SUNDAY, FEBRUARY 01, 2015
കിട്ടാനുള്ളത് ലക്ഷങ്ങള്‍; വണ്ടിക്കാശില്ലാതെ താരങ്ങള്‍
Posted on: 31 Jul 2013

ആര്‍. ഗിരീഷ്‌കുമാര്‍

* സമ്മാനത്തുകയായി സര്‍ക്കാര്‍ നല്‍കാനുള്ളത് പലര്‍ക്കും ഒരുലക്ഷത്തിലേറെ രൂപ; കുട്ടികള്‍ക്ക് ഏഷ്യന്‍ സ്‌കൂള്‍മീറ്റില്‍ പങ്കെടുക്കാന്‍ സര്‍ക്കാറിന്റെ പക്കല്‍ പണമില്ല

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയില്‍ സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച താരങ്ങള്‍ ഏഷ്യന്‍ സ്‌കൂള്‍മീറ്റില്‍ പങ്കെടുക്കാനുള്ള നെട്ടോട്ടത്തില്‍. മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്മാനത്തുക ലഭിക്കാനിരിക്കെയാണ് കുട്ടികളും രക്ഷിതാക്കളും പരിശീലകരും നെട്ടോട്ടമോടുന്നത്. മീറ്റിന് മുന്നോടിയായുള്ള ട്രയല്‍സിന് ദിവസങ്ങള്‍മാത്രം ശേഷിക്കുമ്പോഴും സഹായധനത്തെക്കുറിച്ച് അധികൃതരുടെ മൗനം തുടരുകയാണ്.

ആഗസ്ത് അഞ്ചിനും ആറിനും പുണെയില്‍ നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 26 താരങ്ങളിലേറെപ്പേരും എങ്ങനെയും മീറ്റിന് പോകണമെന്ന ആഗ്രഹത്തിലാണ്. മലേഷ്യയില്‍ സപ്തംബര്‍ 17 മുതല്‍ 24 വരെയാണ് ഏഷ്യന്‍ സ്‌കൂള്‍ മീറ്റ്. ഇറ്റാവ ദേശീയ സ്‌കൂള്‍കായികമേളയില്‍ മികച്ച പ്രകടനം നടത്തിയവരെയാണ് ട്രയല്‍സിന് വിളിച്ചിരിക്കുന്നത്. 26 താരങ്ങളാണ് കേരളത്തില്‍നിന്ന് ട്രയല്‍സിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ട്രയല്‍സില്‍ പങ്കെടുക്കുമ്പോള്‍, മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള ഒരുലക്ഷം രൂപ വീതം കെട്ടിവെക്കണമെന്നാണ് ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്റെ (എസ്.ജി.എഫ്.ഐ.) നിര്‍ദേശം. ഈ പണം ആരുനല്‍കുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ല. ബജറ്റ് പ്രൊവിഷനില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

എന്നാല്‍, ഇതേമീറ്റില്‍ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാറും പൊതുവിദ്യാഭ്യാസവകുപ്പും പ്രഖ്യാപിച്ച സമ്മാനത്തുക നല്‍കാതിരിക്കുമ്പോഴാണ് കുട്ടികള്‍ കിടപ്പാടം പണയംവെച്ച് അന്താരാഷ്ട്ര മീറ്റില്‍ പങ്കെടുക്കേണ്ട അവസ്ഥ. പലര്‍ക്കും ഒരുലക്ഷത്തിലേറെ രൂപ ഈ നിലയില്‍ ലഭിക്കാനുണ്ട്. ഇതെന്നുകിട്ടുമെന്ന കാര്യത്തിലും സര്‍ക്കാറില്‍നിന്ന് മറുപടിയില്ല. ഇറ്റാവയില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ മികച്ച അത്‌ലറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടതിന് നാനോ കാര്‍ സമ്മാനമായി ലഭിച്ച പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലിനും മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയ്ക്കും സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപവീതം സമ്മാനം പ്രഖ്യാപിച്ചിരുന്നു. ദേശീയ സ്‌കൂള്‍ ഗെയിംസിലെ മറ്റ് മെഡല്‍ജേതാക്കള്‍ക്ക് 30,000, 25,000, 20,000 രൂപ ക്രമത്തിലും സമ്മാനം പ്രഖ്യാപിച്ചിരുന്നു. ദേശീയ റെക്കോഡുകാര്‍ക്ക് 50,000 രൂപ വീതവും. ഇതിന് പുറമേ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്മാനത്തുകയും കുട്ടികള്‍ക്ക് കിട്ടാനുണ്ട്. 25,000, 20,000, 15,000 എന്നിങ്ങനെയാണ് മെഡല്‍ജേതാക്കള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത്. ഇത് കിട്ടിയാല്‍പ്പോലും പലര്‍ക്കും ട്രയല്‍സിനും ഏഷ്യന്‍ മീറ്റിനും പോകാനാവും.

ഏഷ്യന്‍ സ്‌കൂള്‍മീറ്റ് പുതിയതായി വന്നതാണെന്നും അതിന് ബജറ്റ് പ്രൊവിഷനില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ. ഷാജഹാന്‍ പറഞ്ഞു. ഇതുസംബന്ധിച്ച ഫയല്‍ നീക്കിയിട്ടുണ്ടെന്ന് പറഞ്ഞ സംസ്ഥാന സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഡോ. ചാക്കോ ജോസഫ് മുന്‍കാലങ്ങളില്‍ ലോക സ്‌കൂള്‍മീറ്റിനുള്ള ചെലവ് കേന്ദ്രസര്‍ക്കാറും സായിയുമാണ് വഹിച്ചിരുന്നതെന്ന് പറഞ്ഞു. എസ്.ജി.എഫ്.ഐ. യുടെ അറിയിപ്പ് കിട്ടാന്‍ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കിയതായും അദ്ദേഹം പറയുന്നു.

എന്നാല്‍, മീറ്റ് സംബന്ധിച്ചോ ട്രയല്‍സിനെ സംബന്ധിച്ചോ അധികൃതരില്‍ അറിയിപ്പുപോലും കിട്ടിയില്ലെന്ന പരാതിയും പലര്‍ക്കുമുണ്ട്. എന്നാല്‍, പരാതി പറഞ്ഞിരുന്ന് കുട്ടികളുടെ അവസരം നഷ്ടപ്പെടുത്താനും തയ്യാറല്ല. തത്കാലം പലിശയ്‌ക്കെടുത്താണെങ്കിലും പണംകണ്ടെത്തി കുട്ടികളെ അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് പല രക്ഷാകര്‍ത്താക്കളും. മക്കള്‍ക്ക് കൈവന്ന അവസരം സര്‍ക്കാറിന്റെയും അധികൃതരുടെയും അനാസ്ഥയില്‍ നഷ്ടപ്പെടുത്തുന്നത് എങ്ങനെയെന്ന് അവര്‍ ചോദിക്കുന്നു.

 

 

 

Other stories in this section:
 • ഹോക്കി: പഞ്ചാബിനെ സര്‍വീസസ് അട്ടിമറിച്ചു
 • ഫുട്‌ബോള്‍: ഗോവയ്ക്ക് തകര്‍പ്പന്‍ തുടക്കം
 • മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, റയല്‍ ടീമുകള്‍ക്ക് ജയം
 • ന്യൂകാസിലിന് ജയം
 • പായ്വഞ്ചിയോട്ട ടീമുകള്‍ പരിശീലനം നടത്തി
 • ഫുട്‌ബോള്‍ ലൈവ്‌
 • രഞ്ജിട്രോഫി: കേരളം ജയത്തിലേക്ക്്്
 • ദേശീയ ഗെയിംസ്: തൃശ്ശൂരില്‍ സമാന്തര ബോക്‌സിങ് ടീം തിരഞ്ഞെടുപ്പ്‌
 • കോടതി ഇടപെട്ടു; ഷൂട്ടിങ് വനിതാ താരം ദേശീയ ഗെയിംസിന്‌
 • ദേശീയ ഗെയിംസ്: റോവിങ് ഹീറ്റ്‌സ് മത്സരങ്ങള്‍ ഇന്നുമുതല്‍
 • ജലകായിക വേദിയില്‍ സംഘാടകനായി പത്മശ്രീജേതാവ്
 • പ്രൗഢം, വര്‍ണോജ്വലം
 • ഓസ്‌ട്രേലിയ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍
 • സെറീനയ്ക്ക് കിരീടം
 • ഐ-ലീഗും ഐ.എസ്.എല്ലും ലയിക്കുന്നു
 •