SUNDAY, DECEMBER 21, 2014
കേരളം ഇന്റര്‍നാഷണലാകുമ്പോള്‍
Posted on: 11 Aug 2013


സുധീര്‍ ശേഖര്‍ പാലക്കണ്ടി
ന്യൂസിലാന്‍ഡ് 'എ' ടീമിനെതിരെ നാട്ടില്‍വെച്ച് നടക്കുന്ന 2 അനൗദ്യോഗിക ടെസ്റ്റുകള്‍ക്കും 3 ഏകദിന മത്സരങ്ങള്‍ക്കും പ്രഖ്യാപിച്ച ഇന്ത്യന്‍ എ ടീമില്‍ വി.എ. ജഗദീഷ് ടെസ്റ്റ് ടീമിലും സച്ചിന്‍ ബേബി, സഞ്ജു വിശ്വനാഥ് സാംസണ്‍ എന്നിവര്‍ ഏകദിന ടീമിലും ഉള്‍പ്പെട്ടത് കേരള ക്രിക്കറ്റിന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. കഴിഞ്ഞ 6 മാസത്തോളമായി കേരള ക്രിക്കറ്റ് ടീം വിവിധ ടൂര്‍ണമെന്റുകളില്‍ പ്രകടിപ്പിച്ച സ്ഥിരതയാര്‍ന്ന ഫോമും ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിചൂടാമന്നന്‍മാരായ കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, ഡല്‍ഹി, ബംഗാള്‍ എന്നീ ടീമുകളെ വ്യത്യസ്ഥ ടൂര്‍ണമെന്റുകളില്‍ തോല്പിക്കുക വഴി ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. കേരള ടീമിന്റെ വിജയങ്ങള്‍ക്കു പിന്നില്‍ ചുക്കാന്‍പിടിച്ച ഒരു കൂട്ടം കളിക്കാരില്‍പെട്ട മൂന്ന് പേരാണ് ജഗദീഷ്, സച്ചിന്‍ബേബി, സഞ്ജു വി. സാംസണ്‍ തുടങ്ങിയവര്‍ .

ഇക്കൂട്ടത്തില്‍പെട്ട കളിക്കാരനാണ് കഴിഞ്ഞ സീസണ്‍ മുഴുവന്‍ അസാധ്യഫോമില്‍ പന്തെറിയുന്ന പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ . എമേര്‍ജിങ്ങ് ടീംസ് കപ്പിനുള്ള അണ്ടര്‍ 23 ഇന്ത്യന്‍ ടീമിലിടം ലഭിച്ച സന്ദീപിന് മാധ്യമങ്ങളില്‍ നിന്ന് അര്‍ഹിക്കുന്ന വാര്‍ത്താപ്രാധാന്യം ലഭിക്കാഞ്ഞത് നിര്‍ഭാഗ്യകരമായി. ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ 'എ' ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ട മുംബൈ രജ്ഞി ടീം ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ താരവുമായ അഭിഷേക് നായര്‍ മലയാളിയാണെന്നതും ഏകദിന ടീമിലുള്‍പ്പെട്ട റോബിന്‍ ഉത്തപ്പയും പാതി മലയാളിയാണെന്ന കാര്യം എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ആദ്യടെസ്റ്റ് ത്രിദിനവും രണ്ടാം ടെസ്റ്റ് ചതുര്‍ദിനവും കൂടാതെ 3 ഏകദിന മത്സങ്ങളും. മുഴുവന്‍ മത്സരങ്ങളും വിശാഖപട്ടണത്ത്.


ടീമിലിടം ലഭിച്ചവരെപ്പറ്റി ഒരെത്തിനോട്ടം:


വി.എ. ജഗദീഷ്
കഴിഞ്ഞ രഞ്ജി സീസണില്‍ (2012-13) മികച്ച ഫോമില്‍. 8 മത്സരങ്ങളില്‍ നിന്ന് 4 സെഞ്ച്വറിയടക്കം നേടിയ 871 റണ്‍സ്, 72.58 ശരാശരിയില്‍ നേടിയ ജഗദീഷിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുക മാത്രമല്ല ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ പതിയാനും സഹായകമായി. സയിദ് മുഷ്താഖ് അലി ട്രോഫിക്കു വേണ്ടി നടന്ന ടൂര്‍ണ്ണമെന്റിലെ മികച്ച പ്രകടനവും തുടര്‍ന്ന് വിജയ് ഹസാരെ ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യ ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കടന്ന കേരളത്തിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ജഗദീഷ് ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമടക്കം 250തിലേറെ റണ്‍സ് നേടി. ക്വാര്‍ട്ടറില്‍ കരുത്തരായ പഞ്ചാബിനെതിരെ 120 പന്തില്‍ നേടിയ 119 റണ്‍സും സെമിയില്‍ അസമിനെതിരെ നേടിയ 89 റണ്‍സും ഏകദിനം/ട്വന്റി 20 ക്രിക്കറ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ദേവ്ധര്‍ ട്രോഫിക്കു വേണ്ടിയുള്ള ദക്ഷിണ മേഖലാ ടീമിലിടം ലഭിക്കാഞ്ഞത് ഏവരെയും ആശ്ചര്യപ്പെടുത്തി. ദുലീപ് ട്രോഫിക്കുള്ള ടീമില്‍ ജഗദീഷിന്റെ സ്ഥാനം അപ്രാപ്യമല്ല.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂരില്‍ നടന്ന ഷാഫി ദരാഷ ട്രോഫിക്കുവേണ്ടിയുള്ള മത്സരങ്ങളില്‍ കേരള ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ
ജഗദീഷിന്റെ സ്വപ്നതുല്യമായ പ്രകടനം, ഇന്ത്യന്‍ 'എ' ടീമിലേക്കുള്ള ടിക്കറ്റ് എളുപ്പമാക്കി. ത്രിപുരക്കെതിരെ കേരളം ജയിച്ച മത്സരത്തില്‍ 127, 23 നോട്ടൗട്ട്; കര്‍ണാടകയോടു കേരളം തോറ്റ മത്സരത്തില്‍ 101, 72; ബംഗാളിനെ തകര്‍ത്ത മത്സരത്തില്‍ 251 നോട്ടൗട്ട്, 77 നോട്ടൗട്ട് നേടിയ ജഗദീഷ് അസാമാന്യ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. (651 റണ്‍സ്, 2 സെഞ്ച്വറി, 1 ഇരട്ട സെഞ്ച്വറി, ശരാശരി - 217) ഇത്തരം ബാറ്റിങ്ങ് പ്രകടനം കാഴ്ച വെച്ച ബാറ്റ്‌സ്മാനെ അവഗണിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ?

കൊട്ടാരക്കര സ്വദേശിയായ ജഗദീഷ്, എം.എസ്.സി. പഠന സമയത്താണ് കാമ്പസ് സെലക്ഷനിലൂടെ എസ്.ബി.റ്റി.യില്‍ ജോലിക്കു കയറുന്നത്. 'ജഗ്ഗുബായ്' എന്ന് കൂട്ടുകാര്‍ക്കിടയില്‍ വിളിപേരുളള, വലംകൈബാറ്റ്‌സ്മാനുമായ ജഗദീഷിന് മീഡിയം പേസ് ബൗളിങ്ങും വഴങ്ങും. നല്ല സാങ്കേതിക തികവുള്ള ഓപ്പണിങ് ബാറ്റ്‌സ്മാന്‍, മികച്ച ക്ലോസ് ഇന്‍ഫീല്‍ഡര്‍, ക്ഷമാപൂര്‍വം ക്രീസില്‍ നിലയുറപ്പിച്ചു കളിക്കാനുള്ള കഴിവ് ജഗദീഷിനെ വേറിട്ടു നിര്‍ത്തുന്നു.

ജനന തിയ്യതി - 1983, മെയ് 25
ഫസ്റ്റ് ക്ലാസ് കരിയര്‍ ;
മത്സരം - 39
റണ്‍സ് - 2122
ഉയര്‍ന്ന സ്‌കോര്‍ - 199 നോട്ടൗട്ട്
ശരാശരി 35.96
100 6
50 10

സച്ചിന്‍ബേബി
വിജയ്ഹസാരെ ട്രോഫി, സയിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടിയുള്ള കേരള ടീം ക്യാപ്റ്റന്‍ . കഴിഞ്ഞ സീസണില്‍ രഞ്ജിയില്‍ ടീംക്യാപ്റ്റന്‍. പ്രകടനത്തിനനുസസൃതമായാണ് ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിനത്തിനുള്ള ഇന്ത്യന്‍ 'എ' ടീമില്‍ സ്ഥാനം ലഭിച്ചത്.

കഴിഞ്ഞ രഞ്ജി സീസണിലെ മോശം ഫോം, വിജയ് ഹസാരെ ട്രോഫിക്കുവേണ്ടിയുള്ള മത്സരങ്ങളിലെ അത്യുജ്ജ്വല പ്രകടനത്തിലൂടെ നികത്തി. 99.93 ശരാശരിയില്‍ നേടിയ 298 റണ്‍സ്, ഒരു സെഞ്ച്വറി, ഒരു അര്‍ധസെഞ്ച്വറി. കേരളം ചരിത്രത്തിലാദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തിയ വിജയ്ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരെ ക്വാര്‍ട്ടറില്‍ കൊടുങ്കാറ്റു വേഗതയില്‍ 70 പന്തില്‍ നേടിയ 104 റണ്‍സ് പ്രകടനം കേരളത്തെ സെമിയിലെത്താന്‍ സഹായിച്ചു. സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റിലും ഭേദപ്പെട്ട പ്രകടനം. പ്രകടന മികവിന് അര്‍ഹതയെന്നോണം ദക്ഷിണ മേഖല ടീമില്‍ . ദേവ്ധര്‍ ട്രോഫിയില്‍ ദക്ഷിണ മേഖലക്കുവേണ്ടി ഈസ്റ്റ്, വെസ്റ്റ് സോണുകളുമായുള്ള മത്സരങ്ങളില്‍ 87 പന്തില്‍ 91 റണ്‍സ്.

ഷാഫി ഭരാഷ ട്രോഫിക്കുവേണ്ടിയുള്ള ആദ്യ രണ്ടു മത്സരങ്ങളില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തില്ലെങ്കിലും ബാംഗാളിനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ 83 നോട്ടൗട്ടോടെ സച്ചിന്‍ കത്തിക്കയറി. ഇന്ത്യയിലെ തന്നെ മികച്ച ഫീല്‍ഡര്‍മാരിലൊരാള്‍ . ഇന്‍ഫീല്‍ഡിലും ഔട്ട് ഫീല്‍ഡിലും ഒന്നിനൊന്നു മെച്ചം. ഇടം കയ്യന്‍ ബാറ്റ്‌സ്മാനായ സച്ചിന്‍ വലംകൈ ഓഫ് സ്പിന്നര്‍ കൂടിയാണ്. ഏകദിനത്തിലെ ആക്രമണോത്സുകത നിലനിര്‍ത്തുന്ന സച്ചിന്‍ ബേബി എന്ന അടിമാലിക്കാരന്‍ , കളിയുടെ ഗതി ശരവേഗത്തില്‍ മാറ്റി മറയ്ക്കാനുള്ള കഴിവ് അപാരം. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഐ.പി.എല്‍. കളിച്ചെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. സ്ഥിരതയാര്‍ന്ന പ്രകടനം മുന്നോട്ടുള്ള പ്രയാണത്തില്‍ അത്യാവശ്യം.

ജനനതിയ്യതി - 1988 , ഡിസംബര്‍ 18
ഫസ്റ്റ് ക്ലാസ് കരിയര്‍ :
മത്സരം - 14
റണ്‍സ് - 334
ഉയര്‍ന്ന സ്‌കോര്‍ - 55
ശരാശരി - 16.70
100 - 0
50 - 1

സഞ്ജു വിശ്വനാഥ് സാംസണ്‍
കഴിഞ്ഞ രഞ്ജി സീസണില്‍ പരിക്ക്മൂലം വളരെകുറച്ചു മത്സരങ്ങള്‍ മാത്രം കളിച്ചു. കൂടുതല്‍ മത്സരങ്ങള്‍ സഞ്ചു കളിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ നോക്കൗട്ട് പ്രവേശനം യാഥാര്‍ത്ഥ്യമാകുമായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കേരളം നോക്കൗട്ട് ഘട്ടത്തില്‍ കടക്കാന്‍ സഹായകരമായ ഇന്നിങ്‌സ് സഞ്ജു കളിച്ചു. ക്വാര്‍ട്ടറില്‍ പഞ്ചാബിനെതിരെ മിന്നല്‍ വേഗതയില്‍ നേടിയ 43 റണ്‍സ് അടക്കം 220 റണ്‍സ്, 2 ഫിഫ്ടി. ഓപ്പണറായും ഇറങ്ങാറുള്ള സഞ്ചു എല്ലാതരം ക്രിക്കറ്റിങ്ങ് ഷോട്ടുകളും അനായാസം കളിക്കും. ഏതു പൊസിഷനിലിറങ്ങിയാലും ആക്രമിച്ചുകളിക്കാനുള്ള പ്രത്യേക കഴിവും ടീമിനെ വിജയപാതയിലെത്തിക്കാനുള്ള കഴിവും അപാരമാണ്. കളിയോടുള്ള സമര്‍പ്പണവും ചെറുപ്രായവും അനുകൂല ഘടകമാണ്. ഏഷ്യാക്കകപ്പ് നേടിയ ഇന്ത്യന്‍ കോള്‍ട്ട്‌സ് (അണ്ടര്‍ -19) ടീമംഗം സയിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടിയും മോശമല്ലാത്ത പ്രകടനം. ദേവ്ധര്‍ ട്രോഫിക്കുവേണ്ടിയുള്ള ദക്ഷിണ മേഖലാ ടീമില്‍. ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ (ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്) കിരീടമണിഞ്ഞ ഇന്ത്യന്‍ അണ്ടര്‍ -19 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു. ക്യാപ്റ്റന്‍ വിജയ് സോളിനൊപ്പം മികച്ച പ്രകടനം നടത്തിയ തിരുവനന്തപുരത്തുകാരന്‍ സഞ്ജു വി. സാംസണ്‍ ഐ.പി.എല്‍. 6-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ പ്രതിനിധീകരിച്ച സഞ്ജുവിനെ മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് തേടിയെത്തി ഈ വലംകയ്യന്‍ ബാറ്റ്‌സ്മാനെ. ഓസ്‌ട്രേലിയയില്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയെന്നോണം ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന സഞ്ജു കഴിഞ്ഞ 5 മത്സരങ്ങളില്‍ നിന്ന് 80,70,50,31 നോട്ടൗട്ട് വീതം റണ്‍സ് നേടി. തനതായ ആക്രമണശൈലി തുടരുകയും വിക്കറ്റ് കീപ്പിങ്ങ് ഒന്നുകൂടി മെച്ചപ്പെടുത്തിയാല്‍ സഞ്ചുവിന് കൂടുതല്‍ ഉന്നതിയിലെത്താം.

ജനന തിയ്യതി : 1994 നവംബര്‍ 11
ഫസ്റ്റ് ക്ലാസ് കരിയര്‍ :
മത്സരം - 7
റണ്‍സ് - 381
ഉയര്‍ന്ന സ്‌കോര്‍ - 55
ശരാശരി - 31.75
100 - 2
50 - 1

സന്ദീപ് വാര്യര്‍
കേരളത്തിന്റെ ഭാവിതാരം. നല്ല നിലവാരം പുലര്‍ത്തുന്ന സ്വിങ്ങ് ബൗളര്‍. കഴിഞ്ഞ രഞ്ജി സീസണില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയ സ്‌ട്രൈക്ക് ബൗളര്‍ . ലൈനും ലെങ്ത്തും കൃത്യമായി സൂക്ഷിച്ചു ബൗള്‍ ചെയ്യുന്നതുമൂലം വിക്കറ്റ് ലഭിക്കാന്‍ സാധ്യതയേറെ. അര്‍ഹതയെന്നോണം ദക്ഷിണ മേഖലാ ടീമില്‍ . ക്വാലാലംപൂരില്‍ നടക്കുന്ന എമര്‍ജിങ്ങ് ടീംസ് കപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍ 23 ടീമിലിടം നേടി. മറ്റു മൂന്ന് പേര്‍ക്കും ലഭിച്ച മാധ്യമശ്രദ്ധ സന്ദീപിന് ലഭിച്ചില്ല എന്നത് മാത്രം വേദനാജനകം.

അടിക്കുറിപ്പ് : കേരളീയര്‍ക്കുള്ളത്ര 'ബോള്‍ സെന്‍സ്' മറ്റൊരു സംസ്ഥാനത്തുള്ളവര്‍ക്കുമില്ല എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ മുതലായ കളികളില്‍ നിരവധി കേരളീയര്‍ അന്താരാഷ്ട്ര താരങ്ങളായുണ്ട്. ഇപ്പോള്‍ ക്രിക്കറ്റിലും കൂടുതല്‍ അന്താരാഷ്ട്രതാരങ്ങളെ നമുക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കാം.

(മുന്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനും അമ്പയറുമാണ് ലേഖകന്‍)Other stories in this section:
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 • ടെന്നീസ് കോര്‍ട്ടിലെ ഉയര്‍ച്ച താഴ്ചകള്‍
 • ജെയിംസ്....നീ പാപ്പരല്ല
 • ശൈലീവല്ലഭന്മാര്‍ ഗോളടിക്കുന്നു
 • കിനാവിലെ ഏദന്‍ തോട്ടം
 • തിരിച്ചുവരവിനായി അജ്മലും നരെയ്‌നും
 • യുദ്ധഭൂമിയില്‍ നിന്നെത്തിയ പ്രതിരോധഭടന്‍
 • സൂപ്പര്‍ലീഗിലെ യായ ടുറെമാര്‍
 • കൂവര്‍മാന്‍സിനെ ക്രൂശിക്കുമ്പോള്‍
 •