THURSDAY, AUGUST 21, 2014
റണ്‍ ശിക്കാര്‍
Posted on: 13 Aug 2013


*ശിഖര്‍ ധവാന്‍ 150 പന്തില്‍ 248
*ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്‌കോര്‍
*ഇന്ത്യ 'എ' 50 ഓവറില്‍ മൂന്നിന് 433. ദക്ഷിണാഫ്രിക്ക 'എ' 394
*ഇന്ത്യ 'എ'യ്ക്ക് ജയം, ഫൈനലില്‍


പ്രിട്ടോറിയ: അരങ്ങേറ്റക്കാരന്റെ അതിവേഗ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മറ്റൊരു ചരിത്രം കുറിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന 'എ' ടീമുകളുടെ ത്രിരാഷ്ട്ര മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 248 റണ്‍സ് അടിച്ചുകൂട്ടിയാണ് ധവാന്‍ മറ്റൊരു ബാറ്റിങ് വിരുന്ന് കാഴ്ചവെച്ചത്. ധവാനും ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാരയും (109 നോട്ടൗട്ട്) തകര്‍ത്താടിയ മത്സരത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സ്. ഉരുളയ്ക്കുപ്പേരി പോലെ ഇന്ത്യക്ക് മറുപടി നല്കിയ ദക്ഷിണാഫ്രിക്ക 48.4 ഓവറില്‍ 394 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് 39 റണ്‍സ് ജയം.

ജയത്തോടെ, ഓസ്‌ട്രേലിയ 'എ' കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ബുധനാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഫൈനല്‍.

മത്സരഫലത്തെക്കാളും ധവാന്റെ ഇന്നിങ്‌സായിരുന്നു മത്സരത്തിലെ സവിശേഷത. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന രണ്ടാം വ്യക്തിഗത സ്‌കോറാണ് ധവാന്‍ പ്രിട്ടോറിയയില്‍ കുറിച്ചത്. 2002-ല്‍ ഗ്ലാമര്‍ഗോനെതിരെ സറേയ്ക്കുവേണ്ടി ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ ബ്രൗണ്‍ നേടിയ 268 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ വെസ്റ്റിന്‍ഡീസിനെതിരെ 2011-ല്‍ വീരേന്ദര്‍ സെവാഗ് നേടിയ 219 റണ്‍സാണ്. എന്നാല്‍, 'എ' ലെവല്‍ ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയെന്ന റെക്കോഡ് ഇനി ശിഖര്‍ ധവാന് സ്വന്തമാകും. മത്സരത്തിന്റെ ആദ്യ പന്തില്‍ ഹാര്‍ദൂസ് വിലിയോണിനെ ബൗണ്ടറിയടിച്ചുകൊണ്ടാണ് ധവാന്‍ തുടങ്ങിയത്. ഒടുവില്‍ 45-ാം ഓവറിലെ നാലാം പന്തില്‍ റസ്റ്റി തെറോണിന്റെ പന്തില്‍ പുറത്താകുമ്പോഴേക്കും 150 പന്തില്‍ 248 റണ്‍സ് സ്വന്തമാക്കാന്‍ ധവാന് സാധിച്ചിരുന്നു. 30 ബൗണ്ടറികളും ഏഴ് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ധവാന്റെ പ്രകടനം.

ത്രിരാഷ്ട്ര അനൗദ്യോഗിക ടൂര്‍ണമെന്‍റില്‍ വിജയിക്കാതെ രക്ഷയില്ല എന്ന മട്ടില്‍ കളിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി ധവാനും മുരളി വിജയും മികച്ച തുടക്കമാണ് നല്‍കിയത്. 11.2 ഓവറില്‍ വിജയ് (40) പുറത്താകുമ്പോള്‍ ഇന്ത്യ 91 റണ്‍സില്‍ എത്തിയിരുന്നു. മൂന്നാമനായെത്തിയ ചേതേശ്വര്‍ പുജാരയുടെ (109 നോട്ടൗട്ട്) സെഞ്ച്വറി പ്രകടനം ഇന്ത്യയുടെ സ്‌കോര്‍ കുതിച്ചുകയറ്റി. 33.2 ഓവറില്‍ 285 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ഇതില്‍ 220 റണ്‍സും ധവാന്റെ ബാറ്റില്‍നിന്നായിരുന്നു.

നിയന്ത്രിത ഓവര്‍ മത്സരത്തിലെ ഇന്ത്യന്‍ റെക്കോഡുകളായ വീരേന്ദര്‍ സെവാഗിന്റെ 219 റണ്‍സും സച്ചിന്‍ തെണ്ടുല്‍ക്കറുടെ 200 റണ്‍സും ഇതിനിടെ ധവാന്‍ പിന്നിട്ടിരുന്നു. ഇന്നിങ്‌സിലെ ആദ്യ 100 റണ്‍സ് 86 പന്തില്‍നിന്ന് നേടിയ ധവാന്‍, രണ്ടാമത്തെ 100 റണ്‍സിന് 46 പന്തുകള്‍ മാത്രമേ ചെലവാക്കിയുള്ളൂ.

റീസ ഹെന്‍ഡ്രിക്‌സിന്റെയും (78 പന്തില്‍ 106) വോന്‍ വാന്‍ ജാര്‍സ്‌വെല്‍ഡിന്റെയും (91 പന്തില്‍ 108) സെഞ്ച്വറികളുടെ കരുത്തില്‍ തിരിച്ചടിച്ച ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 394 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ഈശ്വര്‍ പാണ്ഡെ നാല് വിക്കറ്റെടുത്തു. പ്രിട്ടോറിയയിലെ പിച്ചില്‍, 98.4 ഓവറില്‍ പിറന്നത് 827 റണ്‍സാണ്. ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മൂന്നാമത്തെ ലിമിറ്റഡ് ഓവര്‍ മത്സരം കൂടിയായി ഇത്. 2006-ല്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ പിറന്ന 872 റണ്‍സാണ് ഈയിനത്തിലെ റെക്കോഡ്.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍
(താരം, ടീം, സ്‌കോര്‍, എതിരാളി, വര്‍ഷം)

അലി ബ്രൗണ്‍ സറെ 268
ശിഖര്‍ ധവാന്‍ ഇന്ത്യ എ 248
ഗ്രേയം പോളോക്ക് ഈസ്റ്റ് പ്രൊവിന്‍സ് 222*
ജാമി ഹൗ നോര്‍ത്തേണ്‍ ഡി 222
വീരേന്ദര്‍ സെവാഗ് ഇന്ത്യ 219
മുഹമ്മദ് അലി പാക് കസ്റ്റംസ് 207
ആല്‍വിന്‍ കാളി ചരണ്‍ വാര്‍വിക്ഷയര്‍ 206
Other stories in this section:
 • ബലാട്ടൊലിക്കായി ലിവര്‍പൂള്‍
 • ബ്ലാസ്‌റ്റേഴ്‌സിന് വിദേശതാരങ്ങളായി: മൈക്കള്‍ ചോപ്ര ടീമില്‍
 • ബാഴ്‌സയുടെ വിലക്ക് ശരിവെച്ചു
 • ഫുട്‌ബോള്‍ - ക്രിക്കറ്റ് തര്‍ക്കം തീര്‍ക്കാന്‍ ജിസിഡിഎ ഇടപെടുന്നു
 • മെയ്‌മോന് ദേശീയ റെക്കോഡ്, യൂത്ത് ഒളിമ്പിക്‌സ് ഫൈനലില്‍
 • ഏഷ്യന്‍ ഗെയിംസ്: അത്‌ലറ്റിക് സംഘത്തില്‍ 20 മലയാളികള്‍
 • സായിയുടെ കേരളത്തിലെ ആദ്യത്തെ ഹോക്കി ടര്‍ഫ് ഫീല്‍ഡ് ക്രൈസ്റ്റില്‍ ആരംഭിക്കും- ജിജി തോംസണ്‍
 • എം.എ. കോളേജിലെ ഷൂട്ടിങ് റേഞ്ചിന് ഉന്നം പിഴയ്ക്കാതെ തുടക്കം
 • ഫോര്‍മുല വണ്‍: മാക്‌സ് വെര്‍സ്റ്റാപെന്‍ പ്രായം കുറഞ്ഞ ഡ്രൈവര്‍
 • ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഇന്ത്യയും പാകിസ്താനും ഒരേഗ്രൂപ്പില്‍
 • ഇന്ത്യ പാകിസ്താനോട് തോറ്റു
 • പ്രാദേശികവാദം ഇന്ത്യന്‍ കായികരംഗത്തെ പിറകോട്ടടിക്കുന്നു -ജിജി തോംസണ്‍
 • ട്രാന്‍സ്ഫര്‍ വിലക്ക്: ബാഴ്‌സയുടെ അപ്പീല്‍ ഫിഫ തള്ളി
 • നാട്ടങ്കത്തില്‍ റയലിനെ അത്‌ലറ്റിക്കോ തളച്ചു
 • കൊച്ചിയില്‍ ഇന്ത്യ-പലസ്തീന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം വരുന്നു
 • ക്രിക്കറ്റോ ഫുട്‌ബോളോ; വേദിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നു
 • ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു
 • ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍: കൊച്ചിയിലെ മത്സരങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍
 • ആഴ്‌സനല്‍ സോക്കര്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നു
 •