|
ഒന്നാമന്റെ വിഹ്വലതകള്‍
Posted on: 13 Dec 2009
ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയെന്ന വാര്‍ത്ത വലിയ ആഘോഷത്തോടെയാണ് നമ്മുടെ മാധ്യമങ്ങളും ക്രിക്കറ്റ് നിരൂപകരും സ്വീകരിച്ചത്. ലോക ക്രിക്കറ്റില്‍ പ്രൊഫഷണലിസത്തിന്റെ വക്താക്കളായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും കയ്യടക്കി വെച്ചിരുന്ന പദവി ഇന്ത്യക്ക് കൈവരുന്നു. തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ട സന്ദര്‍ഭം തന്നെ. സ്വാഭാവികമായും മഹേന്ദ്ര സിങ് ധോനിയുടെ ടീമിന്റെ മികവ് ഇഴകീറി പരിശോധിക്കപ്പെട്ടു. ഓപ്പറേഷന്‍ ടേബിളിന് അടുത്ത് നിന്ന് ' സര്‍ജന്‍മാര്‍ ' ഏക സ്വരത്തില്‍ വിളിച്ചുപറഞ്ഞു. ഇതുപോലൊരു ക്രിക്കറ്റ് ടീം മുമ്പ് ഒരു കാലത്തും ഇന്ത്യക്ക് ഉണ്ടായിട്ടില്ല. ഇതു തന്നെ ഏറ്റവും മികച്ച ടീം... ഇങ്ങനെ സെര്‍ട്ടിഫൈ ചെയ്തവരില്‍ മുമ്പന്‍ സുനില്‍ മനോഹര്‍ ഗാവസ്‌ക്കറാണെന്നതു കൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ നമ്മള്‍ക്കത് അംഗീകരിക്കാവുന്നതാണ്. പക്ഷെ, ആലോചിച്ച് നോക്കുമ്പോള്‍ എന്തോ ചില പന്തികേടുകള്‍. അഞ്ചു വര്‍ഷം മുമ്പ് സൗരവ് ഗാംഗുലിയുടെ ടീമിനെ കുറിച്ചും സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം വിശകലനങ്ങള്‍ നടത്തിയിരുന്നു. അതിനേക്കാള്‍ മെച്ചപ്പെട്ട ടീമാണ് ഇതെന്ന് പറയുമ്പോള്‍ രണ്ടു ടീമിന്റേയും ശക്തി, ദൗര്‍ബല്യങ്ങള്‍ വിലയിരുത്താതെ തരമില്ലല്ലോ? ഇപ്പോള്‍ ഇന്ത്യന്‍ ടീം, റാങ്കിങ്ങില്‍ ഒന്നാമതെത്തിയത് അന്ന് സൗരവിന്റെ ടീം ഉണ്ടാക്കിയ ചില മികച്ച റിസല്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണെന്നതും പരിഗണിക്കേണ്ടതുണ്ട്.
ഓസ്‌ട്രേലിയയില്‍ അവര്‍ക്കെതിരെ നേടിയ ചില വിജയങ്ങളായിരുന്നു. അന്നത്തെ ഓസീസ് ടീം ഇന്നത്തേതിനെ അപേക്ഷിച്ച് മികച്ചതായിരുന്നുവെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ നേതൃത്വത്തില്‍ ഗ്ലെന്‍ മെഗ്രാത്ത്, ഷെയ്ന്‍ വോണ്‍, മാത്യു ഹെയ്ഡന്‍, ആഡം ഗില്‍ക്രിസ്റ്റ് തുടങ്ങിയ മഹാരഥന്‍മാരുടെ ടീം! ലോകക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ അത്തരമൊരു ടീം ഉണ്ടായിരുന്നുവോ എന്ന് സംശയം. ആ ടീമിനെ അവരുടെ മണ്ണില്‍ വെച്ച് കീഴടക്കിയത് സൗരവിന്റെ ഇന്ത്യ മാത്രമായിരുന്നു. കോഴ വിവാദത്തിന്റെ ചെളിക്കുണ്ടില്‍ വീണ് കളങ്കിതമായ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നായിരുന്നു സൗരവ് അങ്ങനെയൊരു ടീമിനെ സൃഷ്ടിച്ചെടുത്തത് എന്നോര്‍ക്കണം. വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, യുവ്‌രാജ് സിങ്, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ് തുടങ്ങി ഒരു സംഘം പ്രതിഭാധനരായ യുവ ക്രിക്കറ്റര്‍മാരെ ടീമിലെത്തിക്കാന്‍ സൗരവ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതരുമായും ടീം മാനേജ്‌മെന്റുമായും നിരന്തരം പോരടിക്കുകയായിരുന്നു. എന്തിന് മഹേന്ദ്ര സിങ് ധോനിയെ പോലും ടീമിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് സൗരവിനുണ്ടായിരുന്നു. സൗരവ് സൃഷ്ടിച്ച ആ ടീം വലിയ മാറ്റമില്ലാതെ ഇന്നും തുടരുന്നു.
അന്ന് സൗരവിന് കിട്ടാതെ പോയത് വിദേശ വിക്കറ്റുകളില്‍ മല്‍സരങ്ങള്‍ ജയിക്കാന്‍ അനിവാര്യമായിരുന്ന മികച്ച ഫാസ്റ്റ് ബൗളര്‍മാരെയാണ്. പേസ് ബൗളര്‍മാരുടെ കാര്യത്തില്‍ സൗരവിന് മുന്നിലുണ്ടായിരുന്ന ഓപ്ഷന്‍ പരിമിതമായിരുന്നു. സഹീര്‍ ഖാന്‍ ഒഴികെ അന്നുണ്ടായിരുന്ന പേസ് ബൗളര്‍മാരില്‍ ആരും വിദേശ വിക്കറ്റുകളില്‍ തുടരെ മികവ് പ്രകടിപ്പിക്കാന്‍ പോന്നവരോ, ഫലപ്രദവും ദീര്‍ഘവുമായ സ്‌പെല്ലുകള്‍ എറിയാന്‍ കെല്‍പ്പുള്ളവരോ ആയിരുന്നില്ല. അവിടെയാണ് ധോനിയെന്ന ക്യാപ്റ്റന്റെ ഭാഗ്യം. ശ്രീശാന്തിന്റേയും ഇഷാന്ത് ശര്‍മയുടേയും വരവോടെ ഇന്ത്യന്‍ പേസ് ബാറ്ററിക്ക് അന്താരാഷ്ട്ര നിലവാരം കൈവന്നു. ജീവനുള്ള വിദേശ വിക്കറ്റുകളിലും ഇന്ത്യക്ക് മത്സരങ്ങള്‍ ജയിക്കാമെന്നു വന്നു. ശ്രീശാന്ത് കളിച്ച മല്‍സരങ്ങളിലെ ഇന്ത്യയുടെ വിജയ ശതമാനം വിലയിരുത്തി നോക്കിയാല്‍ തന്നെ ഈ കാര്യം ബോധ്യപ്പെടും. ശ്രീക്കും ഇഷാന്തിനും വിശ്രമം നല്‍കുന്ന സമയത്ത് അവര്‍ക്ക് പകരം നില്‍ക്കാന്‍ പോന്ന മികച്ച സീം ബൗളര്‍മാരും ഇന്നുണ്ട്. ആര്‍ പി സിങ്, പ്രവീണ്‍ കുമാര്‍, ഇര്‍ഫാന്‍ പത്താന്‍... അങ്ങനെ ഒരു നീണ്ട നിര. ധോനിക്ക് മുന്നില്‍ വലിയ ഓപ്ഷന്‍ ഉണ്ട്. സച്ചിന്‍, രാഹുല്‍, ലക്ഷ്മണ്‍, സെവാഗ്, ഗൗതം ഗംഭീര്‍.. പ്രതിഭാ ധാരാളിതത്തമാണ് ബാറ്റിങ്ങില്‍, മികച്ച പേസര്‍മാര്‍- മഹിയുടെ ടീം ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിതിന് വേറെ കാരണങ്ങള്‍ തേടേണ്ടതില്ല.
എന്നാല്‍ ഒന്നുകൂടെ സൂക്ഷമമായി വിലയിരുത്തുമ്പോള്‍ വെളിപ്പെടുന്ന ചില ദൗര്‍ബല്യങ്ങള്‍ അവഗണിക്കാനാവില്ല. മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായിരുന്ന സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നത്ര സുശക്തമല്ല. അനില്‍ കുംബ്ലെയുടെ റിട്ടയര്‍മെന്റ് സൃഷ്ടിച്ച ശൂന്യത പരിഹരിക്കപ്പെട്ടിട്ടില്ല. അനില്‍ ഒരറ്റത്ത് ബൗള്‍ ചെയ്യുമ്പോള്‍ മറ്റേയറ്റത്ത് എറിയാനെത്തുന്ന ഹര്‍ഭജനും അതിന്റെ ഗുണം ലഭിച്ചിരുന്നു. സീനിയര്‍ പാര്‍ട്ണറായ അനില്‍ എതിര്‍ ബാറ്റ്‌സ്മാന്മാരില്‍ ഉണ്ടാക്കുന്ന സമ്മര്‍ദം ഹര്‍ഭജന് മുതലെടുക്കാന്‍ കഴിഞ്ഞിരുന്നു. ഹര്‍ഭജന് ഇപ്പോഴും ഒരു സീനിയര്‍ പാര്‍ട്ണറുടെ റോളിലേക്ക് ഉയരാന്‍ കഴിയുന്നില്ല. ഹര്‍ഭജന് അതിന് കഴിഞ്ഞിരുന്നുമെങ്കില്‍ ഒപ്പം ബൗള്‍ചെയ്യുന്ന ജൂനിയര്‍ പാര്‍ട്ണര്‍മാരായ അമിത് സര്‍മക്കും പ്രഗ്യാന്‍ ഓജക്കുമെല്ലാം അത് ഗുണം ചെയ്‌തേനെ. അനില്‍ വിരമിച്ചതോടെ ഒരു മാച്ച് വിന്നിങ് സ്‌പെല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇന്ത്യ സമീപ കാലത്ത് കളിച്ച മത്സരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാവും. അതേപോലെ തന്നെ ഇര്‍ഫാന്‍ പത്താന്‍ മങ്ങിപ്പോയതോടെ മികച്ച ഒരു ഓള്‍റൗണ്ടറുടെ അഭാവവും ഇന്ന് ഇന്ത്യ ടീമിനുണ്ട്. പ്രവീണ്‍കുമാറിനോ അഭിഷേക് നായര്‍ക്കോ ഒന്നും ഏകദിന മാച്ചുകളില്‍ പോലും ഒരു ഓള്‍റൗണ്ടറുടെ റോളിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. തല്‍ക്കാലം യുവ്‌രാജ് സിങ്ങിനേയും വീരേന്ദര്‍ സെവാഗിനേയുമെല്ലാം ഓള്‍റൗണ്ടറുടെ വേഷം കെട്ടിക്കുകയാണ് ടീം മാനേജ്‌മെന്റ് ചെയ്യുന്നത്. ഇരുട്ട് കൊണ്ട് ഓട്ടയ്ടയ്ക്കുന്ന ഈ ഏര്‍പ്പാട് നമുക്ക് എത്രകാലം തുടരാനാവും?
സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ക്രിക്കറ്റിനെ ഒന്നര ദശകത്തിലേറെയായി തോളിലേറ്റുന്ന അപൂര്‍വ പ്രതിഭകളാണ്. 1932ല്‍ ടെസ്റ്റ് കളിക്കാന്‍ തുടങ്ങിയ ഇന്ത്യ ഇതുവരെ നേടിയ 101 വിജയങ്ങളില്‍ 53 എണ്ണത്തില്‍ സച്ചിന്‍ പങ്കാളിയാണെന്ന കണക്ക് മാത്രം മതി ഇന്ത്യന്‍ ടീമിന്റെ സമീപകാല കുതിപ്പുകളില്‍ അദ്ദേഹത്തിന്റെ റോള്‍ എത്ര വലുതാണെന്ന് വ്യക്തമാക്കാന്‍. അതേപോലെ തന്നെ രാഹുലും ഇന്ത്യ നേടിയ പ്രസിദ്ധമായ വിജയങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഈ രണ്ട് ബാറ്റ്‌സ്മാന്മാരുടേയും സേവനം ഏറിയാല്‍ രണ്ടു വര്‍ഷം കൂടിയേ നമുക്ക് ലഭിക്കുള്ളൂ. ഇവര്‍ക്ക് പകരം വെക്കാവുന്ന മധ്യനിര ബാറ്റ്‌സ്മാന്മാരെ നമ്മള്‍ എവിടെ നിന്ന് കണ്ടെത്തും? പകരക്കാരാവുമെന്ന് പ്രതീക്ഷ നല്‍കിയിരുന്ന രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര തുടങ്ങിയവരെ വേണ്ട വിധത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമം നടക്കുന്നുമില്ല.
അതിനെല്ലാമുപരി, ടെസ്റ്റ് ക്രിക്കറ്റില്‍ തല്‍ക്കാലത്തേക്കെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ഇന്ത്യന്‍ ടീമിനെ ടെസ്റ്റ് മാച്ചുകളില്‍ കളിപ്പിക്കാനുള്ള ശ്രമം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നുണ്ടാവുന്നില്ല. ഇപ്പോള്‍ തീരുമാനിക്കപ്പെട്ട അന്താരാഷ്ട്ര കലണ്ടര്‍ പ്രകാരം അടുത്ത വര്‍ഷം രണ്ടു ടെസ്റ്റില്‍, അതും ബംഗ്ലാദേശിനെതിരെ മാത്രമാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. റാങ്കിങ് പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ബംഗ്ലാദേശിനെതിരെ ജയിച്ചാല്‍ പോലും ഇന്ത്യക്ക് റാങ്കിങ്ങ് പോയന്റുകളില്‍ കാര്യമായ പുരോഗതി ഉണ്ടാവില്ല. ഈ കാര്യം ചര്‍ച്ചയായപ്പോള്‍ രണ്ടു ടെസ്റ്റ് അടുത്ത വര്‍ഷം കളിക്കണമെന്ന അപേക്ഷയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനെ സമീപിച്ചിരിക്കുന്നു. ഇതുവരെ ഇവര്‍ ഉറങ്ങുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം സെഞ്ച്വറിയും റണ്‍സും നേടിയതിന്റെ ലോക റെക്കോര്‍ഡ് ഇപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനകരമായ നേട്ടമാണത്. സച്ചിന് കരിയറില്‍ അവശേഷിക്കുന്ന കാലത്ത് പരമാവധി ടെസ്റ്റ് കളിക്കാനും ഈ റെക്കോര്‍ഡ് ഭദ്രമാക്കാനും അവസരം ഒരുക്കേണ്ടത് ബോര്‍ഡിന്റെ ബാധ്യതയായിരുന്നു. ഇനി സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നതിന് മുമ്പോ, അതിന് ശേഷമോ ഈ റെക്കോര്‍ഡുകളില്‍ ഒന്നെങ്കിലും ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന് കയ്യിലൊതുക്കാന്‍ കഴിഞ്ഞാല്‍ അതിന് അവസരമൊരുക്കി കോടുത്തതിന്റെ പേരില്‍ ബി.സി.സി.ഐ.ക്ക് 'അഭിമാനിക്കാം.'-ചരിത്രത്തില്‍ ഇടം പിടിക്കാന്‍ എന്തെല്ലാം വഴികള്‍!
|
|
Other stories in this section:
|
|