SATURDAY, AUGUST 23, 2014
ഇസിന്‍ബയേവയ്ക്ക് ഇന്ന് ഗുഡ്‌ബൈ
Posted on: 13 Aug 2013


മോസ്‌കോ: അത്‌ലറ്റിക്‌സിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ യെലേന ഇസിന്‍ബയേവയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന പോള്‍വാള്‍ട്ട് ഫൈനല്‍ നിര്‍ണായകമാവും. ലോകചാമ്പ്യന്‍ഷിപ്പോടെ കരിയറിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ച ഇസിന്‍ബയേവയുടെ അവസാന മത്സരമായി ലോകചാമ്പ്യന്‍ഷിപ്പ് മാറിയേക്കും. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പോള്‍വാള്‍ട്ട് ഫൈനല്‍ ചൊവ്വാഴ്ച നടക്കാനിരിക്കെ, കരിയറിലെ മൂന്നാം ലോകകിരീടത്തോടെ വിടപറയാമെന്നാണ് ഈ റഷ്യന്‍സുന്ദരിയുടെ കണക്കുകൂട്ടല്‍.

സെര്‍ജി ബൂബ്കയ്ക്കുശേഷം പോള്‍വാള്‍ട്ടിനെ ഇത്രയേറെ ജനപ്രിയമാക്കിയ ഇതിഹാസതാരമാണ് ഇസിന്‍ബയേവ. രണ്ടുവട്ടം ഒളിമ്പിക് സ്വര്‍ണവും രണ്ടുതവണ ലോകചാമ്പ്യനുമായ ഇസിന്‍ബയേവ, ലോകചാമ്പ്യന്‍ഷിപ്പോടെ കരിയറിനോട് വിടപറയുമെന്ന് കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. എന്നാല്‍, ഞായറാഴ്ചത്തെ യോഗ്യതാ റൗണ്ടിനുശേഷം വിരമിക്കലിനെക്കുറിച്ച് താന്‍ പുനരാലോചിക്കുമെന്ന് ഇസിന്‍ബയേവ പറഞ്ഞത് ആരാധകരില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.

'ഇതെന്റെ കരിയറിന്റെ അവസാനമാണെന്ന് ഞാന്‍ കരുതുന്നില്ല, കാരണം, ഞാന്‍ മിഥുനം രാശിയില്‍ ജനിച്ചയാളാണ്. ഈ രാശിയിലുള്ളവരുടെ മനസ്സ് എപ്പോള്‍ വേണമെങ്കിലും മാറാം' -ഫൈനലിലേക്ക് യോഗ്യത നേടിയശേഷം ഇസിന്‍ബയേവ പറഞ്ഞതിങ്ങനെ. 2005, 2007 ലോകചാമ്പ്യന്‍ഷിപ്പുകളിലാണ് ഇസിന്‍ബയേവ സ്വര്‍ണം നേടിയത്. 2003-ലെ വെങ്കലവും അവരുടെ ശേഖരത്തിലുണ്ട്.

2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സിനുശേഷം ഇസിന്‍ബയേവയ്ക്ക് വലിയ മീറ്റുകളില്‍ വിജയം നേടാനായത് 2009-ലെ ലോക ഇന്‍ഡോര്‍ മീറ്റില്‍ മാത്രമാണ്. 2009-ല്‍ ഫൈനലിലെത്തിയെങ്കിലും തീര്‍ത്തും പരാജയപ്പെട്ടു. 2011-ല്‍ ആറാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 2012-ലെ ഒളിമ്പിക്‌സില്‍ വെങ്കലമെഡലില്‍ ഒതുങ്ങുകയും ചെയ്തു. ഇതിനിടെ, ഇസിന്‍ബയേവയുടെ പേരിലുണ്ടായിരുന്ന ഇന്‍ഡോര്‍ ലോകറെക്കോഡ് അമേരിക്കന്‍ താരം ജെന്നിഫര്‍ സുര്‍ മറികടക്കുകയും ചെയ്തു.

ഈ തിരിച്ചടികള്‍ക്കിടെയാണ് 31-കാരിയായ ഇസിന്‍ബയേവ മോസ്‌കോയില്‍ മത്സരിക്കുന്നത്. സ്വന്തം ആരാധകര്‍ക്കുമുന്നില്‍ മറ്റൊരു മികച്ച വിജയം കൈവരിക്കാനാകുമെന്ന് അവര്‍ കരുതുന്നു. 1998-ലെ ലോക യൂത്ത് ഗെയിംസില്‍ ലൂഷ്‌നിക്കി സ്റ്റേഡിയത്തില്‍ സ്വര്‍ണം നേടിയാണ് ഇസിന്‍ബയേവ കരിയറിന് തുടക്കം കുറിച്ചത്. അതേ സ്റ്റേഡിയത്തില്‍ മറ്റൊരു സ്വര്‍ണക്കുതിപ്പ് നടത്താനായാല്‍ ഇസിന്‍ബയേവയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ യാത്രയയപ്പാകും അത്.

മോസ്‌കോയില്‍ സ്വര്‍ണം നേടിയാല്‍ ഇസിന്‍ബയേവ തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ചുനിന്നേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, തന്റെ മനസ്സില്‍ 2015 ലോകചാമ്പ്യന്‍ഷിപ്പും 2016 റിയോ ഒളിമ്പിക്‌സുമുണ്ടെന്ന് അവര്‍ പറയുന്നു. ലോകചാമ്പ്യന്‍ഷിപ്പിനുശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് തീരുമാനം. മത്സരിക്കാനുള്ള ശാരീരിക മികവ് ശേഷിക്കുന്നുണ്ടെങ്കില്‍ ഇനിയും ഉയരങ്ങളിലൂടെ പറന്നുനീങ്ങുന്നത് കാണാനാവുമെന്നും ഇസിന്‍ബയേവ സൂചിപ്പിക്കുന്നു. ഏതായാലും മോസ്‌കോയില്‍ ഇസിന്‍ബയേവയില്‍നിന്ന് ലോകം പ്രതീക്ഷിക്കുന്നത് അവരുടെ ഏറ്റവും മികച്ച പ്രകടനംതന്നെയാണ്.

Other stories in this section:
  • ബുച്ചിബാബു ട്രോഫി: കേരളം ക്വാര്‍ട്ടറില്‍
  • ഇന്ത്യയ്ക്ക് ജയം
  • തിരിച്ചുവരവില്‍ ഫെല്‍പ്‌സിന് സ്വര്‍ണം
  • നെയ്മര്‍ക്ക് ഇടതുകാലിന് പരിക്ക്‌
  • ഇന്റര്‍കോളേജിയറ്റ് ബാസ്‌കറ്റ്: അസംപ്ഷന് കിരീടം
  • ടോട്ടനത്തിന് ജയം
  • പോള്‍വോള്‍ട്ട്: ലാവില്ലെനിക്ക് തോല്‍വി
  • കോലി, റായ്ഡു തിളങ്ങി
  • ഐ.എസ്.എല്ലിന് തുടക്കം അത്‌ലറ്റിക്കോ- മുംബൈ മത്സരത്തോടെ
  • പെട്ര ക്വിറ്റോവ സെമിയില്‍
  • വിരാട് - അനുഷ്‌ക വിവാഹം ഉടനെന്ന് ബി.സി.സി.ഐ.
  • സമവായം; കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും കളിച്ചേക്കും
  • താരത്തിളക്കത്തില്‍ റയലും ബാഴ്‌സയും
  • ബത്രയ്‌ക്കെതിരെ വോളിബോള്‍ കളിക്കാരുടെ സംഘടന രംഗത്ത്‌
  •