FRIDAY, JANUARY 30, 2015
അഫ്ഗാന്‍ സിംഹം ഉണരുന്നു
Posted on: 13 Sep 2013വെടിയൊച്ചകള്‍ കൊണ്ട് മുഖരിതമായിരുന്നു ബുധനാഴ്ച്ച രാത്രി കാബൂള്‍ നഗരം. ബോംബ് സ്‌ഫോടനങ്ങളും വെടിവെയ്പ്പുകളും നിത്യസംഭവമായ അഫ്ഗാന്‍ തലസ്ഥാനത്ത് ഈ വെടിയൊച്ചകള്‍ മുഴങ്ങിയത് കൊലക്കും കൊളളിവെയ്പ്പിനുമൊന്നുമായിരുന്നില്ല. ഫുട്‌ബോളിലെ അവരുടെ ആദ്യ കിരീടവിജയത്തിന്റെ ആഘോഷമായിരുന്നു അത്. മൂന്ന് പതിറ്റാണ്ടിലധികമായി യുദ്ധങ്ങളില്‍ വലയുന്ന ഒരു ജനതയുടെ ആഘോഷത്തിന്റെ വേറിട്ടമുഖമായിരുന്നു അത്. ഇന്ത്യയെന്ന ഫുട്‌ബോള്‍ ശക്തിയെ കീഴടക്കി സാഫ് കപ്പില്‍ മുത്തമിടുമ്പോള്‍ നായകന്‍ ഷോയിബ് ഇസ്ലാം അമിരി രചിച്ചത് ചരിത്രം മാത്രമല്ല വരാനിരിക്കുന്ന ഫുട്‌ബോള്‍ വിപ്ലവത്തിന്റെ ഭാവി കൂടിയാണ്.

സാഫ് വിജയം അഫ്ഗാന്‍ ജനതക്ക് സമ്മാനിച്ചത് ദുരന്തങ്ങളില്‍ നിന്ന് മതിമറക്കാനുളള രാവാണ്. ഏറെ കാലത്തിന് ശേഷം അവര്‍ ജയി്ച്ച ഒരു രാത്രി. സ്റ്റേഡിയത്തില്‍ കളിക്കാര്‍ തുടക്കമിട്ട ആഘോഷം നാട്ടിലേക്ക് വളരെ വേഗം പടര്‍ന്നു. പുലരും വരെ ഫുട്‌ബോള്‍ പ്രേമികള്‍ നിരത്തുകളില്‍ ദേശിയ പതാകയുമായി വിജയത്തില്‍ അഭിരമിച്ചു. വാഹനങ്ങളില്‍ ഹോണ്‍ മുഴക്കി ചുറ്റിക്കറങ്ങിയും പാട്ട് പാടിയും കൈകൊട്ടിയും ആകാശത്തേക്ക് വെടിയുയര്‍ത്തും ഒരു വിജയരാവ്. ഫുട്‌ബോളിന് ദു: ഖങ്ങളെ മറക്കാന്‍ കഴിയിക്കുന്ന സിദ്ധിയുണ്ടെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ച കിരീട വിജയം.

അഫ്ഗാനില്‍ ആഘോഷം നടക്കുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തല കുനിഞ്ഞിരുന്നു. ഒരു കാലത്ത് ലോക ഫുട്‌ബോളിലെ ആധിപത്യം പിന്നീട് ഏഷ്യന്‍ ഫുട്‌ബോളിലേക്കും ഒടുവിലായി സൗത്ത് എഷ്യയിലേക്കും ചുരുങ്ങുന്നത് കണ്ട് സങ്കടപ്പെട്ട ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അടുത്ത ഇരുട്ടടിയാണ് സുനില്‍ ഛേത്രിയും വിം കൂവര്‍മാന്‍സും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദയനീയ മുഖം വ്യക്തമാക്കുന്നതായി നേപ്പാളില്‍ നടന്ന സാഫ് കപ്പ്.അഫ്ഗാന്‍ ഫുട്‌ബോളിന് പുനര്‍ജനി


90 വര്‍ഷത്തെ പാരമ്പര്യമുണ്ട് അഫ്ഗാനിസ്ഥാന്‍ ഫുട്‌ബോളിന്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സ്ഥാപകാംഗം കൂടിയായ അഫ്ഗാന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ നല്ല ഓര്‍മ്മകളൊന്നുമല്ല സമ്മാനിച്ചിട്ടുളളത്. 1984 മുതല്‍ 2002 വരെ ഒറ്റ ഫുട്‌ബോള്‍ മത്സരവും കളിക്കാതെ കഴിഞ്ഞ രാജ്യമാണിതെന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ടീമിന്റെ പ്രകടനം കാണുന്നവര്‍ ക്ക് മനസിലാകുന്നില്ല. അത്ര മനോഹരമായാണ് ടീം കളിച്ചത്. കഴിഞ്ഞ സാഫ് കപ്പിന്റെ ഫൈനലില്‍ ഇന്ത്യയോട് എകപക്ഷീയമായ നാല് ഗോളിന് തകര്‍ന്നടിഞ്ഞതിന്റെ പ്രതികാരം തീര്‍ക്കാനും ഇത്തവണയായി.

കഴിഞ്ഞ സാഫ് കപ്പിന്റെ കലാശപോരാട്ടത്തില്‍ അഫ്ഗാന്റെ പ്രകടനം കണ്ടവര്‍ ഒരു കാര്യം ഉറപ്പിച്ചിരുന്നു. ടീമിനെ എഴുതിതളളളാനാകില്ലെന്ന്. ഇത്തവണ ഒറ്റ മത്സരവും തോല്‍ക്കാതെ, ഇന്ത്യ അടക്കമുളള പ്രബല ശക്തികളെ കീഴടക്കി അവര്‍ തങ്ങളുടെ ശക്തി തെളിയിക്കുകയും ചെയ്തു.

1948 ല്‍ ഫിഫയില്‍ അംഗമായ അഫ്ഗാന്‍ എഴുപതുകള്‍ വരെ ഫുട്‌ബോളില്‍ പ്രബലരായിരുന്നു. എന്നാല്‍ സോവിയറ്റ് യുണിയന്റെ അധിനിവേശവും തുടര്‍ന്നുണ്ടായ അഭ്യന്തരയുദ്ധവും താലിബാന്‍ ഭരണവുമൊക്കെ ഫുട്‌ബോളിനെ തകര്‍ത്തിരുന്നു. അതാണ് രണ്ട് പതിറ്റാണ്ടോളം രാജ്യത്തെ ഫുട്‌ബോളില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. 2003 ല്‍ സാഫ് ഗോള്‍ഡ് കപ്പില്‍ കളിച്ചാണ് തിരികെയത്തിയത്. അന്ന് ഇന്ത്യ, പാക്കിസ്താന്‍, നേപ്പാള്‍ ടീമികളോട് തോല്‍ക്കാനായിരുന്നു വിധി. എന്നാല്‍ ഫുട്‌ബോളിനെ സങ്കടങ്ങള്‍ മറക്കാനുളള മരുന്നായി കണ്ട് അഫ്ഗാന്‍ കളിക്കാര്‍ക്ക് മുന്നിലേക്ക് വിജയങ്ങള്‍ വരുന്നതായി പിന്നീടുളള കാഴ്ച്ച.2013 ഫിബ്രവരിയില്‍ ഇന്ത്യക്ക് 22 റാങ്ക് പിന്നിലായി 189-ാം റാങ്കിലായിരുന്നു അഫ്ഗാന്‍. എന്നാല്‍ സാഫ് കപ്പ് തുടങ്ങുമ്പോള്‍ ഇന്ത്യക്ക് ആറ് സ്ഥാനങ്ങള്‍ മുകളിലായി അവര്‍. അടുത്ത കാലത്ത് അവര്‍ കളിച്ച 10 മത്സരങ്ങളിലും തോല്‍വി പിണഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. സൗത്ത് എഫ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇത്രയും മുന്തിയ വിജയ റെക്കോഡ് ആര്‍ക്കുമില്ല.
സാഫ് കപ്പില്‍ കളിച്ച താരങ്ങളില്‍ എട്ട് പേര്‍ മറ്റ് രാജ്യങ്ങളിലെ ലീഗുകളില്‍ കളിക്കുന്നവരാണ്. ഇന്ത്യന്‍ ലീഗില്‍ തന്നെ നായകന്‍ അമിരി അടക്കം മൂന്ന് പേര്‍ കളിക്കുന്നുണ്ട്. അമേരിക്ക, ജര്‍മ്മനി, ഹോളണ്ട് എന്നിവിടങ്ങളിലെ ലീഗുകളിലാണ് മറ്റുളളവര്‍. ഫൈനലില്‍ ഇന്ത്യയെ ഒറ്റക്ക് തടഞ്ഞ ഗോള്‍ കീപ്പര്‍ മുന്‍സൂര്‍ ഫക്കീര്‍യാര്‍ ജര്‍മ്മന്‍ ക്ലബ്ബായ വി.എഫ്.ബി ഓള്‍ഡന്‍ബര്‍ഗിന്റെ താരമാണ്. വിദേശ ലീഗുകളില്‍ നിന്ന് ലഭിച്ച മത്സരപരിചയം അവര്‍ക്ക് ഗുണം ചെയ്തു. പിന്നെ കളിക്കളത്തില്‍ പലതും വെട്ടിപ്പിടിക്കാനുളള ആഗ്രഹവും. കായിക ശേഷിയും. മത്സര ശേഷം പരിശീലകന്‍ മുഹമ്മദ് യൂസഫ് കര്‍ഗറിന്റെ വാക്കുകള്‍ ഇന്ത്യക്കുളള മുന്നറിയിപ്പ് കൂടിയാണ്. സൗത്ത് ഏഷ്യയില്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ ആധിപത്യത്തിന് അവസാനമായെന്നാണ് കര്‍ഗര്‍ പറഞ്ഞത്.അമ്പൊഴിഞ്ഞ ആവനാഴി


യുവകളിക്കാരെ വളര്‍ത്തിയെടുക്കാന്‍ ആവിഷ്‌ക്കരിച്ച യൂത്ത്് ക്ലബ്ബിനെ (പൈലന്‍ ആരോസ്്) പിരിച്ചുവിട്ട ശേഷമാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ദേശിയ ടീമിനെ സാഫ് കപ്പിലേക്ക് അയക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം സൗഹൃദ മത്സരങ്ങള്‍ അധികമൊന്നും കളിക്കാതെ, ഓഫ് സീസണില്‍ നിന്നുള്ള കളിക്കാര്‍ക്ക് കേവലം ഒരാഴ്ച്ച ക്യാമ്പ് നല്‍കിയാണ് സുനില്‍ ഛേത്രിയും സംഘവും നേപ്പാളിലെത്തിയത്. മത്സരപരിചയത്തിന്റെ കുറവും കളിക്കാരുടെ പരിക്കുകളും ടീമിനെ തുടക്കം മുതലെ വലച്ചു. പരിക്കേറ്റ കളിക്കാരുടെ എണ്ണം കൂടിയതോടെ രണ്ട് ഫിസിയോമാരെയാണ് ഇന്ത്യ സംഘത്തില്‍ കൂട്ടിയിരുന്നത്്. പാക്കിസ്താനോട് സെല്‍ഫ് ഗോളില്‍ ജയിച്ചും ബംഗ്ലാദേശിനോട് അവസാന നിമിഷം സമനില വഴങ്ങിയും കിതച്ച ഇന്ത്യ നേപ്പാളിനോട് തോറ്റു. എന്നാല്‍ ഭാഗ്യത്തിന്റെ പരിഗണന ടീമിനെ സെമിയിലെത്തിച്ചു. മാലിദ്വീപിനെതിരെ കളിയുടെ അവസാനത്തില്‍ കിട്ടിയ ഗോളില്‍ ജയിച്ചതോടെ ഫൈനലായി.

ഫൈനലിലെ പരാജയത്തിന് ശേഷം പരിശീലകന്‍ നടത്തിയ കുമ്പസാരത്തില്‍ പറയുന്ന കാര്യങ്ങള്‍ പ്രസക്തമാണ്. മികച്ചു കളിക്കുകയെന്നാല്‍ ഗോളടിക്കല്‍ കൂടിയാണെന്ന് കൂവര്‍മാന്‍സ് പറഞ്ഞുവെച്ചു. ഗോളടിക്കാനാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ പിശുക്കു കാട്ടിയത്. ഫൈനലില്‍ താരത്മ്യേനെ മികച്ച രീതിയില്‍ കളിച്ചിട്ടും തോറ്റതിനെയാണ് പരിശീലകന്‍ ഉന്നമിട്ടത്.
മത്സരപരിചയം ലക്ഷിക്കാത്ത ടീമിനെ കൊണ്ട് ഫലമുണ്ടാക്കാന്‍ കഴിയില്ലെന്ന് പറയാനുളള അര്‍ജ്ജവം കൂവര്‍മാന്‍സ് കാണിച്ചു. ഐ ലീഗും അന്താരാഷ്ട്ര മത്സരങ്ങളും തമ്മിലുളള വ്യത്യാസവും അധികൃതര്‍ക്ക് മനസിലാകും വിധം പരിശീലകന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂവര്‍മാന്‍സിന് അധികകാലം ഇന്ത്യന്‍ ഫുട്‌ബോളില്‍ വേഷമുണ്ടാക്കിലെന്ന ചില സൂചനകള്‍ തുറന്നു പറച്ചില്‍ നല്‍കുന്നുണ്ട്. പണമുണ്ടാക്കുന്ന ഫുട്‌ബോള്‍ ലീഗിനെപ്പറ്റി മാത്രം ചിന്തിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ മേലാളന്‍മാര്‍ക്ക് സാഫ് കപ്പിലെ തോല്‍വിയെന്നും അത്ര വിഷയമാകാനിടയില്ല. ഫുട്‌ബോളിനെ ഹൃദയത്തിലേറ്റുന്നവര്‍ക്കാണ് തോല്‍വികള്‍ വിഷമമാകുന്നത്. ഹൃദയമില്ലാത്തവര്‍ക്ക് ഫുട്‌ബോള്‍ വെറും കാറ്റു നിറച്ച ഉപകരണം മാത്രം.

 

 

 

Other stories in this section:
 • അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുമോ വിന്‍ഡീസ്?
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 •