|
ബുക്കാനന് ക്ലീന്‍ ബൗള്‍ഡ്
Posted on: 11 Jul 2009
തോറ്റ് തൊപ്പിയിട്ട്, ഉടമ ഷാരൂഖ് ഖാനെ നാണംകെടുത്തി മത്സരമധ്യേ തിരിച്ചയച്ചെങ്കിലും ഐ.പി.എല്ലിന്റെ രണ്ടാം എഡിഷന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍േറതായിരന്നു. വിജയങ്ങള്‍ അകന്നുനിന്നെങ്കിലും ഒഴിഞ്ഞുപോകാതിരുന്ന വിവാദങ്ങളാണ് നൈറ്റ് റൈഡേഴ്‌സിനെ വാര്‍ത്തകളില്‍ സമ്പന്നമാക്കിയത്.
ഈ വിവാദങ്ങളുടെയെല്ലാം കേന്ദ്ര സ്ഥാനം ഓസ്‌ട്രേലിയക്കാരനായ പരിശീലകന്‍ ജോണ്‍ മാര്‍ഷല്‍ ബുക്കാനന് അവകാശപ്പെട്ടതായിരുന്നു. ബുക്കാനനും പരിശീലക ടീം ചേരിതിരിഞ്ഞ കളിക്കാരും കളിക്കളത്തിന് പുറത്താടിയ കളികളും സൂത്രധാരന്റെ വേഷത്തിലെത്തിയ 'ഫേക്ക് ഐ.പി.എല്‍. പ്ലെയര്‍' എന്ന ബ്ലോഗും ചേര്‍ന്ന് നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളെ ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ നാണംകെടുത്തി.
ഐ.പി.എല്ലില്‍ ദയനീയമായി തോറ്റുമടങ്ങിയ ടീമില്‍ നിന്ന് പല തലകളും ഉരുളുമെന്ന് ഉറപ്പായിരുന്നു. ആരവമടങ്ങിയ യുദ്ധക്കളത്തില്‍ ആദ്യം ഉരുണ്ട തല വിവാദങ്ങളുടെ പടനായകനായ ജോണ്‍ ബുക്കാനന്‍േറതാണ്. ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് ബുക്കാനനെ ഒഴിവാക്കിയതായി ടീം മാനേജ്‌മെന്റ് സൂചന നല്‍കിയിട്ടുണ്ട്.
ഐ.പി.എല്ലിന്റെ രണ്ട് സീസണുകളിലായി വിവാദങ്ങള്‍ മാത്രമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സ്വന്തമായുള്ളത്. ഐ.പി.എല്ലിന്റെ ഉദ്ഘാടനമത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്തു തുടങ്ങിയ വീര്യം വിവാദങ്ങളുടെ അന്തഃഛിദ്രത്തില്‍ കൈമോശം വന്നുപോയി. വിജയങ്ങളില്‍ നിന്ന് തോല്‍വിയിലേക്ക് ടീം കൂപ്പുകുത്തി. രണ്ടാം സീസണിന്റെ തുടക്കത്തില്‍ത്തന്നെ വിവാദങ്ങള്‍കൊണ്ടായിരുന്നു തുടക്കം. ബുക്കാനനും ഉടമ ഷാരൂഖ്ഖാനും ഗാംഗുലിയും മക്കല്ലവും വിവാദകഥകളില്‍ നായകരായി. ആദ്യ സീസണില്‍ ആറ് ജയത്തോടെ ആറാം സ്ഥാനത്തായെങ്കില്‍ രണ്ടാം സീസണില്‍ ജയം നേര്‍ പകുതിയായി. ആറാം സ്ഥാനത്തുനിന്ന് ടീം അവസാന സ്ഥാനക്കാരായി. ആദ്യ ഐ.പി.എല്ലില്‍ അവസാനക്കാരായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഇത്തവണ ഫൈനല്‍ കളിച്ചതും നൈറ്റ് റൈഡേഴ്‌സിന്റെ പതനവും ഇതോടൊപ്പം ചേര്‍ത്തു വായിക്കുകയും ചെയ്യാം.
ഗാംഗുലിയുമായുള്ള ബുക്കാനന്റെ അഭിപ്രായവ്യത്യാസമാണ് ആദ്യ സീസണില്‍ ടീമിന് തിരിച്ചടിയായതെങ്കില്‍ രണ്ടാം സീസണില്‍ വംശീയ അധിക്ഷേപം വരെ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ വിവാദത്തിനിട നല്‍കി. കൂനിന്മേല്‍കുരുവെന്ന പോലെ ടീമിലെ അണിയറ രഹസ്യങ്ങള്‍ ഫേക്ക് ഐ.പി.എല്‍. പ്ലെയര്‍ എന്ന ബ്ലോഗിലൂടെ പുറംലോകം അറിയുകയും ചെയ്തു. ടീമിന് നാലു നായകര്‍ എന്നതായിരുന്നു ബുക്കാനന്റെ ആദ്യത്തെ വിപ്ലവകരമായ ചിന്ത. ടീമിന്റെ ക്യാപ്റ്റന് പുറമെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലും ക്യാപ്റ്റന്മാരുണ്ടാകുമെന്നതായിരുന്നു ആദ്യ പ്ലാന്‍. ഇന്ത്യയില്‍ രണ്ടാം ഐ.പി.എല്‍. നടന്നാല്‍ നായകസ്ഥാനത്തുനിന്ന് എളുപ്പത്തില്‍ ഗാംഗുലിയെ മാറ്റാന്‍ കഴിയാത്തതിനാല്‍ ബുക്കാനന്‍ കണ്ടുപിടിച്ച കുരുട്ടുബുദ്ധിയാണിതെന്ന് ക്രിക്കറ്റ് ലോകം അടക്കംപറഞ്ഞു.
നാല് ക്യാപ്റ്റന്മാര്‍ വിവാദം കൊഴുക്കുന്നതിനിടെ കളി ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുകയാണെന്ന് ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ഇതോടെ നാല് ക്യാപ്റ്റന്മാര്‍ എന്ന പദ്ധതി ബുക്കാനന്‍ ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്കയില്‍ ടീമിറങ്ങിയത് ബ്രണ്ടന്‍ മക്കല്ലത്തിന്റെ നേതൃത്വത്തില്‍. പിന്നീട് നടന്നതെല്ലാം ചരിത്രം.
ഇഷാന്ത് ശര്‍മ ബുക്കാനനെ തല്ലാന്‍ ചെന്നതും അജിത്ത് അഗാര്‍ക്കറെ പരിശീലക ടിമിലെ ആന്‍ഡി ബിക്കല്‍ വംശീയമായി അധിക്ഷേപിച്ചതും ടീം രഹസ്യങ്ങള്‍ ചോരുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പുകള്‍ കളിക്കാരില്‍ നിന്ന് തിരിച്ചുവാങ്ങിയതുമെല്ലാം. ഇതിനിടയ്ക്ക് ആകാശ് ചോപ്രയെയും സഞ്ജയ് ബംഗാറിനെയും ടീമില്‍ നിന്ന് തിരിച്ചയയ്ക്കുകയും ചെയ്തു. ഒടുവില്‍ പതിന്നാല് കളികളില്‍ നിന്ന് മൂന്നു കളികള്‍ കഷ്ടപ്പെട്ട് ജയിച്ച് ടീം തിരിച്ചുപോന്നു.
ദക്ഷിണാഫ്രിക്കയില്‍ ടീമിന് പ്രോത്സാഹനം നല്‍കാന്‍ പരിവാരങ്ങളുമായി എത്തിയ ഉടമ കിങ് ഖാന്‍ തോല്‍വിയില്‍ മനംനൊന്ത് തിരിച്ചുപോരുകയും ചെയ്തു. ബ്രണ്ടന്‍ മക്കല്ലം, സൗരവ് ഗാംഗുലി, ക്രിസ് ഗെയ്ല്‍, ബ്രാഡ് ഹോഡ്ജ്, അജന്ത മെന്‍ഡിസ്, ഇഷാന്ത് ശര്‍മ, അഷറഫ് മൊര്‍ത്താസ, അജിത് അഗാര്‍ക്കര്‍, ജൂഹി ചൗള, മുരളി കാര്‍ത്തിക് തുടങ്ങി താരസമ്പന്നമായ ടിമിനാണ് ഈ ദുരന്തം. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ 12 മത്സരങ്ങളില്‍ നിന്ന് 1049 റണ്‍സ് നേടിയ പൂജാരയ്ക്ക് ഒരൊറ്റ കളി പോലും കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. ഇന്ത്യന്‍ കളിക്കാര്‍ക്ക് ടീമില്‍ വിവേചനം നേരിടേണ്ടിവന്നിരുന്നെന്നതിന്റെ തെളിവായി ഇതിനെ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
പരിശീലകസ്ഥാനത്തുനിന്ന് മാറ്റിയതിനെപ്പറ്റി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബുക്കാനന്റെ ആദ്യപ്രതികരണം. രണ്ടു ദിവസത്തിനുള്ളില്‍ താന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും ബുക്കാനന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുക്കാനന്റെ വാക്കുകളില്‍ ഷാരൂഖ്, ഗാംഗുലി എന്നിവര്‍ക്കെതിരെ 'യോര്‍ക്കറുകള്‍' വല്ലതുമുണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ബുക്കാനന്‍ പരിശീലക ടീമില്‍ കുത്തിനിറച്ച ഫിസിയോ ആന്‍ഡ്രൂലോപസ്, ട്രെയ്‌നര്‍ അഡ്രിയന്‍ ലീ റോക്‌സ്, മുഖ്യപരിശീലകന്റെ സഹായി മാത്യുമോട്ട്, അസി. കോച്ച് ബ്രാഡ്മര്‍ഫി, വിക്കറ്റ്കീപ്പിങ് കോച്ച് വേഡ് സെക്കോംഭ്, ഫീല്‍ഡിങ് കോച്ച് ജോണ്‍ ഡീബിള്‍, ബൗളിങ് കോച്ച് ആന്‍ഡി ബിക്കല്‍ എന്നിവര്‍ക്ക് പുറമെ സ്ട്രങ്ത്ത് ട്രെയ്‌നര്‍ തസ്തികയിലുള്ള മകന്‍ മൈക്കല്‍ ബുക്കാനന്‍ എന്നിവരുടെയും തല ഉരുളാന്‍ സാധ്യതയുണ്ട്.
ഡേവ് വാട്‌മോര്‍, സ്റ്റീവ് വോ, മൈക്കല്‍ ബെവന്‍ എന്നിവരെയും ലാല്‍ചന്ദ് രജ്പുതിനേയുമാണ് നൈറ്റ് റൈഡേഴ്‌സ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിനുപുറമെ വിമത ക്രിക്കറ്റ് ലീഗായ ഐ.സി.എല്ലില്‍ നിന്ന് തിരികെയെത്തിയ യുവ കളിക്കാരെ ഉള്‍പ്പെടുത്തി ടീം ശക്തിപ്പെടുത്താനും മാനേജ്‌മെന്റ് ശ്രമം നടത്തുന്നുണ്ട്. പ്രധാനമായും അമ്പാട്ടി റായിഡു, അഭിഷേക് ജുന്‍ജുന്‍വാല തുടങ്ങിയ കളിക്കാരെയാണ് ടീം നോട്ടമിടുന്നത്.
|
|
Other stories in this section:
|
|