|
കുഞ്ഞന്‍ പ്രൊഫഷണല്‍
Posted on: 23 Jul 2009
ബൊളീവിയന്‍ ഫുട്‌ബോള്‍ ക്ലബ് അറോറയുടെ മൗറീഷ്യോ ബാല്‍ഡിവിസോയെ ടീനേജ് താരം എന്നുപോലും വിശേഷിപ്പിക്കാനാവില്ല. കാരണം മൗറീഷ്യോയ്ക്ക് വയസ്സ് 12 ആയിട്ടേയുള്ളൂ. ബൊളീവിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ എഫ്.സി. ലാപാസിനെതിരെ രണ്ടാംപകുതിയില്‍ കളിക്കാന്‍ ഇറങ്ങിയതോടെ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രൊഫഷണല്‍ ഫുട്‌ബോള്‍താരം എന്ന അപൂര്‍വ ബഹുമതിയാണ് മൗറീഷ്യോയെ തേടിയെത്തിയത്. 13-ാം വയസ്സില്‍ പ്രൊഫഷണല്‍ താരമായ പെറുവിന്റെ ഫെര്‍ണാണ്ടോ ഗാസിയയുടെ റെക്കോഡാണ് മൗറീഷ്യോ മറികടന്നത്.
അറോറ കോച്ച് ജൂലിയോ സീസര്‍ ബാല്‍ഡിവിസോയുടെ മകനായതുകൊണ്ടാണ് മൗറീഷ്യോയ്ക്ക് ചെറുപ്രായത്തില്‍ ക്ലബ് ജഴ്‌സി അണിയാന്‍ കഴിഞ്ഞതെന്നാണ് അസൂയാലുക്കളുടെ ആരോപണം. എന്നാല്‍ 12-കാരന്‍ അസാധാരണപ്രതിഭയാണെന്ന് കളിവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഏതായാലും പ്രൊഫഷണല്‍ ഫുട്‌ബോളിലെ അരങ്ങേറ്റം കൊച്ച് മൗറീഷ്യോയ്ക്ക് സുഖമുള്ള ഒര്‍മയാവില്ല സമ്മാനിച്ചത്. പ്രായക്കുറവിന്റെ ആനുകൂല്യമൊന്നും നല്കാന്‍ എതിരാളികള്‍ തയ്യാറാവാതിരുന്നതുതന്നെ കാരണം. കളിതീരാന്‍ പത്തുമിനിറ്റ് ബാക്കി നിലെ്ക്കയാണ് മൗറീഷ്യോ പകരക്കാരനായി ഇറങ്ങിയത്. അധികം സമയം കഴിയുന്നതിനു മുന്‍പ് ലാപാസ് താരം ഹെന്റി അലാകാമക്കോണ്ടോയുടെ ചവിട്ടേറ്റ് കുഞ്ഞന്‍ താരം മൈതാനത്തു വീണു. വേദനകൊണ്ട് കരഞ്ഞ മൗറീഷ്യോയ്ക്ക് വൈദ്യസഹായം ലഭ്യമാക്കേണ്ടിവന്നു. പക്ഷേ, വിട്ടുകൊടുക്കാന്‍ മൗറീഷ്യോ തയ്യാറായില്ല. വേദന മറന്ന് മത്സരം പൂര്‍ത്തിയാക്കിയേ മൗറീഷ്യോ മടങ്ങിയുള്ളൂ.സംഭവം ഇരുടീമുകളും തമ്മില്‍ കൈയാങ്കളിയുടെ വക്കത്തെത്തിച്ചിരുന്നു. അരങ്ങേറ്റത്തില്‍ ജയം നേടാനും മൗറീഷ്യോയ്ക്ക് കഴിഞ്ഞില്ല. ടീം എതിരില്ലാത്ത ഒരു ഗോളിനു തോല്ക്കുകയായിരുന്നു. മത്സരശേഷം ആരാധകര്‍ക്കെല്ലാം മൗറിഷ്യോ നന്ദി പറഞ്ഞു.
ബൊളീവിയയുടെ ലോകകപ്പ് താരമായ പിതാവ് ജൂലിയോ സീസറിന്റെ കാല്പാടുകള്‍ പിന്തുടര്‍ന്നുതന്നെയാണ് മൗറീഷ്യോ കളിക്കാരനായത്. അമേരിക്കയില്‍ നടന്ന 1994-ലെ ലോകകപ്പിലാണ് ജൂലിയോ ബൊളീവിയന്‍ ടീമിന്റെ സ്‌ട്രൈക്കറായത്.
ബൊളീവിയയിലെ നമ്പര്‍വണ്‍ ക്ലബ് ബൊളീവറിന്റെയും താരമായിരുന്നു. അര്‍ജന്റീനയിലും ഇക്വഡോറിലും ജപ്പാനിലും വിവിധ ടീമുകള്‍ക്കായി ജൂലിയോ ബൂട്ടണിഞ്ഞിരുന്നു. 1997-ല്‍ കോപ അമേരിക്ക ഫുട്‌ബോളില്‍ ഫൈനലില്‍ കടന്ന ബൊളീവിയന്‍ ടീമിലും ജൂലിയോ അംഗമായിരുന്നു. പിതാവിന്റെ കളികളാല്‍ പ്രചോദിതനായി കളിക്കളത്തിലിറങ്ങിയ മൗറീഷ്യോ കൂടുതല്‍ ഉയരങ്ങളാണ് ലക്ഷ്യംവെക്കുന്നത്.
|
|
Other stories in this section:
|
|