ്ധയോ അംഗീകാരങ്ങളോ ലഭിച്ചില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഇവര്‍ക്കു പുറമെ കേരളത്തില്‍ നിന്നുള്ള രൂപേഷ്‌കുമാര്‍-സനേവ് തോമസ് ജോഡിയും പുരുഷ സിംഗിള്‍സില്‍ ജ്വാലഘുട്ടയുടെ ഭര്‍ത്താവ് ചേതന്‍ ആനന്ദും, തൃപ്തി മുര്‍ഗുണ്ടെ, സയാലി ഗോഖലെ തുടങ്ങിയവര്‍ സീനിയര്‍ തലത്തിലും ഗുരുസായി ദത്ത്, ആദിത്യ പ്രകാശ്, കേരളക്കാരി പെണ്‍കുട്ടി പി.സി. തുളസി തുടങ്ങിയവരും ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാനമുയര്‍ത്തി.
സൈനയുടെ റാങ്കിങ്ങില്‍ കുതിച്ചുചാട്ടമുണ്ടാക്കിയ നേട്ടമായിരുന്നു കഴിഞ്ഞ സീസണിലെ ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം. കടുത്ത ചൈനീസ് ആധിപത്യം മറികടന്ന് മൂന്നു സെറ്റുകള്‍ വീതം പൊരുതിക്കളിച്ച് ഒരിന്ത്യന്‍ പെണ്‍കുട്ടി നേടിയ ആദ്യ സൂപ്പര്‍സീരീസ് കിരീടം. ഡെന്‍മാര്‍ക്കിന്റെ കാമില മാര്‍ട്ടിന്‍, ടിന റാസ്്മുസെന്‍, സൂസി സുശാന്തി, മിയാ അദീന തുടങ്ങിയ ഇന്‍ഡൊനീഷ്യന്‍ ജോഡികളുമാണ് ചൈനീസ് ആധിപത്യത്തിന് തരിമ്പെങ്കിലും തടയിട്ട താരങ്ങള്‍. ഇതിനിടെ ഒരിന്ത്യന്‍ പെണ്‍കുട്ടിയുടെ കുതിപ്പ് ബാഡ്്മിന്റണ്‍ ലോകത്തെ അമ്പരപ്പിക്കാന്‍ പോന്നതായിരുന്നു. ഇന്ത്യന്‍ ഒാപ്പണിലും ലോക ചാമ്പ്യന്‍ഷിപ്പിലും കിരീടങ്ങള്‍ ആവര്‍ത്തിക്കാനായില്ലെങ്കിലും സയ്യദ് മോഡി മെമ്മോറിയല്‍ ഗ്രാന്റ്പ്രീ കിരീടവും മാസ്‌റ്റേഴ്‌സ് ഏഷ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലെ സെമിനേട്ടവും സൈനയുടെ സ്ഥിരത വെളിപ്പെടുത്തുന്നു.
എന്നാല്‍, ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലിതുവരെ കാണാത്ത കുതിപ്പ്-ആ വിശേഷണം ദിജു-ജാ്വലഘുട്ട സഖ്യത്തിനുള്ളതാണ്. കോഴിക്കോട്ടുകാരന്‍ ദിജുവും ഹൈദരാബാദുകാരി ജ്വാലയും 2008 ഡിസംബറില്‍ തങ്ങളുണ്ടായിരുന്ന 38-ാം റാങ്കില്‍ നിന്ന് വിസ്മയകരമാംവിധം പറന്നുപൊങ്ങിയാണ് 7-ാം റാങ്കിലെത്തിയത്. കഴിഞ്ഞ സീസണിലെ കൊറിയ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ സഖ്യമായ നോവ പിന്തിയാന്തോ ലില്ല്യാന നാറ്റ്‌സിര്‍ ജോഡിയെ തോല്പിച്ച ഇന്ത്യന്‍ സഖ്യം, തായ്‌ലന്‍ഡ്, ഇന്‍ഡൊനീഷ്യന്‍, മലേഷ്യന്‍ ജോഡികളെ ഞെട്ടിച്ചതും ഇന്ത്യ ഓപ്പണ്‍, വേള്‍ഡ് മാസ്‌റ്റേഴ്‌സ്, ഫൈനലിലെത്തിയതും ചൈനീസ് തായ്‌പേയ് ഗ്രാന്റ്പ്രീ കിരീടം നേടിയതുമെല്ലാം അര്‍ഹിച്ച മാധ്യമശ്രദ്ധ പോലുമില്ലാതെ ഒതുങ്ങുകയാണുണ്ടായത്.
കേരളത്തിന്റെ ശ്രദ്ധേയ പുരുഷ ജോഡികളായ രൂപേഷ്‌കുമാറും സനേവും 10 വര്‍ഷത്തോളമായി കളിക്കളത്തിലുണ്ടെങ്കിലും ഇവര്‍ക്കു കിട്ടിയതും അവഗണനയുടെ കയ്പ്പുനീര്‍ തന്നെയാണ്. രാജ്യാന്തരതലത്തില്‍ നേട്ടങ്ങള്‍ കുറവാണെങ്കിലും 2009 ലെ ന്യൂസിലാന്റ്, ബിറ്റ്ബര്‍ഗര്‍ ഓപ്പണുകളിലെ രണ്ടാംസ്ഥാനങ്ങള്‍ എടുത്തു പറയേണ്ടതാണ്. അന്താരാഷ്ട്ര രംഗത്ത് മത്സരപരിചയം കുറവായിട്ടു കൂടി പരമാവധി പൊരുതാന്‍ ഈ സഖ്യം തയ്യാറായിരുന്നു. കേരളത്തില്‍ പോലും ഒരു ചര്‍ച്ചയാകാതെ ഇവരുടെ വിജയങ്ങളും ഒതുങ്ങി.
പുരുഷ സിംഗിള്‍സ് നേട്ടങ്ങളില്‍ ചേതന്‍ ആനന്ദ് തന്നെയാണ് മുന്നില്‍. ഡച്ച്, സയ്യദ് മോഡി ഗ്രാന്റ്പ്രീകള്‍ നേടിയ ചേതന്‍ മക്കാവു ഗ്രാന്റ്പ്രീയുടെ ക്വാര്‍ട്ടറിലുമെത്തിയിരുന്നു. ചെക്ക് ഇന്റര്‍നാഷണല്‍ കിരീടം നേടിയ തൃപ്തി മുര്‍ഗുണ്ടെ, സ്‌പെയിന്‍ ഓപ്പണ്‍ നേടിയ സയാലി ഗോഖലെ, എന്നിവര്‍ സീനിയര്‍ തലത്തില്‍ തിളങ്ങിയപ്പോള്‍, ദേശീയ ചാമ്പ്യന്‍ഷിപ്പ്, എന്‍.പി.എന്‍.എല്‍. റാങ്കിങ്ങ് ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തിയ പി.സി. തുളസി ഭാവിയുടെ താരമായി വിലയിരുത്തപ്പെട്ട് കഴിഞ്ഞു.
താരങ്ങളുടെ നേട്ടങ്ങളുടെ തണലിലിരുന്ന് ഈ വിജയങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടാന്‍ മാത്രമാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ (BAI) നിലകൊള്ളുന്നതെന്ന പരാതി ഇതിനിടയിലും വ്യാപകമാണ്. തന്നെയും വിമല്‍കുമാറിനെയും പോലുള്ളവര്‍ തുടങ്ങിയ സ്വകാര്യ അക്കാദമികളില്ലായിരുന്നെങ്കില്‍ ഇവിടുത്തെ പുതുനിര ഏങ്ങനെ കളിച്ചുയരുമെന്ന പ്രകാശ് പദുക്കോണിന്റെ ആശങ്കയും ഇതിനിടെ കൂട്ടിവായിക്കേണ്ടതാണ്.
|
|
Other stories in this section:
|
|